കണ്ണീർമഴ 2 41

Views : 11724

ഞാനൽപം നാണത്തോടെയാണിരുന്നത്. റാഷിക്കാനെ എനിക്ക് ശരിക്കും മിസ്സ് ചെയ്തു.ഉമ്മ പ്ലൈറ്റിൽ നിന്നും മറ്റൊരു പ്ലൈറ്റിലേക്ക് ഓരോന്നും മാറി മാറി ഇട്ട് മക്കളെ തീറ്റിക്കുകയാണ്. എല്ലാവരുടെ മനസ്സിലും ആഹ്ലാദം ……
” ഇങ്ങളെന്താ ഒന്നുമെടുക്കാത്തെ, നാണിച്ച് നിക്കണെ…… കഴിക്കുമ്പോ നാണ മൊന്നും ബേണ്ടാട്ടോ……. ”
റാസിഖിന്റെ തമാശയിലുള്ള പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു.ഉമ്മയുടെ മുഖവും വിടർന്നിരുന്നു. വിവാഹ ശേഷം ആദ്യമായി ഞാൻ മനസ്സറിഞ്ഞ് സന്തോഷിച്ചു.
വിശാലമായ നോമ്പ് മുറിക്കൽ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. ഞാനും കുറച്ച് ഗ്ലാസുകളും പാത്രങ്ങളും മേശ നിറയെ വേയ്സ്റ്റും ബാക്കിയായി.
എല്ലാം വൃത്തിയാക്കാൻ നിന്നാൽ മഗ് രിബ് ഖളാ ആവും .പാത്രങ്ങളൊക്കെ കിച്ചണിൽ വെച്ച് ഞാൻ നിസ്കരിക്കാൻ പോയി. അത്തഹിയ്യാത്തിലിരിക്കുമ്പോൾ ലാന്റ് ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
” ഇത്താത്ത, ഇങ്ങള് മൊബൈലൊന്ന് ഓൺ ചെയ്യാൻ പറഞ്ഞ് റാഷിക്ക വിളിച്ചതാ….. ”
സലാം വീട്ടിയ ഉടനെ റാഹിലാത്താന്റെ മോള് വന്നു പറഞ്ഞു.ഉമ്മാനെ പെട്ടെന്ന് കണ്ടതിലുള്ള അന്ധാളിപ്പ് മക്കൾക്കൊക്കെ നിമിഷ നേരം കൊണ്ട് മാറിയിരുന്നു.
അപരനെ ഭയന്ന് ഓഫ് ചെയ്ത് വെച്ച ഫോൺ ഞാൻ ഓൺ ചെയ്തു.ഇക്ക ചോദിച്ചാൽ എന്ത് മറുപടിപറയണമെന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും ഫോൺ ശബ്ദിച്ചു. അറ്റന്റ് ചെയ്ത ഉടനെ ഇക്ക ചോദിച്ചത് ഞാൻ പ്രതീക്ഷിച്ച ചോദ്യം.
“ന്താ! ശാദ്യേ….. ഇയ്യ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചെ…….”
എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.അപരനെ കുറിച്ച് പറഞ്ഞാൽ ഇക്ക മറ്റൊരർത്ഥത്തിൽ കണ്ടാലോ ……. തൽക്കാലം മറച്ച് വെക്കാമെന്ന് കരുതി വായിൽ വന്ന നുണ ഞാൻ തട്ടി വിട്ടു.
” അത് പിന്നെ, ഇക്കാ …. എല്ലാരും ണ്ടാവുമ്പോ ഇങ്ങള് വിളിച്ചാ ഓല് എന്തേലും കരുതണ്ടാന്ന് വിചാരിച്ചാ ഞാൻ…….”
എന്റെ ഉരുണ്ടു കളി ഇക്കയ്ക്ക് മനസ്സിലായോ എന്നറിയില്ല.
“ഊം….. അതേതായാലും നന്നായി. എങ്ങനെയുണ്ട് നമ്മുടെ പുതുമുഖങ്ങൾ…… ഇഷ്ടായോ അനക്ക് ഓലെയൊക്കൊ ……”
“പിന്നില്ലാണ്ട്.നിക്ക് പെര്ത്തിഷ്ടായി……….”
ഞാൻ വെറുതെ പറഞ്ഞതല്ല. റനീഷാത്താന്റെ ചിരിയും റാസിഖിന്റെ തമാശയിലുള്ള വർത്തമാനവും എനിക്ക് നന്നായി ഇഷ്sപ്പെട്ടിരുന്നു.
”മതി…. എനിക്കിത് മതി .ഓലെയെങ്കിലും മനസ്സറിഞ്ഞ് ഇയ്യ് ഇഷ്ടപ്പെടുന്നുണ്ടല്ലോ………”
ഇക്ക എന്റെ ഉള്ളം മനസ്സിലാക്കിയ പോലെ പറഞ്ഞു.
“ഇക്കാാാാ ……….”
പരിഭവം ഉള്ളിൽ വെച്ച് ഞാൻ ഇക്കാനെ നീട്ടി വിളിച്ചു. എന്റെ വിളി കേട്ട് ഇക്ക പൊട്ടിച്ചിരിച്ചു.
മനസ്സിന് എന്തോ ഒരു കുളിർമ പോലെ.
ജീവിതത്തോട് വല്ലാത്ത ആർത്തി തോന്നി. മടുത്ത് തുടങ്ങിയ ജീവിതത്തിൽ പലതും നേടാൻ ബാക്കിയുണ്ടെന്ന് മനസ്സ് പറയും പോലെ ……..
ഇല്ല ….. എന്ത് തന്നെയായാലും ഈ ശാദിക്ക് കൂടുതൽ സന്തോഷം വിധിക്കപ്പെട്ടതല്ല. ഒരു പാട് ചിരിച്ചാൽ മനസ്സറിഞ്ഞ് സന്തോഷിച്ചാൽ പിന്നാലെ ഒരു വലിയ ദുഃഖം എന്നെ തേടി വരാറുണ്ട്.
“വേറെന്തൊക്കെയുണ്ട് ശാദ്യേ…… ”
ഇക്ക ഈ ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇവരുടെ വരവിൽ നേട്ടം നിനക്കല്ലെ എന്ന ഇക്കാന്റെ വാക്ക് ഓർമ്മ വന്നത്. അത് അറിയാനുള്ള വ്യാകുലതയിൽ മറ്റു ചോദ്യങ്ങളൊക്കെ മാറ്റി വെച്ച് ഞാൻ ആ ചോദ്യം മുൻനിർത്തി.
“അല്ലിക്കാ…… ഇങ്ങളെല്ലെ പറഞ്ഞെ ഓല് ബന്നാ നേട്ടം നിക്കാണെന്ന്. അതെന്താന്ന് ഇതുവരെ നിക്ക് മനസ്സിലായില്ലല്ലോ …..ന്താ! ഇക്കാ അത് …….”
“ഓല് ബെരുമ്പോ റാസിടെ പേരെഴുതിയ കവറ് ഇയ് ശ്രദ്ധിച്ചാർന്നോ…… ”
അവർ വണ്ടി ഇറങ്ങുമ്പോഴുള്ള രംഗം ഞാൻ ഓർത്തു നോക്കി. റാഹിലാഞ്ഞാന്റെ പേരെഴുതിയ ഒരു ചെറിയ ട്രോളിബാഗ്. പിന്നെ റാസിഖിന്റെ പേരിലുള്ള വൈറ്റും റോസും കളറുള്ള ബ്ലാൻഗറ്റ്.ഗ്ലാസ് പോലുള്ള കവറായത് കൊണ്ട് അത് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അതിലെന്തിരിക്കുന്നു. സാധാരണ ഒരു ബ്ലാംഗറ്റ്.
റനീഷാത്താടെ കുട്ടികള് പോലും കൂടെ ഉണ്ടായിരുന്നില്ല. വേറെ കാര്യമായ പെട്ടിയൊന്നും അവരുടെ കൂടെ കണ്ടില്ല.പിന്നെന്തിനാ ഇക്ക അങ്ങനെയൊക്കെ പറഞ്ഞത്.
“ന്താ! ഇക്കാ ഇങ്ങള് ഉദ്ദേശിക്കണത്. ന്തായാലും പറയ്.നിക്ക് അപ്പറത്ത് പണീ ണ്ട്……. ”
എന്റെ പരിഭവം കണ്ടിട്ടാവണം. ഇക്കയുടെ മറുപടിക്ക് പകരം വന്നത് ഒരു ചിരിയായിരുന്നു.
നോമ്പ് മുറിച്ച് പാത്രം പോലും കഴുകി വെക്കാതെ നിസ്കരിക്കാൻ കയറിയതാണ്. ഒരു പാട് നേരമായി.കിച്ചണിലേക്ക് ചെന്നാൽ ഉമ്മാടെ പ്രതികരണം എങ്ങനെയാണെന്നറിയില്ല. ഇക്കാ നോട് കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ കോൾ കട്ട് ചെയ്തു.
ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങിയ ഞാൻ ഞെട്ടിപ്പോയി.ഹാളിൽ മേശയൊക്കെ വൃത്തിയാക്കി നോമ്പ് തുറക്കാനുള്ള വിഭവങ്ങളൊക്കെ നിരത്തി വെച്ചിരിക്കുന്നു. കിച്ചൺ മൊത്തം ക്ലീനാക്കിയിട്ടുണ്ട്.റാഹിലാത്ത നോമ്പ് മുറിച്ച ഉടനെ കിടന്നതാണ്. കൂടുതൽ നടക്കാനൊന്നും പറ്റില്ലല്ലോ ….. ഉമ്മ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കില്ല. ബാക്കിയുള്ളത് റനീഷാത്ത.ഞാൻ റനീഷാത്താനെ ചുറ്റും പരതി നോക്കി.
“കുട്ട്യോളൊക്കെ പെട്ടെന്നിങ്ങ് പോര്….. ഇങ്ങള് തിന്നിട്ട് ബേണം ബാക്കിയൊള്ളോർക്കൊക്കെയിരിക്കാൻ.”
പാത്രത്തിൽ പത്തിരി ഇട്ട് കൊണ്ട് ഹാളിലെ മേഷയ്ക്കരികിൽ നിന്നും റനീഷാത്ത വിളിച്ച് പറയുന്നുണ്ട്. അപ്പോഴേക്കും പള്ളിയിൽ നിന്നും റാസിഖും റുബൈദും എത്തി.അവരൊന്നിച്ച് കുട്ടികളും ഭക്ഷണം കഴിച്ചു.
റനീഷാത്ത അപ്പറത്തും ഇപ്പറത്തുമായി ഓടി നടക്കുന്നുണ്ട്. ചായ ഉണ്ടാക്കാനും കറി വിളമ്പിക്കൊടുക്കാനുമൊക്കെ റനീഷാത്ത നല്ല ഉത്സാഹമാണ് കാണിക്കുന്നത്. ദൂരയാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണ മൊന്നും ആ മുഖത്ത് കണ്ടതില്ല.
അവരൊക്കെ എഴുന്നേറ്റ് കഴിഞ്ഞാണ് ഞങ്ങൾ പെണ്ണുങ്ങൾ ഭക്ഷണം കഴിക്കാനിരുന്നത്. അതിന് ചുക്കാൻ പിടിച്ചതും മൊത്തം വൃത്തിയാക്കിയതും റനീഷാത്ത തന്നെ …
“ഞാൻ എടുത്തോളാം പണീ യൊക്കെ…… ഇങ്ങള് വന്നപ്പൊ തൊട്ട് തൊടങ്ങീതല്ലെ ഇത്താത്ത …….” പാത്രം കഴുകുന്നതിനിടയിൽ ഇത്താത്താനോട് ഞാൻ പറഞ്ഞു.
“ഇയ്യൊന്നു പോയി റെസ്റ്റെടുക്ക്. നേരം ബെള്ത്തപ്പോ തൊട്ട് ഇയ്യോടി നടക്കല്ലെ ശാദ്യേ……… മാത്രോ ല്ല അനക്കിപ്പൊ ഡേറ്റടുത്തോണ്ടിരിക്കെല്ലെ”
കറുത്ത മുഖത്ത് പാൽനിലാ പുഞ്ചിരി വിടർത്തി റനീഷാത്താന്റെ മറുപടി വന്നു..
അല്ലെങ്കിലും ശരീരത്തിന്റെ നിറത്തിലൊക്കെ എന്തിരിക്കുന്നു. കറുത്ത റനീഷാത്താന്റെ ഉള്ളം വെളുത്തതാ….. റാഹിലാ ത്താന്റെ പുറം വെളുപ്പെങ്കിലും അകം കറുത്തതും. ഒരാളെ മനസ്സിലാക്കാനുള്ള മനസ്സ് തന്നെയാ ഏറ്റവും വലിയ ആയുധം.
ഇശാ ബാങ്കിന് ശേഷം പുരുഷ കേസരികൾ പള്ളിയിൽ പോയി.നോമ്പ് രണ്ടിന്റെ തറാവീഹ് .ഉമ്മ മാറി നിന്നെങ്കിലും റനീഷാത്ത ആയിരുന്നു എനിക്ക് അതിനും കൂട്ടുണ്ടായത്.
സാധാരണ ഗൾഫുകാരന്റെ വീട്ടിലുണ്ടാവുന്ന കൊണ്ടുവന്ന പെട്ടി പൊട്ടിക്കലും ബഹളമൊന്നും ഉണ്ടായില്ല. കാര്യായ പെട്ടിയൊന്നും ഉണ്ടായില്ല. അത് തന്നെ കാരണം.
മുത്താഴവും കഴിഞ്ഞ് കിടക്കാൻ നേരമാണ് ഫോൺ ശബ്ദിച്ചത്. വിരുതന്റെ കോളാണ്. ആദ്യത്തെ രണ്ട് വിളിയിലും ഞാൻ അറ്റന്റ് ചെയ്തില്ല. വീണ്ടും വിളിച്ച് കൊണ്ടേയിരുന്നു. ആരാണെന്നറിയാനും ഉദ്ദേശമെന്തെന്നറിയാനും വേണ്ടി രണ്ടും കൽപിച്ച് ഞാൻ അറ്റന്റ് ചെയ്തു.
” ഇയ്യ് ആരാ….. ന്താ! അന്റെ ഉദ്ദേശം …..”
ദേഷ്യം മുഴുവൻ വാക്കിലൂടെ പുറത്ത് വന്നു. ശബ്ദം കുറഞ്ഞാണെന്ന് മാത്രം.
” ഞാനാരെങ്കിലും ആയിക്കോട്ടെ. തന്റെ ശബ്ദം നല്ല സോഫ്റ്റാണല്ലോ….. എനിക്ക് തന്നെ ഒത്തിരി ഇഷ്ടായിട്ടോ ……”
“ഇയ്യെന്തിനാ നിക്ക് വിളിക്കണെ….. അനക്കിതെന്തിന്റെ സൂക്കേടാ ……..”
ആദ്യം അൽപ്പം ദേഷ്യപ്പെട്ടെങ്കിലും പിന്നെ എന്റെ സംസാരം അൽപം മയത്തിലായി.പുറമെയുള്ള ആരുമായും സംസാരിച്ചിട്ടൊന്നും എനിക്ക് നല്ല ശീലമില്ല. എങ്ങനെയെങ്കിലും ഇവനെ കണ്ടു പിടിക്കണമെന്ന വാശിയും മനസ്സിലുണ്ടായിരുന്നു.
” ഇയാളുടെ പ്ലൈസ് എവിടെയാ….. മലപ്പുറത്താണോ ……”
“അല്ല .കൊയ്ക്കോടാ …… അനക്കെന്താ ബേണ്ടേ …. ഞാനെന്റിക്കാന്റട്ത്ത് പറയും…അന്നെക്കുറിച്ച് …”
എനിക്ക് ദേഷ്യത്തോടൊപ്പം സങ്കടവും വന്നു. അവനോട് സംസാരിക്കുമ്പോഴോക്കെ ഷാഹിക്കാന്റെ കോൾ വെയ്റ്റിംഗിൽ കാണിക്കുന്നുണ്ട്.റബ്ബേ….. ഇക്കാടെ മോള് പിഴച്ച് പോവുകയാണോ….. രണ്ടു മൂന്ന് ദിവസമായി വിളിക്കാത്ത ഷാഹിക്ക പതിവില്ലാതെ ഈ നേരത്ത് വിളിക്കണമെങ്കിൽ ഇതിലെന്തോ പന്തികേട് ഉണ്ട്.ഷാഹിക്കാനെക്കാളും വലുതല്ല ഇവൻ. എങ്കിലും ആരാണെന്നറിയാനുള്ള ജിജ്ഞാസ എന്നെ ആ കോള് കട്ട് ചെയ്യാൻ സമ്മതിച്ചില്ല.
“ഡോ … തന്റെ ദേഷ്യത്തിലുള്ള സംസാരം കേൾക്കുമ്പോൾ നല്ല സുഖം തോന്നുന്നുണ്ട്. മുഖമാക്കെ ചുവന്നു തുടുത്ത പോലെ……”
എത്രയൊക്കെ ദേഷ്യപ്പെട്ട് സംസാരിച്ചിട്ടും അവന്റെ സംസാരത്തിൽ ഒരു ദേഷ്യവും ഞാൻ കണ്ടില്ല……… റാഷിക്ക ഒന്ന് പറഞ്ഞ് രണ്ടാമത്തേത് പറയുമ്പോൾ ചെറുതായൊന്നു ചൂടാവും. ഓരോരുത്തർക്കും ഓരോ സ്വഭാവം .എന്നാലും ഇത്ര ശാന്തമായി സംസാരിക്കുന്ന ആളുമായി ഞാനാദ്യായിട്ടാ പരിചയപ്പെടുന്നത്. അവന്റെ സംസാരവും ശാന്തതയും എന്നെ അത്ഭുതപ്പെടുത്തി.അതിരു വിട്ടൊന്നും സംസാരിച്ചില്ലെങ്കിലും ദയവു ചെയ്ത് ഇനി വിളിക്കരുതെന്ന താക്കീതോടെ ഞാനാ കോൾ ഡിസ്കണക്ടാക്കി. കോൾഡുറേഷനിൽ മുപ്പത്തി ഏഴ് മിനുറ്റ് സംസാരിച്ചിതായി കണ്ടു. കാര്യമായ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല പറഞ്ഞതെന്താണെന്ന് എനിക്ക് ഓർത്തെടുക്കാനും പറ്റിയില്ല.

Recent Stories

The Author

kadhakal.com

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com