അല്ലെങ്കിലും പടച്ചോന്റെ മുമ്പിൽ കുമ്പിട്ടാൽ തെളിയാത്ത മുഖമുണ്ടോ,….. ന്നെ കണ്ടേഷം നിസ്കാരം കഴിഞ്ഞ് റബ്ബിനോട് മനസ്സ് നൊന്ത് പ്രാർത്ഥിച്ചാ ന്റിക്ക വന്നിരിക്കണത്. ആ മുഖഭാവം കണ്ടാലറിയാം ….
ചായ കുടിക്കുമ്പോഴാണ് ഇക്ക എന്നോട് സംസാരിച്ച് തുടങ്ങിയത്.
“റാഷി, വിളിച്ചില്ലെ മോളെ….. ”
“ഊം… കുറച്ച് മുമ്പ് വിളിച്ച് വെച്ചതേ ഉള്ളൂ…. ”
“അന്റെ കൂടെ ഇന്ന് ഇവിടെ ആരാ കൂട്ടിന് …..? ”
“ഇക്ക അതോർത്താണോ ഇതുവരെ ടെൻഷനാക്കിയെ…. ന്റെ കൂടെ ഇവിടെ കുട്ട്യോളൊക്കെണ്ടല്ലോ….. പണീം കഴിഞ്ഞ് മർസൂഖും വരൂല്ലോ….. ഇതിൽ കൂടുതൽ നിക്കാ ആരാ ബേണ്ടേ….. ”
ഇക്കാക്ക് ഞാൻ പറഞ്ഞത് കേട്ട് പൂർണ്ണമായും തൃപ്തി വന്നില്ല.
“ഇയ്യ് ബേണേൽ അമ്മൂനേം കൂടി നിർത്തിക്കോ…. ഞാൻ നാളെ വന്ന് കൊണ്ടോ യ്ക്കോളാം….”
ഓരോ അവസരത്തിലും ഇക്ക എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചു കൊണ്ടേയിരിക്കുന്നു.അമ്മുനെ എനിക്ക് കൂടെ നിർത്തണമെന്നുണ്ടായിരുന്നു. എനിക്ക് ഇന്നത്തെ കൂട്ടിന് വേണ്ടിയല്ല. നാളെയുടെ കളങ്കമില്ലാത്ത ലോകത്ത് കൈപിടിച്ചുയർത്താൻ വേണ്ടി. ഞാൻ പഠിച്ച അറിവിനേക്കാൾ ഒരു പാട് ഉയരത്തിലാണ് എന്റെ അമ്മു…….. സുബഹിക്കും മഗ് രിബിനും മാത്രം മുസ്ഹഫ് എടുക്കുന്ന എനിക്ക് ജീവിത സഫറിലേക്ക് വേണ്ട ഏറ്റവും വലിയ മരുന്ന് ഖുർആനാണെന്ന് പഠിപ്പിച്ചു തന്നിരിക്കുന്നു. ഉമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ അഗാധമായ ആഴം മനസ്സിലാക്കിത്തന്നിരിക്കുന്നു. ഇനിയും ഒരു പാട് കാര്യങ്ങൾ അമ്മുവിൽ നിന്ന് അറിയണമെന്നുണ്ടായിരുന്നു. പക്ഷേ, എന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി അമ്മുനെ കൂട്ടിന് നിർത്തുന്നത് ശരിയല്ലെന്ന് തോന്നി…… എല്ലാവരും ഉണ്ടെന്ന് ഇക്കാക്കാനെ ബോധ്യപ്പെടുത്തി അവരെ സന്തോഷത്തോടെ യാത്ര അയച്ചു….. പുറപ്പെടാൻ നേരം അമ്മു എന്നെ തിരിഞ്ഞു നോക്കി .എല്ലാം ഖൈറായി അവസാനിക്കുമെന്ന് ആമുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.അവർ പോയ ശേഷം ഞാൻ ഇശാ നമസ്കരിച്ച് ഖുർആൻ മറിച്ചു നോക്കി. സൂറ: അൻആം ….. ഓതിത്തുടങ്ങി.
എന്റെ ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കാനിരിക്കുന്നു എന്ന പ്രതീക്ഷയിൽ …….
മനസ്സ് ഒരു കടലാണ്..? ചിലപ്പോൾ ശാന്തമായി കരയെ തലോടും മറ്റു ചിലപ്പോൾ അതിശക്തമായ തിരമാലയായി കരയിലേക്ക് ആഞ്ഞടിക്കും. ഇതു വരെ കരയിലേക്ക് ആഞ്ഞടിച്ച തിരമാലയായിരുന്നു എന്റെ മനസ്സ്.അമ്മു പറഞ്ഞ പോലെ സുറ:അൻആം മുപ്പത്തിമൂന്ന് ആയത്ത് ഞാൻ പൂർത്തിയാക്കി. ഇപ്പൊ എന്റെ മനസ്സ് ശാന്തമായി കരയെ തലോടും പോലെയാണ്. കടലിൽ മുത്തും പവിഴവും പോലെയാണ് മനസ്സിൽ നന്മയും തിന്മയും. കല്ലും മുള്ളും പോലെ അസൂയയും അഹങ്കാരവും വാശിയും. ഈ കല്ലും മുള്ളിൽ നിന്നൊക്കെ എനിക്ക് രക്ഷപ്പെടണം.അതിന് എനിക്ക് കൂട്ടായി ഖുർആനും അതിലെ ഓരോ സൂക്തങ്ങളും വേണം. മരുന്നും മന്ത്രവും മന്ത്രികതയുമൊക്കെ നിറഞ്ഞതാണ് ഖുർആൻ . ഖുർആനിൽ അള്ളാഹു പറയുന്നത് ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്നാണ്. ശരിയാണ്. ഈ ശാദി ചിന്തിച്ചിരിക്കുന്നു. എന്റെ മതത്തെ കുറിച്ച്.അതിനു കിട്ടിയ ഗ്രന്ഥത്തെ കുറിച്ച്.
” ശാദിത്ത … ഇങ്ങളെന്താ ഓർക്കുന്നെ മുസ്ഹഫും കൈയ്യിൽ പിടിച്ച് കരയാണോ…..?
റുഫൈദാടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുമുണർന്നത്..”
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി അണ പൊട്ടി ഒഴുകുന്നുണ്ട്. അതിൽ ഒരു തുള്ളി ഇറ്റി വീണത് കൃത്യം മുപ്പത്തിമൂന്നാം ആയത്തിൽ. നാളെ ഇവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് റബ്ബ് എന്നെ ഓർമിപ്പിക്കും പോലെ….
“അത് പിന്നെ റുഫീ ….. ഇത്താടെ കണ്ണിൽ കരട് പോയതാ…… ” ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…… ”
“ഓ….’പിന്നെ, കരട് പോയാ ഇത്രേം കണ്ണീരോ…. അത്രേം വല്ല്യ കരടാണോ പോയത്. ഒന്നു പോ ഇത്താത്താ….. കരയുമ്പോഴെങ്കിലും സമാധാനം കിട്ടിക്കോട്ടെന്ന് കരുതിയ പോലെ റുഫി എന്നെ നോക്കി കണ്ണിറുക്കിച്ചിരിച്ച് ഓടിപ്പോയി….
ഭക്ഷണമൊക്കെ കഴിച്ചു കിടക്കാൻ നേരാണ് മർസൂഖ് വന്നു കേറിയത്.
“അനക്ക് തിന്നാൻ എന്തേലും എടുത്ത് വെക്കട്ടെ …..”
“ബേണ്ടാ….. ഞാൻ ഹോസ്പിറ്റലിന്ന് തിന്നാർന്നു. ….. ”
അൽപം ഗൗരവത്തിലാണ് മർസൂക് പറഞ്ഞത്. ചോദിച്ചതിന് മാത്രം മറുപടി.ഉമ്മാക്ക് ഇപ്പൊ കുറവുണ്ടോ എന്നൊക്കെ ചോദിക്കണംന്നുണ്ടാർന്നു.മറുപടി എങ്ങനെയാവുമെന്ന് നിശ്ചയമില്ലാത്തോണ്ട് വേണ്ടെന്ന് വെച്ചു.
റുഫിയും റാഹിലാത്താന്റെ കുട്ടികളും ഉമ്മയില്ലാത്ത തക്കം നോക്കി ഒരു റൂമിലിരുന്നു കളിച്ചു തിമിർക്കുകയാണ്.
ഉമ്മയും റാഹിലാത്തയും ഇല്ലാത്ത തക്കത്തിന് ഇക്കാക്കാനോട് സൊറ പറയാൻ കരുതിയ ഞാൻ. ക്ലാസ് ടീച്ചർ ഇല്ലാത്ത ക്ലാസ് പോലെ ആകാൻ കൊതിച്ച എന്റെ മനസ്സ്, ഒക്കെ എവിടെ…… ?എന്ത് സംഭവിച്ചു.? ഒരു പാട് പേര് ഉപദേശം തന്നാലും ഒരാളുടെ ഒരൊറ്റ വാക്കുമതി നമ്മുടെ ജീവിതം മാറ്റിമറിക്കാനെന്നു പറയുന്നതെത്ര ശരിയാണ്. അമ്മു പറഞ്ഞ ഏറ്റവും വലിയ മരുന്ന് “ഖുർആൻ ” എന്ന പദം ഈ ശാദീടെ മനസ്സിളക്കിയിരിക്കുന്നു.
“റുഫീ …. ഇയ്യ് എല്ലാരേം കൂട്ടി പോന്നോളി…. ഒറങ്ങണില്ലെ. സമയം എത്രായീന്നാ വിചാരോ…..”
“ഇത്താത്ത കെടന്നോളൂ …. ഞങ്ങള് ഉമ്മാടെ റൂമിൽ കെടന്നോളാം. ഇത്താത്തക്ക് തനിച്ച് കെടക്കുമ്പോൾ റാഷിക്കാക്ക് ഫോണും ചെയ്യാലോ…. ഞാൻ വന്ന ഇവ രും ന്റെ പിന്നാലെ വരും. അപ്പൊ ഇത്താത്തക്ക് ഒന്നിനും കൈയ്യൂലാ…. “കളിക്കിടയിൽ വന്ന് റുഫി എന്റെ കാതിൽ മന്ത്രിച്ചു…..
ബാക്കിയുള്ളോരെല്ലാം കളിയിൽ മുഴുകിയിരിക്കുന്നു. അകത്ത് കയറിയതിനു ശേഷം മർസൂഖിനെ ഞാൻ കണ്ടില്ല. അവൻ വാതിലടച്ചു കിടന്നു.ഉമ്മയും റാഹിലാത്തയും ഉള്ളപ്പൊ വാ തോരാതെ അവരോട് സംസാരിച്ചോണ്ടിരിക്കും. എന്നെക്കാണുമ്പോൾ മൂന്ന് പേരും സംസാരം നിർത്തും.
റുബൈദ് എഴുത്തിലും വായനയിലുമാണ്. സ്കൂളിൽ മാർക്ക് കുറവാണെങ്കിലും ജീവിതത്തെ നേരിടാൻ പ്രാപ്തിയുണ്ടെന്നവൻ തെളിയിച്ചു. എന്നെ കാണുമ്പോൾ ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ തന്നെ അവൻ പറയാനാഗ്രഹിച്ച പലതും അടങ്ങിയിട്ടുണ്ട്.
ഇന്ന് അമ്മുവന്നിരുന്നില്ലായിരുന്നെങ്കിൽ കുട്ടികളെ പോലും ശ്രദ്ധിക്കാതെ റൂമിൽ കയറി ഞാൻ റാഷിക്കാനോട് എല്ലാം പറഞ്ഞു കഴിഞ്ഞേനേ……
റുഫിയോടുള്ള വിശ്വാസം കൊണ്ട് ഞാൻ മുറിയിൽ കയറി കതകടച്ചു .ഒളിപ്പിച്ചു വെച്ച ഫോൺ എടുത്ത് കട്ടിലിൽ ചാരി ഇരുന്ന് റാഷിക്കാക്ക് ഡയൽ ചെയ്തു. ഒരു റിംഗ് ആവുമ്പോൾ തന്നെ ഇക്ക നമ്പർ ബിസിയാക്കി.ഒരു പാടു നാളായി ഞാനാഗ്രഹിച്ച ആരുടെയും ശല്യമില്ലാതെ സമാധാനത്തോടെ ഞങ്ങളുടേതായ ലോകത്തേക്കു മാത്രമായെന്നോണം എന്റെ ഫോൺ ശബ്ദിച്ചു….. മണിയറയിലേക്ക് കാലെടുത്ത് വെക്കുന്ന മണവാട്ടിയുടെ വെമ്പലോടെ ഞാനാ കോൾ അറ്റെന്റ് ചെയ്തു.
“അസ്സലാമു അലൈക്കും…. ഹബീബി …… ” മനസ്സിൽ സ്നേഹം നിറഞ്ഞൊഴുകുന്ന പോലെ ആത്മാർത്ഥമായുള്ള എന്റിക്കാന്റെ സലാം ….
“വ അലൈക്കു മുസ്സലാം ….. സുഖല്ലെ ഇക്ക ….”
“അൽഹംദുലില്ലാഹ്….. ”
“ന്റെ മുത്തിനോ…..”
“ഊം സുഖം”
“അനക്കല്ല …..അന്റെ വയറ്റീ കെടക്കണ ന്റെ മുത്തിന്റെ കാര്യാ ഞാൻ പറഞ്ഞെ….. “ഇക്ക ഇതും പറഞ്ഞ് ഊറിച്ചിരിച്ചു.
ഇക്ക പറഞ്ഞപ്പഴാണ് ഞാൻ പ്രഗ്നൻന്റാണെന്ന കാര്യം പോലും എനിക്കോർമ വന്നത്. ഞാൻ മെല്ലെ എന്റെ വയറിന് മുകളിൽ കൈവെച്ചു.വയർ ചെറുതായൊന്ന് വീർത്തു വരുന്നുണ്ട്.
“അപ്പൊ ഇങ്ങള് ന്നെ മറന്നോ…..”
“ന്റെ പൊന്നേ ഞാനൊരു തമാശ പറഞ്ഞതല്ലെ …..”
“ഊം… സാരല്ല: ആദ്യം കണ്ടത് ഈ മുത്തിനെയാ … അതു മറക്കണ്ട . …..” ഞാൻ കുറച്ച് കൊഞ്ചി.
“ന്റെ ശാദീനെ ഇക്ക അങ്ങനെ മറക്കോ…. ഊം… ഇവിടെ ഓരോ അറബിപ്പെണ്ണിനെ കാണുമ്പോഴും അന്റെ മുഖാ നിക്കോർമ്മ വരണെ…. ”
റാഷിക്ക ഓർമ്മയുടെ ഓളങ്ങ ളിലേക്ക് ഊളയിട്ട് പോവുകയാണ്. ഞാൻ ആഗ്രഹിച്ച പോലെ ന്റെ ഇക്ക മനസ്സ് തുറന്ന് സംസാരിക്കുന്നു.
“വേറെന്തൊക്കെയുണ്ടിക്കാ വിശേഷം ”
“ന്ത് വിശേഷാ ഇവിടെ…. രാവിലെ ഡ്യൂട്ടീൽ കേറിയാൽ രാത്രി ഈ സമയം വരെ ഡ്രൈവിംഗ് ….. കൊറച്ച് ഫ്രീ ടൈം കിട്ടി റൂമിലെത്തിയാലോ കമ്പനീന്ന്
വീണ്ടും വിളി തൊടങ്ങും…. അവിടേം ഇവിടേം പോണം ന്നൊക്കെ പറഞ്ഞ്. ഡ്രൈവിംഗിന് കുറച്ച് സ്പീഡ് കൂടിയാലോ…..ദേ വന്നു അടുത്ത കുരിശ് .ക്യാമറ അടിയൽ – പിന്നെ അതിന്റെ പണം പിരിപ്പിക്കാൻ കമ്പനി വക ശമ്പളത്തീന്ന് കട്ടിംഗ് …..” ഇതാ അന്റിക്കാന്റെ വിശേഷം. ന്നാലും അൽഹംദുലില്ലാഹ് ഒരു വിധം സുഖായി പോന്ന് അത്ര ന്നെ….. അല്ല ശാദീ അനക്കല്ലെ ഒരു പാട് കാര്യം പറയാനുണ്ടെന്ന് പറഞ്ഞെ…… ഞാനിപ്പൊ ഫ്രീയാ…. പറയ് അന്റെ കഥയൊക്കെ ഞാൻ കേക്കട്ടെ ….”
റബ്ബേ….!എന്ത് കഥയാ ഇക്കാ ന്റട്ത്ത് ഞാൻ പറയേണ്ടെ…. ഞാൻ ആകെ വല്ലാണ്ടായി.ഉമ്മാനെ കുറിച്ചും റാഹിലാ ത്താനെ കുറിച്ചും ഒന്നും പറഞ്ഞു കൊടുക്കാൻ ഈ ശാദിക്കിനി പറ്റില്ല.ഉമ്മാനെ ഇക്കാന്റ ട്ത്തീന്ന് അടർത്തി മാറ്റാൻ ഞാൻ കാരണക്കാരി ആവരുത്. പടച്ചോനെ ഇക്കാടെ മനസ്സ് മറ്റൊരു വഴിക്ക് തിരിച്ച് വിടണേ……
“ശാദ്യേ ഒരു മിൻറ്റേ, ഞാനീ വണ്ടിയൊന്നു പാർക്ക് ചെയ്തോട്ടെ…. ”
“ഊം….. നല്ലയാളാ ഡ്രൈവ് ചെയ്തോണ്ടാ ഇങ്ങള് സംസാരിക്കണെ…… പാർക്കിംഗ് ഏരിയ കണ്ട് പിടിച്ചേശം വിളിച്ചാ മതി” ഇക്കാടെ പ്രതികരണം വരുംമുമ്പേ ഞാൻ കട്ട് ചെയ്തു. ഇനി വിളിക്കുമ്പോ വേറെന്തേലും പറഞ്ഞ് തൊടങ്ങാലോ ….നാട്ടിലായാലും വിദേശത്തായാലും ഡ്രൈവിംഗ് ചെയ്യുമ്പോൾ ഒരു പാട് നിയമങ്ങളുണ്ട്. അതൊക്കെ ജനങ്ങൾക്ക് ബാധകമല്ലെന്ന് തോന്നും ഓരോരോരുത്തന്റെ ഡ്രൈവിംഗ് രീതി കണ്ടാൽ.റാഷിക്ക ഫോൺ ചെയ്തോണ്ട് സംസാരിച്ച് എന്തേലും പറ്റിയാൽ …. റബ്ബേ എനിക്കോർക്കാൻ കൂടി പറ്റുന്നില്ല.കഴിഞ്ഞ റബിഉൽ അവ്വലിലാ വീട്ടിനടുത്തുള്ള അബ്ബാസ് ഹാജീടെ മോൻ നജീബിക്ക ഖത്തറിൽ നിന്നും ആക്സിഡന്റിൽ മരിച്ചത്.അമിത വേഗതയും മൊബെൽ ഉപയോഗവുമാണെത്രെ അപകട കാരണം. നബിദിന റാലിക്ക് തൊട്ടുമുമ്പാണ് മയ്യിത്ത് നാട്ടിലെത്തിയത്. മയ്യിത്ത് കാണാൻ സാധിച്ചില്ലെങ്കിലും ആ വീട്ടുകാരുടെ അവസ്ഥ. ഉപ്പ മരിച്ചതറിയാതെ ഓടിക്കളിക്കുന്ന ഒന്നര വയസ്സുകാരി മകൾ. തളർന്നുവീണു കിടക്കുന്ന ഉമ്മ. ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ കരയാൻകണ്ണീരു പോലും വറ്റിയിരിക്കുന്ന ഭാര്യ. വല്ലാത്തൊരു അനുഭമായിരുന്നു അത്.എല്ലാരോടും സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയിട്ട്, അനക്കമില്ലാ മയ്യിത്തായി ആരുടെയൊക്കെയോ സഹായത്തോടെ നാട്ടിലെത്തിക്കുന്നത്. മൂന്ന് ദിവസാ മയ്യത്തിന് വേണ്ടി കാത്തിരുന്നത്. എത്ര പണമുണ്ടായിട്ടെന്താ….. അവിടന്ന് അത്ര പെട്ടെന്നൊന്നും വിട്ടു കിട്ടില്ലെത്രെ. ആർക്കാ സഹിക്കാൻ പറ്റ്വ. ഓർക്കാൻ പോലും പറ്റുന്നില്ല.. റബ്ബേ എല്ലാരെയും നീ കാത്തോളണേ…. (ആമീൻ)
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha