പിറ്റേദിവസം രാവിലെ തന്നെ അവരിരുവരും നഥിയുമായി സെയിന്റ് പിറ്റേഴ്‌സ് പള്ളിയിലേക്ക് എത്തിയിരുന്നു.
നഗരത്തിൽ നിന്ന് അൽപ്പം മാറി കുറച്ചു ഗ്രാമപ്രദേശത്തായി സ്ഥിതി ചെയ്യുന്ന പഴക്കമുള്ള ഒരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു അനാഥലയം കൂടി ഉണ്ടായിരുന്നു.
ആദം വളർന്നതെല്ലാം ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കെല്ലാം അവർ കുടുംബമായി അവിടെയെത്തുമായിരുന്നു.
ആദ്യം തന്നെ അവർ നഥിയെ അനാഥാലയത്തിൽ ഉള്ള കുട്ടികളുടെ അടുത്തായി കൊണ്ടാക്കിയിരുന്നു. അവരെല്ലാം തന്നെ അവളുടെ സുഹൃത്തുക്കൾ ആയിരുന്നു.
ശേഷം അവരിരുവരും ഫാദറിനെ കാണാൻ പോയി. ഫാദർ ഗബ്രിയേൽ ആദത്തിന് സ്വന്തം അച്ഛന്റെ സ്ഥാനത്തു തന്നെ ആയിരുന്നു ഫാദർ.
പള്ളിയുടെ ഏറ്റവും മുന്നിലായി മുട്ടിലിരുന്നു പ്രാർത്ഥിക്കുകയായിരുന്നു ഫാദർ.
അവർ അദ്ദേഹത്തിന് അടുത്തായി എത്തി ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.
ശേഷം അദ്ദേഹത്തെ വിളിച്ചു.
“ഫാദർ…”
അദ്ദേഹത്തിന് പ്രായം ഏറെ ആയിരുന്നു. ആരാണ് വന്നതെന്നറിയാനായി പ്രായാസപ്പെട്ടു തിരിഞ്ഞു നോക്കി. ആദത്തിനെ കണ്ടതും അയ്യാൾ സന്തോഷത്തോടെ എഴുന്നേറ്റു കെട്ടിപ്പിടിച്ചു.
നന്ദിനി ഫാദറിന്റെ കൈകളിൽ മുത്തി.
“ആദം കുറച്ചധികം ആയല്ലോ ഇങ്ങോട്ടേക്കു വന്നിട്ട്…”
ഫാദർ ചോദിച്ചു.
“ഇന്ന് നഥിയുടെ ബർത്ത്ഡേ ആണ് ഫാദർ…
പിന്നെ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ അല്ലാതെ സംസാരിക്കാനും ഉണ്ട്…”
അത് പറഞ്ഞപ്പോൾ ആദത്തിന്റെയും നന്ദിനിയുടെയും മുഖം മാറിയിരുന്നു. അത് ഫാദറും ശ്രദ്ധിച്ചു.
“എന്നാൽ വാ നമുക്ക് ഓഫീസിലേക്ക് ഇരിക്കാം…”
അത് പറഞ്ഞു ഫാദർ മുന്നിൽ നടന്നു അവരും പിന്നാലെ നടന്നു.
പള്ളിയിൽ നിന്നും പുറത്തേക്കു ഇറങ്ങി മെല്ലെ അവർ നടന്നു പോകുന്ന വഴികളിൽ ആദം ചുറ്റും നോക്കി.
താൻ ഓടി നടന്നു വളർന്നയിടം അധികം മാറ്റമൊന്നുമില്ല.
അല്പം അകലെയായി കുട്ടികൾ നിന്ന് കളിക്കുന്നുണ്ടായിരുന്നു അവരുടെ ഇടയിൽ ഇരുന്നുകൊണ്ട് നഥി ആദത്തിനും നന്ദിനിയ്ക്കും നേരെ കൈ വീശി ചിരിച്ചു കാണിച്ചു.
ഓഫിസിൽ എത്തിയതും ഫാദർ മെല്ലെ ഒരു കോണിലായുള്ള ഫ്ലാസ്‌കിൽ നിന്നും മൂന്നു കപ്പുകളിലായി ചായ പകർന്നു.
“ഇരിക്ക്…”
അദ്ദേഹം പറഞ്ഞു.
അവരിരുവരും അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഇരുന്നു. ഫാദർ ഇരുവർക്കും ചായ കൊടുത്ത ശേഷം ടേബിളിന് മറുവശത്തായി അവർക്ക് നേരെ ഇരുന്നു.
“ആദം… ഇനി പറ എന്താണ് പറ്റിയത് എന്താണ് പ്രശ്നം…”
“ഫാദർ… ഇത് ചിലപ്പോ ഞങ്ങളുടെ തോന്നൽ ആയിരിക്കും അല്ലെങ്കിൽ തികച്ചും യാദൃശ്ചീകമായി സംഭവിക്കുന്ന കാര്യങ്ങൾ ആയിരിക്കും പക്ഷെ അത് ഒന്നും ഞങ്ങൾക്ക് ഉറപ്പില്ല….”
ആദം പറഞ്ഞു തുടങ്ങി.
“നിങ്ങൾ ഇങ്ങനെ മുഖവര ഇടാതെ കാര്യം എന്താണെന്ന് പറയു…”
“ഫാദർ ആദ്യം ഞങ്ങൾ ഇത് വലിയ കാര്യം ആയി എടുത്തിരുന്നില്ല. എന്നാൽ പിന്നെ നന്ദുവും എന്നോട് ഇങ്ങനെ ഒരു സംശയം പറഞ്ഞു അതുകൊണ്ടാണ് ഞങ്ങൾ ഫാദറിനോട് സംസാരിക്കാം എന്ന് തീരുമാനിച്ചെ…”
“ഫാദർ നഥി ജനിച്ച അന്ന് മുതൽ ഒരുപാടധികം ആക്സിഡന്റ്‌സ് ഉണ്ടായിട്ടുണ്ട് അതിൽ പലതും അവളുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ വരെ സാധ്യത ഉണ്ടായിരുന്നതാണ്…”
നന്ദിനി ആയിരുന്നു അത് പറഞ്ഞത്.
“ഒക്കെ…
നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്…”
സംശയത്തോടെ ഫാദർ ചോദിച്ചു.
“നഥിക്ക് എന്തെങ്കിലും പ്രേത്യേകതയുണ്ടോ ഫാദർ… ഐ മീൻ ഒരു ഈവിൾ സ്പിരിറ്റ് അവളെ പിന്തുടരുന്നതുപോലെ ആണ് എല്ലാം നടക്കുന്നത്.പക്ഷെ അതിൽ നിന്നെല്ലാം അവൾ അത്ഭുതകരമായി രക്ഷപ്പെടുന്നുണ്ട്…”
ആദം തങ്ങളുടെ പേടി പങ്കുവച്ചു.
“ഇപ്പൊ ഇങ്ങനെയെല്ലാം തോന്നാൻ ഉണ്ടായ കാരണം എന്താണ്…”
ഫാദറിന്റെ ചോദ്യത്തിന് നന്ദിനി കഴിഞ്ഞ രാത്രിയിൽ നടന്ന സംഭവങ്ങൾ പങ്കുവെച്ചു.
അതെല്ലാം കേട്ട് കഴിഞ്ഞതും ഫാദർ മെല്ലെ മുറിയുടെ ഒരു കോണിലായുള്ള ജനലിനരികിലേക്ക് ചെന്നു. അല്പം അകലെ മറ്റ് കുട്ടികളുടെയൊപ്പം കളിക്കുന്ന നഥിയേ ഒന്ന് നോക്കി.
“ഹ്മ്മ്മ്… അവൾ ജനിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു എന്തൊക്കെയോ പ്രത്യേകതകൾ ഉള്ള കുട്ടിയാണ് അവളെന്നു. പക്ഷെ നിങ്ങളിപ്പോ പറഞ്ഞ കാര്യം വച്ചു നോക്കുമ്പോ അവൾക്കെന്തോ നിയോഗം ഉള്ളതുപോലെ എനിക്ക് തോന്നുന്നു…”
ഫാദർ അവരോടായി പറഞ്ഞു.
“ഫാദർ എന്തായാലും ഒന്ന് പ്രാർത്ഥിക്കണം…”
നന്ദിനി പറഞ്ഞു.
“ഹ്മ്മ്…”
അദ്ദേഹമൊന്നു മൂളി.
അത്രയും പറഞ്ഞ ശേഷം അവർ ചായ കുടിച്ചു വെളിയിലേക്ക് ഇറങ്ങി.
അപ്പോളും നഥി അവിടെ ഉണ്ടായിരുന്നു കുട്ടികളുടെയൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
“നഥി…”
നന്ദിനി അവളെ വിളിച്ചു.
അത് കേട്ടതും നഥി അവിടേക്കു കുണുങ്ങി ചിരിച്ചുകൊണ്ട് ഓടിയെത്തി.
“പപ്പയുടെ മുത്ത് വന്നേ…”
അവളെ ഇരു കൈകളിലും കോരിയെടുത്തു വട്ടം കറക്കി ആദം ഒക്കത്തായിരുത്തി.
അത് കണ്ടതും ഫാദറും നന്ദിനിയും ചിരിച്ചു.
“എന്തൊക്കെയുണ്ട് നഥിക്കുട്ടി വിശേഷങ്ങൾ…”
ഫാദർ അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു.
“നല്ല വിശേഷ…
ഫാദറിനോ…?”
അവൾ തിരിച്ചു ചോദിച്ചു.
“എനിക്കും നല്ല വിശേഷമാണല്ലോ നഥിക്കുട്ടി…”
അദ്ദേഹം കവിളിൽ നിന്ന് അവളുടെ തലയിലേക്ക് കൈ വച്ചു തലോടിക്കൊണ്ട് പറഞ്ഞു.
ശേഷം കണ്ണ് അടച്ചു അദ്ദേഹത്തിന്റെ ഉൾക്കാഴ്ച്ചയിൽ പ്രകാശം നിറഞ്ഞു.
ഒരു തിരശ്ശീലയിൽ എന്നപോലെ ചില ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.
അതിൽ കണ്ട കാഴ്ചകൾ അദ്ദേഹത്തിനെ ഞെട്ടിച്ചു. അദ്ദേഹം പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു.
“ഫാദർ എന്ത് പറ്റി…?”
ഫാദറിനെ വെട്ടിവിയർക്കുന്നത് കണ്ടു ആദം ചോദിച്ചു.
മുഖത്തെ വിയർപ്പു തുള്ളികൾ ഒരു തൂവാല ഉപയോഗിച്ച് തുടച്ചകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഏയ്യ് ഒന്നുമില്ല… നിങ്ങൾ ഒന്നും പേടിക്കണ്ട നഥിക്ക് ഒന്നും സംഭവിക്കില്ല…”
അവർക്കു സംശയം തോന്നാതെ ഇരിക്കാൻ ഉള്ളിലെ പേടി പ്രകടിപ്പിക്കാതെ അദ്ദേഹം പറഞ്ഞു.
എന്നാൽ നന്ദിനിക്കും ആദത്തിനും എന്തോ പന്തികേട് തോന്നിയിരുന്നു പക്ഷെ നഥിയ്ക്ക് ഒന്നും പറ്റില്ല എന്നത് കേട്ടതോടെ അവർക്ക് പാതി ആശ്വാസം ആയിരുന്നു.
“എന്നാൽ ഞങ്ങൾ പോകട്ടെ ഫാദർ…”
ആദം യാത്രയായി പറഞ്ഞു കാറിനു സമീപത്തേക്ക് നടന്നു.
“നന്ദു വാ പോകാം…”
അവളെ ഒന്ന് വിളിക്കാനും അവൻ മറന്നില്ല.
“ഫാദർ…”
ഒരു യാത്ര പറച്ചിൽ എന്ന പോലെ ഒന്ന് വിളിച്ച ശേഷം നന്ദിനിയും കാറിലേക്ക് കയറി.
അവരുടെ കാർ പള്ളിയുടെ കോമ്പൗണ്ട് വിട്ടു കണ്ണിൽ നിന്ന് മറയുന്നതുവരെ അദ്ദേഹം നോക്കി നിന്ന്.
അപ്പോളും ഫാദറിന്റെ ഉള്ളിൽ താൻ കണ്ട കാഴ്ചകളുടെ ഭീകരത തന്നെ ആയിരുന്നു. അത് അദ്ദേഹത്തെ ഒന്ന് കൂടി തളർത്തിയിരുന്നു.
അദ്ദേഹം താൻ കണ്ട കാഴ്ചകൾ ഒന്നും തന്നെ നടക്കരുതേ എന്ന് മൗനമായി ഒരുനിമിഷം പ്രാർത്ഥിച്ച ശേഷം തിരികെ നടന്നു.
***
11 വർഷങ്ങൾക്ക് ശേഷം…
മെസക്കീൻ നഥിയുടെ സംരക്ഷണത്തിനായി എത്തിയതിൽ പിന്നെ മുൻപ് നടന്നതുപോലെ ഉള്ള അപകടങ്ങൾ നഥിക്ക് ഉണ്ടാകുന്നത് നിലച്ചു.
നന്ദിനിയും ഫാദർ ഗബ്രിയേലിന്റെ പ്രാർത്ഥനയുടെ ഫലം ആണ് അത് എന്ന് വിശ്വസിച്ചിരുന്നു.
ഫാദർ മരിച്ചതിൽ പിന്നെ അനാഥാലയത്തിന്റെ കാര്യങ്ങൾ നോക്കാനായി മറ്റൊരു പുരോഹിതനെ ഏൽപ്പിച്ചിരുന്നു. ആദം ആണ് നിലവിൽ അവർക്കു വേണ്ട പകുതിയിലധികവും ഫണ്ട് എല്ലാം നൽകുന്നത്.
അവർ കുടുംബപരമായി തന്നെ മെച്ചപ്പെട്ടിരുന്നു. ആദത്തിന് വളരെ വേഗം തന്നെ ബിസ്സിനെസ്സിൽ വളർച്ചയുണ്ടായി. ന്യൂയോർക്കിൽ തന്നെ ഏറ്റവും സമ്പന്നരിൽ ഒരാളായി ആദം മാറിയിരുന്നു.
നന്ദിനി അതിന്റെയെല്ലാം ക്രെഡിറ്റ് നഥിക്ക് കൊടുക്കാമായിരുന്നു.
അങ്ങനെ ഇരിക്കെയാണ് ആദത്തിന്റെയും നന്ദിനിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം വന്നെത്തിയത്.
നഥി തന്റെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടു ലൊസ് ഏയ്ഞ്ചൽസിൽ പോയിരിക്കുകയായിരുന്നു.
“നന്ദു…”
കിച്ചണിൽ ഫുഡ് ഉണ്ടാക്കിക്കൊണ്ടിരുന്ന നന്ദിനിയെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചുകൊണ്ട് ആദം വിളിച്ചു.
“ശേ… നിങ്ങൾക്കൊരു നാണവും ഇല്ലേ
കല്യാണം കഴിഞ്ഞു കൊച്ചിനെ കെട്ടിക്കാറായി. ഇപ്പളും കൊച്ചു ചെറുക്കൻ ആണെന്ന വിചാരം…”
നന്ദിനി ചെറിയ ദേഷ്യം അനുഭവിച്ചുകൊണ്ട് പറഞ്ഞു.
“ഓ ഞാൻ എന്തിനാ നാണിക്കുന്നെ…
നീ എന്റെ നന്ദുവല്ലേ… ”
ആദം അവളുടെ കഴുത്തിലേക്കു മെല്ലെ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“ശേ… നിങ്ങൾ കഴിക്കാൻ ഇരിക്ക് ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം…”
നന്ദിനി വീണ്ടും പറഞ്ഞു.
“സോറി നന്ദു…
എനിക്ക് ഇപ്പൊ തന്നെ ഇറങ്ങണം ഉച്ചയ്ക്ക് നേരത്തെ വരാം…”
ആദം പറഞ്ഞു.
“ഓ അല്ലേലും നിങ്ങൾക്കിപ്പോ എന്നെ വേണ്ടല്ലോ എപ്പളും ബിസ്സിനെസ്സ് തന്നെ…”
ചെറിയ പരിഭവം കാട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“എന്താ നന്ദു ഇത്…
ഞാൻ ഉച്ചയ്ക്ക് വരാമെന്നു…”
“ഹ്മ്മ്…”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. അതിൽ അവളുടെ പരിഭവം നന്നായി അറിയാമായിരുന്നു.
പെട്ടന്ന് ആദം അവളെ തിരിച്ചു തനിക്കു അഭിമുഖമായി നിർത്തി ശേഷം അവളുടെ അരക്കെട്ടിൽ പിടിച്ചു നെഞ്ചോട് ചേർത്ത്. അവളുടെ ചുണ്ടിലായി അമർത്തി ചുംബിച്ചു.
ആദ്യം നന്ദിനി ഒന്ന് ഞെട്ടിയെങ്കിലും നന്ദിനിയും തിരിച്ചു ചുംബിച്ചു.
അല്പ നിമിഷത്തിന് ശേഷം അവരുടെ ചുണ്ടുകൾ വേർപിരിഞ്ഞു.
പ്രായം അൻപത് കഴിഞ്ഞിരുന്നെങ്കിലും ഇരുവരുടെയും ഉള്ളിലുണ്ടായിരുന്ന പ്രണയം ഇപ്പളും കത്തി ജ്വലിച്ചു തന്നെ നിന്നിരുന്നു.
“തൽക്കാലം നീ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യൂ…
ബാക്കി ആനിവേഴ്സറി ആഘോഷം ഞാൻ വന്നിട്ട് ആകാം…”
ഒരു കള്ള ചിരിയോടെ ആദം അത് പറഞ്ഞു.
അപ്പോഴും അവരുടെ കണ്ണുകൾ ഉടക്കി തന്നെ ആയിരുന്നു ഇരുന്നത്.
പോകുന്നതിനു മുൻപ് വാതിൽക്കൽ നിന്ന് നന്ദിനിക്ക് ഒരു ഫ്ലയിങ് കിസ്സുകൊടുക്കാനും ആദം മറന്നില്ല.
നന്ദിനിയുടെ മുഖം ചുവന്നിരുന്നു.
***
ലോസ് എയ്ഞ്ചേൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ ന്യൂയോർക്കിലേക്കുള്ള ഫ്ലൈറ്റിനു കാത്തിരിക്കുകയായിരുന്നു നഥി.
ഇപ്പോൾ നഥിയേക്കണ്ടാൽ നന്ദിനിയുടെ ചെറുപ്പം ആണെന്നെ ആരും പറയുകയുള്ളു. ആരുകണ്ടാലും ഒന്ന് നോക്കുന്ന തരത്തിൽ സൗന്ദര്യവതി ആയിരുന്നു. എന്നാൽ അവളുടെ സ്വഭാവം അപ്പോഴും കൊച്ചു കുട്ടികളുടെ പോലെ ആയിരുന്നു.
എയർപോർട്ടിൽ നിന്നപ്പോഴും പലരുടെയും കണ്ണുകൾ നഥിയുടെ സൗന്ദര്യത്തിലൂടെ കണ്ണോടിച്ചു പോയിരുന്നു.
എന്നാൽ അവൾ ഇതൊന്നും ശ്രദ്ധിക്കാതെ വായിച്ചുകൊണ്ടിരിക്കുന്ന നോവെലിൽ തന്നെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയായിരുന്നു.
ചെറുപ്പം തൊട്ടേ എഴുത്തിനോടും വായനയോടും നഥിക്ക് താല്പര്യമുണ്ടായിരുന്നു അതിനാൽ തന്നെ നിരവധി പുസ്തകങ്ങൾ അവൾ വായിച്ചു തീർത്തിട്ടുമുണ്ട്. അത്ര പ്രശസ്തമല്ലാത്ത കഥകൃത്തുക്കളുടെ കഥകൾ പോലും അവൾ വായിക്കുമായിരുന്നു അത്തരത്തിൽ ഉള്ള ഒരു നോവൽ ആയിരുന്നു ഇതും.
ലെവി കാൾസൺ എന്ന നോർവെയ്ൻ കഥകൃത്തിന്റെ ഇൻവെസ്റ്റിഗെഷൻ എന്ന ക്രൈം ത്രില്ലെർ ബുക്ക് സീരിസിലെ അവസാന ഭാഗം ആയിരുന്നു അത്. രണ്ടു ദിവസം മുൻപ് മാത്രം വായിക്കാൻ തുടങ്ങിയ ബുക്കിന്റെ ഇരുന്നൂറോളം പേജുകൾ അവൾ വായിച്ചു കഴിഞ്ഞിരുന്നു.
അവസാന മുപ്പതു പേജുകളിലൂടെ അവൾ ക്ലൈമാക്സിനോട് അടുത്തു. അവളുടെ മനസ്സിലും വല്ലാത്ത ഒരു ഭാരം തോന്നിയിരുന്നു. കാരണം അത്രയധികം കഥകളിൽ അവൾ ആഴ്ന്ന് പോകുമായിരുന്നു.
അപ്പോളേക്കും അവളുടെ ഫ്ലൈറ്റിനായുള്ള ടൈം ആയിരുന്നു അതിനായള്ള അന്നൗൺസ്‌മെന്റിന്റെ ശബ്ദം കേട്ടാണ് അവൾ വായനയിൽ നിന്ന് ഉണർന്നത്.
പെട്ടന്ന് തന്നെ അവൾ ഫ്ലൈറ്റിലേക്ക് കയറാനായി പുറപ്പെട്ടു.
ഫ്ലൈറ്റിൽ കയറി ഫ്ലൈറ്റ് പറന്നുയർന്നതും അവൾ ബാഗിൽ നിന്നും പുസ്തകം എടുത്തു ബാക്കി വായന തുടർന്നു.
വളരെ പ്രഗത്ഭനായ ഒരു ഡീറ്റെക്റ്റീവിനെ വളരെയധികം കുഴപ്പത്തിലാക്കുന്ന ഒരു കേസും ഇൻവെസ്റ്റിഗെഷന്റെ അവസാനം പ്രതി തന്റെ ഭാര്യയാണ് എന്ന് അറിയുന്നതുമായിരുന്നു.
അവൾ അവസാന ഭാഗം വായിച്ചു.
“റിക്ക് തന്റെ വിറയ്ക്കുന്ന കൈകൾക്കൊണ്ട് ബെല്ലയ്ക്ക് നേരെ തോക്ക് ചൂണ്ടി…
ബെല്ലയ്ക്ക് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല…
അയ്യാൾ കാഞ്ചി നിർത്താതെ വലിച്ചു. വെടിയുണ്ടകൾ വലിയ ശബ്ദത്തോടെ അവളുടെ ശരീരത്തിലേക്കു തടഞ്ഞു കയറി. റിക്കും തോക്കിനൊപ്പം അലറി കരഞ്ഞു…
ചിതറിയ ചോരയിലേക്കി ബെല്ലയുടെ ചേതനയറ്റ ശരീരം വീണു…
അവസാനം ബാക്കി ഉണ്ടായിരുന്ന ഒരു ബുള്ളറ്റ് റിക്ക് തനിക്കായി ബാക്കി വച്ചിരുന്നതായിരുന്നു…
റിക്ക് സ്വന്തം തലയുടെ ഒരു വശത്തേക്ക് തോക്കിന്റെ ചുണ്ട് മുട്ടിച്ചു. നിറഞ്ഞ കണ്ണുകളോടെ അയ്യാൾ കാഞ്ചി വലിച്ചു…
അവസാനിച്ചു…”
നഥി വായിച്ചു നിർത്തി. അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
ബുക്ക് മടിയിലേക്ക് വച്ചു അവൾ ഇരു കൈകൾക്കൊണ്ടും അവൾ തന്റെ കണ്ണുനീർ തുടച്ചു.
എങ്കിലും അവ നിൽക്കുന്നുണ്ടായിരുന്നില്ല.
“ഏയ്യ്… താൻ ഒക്കെ അല്ലെ…”
അവളുടെ കരച്ചിൽ കണ്ടുകൊണ്ടാണെന്ന് തോന്നുന്നു അടുത്ത സീറ്റിലായിരുന്ന യുവാവ് അവളോടായി ചോദിച്ചു.
അല്പം ഗാഭിര്യത്തോടെയുള്ള ആ ശബ്ദം കേട്ട് അവൾ അയ്യാളെ നോക്കി.
പൂച്ച കണ്ണുകളോടെ ഉള്ള സുന്ദരനായ ആ യുവാവിന്റെ കണ്ടു അവളുടെ ഉള്ളിൽ അതുവരെ ഇല്ലാത്ത ഒരു വികാരം തോന്നി.
ആ കണ്ണുകൾ മാറ്റാരുടെയും ആയിരുന്നില്ല ലൂസിഫറിന്റെ ആയിരുന്നു. കോടിക്കണക്കിനു വർഷങ്ങൾ താണ്ടി അവൾക്കു വേണ്ടി വന്ന ലൂസിഫറിന്റെ.
തുടരും…
♥️♥️♥️♥️♥️♥️
🤍😇
Kuttan കിട്ടുന്നില്ലലോ
🙂
കുറച്ചുകൂടി വലിയ പാർട്ട് ആകാമായിരുന്നു.. സാരമില്ല നല്ല കഥയാണിട്ടൊ.. 😌ബാക്കി അറിയാനായി കാത്തിരിക്കുന്നു.. നഥേല.. ആഹ് പേര് അടിപൊളി ആണ്.. ലൂസിഫർ എല്ലാവർക്കും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന രൂപം, അതിനു പ്രണയത്തിന്റെ ആവിഷ്കാരം കൊടുത്ത് ഒരു വെറൈറ്റി ആക്കിയല്ലോ… അടിപൊളി.. ✨️
Thanks Brother😇🤍
(കഥയ്ക്ക് വരുന്ന comments എനിക്ക് approve ആക്കാൻ കഴിയുമെന്ന് അറിയില്ലായിരുന്നു ഇപ്പോളാണ് ശ്രദ്ധിച്ചത്. Sorry)
😇😇ലൂസിഫർ വില്ലനോ നായകനൊ?
നമുക്ക് കണ്ടറിയാം… 😂
Kolam nanyitund😇
Thanks Brother😇🤍