കണ്ണീർമഴ 2 41

“അത് പിന്നെ ഇത്താത്താ ഞാൻ വന്നത്….” എന്നെ മുഴുവൻ പറയാൻ ഇത്താത്ത സമ്മതിച്ചില്ല.
“ജജ്, ഒന്നും പറയണ്ട. ഒന്നി ബ്ടന്ന് പൊയ്ത്തരോ…. “റാഹിലാത്ത എന്നെ അവിടന്നും ആട്ടിയിറക്കി….. ”
“ഇവിടന്ന് വരുമ്പോ ഉമ്മ കാൽ തെന്നിവീണു. സഹിക്കാൻ പറ്റാണ്ട് പൊളേണണ്ട്. ഹോസ്പിറ്റീ പോണോന്നാ ഉമ്മ പറയണെ.ഇത്താത്താനോട് അങ്ങട്ട് ചെല്ലാൻ പറഞ്ഞു. ” ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീർത്തു.
“ഇല്ലെടീ… ഞാനെന്തിനാ വരണെ. അന്നെക്കാണുമ്പോ ഈ കൂടെപ്പിറപ്പിനെ തള്ളിപ്പറഞ്ഞ പൊന്നാര ആങ്ങളയ്ല്ലെ അബടെ.ഓനോട് ചെന്ന് പറ.ഈ റാഹീ സഹായിക്കണൊക്കെ ഇന്നത്തോടെ നിർത്തി.മാത്രോല്ല നിക്കും ഇനി ഒരു കുഞ്ഞിന്റെ സഹായോം ബേണ്ട….. ” റാഹിലാത്ത എന്നെ കൊന്നില്ലെന്നെ ഉള്ളൂ…
“ഊം… ഞാൻ പോയേക്കാം. ഇങ്ങള് ഒന്നുകൂടി കേട്ടോളീ. ഉമ്മ വഴുതീത് ഉമ്മറത്ത് മറിഞ്ഞ എണ്ണ മേൽ ചവിട്ടീട്ടാ…. ” ഇത് കേട്ടപ്പൊ റാഹിലാത്ത ആകെ വല്ലാണ്ടായി … അവർ രണ്ടു പേരും ചേർന്നു ചെയ്ത പണിയാണതെന്ന് റാഹിലാഞ്ഞാടെ മുഖഭാവത്തീന്ന് ഒന്നും കൂടി എനിക്ക് ബോധ്യമായി.
ഇതിനെയാ പറയണത് “താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും…. ” ന്ന് .പണ്ടെപ്പഴോ പഠിച്ച പഴഞ്ചൊല്ലും മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ അവിടന്നു വന്നു.അത് വരെ പുലിയെ പോലെ കടിച്ചുകീറാൻ വന്ന റാഹിലാത്ത പൂച്ചയെപ്പോലെ എന്റെ പിന്നാലെയും……

കട്ടിലിൽ കിടന്ന് വേദന സഹിക്കാതെ ഉമ്മ അലറി വിളിക്കുന്നുണ്ട്. ആ വീഴ്ചയിലെ കിടപ്പ് കണ്ടപ്പോഴേ ഞാൻ മനസ്സിൽ കണക്ക് കൂട്ടിയിരുന്നു. ഒരു മൂന്നാല് മാസമെങ്കിലും ഉമ്മക്ക് ബെഡ് റെസ്റ്റ് വേണ്ടി വരുമെന്ന് …….
റാഹിലാത്തവന്ന് ഉമ്മയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ റെഡിയാക്കി. വിളിച്ചാൽ കൂടെ പോകാമെന്ന് ഞാൻ കരുതി … റാഹിലാത്താനെ കണ്ടപ്പോ ഉമ്മാനെ ഞാൻ അകത്ത് കൊണ്ട് കിടത്തിയതൊക്കെ ഉമ്മ മറന്നു.
“ഇത്താത്താ ഞാനും കൂട്ടിന് വരാം…. ”
“ന്നാ പിന്നെ ന്നെ വിളിക്കേണ്ട ആവശ്യണ്ടാർന്നോ…. അനക്കെന്നെ കൊണ്ടോവാർന്നില്ലെ.. “റാ ഹിലാത്ത എന്നെ ആക്ഷേപിച്ചു.
“ആന്മക്കൊ ഇണ്ടായിറ്റൊന്നും ഒരു കാര്യൊല്ല. ഓല് പെണ്ണും കെട്ടീറ്റ് ഓലെ പാട്ടിന് പോഉം. പെന്മക്കാ ബേണ്ടേ. ഒന്നു ബീണു പോയാൽ താങ്ങാൻ.. .”
റാഹിലാ ത്താടെ വാക്കിനു പിന്നാലെ വന്നു ഉമ്മാന്റെ കമന്റ്.
ഈ വർത്താനം കേട്ടപ്പോ അടുത്തുണ്ടായിരുന്ന ലാൻറ് ഫോണെടുത്ത് തലമണ്ട നോക്കി ഒന്ന് കൊടുക്കാൻ തോന്നി. റാഷിക്ക വിളിച്ചാൽ ന്നെ സംസാരിക്കാൻ സമ്മയ്ക്കണില്ല. അപ്പൊ പിന്നെ ഈ ഫോണിനെ കൊണ്ട് ഈ ഒരു ഉപകാരമെങ്കിലും ഉണ്ടാവട്ടെ.
.തല്ല് എത്ര വേണേലും സഹിക്കാം. ചില സമയത്ത് ഉമ്മ പറയണ വാക്ക് കേൾക്കുമ്പോൾ എല്ലാം വിട്ടെറിഞ്ഞ് പോകാൻ തോന്നും. ഈ ഉമ്മ അങ്ങനെയാ…. ഞാനെത്ര കണ്ട് നോക്കിയാലും ഒരു നന്ദീം കാണിക്കില്ല. നേരെ തിരിച്ചോ .മോള് വന്ന് എന്തേലും ഒന്ന് കൊടുത്താൽ മതി. ഒരു മാസം വരെ അത് തന്നെ പറഞ്ഞ് കൊണ്ടേയിരിക്കും. എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാനായിട്ട് ഒരു പ്രശ്നത്തിനും പോണില്ല.എല്ലാ ജോലിയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇങ്ങനെയൊക്കെ പെരുമാറുമ്പോ സങ്കടമല്ലാതെ പിന്നെന്താ ഇണ്ടാവ .ഇവർക്കെന്താ എന്നോട് സ്നേഹത്തോടെ പെരുമാറിയാൽ .
ഒരു യാത്ര പോലും പറയാതെ അവർ ഹോസ്പിറ്റലി ലോട്ട് പോയി .
എനിക്കായി കൂട്ടിന് ആരുല്ല. റാഷിക്കാടെ പരിസരത്തുള്ളോരായൊന്നും വല്യ പരിചയവും പോര. ഒറ്റയ്ക്ക് നിന്ന് എനിക്ക് നല്ല ശീലമില്ല. ഉമ്മയും അമ്മുവും എവിടെയെങ്കിലും പോയാൽ തന്നെ എന്നെ ഉമ്മാമാടെ വീട്ടിൽ കൊണ്ടാക്കും.അവർ തിരിച്ചെത്തും വരെ ഷാഹിക്ക ഉമ്മാമാക്ക് ഫോൺ ചെയ്ത് കൊണ്ടേയിരിക്കും.
” ന്റെ, ഷായേ… അന്റെ പെങ്ങളുള്ളത് ന്റെ അട്ത്താ … :ന്ന് വെച്ചാ അന്റെ ഉമ്മാമന്റെട്ത്ത്. അല്ലാതെ അയലത്തെ പെരേലൊന്നല്ല. അതോണ്ട് ഇയ്യിങ്ങനെ ബിളിച്ചോണ്ടിരിക്കണംന്നില്ല.അന്റെ ഉമ്മായും കെട്ട്യോളും തിരികെ വന്നേരം ഓലോട് ഞാൻ അങ്ങട്ട് അന്നെ വിളിക്കാം പറയാം.”
ഉമ്മാമാടെ ഈ ശകാരം കേട്ട ശേഷേ ഷാഹിക്ക വിളി നിർത്തുള്ളൂ.
ഇവിടെ എങ്ങാനും ഞാൻ തനിച്ചെന്ന് ഷാഹിക്ക അറിഞ്ഞാൽ ഏത് പാതാളത്തിലായാലും ഓടി ഇങ്ങ് പോരും.
സമയം ഉച്ചകഴിഞ്ഞു. കുളിയും നിസ്കാരവും കഴിഞ്ഞ് കുറച്ച് കിടക്കാമെന്ന് കരുതി. അറയിൽ ചെന്ന് മലർന്ന് കിടന്നു.റബ്ബേ….! എന്തൊരാശ്വാസം… എത്ര ദിവസായി ഈ പൊരേല്‌ ഇങ്ങനെ സമാധാനത്തോടെ കിടന്നിട്ട് .റാഷിക്ക പോന്നതിന്റെ രണ്ട് ദിവസം മുമ്പാ സുഖായി ഒന്ന് കിടന്നത്.ഇക്കാടെ ഓർമ്മകൾ മനസ്സിൽ അലയടിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റ് ഷെൽഫ് തുറന്ന് ഇക്കാടെ ഷർട്ടെടുത്തു. ദീർഘശ്വാസത്തോടെ മണഞ്ഞു നോക്കി. ഇക്കാടെ മണത്തിനു പകരം സൺ ലൈറ്റ് സോപ്പിന്റെ മണം. ഇനി ഓർമകളുടെ ആ മണം തിരികെ കിട്ടണമെങ്കിൽ എന്റെ ഇക്ക അരികിൽ തന്നെ വേണം…….. അതിനിനി എത്രനാൾ ….. ബറാഅത്ത് രാവ്,നോമ്പ്, ചെറിയപെരുന്നാൾ, റബീഉൽ അവ്വൽ,അങ്ങനെ എത്ര നല്ല നല്ല മാസങ്ങൾ കിടക്കുന്നുണ്ട് ഇനി ഒരു വർഷം തികയ്ക്കാൻ .അതിനിടയിലെ ആകെയുള്ള സമാധാനം ഞങ്ങൾക്കിടയിൽ [ഇൻഷാ അള്ളാ ]മൂന്നാമതൊരാൾ വന്നു ചേരുമല്ലൊ എന്ന് മാത്രമാണ്.
[എന്ത് കാര്യം മുൻകൂട്ടി പറയുമ്പോഴും ചിന്തിക്കുമ്പോഴും ഇൻഷാ അള്ളാഹ്. (അള്ളാഹു അനുഗ്രഹിച്ചാൽ )എന്ന് പറയണം. നബി (സ) എന്തോ ഒരു കാര്യം പറയുമ്പോൾ ഇൻഷാ അള്ളാഹ് എന്ന് പറയാൻ വിട്ടു പോയി. ആ കാരണം കൊണ്ട് അള്ളാഹു നബി (സ) യ്ക്ക് നാൽപത് ദിവസം വഹ്യ് ഇറക്കിയിട്ടില്ലെത്രെ. അവസാനം ജിബ്രീൽ മുഖേന അള്ളാഹു നബി(സ) അറിയിക്കുകയും നബി (സ) ഖേദിക്കുകയും ചെയ്തിരുന്നു. .] അത് കൊണ്ട് എന്ത് കാര്യം പറയുമ്പോഴും ഇൻഷാ അള്ളാഹ് എന്ന് നിർബന്ധമായും പറയുക.
ഓരോന്ന് ഓർത്തിരിക്കുമ്പോൾ ലാന്റ് ഫോൺ റിംഗ് ചെയ്തു.ഇക്ക ആയിരിക്കോ… അറ്റൻറ് ചെയ്യണോ … ഏതായാലും പോയി നോക്കാം .ഉമ്മാടെ റൂമിനടുത്തെത്തുമ്പോഴേക്കും കോൾ കട്ടായി .രണ്ട് മിനുറ്റിന് ശേഷം ഫോൺ വീണ്ടും ശബ്ദിച്ചു. ഞാൻ അറ്റെന്റ് ചെയ്തു.
“ഹലോ…. ”
“ഹലോയ്….”
ഇതാരാ റബ്ബേ… പരിചയമില്ലാത്ത ശബ്ദം ….
“ഹലോ… ഇങ്ങള് ആരാ….? നിക്ക് മനസ്സിലായില്ല …. ”
“ന്നെ …മനസ്സിലാക്കിത്തരാം… ഇങ്ങള് ശാദിത്താത്തല്ലെ ”
“ആണെങ്കി …..”
“ഹയ്, ചൂടാ വല്ലിഷ്ടാ….”
“ആരാന്നെച്ചാ പറയ്…. നിക്കിത്തിരി പണീണ്ട്. ” ഞാൻ കുറച്ച് ദേഷ്യപ്പെട്ടു….
“കാര്യായന്ത് പണിയാ ഇങ്ങക്ക്ള്ളെ .ഒറക്കം മാത്രല്ലേ ….”

“ഇങ്ങളാരാ… ഒന്ന് പറഞ്ഞ് തൊലക്ക്. ന്റെ പണി ഒറക്കാണെന്ന് അന്നോടാരാ പറഞ്ഞെ…”
അങ്ങനെ കേട്ടപ്പോൾ ആരാന്നറിയാൻ എനിക്ക് ആകാംക്ഷയായി.
“ഞാൻ വിളിക്കുമ്പോക്കെ
ഇങ്ങള് ഒറങ്ങാണെന്ന് ഉമ്മ പറയാറുണ്ടല്ലോ…”
ഉമ്മ എന്ന് പറയണമെങ്കിൽ ഇത് …..
“റബ്ബേ…!റാ റാസി.. റാസി ഖാണോ….?”
“അതേല്ലോ …”
ഞാനാകെ ചമ്മി. കല്യാണ ശേഷം ആദ്യായിട്ടാ ഞാൻ അവനോട് സംസാരിക്കുന്നത്. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല. എന്നാലും ഈ ഉമ്മ ആളു കൊള്ളാല്ലോ… റാഷിക്കാട് പറഞ്ഞ പോലെത്തന്നെ ഇവന്റടുത്തും ഞാനൊറക്കാണെന്ന് തട്ടി വിട്ടു. ഹോസ്പിറ്റലിന്ന് വന്നയുടനെ ഞാനും എണ്ണെയൊഴിച്ച് തള്ളിയിടും നോക്കിക്കോ…. എനിക്കുമ്മാ നോട് ദേഷ്യം കൂടിക്കൂടി വന്നു.
“അപ്പൊ …! ഇങ്ങക്കെന്നെ മനസ്സിലായില്ലല്ലെ … ”
ഇല്ലെന്ന് പറഞ്ഞു ഞാനൊന്ന് ചിരിച്ചു.
“ഞാനെപ്പോം, ഈ സമയത്ത് ബിളിക്കും, ഇങ്ങളെ ചോയിക്കുമ്പോക്കെ ഒറക്കിലാണെന്നാ ഉമ്മ പറയാറ്. പുതുപ്പെണ്ണിനോട് അനുജൻ മിണ്ടില്ലാന്നു പരാതിണ്ടാവരുതല്ലോ …”
റാഷിക്കാടെ ഉമ്മയും റാഹിലാത്തയും മാത്രെ ഇങ്ങനെയുള്ളൂ. ബാക്കിയുള്ളോരൊന്നും അത്ര കൊഴപ്പോല്ലല്ലോ … റനീഷാത്തയും ഇത് പോലെ വിളിച്ച് കാണോ… ഹാ…. താത്താന്റടുത്തും ഉമ്മ ന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞ് കാണും. ആർക്കറിയാം….
“വേറെന്തൊക്കെയുണ്ടിത്താത്താ വിശേഷം ”
“നല്ല വിശേഷം ”
“ന്റുമ്മ കാല് തെന്നി വീണതാണോ താത്താ നല്ല വിശേഷം…” ഇതും പറഞ്ഞു റാസിഖ് പൊട്ടിച്ചിരിച്ചു.
“അ … അങ്ങനെയല്ല…. ഞാൻ ന്റെ വിശേഷം പറഞ്ഞതാ…. “ഞാനൽപം പരുങ്ങിക്കൊണ്ട് പറഞ്ഞു.
“ഊം…..ഇങ്ങടെ വിശേഷൊക്കെ ഞാനറിഞ്ഞു.കഴിഞ്ഞാഴ്ച റ നീഷാത്താടെ റൂമിൽ ചെന്നപ്പോ ഇത്താത്ത ന്നോട് പറഞ്ഞതാ…. ”
റാസീടെ മുന്നിൽ ഞാൻ വീണ്ടും ചമ്മി.റനീഷാത്ത കേട്ടടുത്തോളം റാഹിലാ ത്താനെ പോലെയല്ല…. അല്ലെങ്കിൽ സ്വന്തം ആങ്ങളേടടുത്തൊക്കെ ഇങ്ങനെ ഫ്രീ ആയി സംസാരിക്കോ…

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.