മകരധ്വജൻ 21

” തമ്പീ…ഇവിടെ തുടങ്ങുന്നു നിന്റെ നാശം…എന്നെയും,വാസുവേട്ടനെയും കൊന്നതിനും…വീണ്ടും ഇല്ലാതാക്കാൻ ശ്രമിച്ചതിനും പലിശയും മുതലും ചേർത്ത് തിരിച്ചു തരാൻ എനിക്കൊരു മകൻ ജീവിച്ചിരിപ്പുണ്ട്…”മകരധ്വജൻ…!!! സംശയിക്കേണ്ട നിന്റെ അനുജന്റെ ചോരതന്നെയാണ്…നിന്റെ വിധി തിരുത്തുന്നത് അവനായിരിക്കും…!!

ഇടിമുഴക്കം പോലെ രാഗിണിയിൽ നിന്നും വാക്കുകൾ ചിതറി വീണു.

” വാസുദേവന്റെ മകനോ…? അതെങ്ങിനെ…ഇവളുടെ മരണമുറപ്പാക്കിയിട്ടാണ് വാരണാസിയിൽ നിന്നും മടങ്ങിയത്…!!

പകച്ചു നിന്ന തമ്പിയെ നോക്കി രാഗിണി മൊഴിഞ്ഞു.

” ഒരു ജീവൻ ഭൂമിയിൽ പിറക്കണമെന്ന് ദൈവനിശ്ചയമുണ്ടെങ്കിൽ, ആരൊക്കെ തടുക്കാൻ ശ്രമിച്ചാലും ആ ജനനം നടക്കുകതന്നെ ചെയ്യും…അന്ന് മരണം ഉറപ്പുവരുത്തിയ ശേഷം വൃദ്ധനായ ആഘോരാധിപതി എന്റെ ശരീരം കൈകളിൽ കോരിയെടുത്ത് ‘മണികർണിക് ‘ ഘാട്ടിലേക്ക് നടക്കുമ്പോൾ വീർത്തുന്തിയ വയറ്റിനുള്ളിലെ ജീവന്റെ തുടിപ്പ് ആ മഹാമനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹം എന്റെ ശരീരം നിലത്തേക്ക് കിടത്തി.എന്നിട്ട് ശൂലത്തലപ്പുകൊണ്ട് വയറിന് കുറുകേ കീറൽ വീഴ്ത്തി ഉള്ളിലേക്ക് കൈകടത്തി കുഞ്ഞിനെ പുറത്തെടുത്തു.സൂര്യപ്രഭയുള്ളൊരു ആൺകുട്ടി… ശൂലമുനയാൽ തന്നെ പൊക്കിൾക്കൊടി വിശ്ചേദിച്ച് കെട്ടി.അവനെ ഗംഗയിൽ മുക്കി ചോരയും മറ്റ് അശുദ്ധങ്ങളും നീക്കി.
അസ്ഥി തുളയ്ക്കുന്ന തണുപ്പുകാരണം അലറിക്കരഞ്ഞ കുഞ്ഞിന്റെ മേലാസകലം ഇളം ചൂടുള്ള ചുടല ഭസ്മം ലേപനം ചെയ്തു.അപ്പോഴേക്കും കിഴക്കൻ ചക്രവാളത്തിൽ നിന്ന് തീർത്ഥാടന മിഹിരന്റെ കിരണങ്ങൾ ഗംഗയുടെമേൽ പതിച്ചു തുടങ്ങിയിരുന്നു.കത്തിയെരിയുന്ന എന്റെ മൃതശരീരത്തിൽ നിന്നും നട്ടെല്ലിന്റെ ഭാഗത്തെ ഒരു ചെറുകഷണം അടർത്തിയെടുത്തു…ആ മാംസക്കഷ്ണം വലംകൈയാൽ പിഴിഞ്ഞ് മകരധ്വജന്റെ വായിലേക്കിറ്റിച്ചു…അമൃതിനെ വെല്ലുന്ന ദിവ്യഔഷധം മുലപ്പാലിന് പകരമായവൻ നുണഞ്ഞിറക്കി…പാതിവെന്ത ദേഹം ഗംഗയിലൊഴുക്കി അവർ യാത്രയായി…!!

“ഇന്നവൻ എന്തിനും പോന്നവനാണ്…നിനക്ക് കഴിയുമെങ്കിൽ അവനെ എതിരിട്…!!

“അവന് വേണ്ടിയാണെന്റെ കാത്തിരിപ്പ്…ആദ്യം നീ…നിന്നിലൂടെ അവൻ…രണ്ടിന്റേയും ആയുസ്സ് ഒടുങ്ങുകയാണിന്ന്…!

“ഋഷിഭ്യഃ സ്വാഹാ..ശിഖിഭ്യഃ സ്വാഹാ,
ഗണേദ്യഃ സ്വാഹാ..മഹാ ഗണേദ്യഃ സ്വാഹാ…

മന്ത്രോച്ചാരണത്തോടെ കാളിയൻ വലത് ഭാഗത്തിരുന്ന കാഞ്ഞിര പ്രതിമ കൈയിലെടുത്ത് അതിലേക്ക് ആട്ടിൻ ചോര നിറയ്ക്കാൻ തുടങ്ങി.

രാഗിണിയുടെ ചുണ്ടിലെ ചിരിമാഞ്ഞു….ഫർണസിലെ ഉരുക്ക് ദ്രവം പോലെ എന്തോ ഒന്ന് തന്റെ അന്തരാവയവങ്ങളെ ചിന്നഭിന്നമാക്കുന്നത് അവളറിഞ്ഞു..തൊണ്ടക്കുഴിയിൽ നിന്നും ഉയിർ വലിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ…കണ്ണിൽ ഇരുൾ നിറയുന്നു…അസഹ്യമായ വേദനയാൽ അഷ്ടദിക്കും മുഴങ്ങും വണ്ണം അലറി വിളിച്ചു.

“മകരധ്വജാ…!!!

പെടുന്നനെ നിലാവുദിച്ച വിണ്ണിന് കറുത്ത തിരശ്ശീലയിട്ടെന്ന പോലെ മേഘപാളികൾ കാർനിറമണിഞ്ഞു…കണ്ണഞ്ചിപ്പിക്കുന്നൊരു മിന്നൽ,മതിലിനരുകിൽ നിരയിട്ട് നിന്നിരുന്ന സൈപ്രസ് മരങ്ങളുടെ തലയറുത്ത് മണ്ണിലേക്ക് പുളഞ്ഞിറങ്ങി.തൊട്ടുപിന്നാലെ കർണ്ണപടങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരിടി മുഴങ്ങി. അപ്രതീക്ഷിതമായ ആ കനത്ത ഇടിയുടെ ആഘാതത്തിൽ ഭൂമി വിറച്ചു…ആകാശത്തോളം പൊടിപടലങ്ങളുയർന്നുപൊങ്ങി…ഒന്നും കാണാൻ കഴിയാത്ത വണ്ണം.കാളിയന്റെ കൈയിലിരുന്ന കാഞ്ഞിരത്തടിയിൽ തീർത്ത സ്ത്രീരൂപം അനേകം ചെറു കഷണങ്ങളായി ചിന്നിച്ചിതറി. അതിൽ നിറച്ചിരുന്ന ആട്ടിൻ ചോര അയാളുടെയും ശിഷ്യന്മാരുടെയും മേലേക്ക് തെറിച്ചു.മുഖത്തേക്ക് വീണ ചോരത്തുള്ളികൾ അയാൾ ചൂണ്ടുവിരൽകൊണ്ട് വടിച്ചെറിഞ്ഞു.