കണ്ണീർമഴ 2 41

Views : 11714

പണ്ടെങ്ങോ കഴിഞ്ഞ് പോയ കഥകൾ മാത്രം കേട്ട് ശീലമുള്ള എനിക്ക് മുന്നിൽ മർസൂഖ് സ്വന്തം സഹോദരി അനുഭവിച്ച ത്യാഗ കഥ പറയാൻ തുടങ്ങി.
“റാഹിത്ത കൂട്ടത്തിൽ മൂത്ത ആളായോണ്ട് ഉപ്പാന്റെ പൂതി കാരണോ നേരത്തെന്നെ കെട്ടിച്ച് വിട്ടു. ആദ്യത്തെ മൂന്ന് മാസം ഇത്താത്ത സുഖായി കൈഞ്ഞെലും അളിയൻ ഗൾഫീ പോയതോടെ തൊടങ്ങി ഇത്താത്താടെ കഷ്ടകാലം. ഇപ്പൊ ഇങ്ങള് അനുഭവിക്കണേന്റ എരട്ടിയായിരുന്നു ഇത്താത്ത സഹിച്ചത്.അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്ക്യാണ്.”
ഓർമ്മകളുടെ താഴ്വരയിലോട്ട് താഴ്ന്നിറങ്ങിക്കൊണ്ടവൻ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്ത് എന്നരികിലിട്ടിരുന്ന കസേരയിൽ വന്നിരുന്നു.
ഉമ്മ എങ്ങാനും കണ്ടെങ്കിൽ വീണ്ടും തെറ്റിദ്ധരിക്കുമോ എന്ന ഭയം എന്നിലുണ്ടായിരുന്നു. കണ്ണ് രണ്ടും അവനിലായിരുന്നുവെങ്കിലും മനസ്സ് മുഴുവൻ ഉമ്മാന്റെയടുത്തായിരുന്നു.
“പട്ടിണിക്കിടലും മർമ്മം നോക്കി ചവിട്ട ലൊക്കെയായ്രുന്നു അളിയന്റെ വീട്ടാരുടെ പ്രധാന ഹോബി.ഇത്താത്താടെ ദുരിതം അറിഞ്ഞപ്പോ മുതൽ തൊടങ്ങീതാ ഉമ്മാന്റെ കണ്ണീര് കാണാൻ…..”
ഓരോന്ന് പറയുമ്പോഴും ഉമ്മാടെ തല്ല് കൊണ്ട് കരയുന്ന കുഞ്ഞിനെ പ്പോലെ തേങ്ങുന്നുണ്ടായിരുന്നു അവൻ.
എനിക്ക് ഒന്നും പറഞ്ഞ് സമാധാനിപ്പിക്കാനും കഴിഞ്ഞില്ല.തന്റെ ജീവിതം തീർത്ത വികൃതികൾ മനസ്സിൽ മുറിവേൽപ്പിച്ചതാവാം റാഹിലാത്താക്ക് എന്നോടുള്ള പകയും വിദ്വേഷവും. സ്വന്തം ചോരയുടെ അനുഭവം നേരിൽ കണ്ടതാണ് ഉമ്മയുടെയും മർസൂഖിന്റേയും മനസ്സിനെ മുറിവേൽപ്പിച്ചത്.ബാക്കി ഭാഗവും പറഞ്ഞൊപ്പിച്ച് ഖൽബ് പിടച്ച് നിറഞ്ഞ കണ്ണുമായി എന്റെ മുന്നിൽ നിന്നും ആ കൗമാരക്കാരൻ എഴുന്നേറ്റു പോകുമ്പോൾ സഹതാപത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ആദിവസം എനിക്ക് സമ്മാനിച്ചത് പുതിയൊരു അറിവായിരുന്നു. ഓരോ മനുഷ്യരേയും നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത് അവർ ജീവിത യാത്രയിൽ കണ്ട അനുഭവങ്ങളായിരിക്കുമെന്ന്. റാഹിലാത്താനെ ഓർത്തപ്പോൾ എനിക്ക് വിഷമം തോന്നി. എന്നെ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ അവരുടെ അവസ്ഥ ….
പടച്ചോൻ എന്തെങ്കിലും കണ്ടിട്ടുണ്ടാവുമായിരിക്കുമെന്ന് മനസ്സിനെ സമാധാനിപ്പിച്ച് ഞാനെന്റെ ജോലിയിലേക്ക് പ്രവേശിച്ചു.
എന്ത് ജോലി ചെയ്യാനും ശരീരത്തിന് ഒരു മടിയും തോന്നിയില്ലെങ്കിലും രാവിലെ ബ്രഷ് ചെയ്യുമ്പോഴും
കിച്ചണിൽ എണ്ണയിട്ട് മീൻ വറുത്ത് കോരുമ്പോഴും മനം പുരട്ടുന്ന അവസ്ഥ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു.ഉമ്മ എന്ന പദത്തിന്റെ അർത്ഥമറിയണമെങ്കിൽ ഗർഭകാല അവസ്ഥയിലൂടെ തന്നെ കടന്ന് പോണം.കാരണം ഒറ്റവാക്കിലൊതുക്കേണ്ടതോ മറ്റുള്ളവർക്ക് പറഞ്ഞ് പഠിപ്പിക്കാൻ കഴിയാത്തതുമായ ഒരു വലിയ അനുഭവമാണ് ഈ പത്ത് മാസം.മാസം അഞ്ച് കഴിഞ്ഞെങ്കിലും ഈ രണ്ട് കാര്യമൊഴിച്ച് എനിക്കൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. അമ്മു പ്രഗ്നൻസി റിസൾട്ട് അറിഞ്ഞ അന്നു മുതൽ ചർദിക്കാൻ തുടങ്ങിയതാ…
“അന്റെ വയറ്റീ കെടക്കണ കുഞ്ഞ് ആണാ അമാനാ….
ആൺ കുട്ടിയാണെലെത്രെ ഇങ്ങനെ ചർദിയൊക്കെ ഇണ്ടാവണേ….. ഷാഹിടെം ഷാ നീടേം സമയത്ത് നിക്കും ഉണ്ടായിരുന്നു. ശാദീനെ വയറ്റിലൊണ്ടാവുമ്പോ നിക്ക് അറിഞ്ഞതേ ഇല്ല.”
അമ്മു ചർദിച്ച് അവശതയോടെ വരുമ്പോൾ ഉമ്മ പറയുന്നത് കേൾക്കാറുണ്ട്. എന്റെ മുന്നിൽ ഉമ്മ ഇങ്ങനെയുള്ള വാക്കൊന്നും സംസാരിക്കാറില്ലെങ്കിലും എല്ലാ കാര്യവും അവർ രണ്ടു പേരും ചർച്ച ചെയ്യും.
ഷാഹിക്ക അടുത്ത് വന്ന് സംസാരിക്കുമ്പോഴൊക്കെ അമ്മു ഒഴിഞ്ഞ് മാറും. അതെന്തിനായിരുന്നെന്ന്ന് ഇപ്പഴും എനിക്ക് ഒരു പിടിത്തവുമില്ല. എന്റെ കുട്ടി പെണ്ണായിരിക്കോ.ഉമ്മ പറഞ്ഞ പൊരുൾ വെച്ച് നോക്കുമ്പോ അതിനാ സാധ്യത കൂടുതൽ. കിച്ചണിൽ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാനെന്റെ വയറിനു മുകളിൽ കൈവെച്ചു നോക്കി.മുമ്പുള്ളതിനേക്കാൾ വയറ് വീർത്തു വന്നിട്ടുണ്ട്. കട്ടിയും കൂടുതലാണ്.
“ഇത്താത്താ….! ഇങ്ങളെ ഫോൺ എത്ര നേരായി റിംഗ് ചെയ്യണു …..” കൈയിലിരുന്ന മൊബൈൽ എന്റെ നേരെ നീട്ടിക്കൊണ്ട് റുഫൈദ് പറഞ്ഞു. ഞാനത് വാങ്ങി നോക്കി. റബ്ബേ ! ഒൻപത് മിസ്സ്ഡ് കോൾ, ബട്ടൺ അമർത്തി ഒന്നു കൂടി സെർച്ച് ചെയ്തു.ഷാഹിക്ക, റാഷിക്ക. അമ്മു എല്ലാരും വിളിച്ചിരിക്കണല്ലോ….. എന്തായിരിക്കും മൂന്ന് പേരും ഒരുമിച്ച് വിളിച്ചത്… പടച്ചോനേ റാഹിലാ ത്താക്ക് വല്ലതും ….. വയറിനു മുകളിൽ ഉണ്ടായ കൈ എടുത്ത് ഞാൻ നെഞ്ചിനു മുകളിൽ വെച്ചു.
“നീ എന്റേതല്ലെ
ഞാൻ നിന്റേതല്ലെ….”
അർത്തോർജിതമായ വരികളോടെ മൊബൈൽ വീണ്ടും ശബ്ദിച്ചു. റാഷിക്കാടെ കോൾ… വിറയാർന്ന കൈകളോടെ ആ കുഞ്ഞു ഫോൺ ഞാൻ എന്റെ ചെവിയോട് ചേർത്ത് വെച്ചു……

“ഹലോ…” ശബ്ദം കുറച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“ആ , പറയ് മോളേ! ”
ഇക്കാന്റെ
ശബ്ദം അൽപം മാറിയിരുന്നു. മോളേ എന്ന വിളി കേൾക്കുമ്പോൾ എനിക്ക് അൽപം സമാധാനമായി. റാഹിലാത്താക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല എന്നോർത്ത്.
“റാഹിലാത്താക്ക് ഇപ്പൊ എങ്ങനെയ്ണ്ട്. ”
“അൽഹംദുലില്ലാഹ് നല്ല മാറ്റണ്ട്. ഇപ്പൊ സംസാരിക്കണൂണ്ട്. കാര്യായ പ്രശ്നം നടക്കാനുള്ള ബുദ്ധിമുട്ടാ….. കാലേൽ സ്റ്റീൽ ഇട്ടിരിക്ക്യാ. ”
റാഷിക്കാന്റെ ശബ്ദം കേട്ടാൽ അറിയാം. ശരിക്കൊന്നുറങ്ങീട്ട് രണ്ട്‌ മൂന്ന് ദിവസമായെന്ന്. ഇടയ്ക്കിടെ കോട്ടുവായ ഇടുന്നുണ്ട്.
“ഇനി ഇപ്പൊ എന്താ ഇക്കാ പ്ലാനിംഗ് ……”
“ഇബ്ടെ വേണ്ട, നാട്ടിലോട്ട് പോര്ണെന്നാ ഇത്താത്ത പറയണെ.”
“ന്നിട്ട് ഇങ്ങട്ട് വരാൻ വല്ല ഉദ്ദേശോണ്ടോ…..”
പടച്ചോനേ എനിക്ക് വീണ്ടും പണി കിട്ടോ….. ഇത്താത്ത സുഖായി ഇണ്ടാവണംന്ന് തന്ന്യാ എന്റെ ആഗ്രഹം. എന്നാലും സ്വഭാവം വെച്ച് നോക്കുമ്പോൾ …….
“ഈ മാസവസാനം നോമ്പ് തൊടങ്ങല്ലെ, ശാദ്യേ….. അതിന് മുമ്പായി വരൂന്നാ തോന്നണെ… ”
പറഞ്ഞ പോലെ ശരിയാണല്ലോ… അടുത്താഴ്ചയാ ബറാഅത്ത് നാള്.നോമ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രം……
” പിന്നെയ് ഇങ്ങള് മിനിഞ്ഞാന്ന് കരഞ്ഞപ്പോ നിക്കും ഒത്തിരി സങ്കടായി. ”
“റാഹിത്താടെ കാര്യം പെട്ടെന്ന് കേൾക്കുകേം കാണുകേം ചെയ്തില്ലേ….. അപ്പൊ ആകെയൊരു ……”
അൽപ നേരം ഇക്ക മിണ്ടാതിരിന്നു.
“അനക്ക് ഞാൻ പിന്നെ വിളിക്കാം മോളേ, ഇയ്യാ ഫോണൊന്ന് ഉമ്മാക്ക് കൊടുക്കീൻ ”
“ഊം…. ”
ഞാൻ ഫോണുമായി ഉമ്മാന്റെ മുറീൽ ചെന്നു.ഉമ്മ കിടപ്പിൽ തന്നെ. കണ്ണ് തുറന്ന് ഒരേ ദിശയിൽ തന്നെ നോക്കുകയാണ്.കാര്യമായ എന്തോ ആലോചന പോലെ.
“ഉമ്മാ! ദാ ഫോൺ …..” ഉമ്മാന്റെ കാൽപാദത്തിൽ കുലുക്കി ഞാൻ വിളിച്ചു.
ചിന്തയിൽ നിന്നും ഞെട്ടി എണീറ്റ് പുറം കൈ കൊണ്ട് കണ്ണ് തുടച്ച് എന്നെ നോക്കി.
“ആരാ!…..?
“റാഷിക്കയാ…..”
പൊരിവെയിലത്ത് ദാഹിച്ചു നിന്നവന് വെള്ളം കിട്ടിയ പോലെ ഉമ്മ ഒന്ന് നെടുവീർപ്പെട്ട് എന്റെ കൈയീന്ന് ഫോൺ വാങ്ങി.ഉമ്മയും മകനും മനസ്സ് തുറന്ന് സംസാരിക്കട്ടെ എന്ന് കരുതി ഞാൻ മാറി നിന്നു.
എങ്കിലും കിച്ചണിലേക്ക് ഉമ്മാന്റെ കരച്ചിലും പരിഭവം പറച്ചിലുമൊക്കെ കേൾക്കാമായിരുന്നു.
എന്റെ മനസ്സ് ഇക്കയുടെ ഫോണിലായിരുന്നില്ല. ഇക്ക പറഞ്ഞ നോമ്പ് എന്ന അതിമഹത്തമായ വാക്കിലായിരുന്നു. കോടി ബറാഅത്തും നോമ്പും ആയത് കൊണ്ട് നാട്ടുനടപ്പനുസരിച്ച് ചില ചsങ്ങുകളൊക്കെയുണ്ട്. പരസ്പരം വീട്ടിലേക്ക് ക്ഷണിക്കലും വിരുന്ന് കൊടുക്കലുമൊക്കെ. ഇപ്പഴത്തെ സാഹചര്യത്തിൽ ഇക്കാനോട് അതിനെ കുറിച്ച് ഒന്നും പറയുന്നത് ശരിയല്ല. എല്ലാവരും വിഷമിച്ചിരിക്കുമ്പോൾ ഞാനായിട്ട് എന്തിനാ ഓരോന്ന് വലിച്ചിടുന്നത്. അത് കൊണ്ട് ഞാനാ വിഷയം വിട്ടു.
അല്ലെങ്കിലും നാട്ട് നടപ്പ് നോക്കിയുള്ള നോമ്പിനും വിരുന്നിനുമൊന്നും അത്ര വല്യ കാര്യമില്ല.അതിന്റെയൊക്കെ സുഖമറിയണമെങ്കിൽ കുട്ടിക്കാലത്തേക്ക് പോണം. എന്ത് രസായിരുന്നു അന്നത്തെ നോമ്പ് .
രാവിലെ നേരത്തെയുള്ള സ്കൂളിൽ പോകുന്നതൊഴിച്ച് ബാക്കി എന്ത് കൊണ്ടും ഭേതം നോമ്പ് കാലമായിരുന്നു.
സ്കൂൾ വിട്ട് വരുമ്പോൾ തന്നെ താറവാട്ടു വീട്ടിൽ ഉമ്മാമ വെക്കുന്ന ഇറച്ചിക്കറിയുടെ മണം മൂക്കിലേക്കടിച്ച് കയറും.മൺചട്ടി കല്ലടുപ്പിൽ വെച്ചായിരുന്നു അന്നത്തെ പാചകമൊക്കെ. മായം ചേർത്തുള്ള പൊടികളൊന്നും ചേർക്കാറില്ല. കൈ കൊണ്ട് പരത്തിയെടുത്ത് മൺ പാത്രത്തിൽ ചുട്ടെടുക്കുന്ന പത്തിരിക്കൊക്കെ എന്ത് രുചിയായിരുന്നു.ഉമ്മാമാടെ നാല് വിരലും അതിൽ പതിഞ്ഞിട്ടുണ്ടാവും. നെയ്പത്തിരിയും ഇറച്ചിക്കറിയും ചേർത്ത് കഴിക്കണമെങ്കിൽ നോമ്പ് പതിനേഴോ ഇരുപത്തി ഏഴോ വരണം. ആ രണ്ടു ദിവസവും അസർ നിസ്കാരം കഴിഞ്ഞ് ചെറിയൊരു കവറെടുത്ത് മദ്റസയിലേക്കോടും. പള്ളിയിൽ നിന്നും നേർച്ചയും മറ്റും കഴിഞ്ഞ് കിട്ടുന്ന ചെറുപഴവും ഈന്തപ്പഴമൊക്കെ വാങ്ങാൻ ക്യൂ നിൽക്കുന്ന സുഖം മറ്റൊരിടത്തും കിട്ടില്ല. മുസ്ഹഫ് എടുത്ത് കൊണ്ട് വന്ന് ഉമ്മ ഓതാൻ പറയുമ്പോൾ അതിന്റെ കൂടെ “കുരുന്നുകൾ ” എന്ന ബാലമാസികയുമായി ഞാൻ അറയിൽ കയറി വാതിലടക്കും. കൊടുവള്ളി അബ്ദുൾ ഖാദറിന്റെ ശാക്കിറും വെളുത്ത പൂക്കളുമൊക്കെയായിരുന്നു എന്റെ ഇഷ്ട കഥകൾ. എന്റെ അരുതായ്മകൾ കണ്ട് പിടിച്ച് ഉമ്മ എന്നെ തല്ലിയ ദിവസമായിരുന്നു നോമ്പിന്റെ മുക്കാൽ ഭാഗവും. ദാഹിച്ച് വലയുമ്പോൾ കുളിക്കാനെന്ന് പറഞ്ഞ് ബാത്ത് റൂമിൽ കയറി ഷവറീന്ന് വെള്ളം കുടിച്ച ദിവസവും കുറവല്ല.. ഉമ്മയും ഉമ്മാമയൊക്കെ ചേർന്നുള്ള തറവീഹ് നിസ്കാരവും അതിന് ശേഷം ചെറുപയറ് കൊണ്ട് കഞ്ഞി വെച്ചുള്ള മുത്താഴവും ഒക്കെ വല്ലാത്തൊരു അനുഭവം തന്നെ . അത്താഴം കഴിഞ്ഞ് കുറച്ച് ഉറങ്ങുമെങ്കിലും രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് മാവിൻ ചോട്ടിൽ വീണു കിടക്കുന്ന മാങ്ങ പറുക്കി എടുക്കാനുള്ള ഓട്ടത്തിന് വേണ്ടിയാണ്. അയലത്തെ വീട്ടിലെ ഷബാനയും നസീറയും വരുമ്പോഴേക്കും എനിക്ക് മാവിൻ ചോട്ടിൽ നിന്നും വീണു കിട്ടുന്ന കുഞ്ഞു മാങ്ങകൾ ഉപ്പിട്ട് പ്ലാസ്റ്റിക്ക് കുപ്പികളിൽ സ്ഥാനം പിടിച്ചിട്ടുണ്ടാകും. മഗ് രിബ് ബാങ്ക് കൊടുക്കുന്നതിന് മുമ്പ് ക്ലോക്കിലേക്കും കുപ്പിയിലേക്കും നോക്കിക്കൊണ്ടെയിരിക്കും. നോമ്പ് മുറിച്ച് ഞങ്ങൾ കുട്ടികളൊക്കെ ചേർന്ന് വീട്ടു മുറ്റത്ത് ഓലപ്പായ വിരിച്ച് കിടന്നാണ് മാങ്ങയുടെ രുചി അറിയുക. ശേഷം കള്ളനും പോലീസും കളിയാണ് . മിക്കപ്പോഴും ഞാനായിരിക്കും കള്ളൻ. അഭിനയം വഷമുള്ളത് കൊണ്ട് പോലീസിന് എന്നെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്. സ്ട്രൈറ്റായിട്ട് മൂന്ന് കുഴി കുഴിച്ച് കളിക്കുന്ന ഗോലിക്കളിയിൽ പുറം കൈയിൽ ഗോലി കൊണ്ട് ഏറ്റവും ഏറ് കിട്ടിയത് എനിക്കായിരുന്നു, കുപ്പിവള പൊട്ടിച്ച് കൈവെള്ളയിൽ വെച്ച് കുലുക്കിയുള്ള കളിയും, കൊത്തങ്കല്ലുമൊക്കെ നേരം കൂട്ടാനുള്ള മറ്റൊരു കളികളായിരുന്നു.
ഓർമ്മകൾ തീർത്ത വേദനയിൽ എന്റെ കണ്ണ് നിറഞ്ഞു.
“ദാ ….. കുട്ട്യേ അന്റെ ഫോൺ.”

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com