കണ്ണീർമഴ 2 41

Views : 11713

റാഷിക്ക കയറിയ അതേ ഫ്ലൈറ്റ് തന്നെയാണ് റാഹിലാ ത്താക്കും. സുബഹിക്ക് ശേഷം തന്നെ ഇത്ത ഇറങ്ങി. നല്ല സന്തോഷമായിരുന്നു ഇത്താത്താടെ മുഖത്ത്.ഭർത്താവിനെ കാണാനുള്ള പൂതി കൊണ്ടോ UAE കാണാനുള്ള വെപ്രാള മോ എന്ന് അവ്യക്തം. മൂത്ത രണ്ട് കുട്ടികളുടെ മുഖത്തും കണ്ടു അതിനേക്കാളും വെല്ലുന്ന ചിരി….. ഉമ്മാന്റെ അടുത്ത് നിന്നും സ്വതന്ത്രമായ സന്തോഷമായിരിക്കും അവർക്ക്.
റാഷിക്കാടെ ഉമ്മ മാത്രം കണ്ണീരൊലിപ്പിച്ചു.കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന പോലെ. ഇത്താത്താടെ ശർറിൽ നിന്നും തൽക്കാലത്തേക്ക് രക്ഷപ്പെട്ടെങ്കിലും ഉമ്മാടെ ശര്റ് ഇരട്ടിയായി വർദ്ധിച്ചു. റാഹിലാത്താനെ ഞാൻ നിർബന്ധിച്ച് പറഞ്ഞയച്ച പോലെ തോന്നും ഉമ്മാന്റെ എന്നോടുള്ള പെരുമാറ്റം കണ്ടാൽ.
പിറ്റേ ദിവസം രാവിലെ പതിവില്ലാതെ മൊബൈലിൽ അമ്മുവിന്റെ കോൾ വന്നു. ഫോൺ എന്റെ കൈയിലുണ്ടെണ് എല്ലാവരും അറിഞ്ഞത് കൊണ്ട് ഞാൻ പബ്ലിക്ക് ആയിത്തന്നെ കൊണ്ട് നടക്കും. റൈഞ്ച് പ്രോബ്ലം ഉള്ളതിനാൽ ഞാൻ പുറത്ത് നിന്നാണ് കേൾ അറ്റന്റ് ചെയ്തത്.
“ഹലോ…. എന്താ അമ്മൂ പതിവില്ലാതെ….”
“റാഷിയോ ഷാഹിക്കായോ മറ്റോ വിളിച്ചോ ശാദ്യേ….”
അല്ലെങ്കിൽ എപ്പോഴും സലാം പറഞ്ഞ് തുടങ്ങുന്ന അമ്മുവിന്റെ വെപ്രാളം നിറഞ്ഞു കൊണ്ടുള്ള ചോദ്യം.
” റാഷിക്ക ഇന്നലെ റാഹിലാത്ത ഇവിടെന്ന് ഇറങ്ങിയേഷം ഒരു തവണ വിളിച്ചു. ഷാഹിക്ക വിളിച്ചില്ലാ….ന്താ ! അമ്മൂ…. ന്തേലും പ്രശ്നം…. “എനിക്ക് ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.
“ഉമ്മ എവിടെയാ….? ”
“കെടക്കുവാണ് ….” എന്താ അമ്മൂ ഇങ്ങനെയൊക്കെ ചോയിക്കണ്.ന്തായാലും പറയ്….. ഷാഹിക്കാക്കോ റാഷിക്കാക്കോ വല്ലതും ….” ഞാൻ കരച്ചിലിന്റെ വക്കിലെത്തി.
“ഇയ്യ് ….ടെൻഷനാവാണ്ടിരി….”
അമ്മുവിന്റെ സമാധാനിപ്പിക്കല് തൊടങ്ങുമ്പോൾ ഫോണിൽ റാഷിക്കാടെ കോൾ വന്നു. ഒന്നും പറയാതെ അമ്മൂന്റെ കോൾ ഹോൾഡിലാക്കി ഞാൻ റാഷിക്കാടെ കോൾ അറ്റന്റ് ചെയ്തു.
” ഹലോ…. ഇക്കാ…. അമ്മു ഇപ്പൊ വിളിച്ചാർന്നു….. ഒന്നും പറയുന്നില്ല……ന്താ ഇക്ക ….അവിടെ എന്തേലും പ്രശ്നം….. ന്റെ ഷാഹിക്കാക്ക് വല്ലതും ….” വിങ്ങിപ്പൊട്ടണ മനസ്സോടെ ഞാൻ ചോദിച്ചു.
റാഷിക്കാടെ മറുപടിക്ക് പകരം വന്നത് ഒരു പൊട്ടിക്കരച്ചിലായിരുന്നു……

റാഷിക്കാടെ കരച്ചിൽ കേട്ട് ഞാനും കരയാൻ തുടങ്ങി.
“ന്താ! ഇക്ക പറ്റിയെ …. ഒന്ന് പറയ് ഇങ്ങള്. ന്റെ ഷാഹിക്കാക്ക് വല്ലോം പറ്റിയോ….. പറയിക്കാ…..”
റാഷിക്കാടെ മറുപടിയൊന്നും വന്നില്ല.. പകരം കരച്ചിലിന്റെ ഒരു രോധനം മാത്രം. അതിനിടയിൽ അമ്മുന്റെ കോൾ ഇടയ്ക്കിടെ വന്നു കൊണ്ടേയിരുന്നു.ഇക്ക ഒന്നും പറയാതിരിക്കുമ്പോഴെങ്ങനെയാ അമ്മൂന്റെ കോൾ അറ്റന്റ് ചെയ്യുക.
എന്റെ കരച്ചിൽ കേട്ട് ഉമ്മ ഒരു വിധം നടന്ന് പുറത്തേക്ക് വന്നു.
“ന്താടീ …. ഇയ്യ് ഇങ്ങനെ കാറണെ.അന്റെ ആരേലും മയ്യത്തായോ….?”
എരിതീയിൽ എണ്ണയൊഴിക്കുമ്പോലെയുള്ള ഉമ്മാന്റെ ചോദ്യം …. മറുപടിയൊന്നും പറയാതെ ഞാൻ തല കുമ്പിട്ടു നിന്നു. എന്റെ നേരെ നോക്കി മുഖം കൊണ്ടൊരു ഗോഷ്ടി കാട്ടി ഉമ്മ അകത്തേക്ക് പോയി.
റാഷിക്കാടെ കോൾ ഡിസ്കണക്ടായി. അപ്പോഴേക്കും അമ്മൂന്റെ കോൾ വന്നു.
“ന്താ! ശാദ്യേ ന്റെ കോൾ ഇയ്യ് ഹോൾഡാക്കിയേ. അന്നെ വിളിക്കുമ്പോഴൊക്കെ ലൈൻ ബിസിയാണല്ലോ….. ”
“അത് റാഷിക്ക വിളിക്കണുണ്ടായിരുന്നു.”
തലയിൽ ഇട്ട തട്ടം കൊണ്ട് മൂക്ക് പിഴിഞ്ഞ് ഞാൻ പറഞ്ഞു .
“ന്നിട്ട് ഓനെന്താ പറഞ്ഞെ…. ”
“ഒന്നും പറഞ്ഞില്ല. ഇക്ക കരയാ…. ന്റെ ഷാഹിക്കാക്ക് വല്ലോം പറ്റിയോ അമ്മു … ”
എന്റെ കണ്ണ് നിറഞ്ഞു
തുളുമ്പി.
“ന്റെ ,മോളേ അന്റെ പൊന്നിക്കാക്ക് ഒന്നും പറ്റീലാ… അങ്ങനെയെങ്ങാനും പറ്റിയാ ഞാൻ അന്നോട് പറയോ …. ന്നെ ക്കൊണ്ട് പറയാൻ പറ്റ്വോ…. ഊം…..ഇയ്യെന്തിനാ വേണ്ടാത്തോരോന്ന് ചിന്തിച്ച് കൂട്ടണെ ….”
സ്നേഹവും കുറ്റപ്പെട്ടുത്തലും ചേർത്ത് അമ്മു പറഞ്ഞു.
“അൽഹംദുലില്ലാഹ്”
നെഞ്ചിൽ കൈ വെച്ച് ഒരായിരം തവണ ഞാൻ അള്ളാഹുവിനെ സ്തുതിച്ചു.
ഈ ദുനിയാവിൽ ആർക്കെന്തേലും സംഭവിച്ചാൽ ഈ ശാദി സഹിക്കും. പക്ഷേ, എന്റെ ഷാഹിക്കാക്ക് …. ഇല്ല റബ്ബേ…. സഹിക്കാൻ പറ്റില്ല ഈ പെങ്ങൾക്ക്. എന്റെ ആയുസ്സിന്റെ പകുതി എന്റിക്കാക്ക് കൊടുത്തോ .എന്നാൽ പോലും എന്റെ മരണത്തിനു മുന്നിലായി എന്റെ ഇക്കാനെ മരിപ്പിക്കല്ലെ നാഥാ….. മനസ്സറിഞ്ഞ് ഞാൻ പ്രാർത്ഥിച്ചു.
“പിന്നെ ആർക്കാ അമ്മൂ ….”
നാട്ടീന്നാർക്കേലും എന്തേലും പറ്റിയാ ഷാഹിക്കയും റാഷിക്കയും വിളിച്ചോന്ന് അമ്മൂന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ ….ഇത് അവിടെ ഉള്ള ആർക്കോ ആണ്. പടച്ചോനേ…റാസിക്കോ റനീഷാത്താക്കോ മറ്റോ ആണോ …. കല്യാണം കഴിഞ്ഞ് മാസം അഞ്ചായിട്ടും അവരെ ഒന്ന് നേരിൽ കണ്ടിട്ടുപോലുമില്ല.
“അമ്മൂ…. ഇങ്ങള് പറയ് അമ്മൂ….. ”
“അന്റെ റാഹിലാ ത്താക്ക് ചെറിയൊരു ആക്സിഡന്റ് ….. ”
“റാഹിലാത്താക്കോ…. എങ്ങനെ ? എവ്ടെന്നാ …….?
ഇന്നലെ വളരെ സന്തോഷത്തോടെ വീട്ടീന്ന് ഇറങ്ങിയ റാഹിലാത്ത. നമ്മെഎത്ര ഉപദ്രവിച്ചിട്ടുള്ള ആളാണേലും അവർക്ക് അപകടം വരുമ്പോൾ ആർക്കായാലും സങ്കടം വരും. അത് കേട്ടപ്പൊ എനിക്കും വിഷമമായി.
“ഏർപ്പോട്ടിന്നെറങ്ങി ലെഗേജുമായി കാറിനടുത്തേക്ക് പോകുമ്പോ വേറൊരു വണ്ടി ഇടിച്ചതാണ് ….”
“ഇങ്ങളട്ത്ത് ആരാ അമ്മൂ പറഞ്ഞേ…. ”
“ഇന്നലെ രാത്രിൽ ഷാഹിക്ക വിളിച്ച് പറഞ്ഞതാ…… ”
“അപ്പൊ … സുബൈർ അളിയൻ ഇണ്ടായിരുന്നില്ലേ.?
“റാസിയും മൂപ്പരും ചേർന്നാ ഓലെ കൂട്ടാൻ പോയെ…. മൂപ്പര് ഫോൺ വന്നപ്പോ കൊറച്ച് മാറി നിന്നു…..റാസിനെ കണ്ടപ്പോ ഇത്താത്ത ഓന്റരികിലേക്ക് പോമ്പെഴാണത്രെ വണ്ടി ഇടി ച്ചത്….. ഇത്താത്ത കെട്ട്യോനെ കാണും മുമ്പേ ആയിരുന്നു സംഭവം”
“ന്നിട്ട് ഇത്താക്ക് കാര്യായി എന്തേലും, … ”
“വലത്തേക്കാലിനാ അടി പറ്റിയത്….. റോഡിൽ തലയടിച്ചതോണ്ട് ബോധവും നഷ്ടപ്പെട്ടത്രെ….”
“എന്നിട്ട് ഇപ്പൊ ഇത്ത എവിടെയാ….?”
“അവിടെയുള്ള ഒരു ഹോസ്പിറ്റലിലാ… 48 മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ പറ്റു പോലും ”
കാര്യങ്ങളൊക്കെ ശരിക്കും അറിഞ്ഞ ശേഷം വിളിക്കാമെന്ന് പറഞ്ഞ് അമ്മു കോൾ കട്ട് ചെയ്തു.
പാവം റാഹിലാത്ത.ഒരു പാട് പ്രതീക്ഷയോടെ പോയിട്ട് സ്വന്തം കെട്ടിയോന്റെ മുഖം പോലും കാണാതെ …. പടച്ചോൻ കാണിക്കുന്ന ഓരോ കളികളേ…. എനിക്ക് ഇത്താനോട് സഹതാപം തോന്നി.ഷാഹിക്കാക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന സന്തോഷവും.
ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് മുഖം കഴുകി. മനസ്സിനും ശരീരത്തിനും നല്ല ആശ്വാസം തോന്നി. ഷാഹിക്കാക്ക് ഒന്നും സംഭവിച്ചില്ലല്ലോ …. അല്ലാഹു വിനോട് നന്ദി പറയണം.. പുറത്തെ പൈപ്പിനരികിൽ ചെന്ന് വുളു എടുത്ത് അറയിലേക്ക് നടന്നു. രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിച്ചു.നിസ്കാരം കഴിഞ്ഞ് മുസല്ല മടക്കി വെക്കുമ്പോൾ പതിയെ പതിയെ നടന്നു കൊണ്ട് ഉമ്മ അരികിലേക്ക് വന്നു.
” ആരെ മയക്കാനാടീ ഈ സമയത്തൊക്കെ പടച്ചോനേ സോപ്പിടുന്നെ.”
സ്വയം നിസ്കരിക്കില്ല. മറ്റുള്ളോരെ നിസ്കരിക്കാനും സമ്മതിക്കില്ല. ഭയങ്ക സംഭവം തന്നെ ഈ ഉമ്മ.ഉമ്മാക്ക് കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു. ആരുമില്ലാത്ത തക്കത്തിന് രണ്ട് കൊടുത്താലോ …. ഉമ്മാന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഞാൻ പല്ല് കടിച്ചു.
“ന്താ ടീ അന്റെ നാവെറങ്ങിപ്പോയോ….”
ഉമ്മ എന്നെ വിടുന്ന ലക്ഷണമില്ല. ഷെൽഫ് തുറന്നപ്പോൾഎല്ലാം ഞാൻ കണ്ടെന്ന ധാരണയിൽ തുടങ്ങിയതാ ഈ കുറ്റപ്പെടുത്തൽ.
“ഇയ്യെല്ലെടീ ഇപ്പൊ പൊട്ടിക്കരയുന്നുണ്ടായെ.ന്താടീ അന്റെ മരിച്ചോനാരെങ്കിലും ജീവിച്ചോ ….
ഇപ്പൊ കരച്ചിലൊന്നും കാണണില്ലല്ലോ അന്റെ മോത്ത്….”
ഉമ്മ ഓരോന്ന് പറയുമ്പോഴും എതിരൊന്നും പറയാതെ ഞാൻ മിണ്ടാതിരുന്നു. റാഹിലാ ത്താടെ കാര്യം അറിഞ്ഞാൽ ഉമ്മ വിഷമിക്കുമല്ലോ…. അപ്പെഴെങ്കിലും ഉമ്മാടെ സ്വഭാവത്തിന് മാറ്റം വന്നാലോ.
എന്നിട്ടും ഉമ്മ എന്നെവിട്ടില്ല.
“ഞാൻ കരുതി അന്റെ പുന്നാര ആങ്ങള തട്ടിപ്പോയെന്ന്…. ”
ഉമ്മ പുഛത്തോടെ പറഞ്ഞു.
അത് വരെ സഹിച്ചു നിന്ന എന്റെ ക്ഷമകെട്ടു .നിസ്കാരപ്പായ കട്ടിലിനടിയിലേക്ക് നീക്കിവെച്ച് ഞാൻ ഉമ്മാക്ക് നേരെ തിരിഞ്ഞു.
“ന്നെ, ന്ത് വേണേലും പറഞ്ഞോ…. ഞാൻ സഹിക്കും. എന്റെ സിരകളിലോടണ ചോരയാ എനിക്കെന്റെ ഷാഹിക്ക.ആ എന്റിക്കാനെ പറഞ്ഞാ …… ഈ ശാദീ അടങ്ങിയെന്ന് വരില്ല.”
വലതു കൈയിലെ ചൂണ്ടുവിരലുയർത്തിക്കൊണ്ട് ഞാൻ ഉമ്മാക്ക് നേരെ അടുത്തു .എവിടെന്ന് കിട്ടി എനിക്കാ ധൈര്യം എന്ന് എനിക്കറിയില്ല.. കല്യാണ ശേഷം തന്നെ കുറച്ച് സ്ട്രോങ്ങായി നിന്നിരുന്നേൽ ഉമ്മാന്റെ വായിൽ നിന്നും ഇങ്ങനെയുള്ള വാക്കൊണം കേൾക്കേണ്ടി വരില്ലായിരുന്നു.
അമ്മു പറഞ്ഞ് പഠിപ്പിച്ച ഉപദേശമൊക്കെ ഒരു നിമിഷം കൊണ്ട് ഞാൻ മറന്നിരുന്നു..
ഭർത്താവിന്റെ ഉമ്മയാണ്.ബഹുമാനിക്കണം.സ്നേഹിക്കണം. എന്ത് പ്രശ്നം വന്നാലും സഹിക്കണം. എന്നൊക്കെ എനിക്കറിയാം. ഉമ്മയും റാഹിലാത്തയും കൂടി ചെയ്ത് കൂട്ടിയ പല അപരാധങ്ങളും ഞാൻ സഹിച്ചില്ലെ. പക്ഷേ എന്റിക്കാനെ കുറിച്ച് പറഞ്ഞപ്പോ ….. പിടിച്ച് നിൽക്കാനായില്ല എനിക്ക്.
“ഇയ്യെന്ത് ചെയ്യോടീ എന്നെ….. കെട്ട്യോന്റെ ഉമ്മാന്റെ നേരെ വെരല് ചൂണ്ടാ ഇയ്യ് …. ”
ചുളിവും മിനുസവുമുള്ള ഉമ്മാന്റെ കരം എന്റെ കവിളിൽ പതിച്ചു.
വേദന കൊണ്ട്
ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.പെട്ടെന്ന് എന്റെ ഓർമ്മകൾ വലിച്ചു തീരുന്ന സിഗരറ്റുകുറ്റി പോലെ പിന്നിലോട്ട് പോയി.
അന്ന് പാതിരാവിൽ ആരോടോ സംസാരിച്ചെന്ന് പറഞ്ഞ് റാഹിലാത്തയും ഉമ്മയും ചേർന്ന് ഉപദ്രവിച്ച ആ ദിവസത്തിലേക്ക്.
ഇതിപ്പോ എനിക്ക് നേരെയുള്ള രണ്ടാമത്തെ ദേഹോപദ്രവം.അന്നത്തെ ദിവസം എനിക്ക് നഷ്ടമായാത് എന്റെ സുബഹ്. എന്നെ വയറിനു ചവിട്ടാൻ വേണ്ടി റാഹിലാത്ത ഉയർത്തിയ വലതുകാൽ …. അതെ, ഇന്ന് ഇത്താടെ ആ കാല് അള്ളാഹു തകർത്തു. അന്നത്തെ എന്റെ പ്രാർത്ഥന റബ്ബ് കേട്ടിരിക്കുന്നു. കല്ലെറിഞ്ഞവൻ മറന്നാലും ഏറ് കൊണ്ടവൻ മറന്നാലും അതിനെ സൃഷ്ടിച്ചവൻ അത്ര പെട്ടന്നൊന്നും മറക്കില്ല. റബ്ബേ നീ എത്ര വലിയവൻ.
ഉമ്മ എണ്ണയിൽ വഴുതി വീണപ്പോൾ മനസ്സിൽ ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്.റാഹിലാ ത്താക്കും ഇതു പോലൊരു അനുഭവം ഉണ്ടാവണേന്ന്. അത് ഈ വിധത്തിൽ കൊടുക്കാനാണ് പടച്ചോൻ ഉദ്ദേശിച്ചതെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല്ല.
ഉമ്മ എന്റെ മേനിയിൽ പല വികൃതികളും കാട്ടുന്നുണ്ട്. എനിക്കൊന്നും അറിയുന്നില്ല. എന്റെ ചിന്തയ്ക്ക് തീപിടിച്ചു.
മറ്റൊരു ഉമ്മ പ്രസവിച്ച മകളെ ഇവിടെയിട്ട് ഉമ്മ ശ്വാസം മുട്ടിക്കുമ്പോൾ ഈ ഉമ്മാടെ മകൾ മറ്റൊരു നാട്ടീന്ന് ശ്വാസത്തിന് വേണ്ടി വൈദ്യ സഹായം തേടുന്നു.പടച്ചോന്റെ ഖുദ്റത്തേ…..
ഇത്താത്താടെ കൂടെ കുട്ടികളും പോയിരുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ.അവർക്കും എന്തെങ്കിലും പറ്റുമായിരുന്നില്ലെ.അതാണ് പറയുന്നത് റബ്ബ് എല്ലാം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെന്ന്.
ഉമ്മാടെ ദേഷ്യമൊക്കെ എന്റെ ശരീരം ഏറ്റുവാങ്ങി. അവസാനം ഉമ്മ എന്റെ കൈ പിടിച്ച് ഒറ്റ തള്ള്…..

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com