അമ്മുവിന്റെ വാക്കുകളിൽ പക്വത കൂടി ….. എനിക്ക് ഉത്തരം മുട്ടി. അമ്മു പറഞ്ഞത് ശരിയാണ്. ആരോടും പറയാതെ മുമ്പോട്ട് പോയിരുന്നെങ്കിൽ എന്താവുമായിരുന്നു എന്റെ അവസ്ഥ. എന്നെ സ്നേഹിക്കുന്ന റാഷിക്ക, ഷാഹിക്ക, മറ്റുള്ള ആൾക്കാർ …… പടച്ചോനേ ഈ അമ്മു ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഇതിന്റെ ഒടുക്കം അവരെയൊക്കെ തള്ളിപ്പറയണിടം വരെ എത്തുമായിരുന്നില്ലെ.
വെറുതെയല്ല, എല്ലാരും ഇബ് ലീസിനെ കുറ്റം പറയുന്നത്.നൂറ് ശതമാനം ശരിയാ. എത്ര സ്നേഹിക്കുന്നവർ നമുക്കുണ്ടായാലും അവൻ ഇടയിൽ കേറിയാൽ നമ്മൾ എന്തും ചെയ്ത് പോകും .അതിന്റെ ലൈസൻസ് അവന് കൊടുത്തത് പടച്ചോനാ …..
“മതി .ഇയ്യ് ഓരോന്ന് ചിന്തിച്ച് കൂട്ടിയത്.മണി രണ്ട് കൈഞ്ഞു. കെടന്ന് ഒറങ്ങ്….”
കൂടുതലൊന്നും പറയാൻ നിൽക്കാതെ ലൈറ്റ് ഓഫ് ചെയ്ത് അമ്മു കിടന്നു. പാവം മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. പെരുന്നാളിന്റെ തലേ രാത്രി മുതൽ ഒറ്റയ്ക്ക് ഓരോ പണി എടുത്ത അവശതയായിരിക്കും. അമ്മുവിനെ കെട്ടിപ്പിടിച്ച് ഞാനും ഉറങ്ങി.
രാവിലെ പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് ഞാൻ വീണ്ടും അമ്മുവിന്റെ പിന്നാലെ കൂടി. അമ്മു തിരക്കിട്ട ജോലിയിലാണ്. ഉമ്മ മിർഷുവിനേയും എടുത്ത് ഉമ്മാമാടെ വീട്ടിൽ പോയിരുന്നു.
അമ്മായിമാരൊക്കെ പോയത് കൊണ്ട് ഉമ്മാമ തനിച്ചായിരുന്നു.പെരുന്നാളായിട്ടും എളയാക്കാടെ വീട്ടീന്ന് ചെറിയാത്ത വന്നിരുന്നില്ല. എളയാക്കാടെ ഉമ്മ അവിടെ തനിച്ചാണത്രെ….. ഉമ്മ ഉമ്മാമാനെ പുരയിലേക്ക് ക്ഷണിച്ചാലും ഉമ്മാമ തന്റെ പഴയ കട്ടിൽ വിട്ട് എങ്ങോട്ടും വരില്ല.
“ഈന്റെ മേല് കെടക്കണ സുഖോന്നും അന്റെ പൊരേല് കിട്ടൂലാ” ന്നാണ് ഉമ്മാമ പറയാറ്.
വല്ല്യുപ്പ ഉള്ള കാലം തൊട്ടേ അവര് ഒന്നിച്ച് കിടക്കുന്ന ഒരു പഴയ കട്ടിലാ. അതിന്റെ ഓർമ്മ പുതുക്കലാവാം ഒരു പക്ഷേ ഉമ്മാമ അത് വിട്ട് എവിടേയും മാറിക്കിടക്കാത്തത്.
പഴമക്കാരുടെ ദാമ്പത്യ സ്നേഹവും ബഹുമാനമൊന്നും ഈ കാലത്ത് മഷി ഇട്ട് നോക്കിയാൽ കിട്ടില്ല.ഞാനും അതിന് ഒരു ഉദാഹരണമാണല്ലോ…..
രാവിലേയും അമ്മുവിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു. അതൊന്നും ഞാൻ കാര്യമാക്കിയില്ല.
“ഞാൻ ഇങ്ങളെക്കുറിച്ച് തെറ്റിദ്ധരിച്ചുന്നുള്ളത് ശരിയാ…. പിന്നെ ആദ്യൊക്കെ അമ്മു അവനോട് അങ്ങനെ പറയുമ്പോ ഞാൻ കരുതി…… ”
ഒരു മുന്നറിയിപ്പുമില്ലാതെ ഞാൻ അമ്മുവിന്റെ പിന്നിൽ ചെന്ന് പറഞ്ഞു.
“അന്റിക്കാന്റെ കെട്ട്യോള് ഓനൊന്നിച്ച് പോവൂന്ന് …. അല്ലേ…. ഊം…… പറയ്.”
പെട്ടെന്ന് അമ്മു തിരിഞ്ഞ് നിന്ന് എന്റെ ചുമല് പിടിച്ച് കുലുക്കി ചോദിച്ചു.
എന്റെ കുംഭസാരം അമ്മു പ്രതീക്ഷിച്ചിരുന്ന പോലെ .
“അങ്ങനെയല്ല അമ്മു ….. ഞാൻ ……”
“ശാദ്യേ….. ഒരാൾടെ ശരീരത്തിൽ ഏറ്റവും വേദനിക്കണ സ്ഥലം എവിടെയാണെന്നറിയോ അനക്ക് …..”
“ഇല്ല …..”
” അനക്കതറിയില്ല…… കാരണം അങ്ങനെയൊരു സ്ഥലം ഇല്ല.. ന്നാലോ ഒരാൾടെ സന്തോഷോം സങ്കടോം ഒക്കെ ഇണ്ടാവുന്നത് ആ സ്ഥലത്തീന്നാ….അതിനെ മനസ്സെന്നാ പറയ്യ…….. അതെവിയാന്ന് തൊട്ട് കാണിക്കാൻ പറ്റ്വോ അനക്ക്.
ഒന്നും മിണ്ടാതെ ഞാൻ തല കുമ്പിട്ടു നിന്നു.
” പറ്റൂലാ…. അനക്കെന്നല്ല ആർക്കും,അത് നന്നായാൽ ഓലെ ആഖിറവും ദുനിയാവും നന്നാവും. ”
അമ്മു എന്തൊക്കെയാ പറയണത്. എനിക്കൊന്നും മനസ്സിലായില്ല.
“ഇന്നലെ രാത്രി ഇയ്യ് ന്നെ ക്കുറിച്ച് ന്തൊക്കെയാ ശാദ്യേ ഊഹിച്ച് കൂട്ടിയെ…. ”
“അത് പിന്നെ…..
“ഊഹാപോഹം ഏറ്റവും വല്യ കളവെന്ന് പഠിപ്പിച്ച റസൂലിന്റെ ഉമ്മത്താ നമ്മള്.അങ്ങനെയുള്ള കാര്യം നമ്മള് ചിന്തിക്കണതും പറയണതും പരത്തണതു മൊക്കെ തെറ്റാ….. പടച്ചോൻ എല്ലാ തെറ്റും പൊറുക്കും.പക്ഷേങ്കില് പടപ്പിനെ കുറിച്ച് വേണ്ടാദീനം ചിന്തിക്കണതും പറയണതും ഓൻ പൊറുക്കില്ല. അത് പടപ്പ് തന്നെ പൊരുത്തപ്പെട്ട് തരണം. എങ്കിലേ പടച്ചോനും പൊരുത്തപ്പെടൂ”
അമ്മു എന്തുദ്ദേശിച്ചാണ് പറഞ്ഞത് എന്നൊന്നും എനിക്ക് മനസ്സിലായില്ല. എങ്കിലും അതിൽ ഒരു പാട് കാര്യം മറഞ്ഞ് കിടപ്പുള്ളത് പോലെ എനിക്ക് തോന്നി.
“അമ്മു ….. പറഞ്ഞ് വരണത് എന്താന്ന് നിക്ക് മനസ്സിലായില്ല.”
ഞാൻ മുഖമുയർത്താതെ പറഞ്ഞു.
“ഇപ്പൊ….ഇയ്യൊന്നും മനസ്സിലാക്കണ്ട…… ഇയ്യ് പോയി ഒന്നു ഒരുങ്ങി വാ ….. നമുക്കൊന്ന് ന്റെ പൊരേ ലോട്ട് പോകാം…… ”
പെരുന്നാളിന് പോകാത്തത് കൊണ്ട് അമ്മൂന് മനസ്സിന് ഒരു വല്ലായ്മ പോലെ തോന്നി ക്കാണും. എത്രയായാലും സ്വന്തം ഉമ്മയും ഉപ്പയുള്ള വീടല്ലെ……. അമ്മുവിന്റെ വാക്ക് കേട്ടിട്ടും ഞാൻ പതുങ്ങി പതുങ്ങി അവിടെ തന്നെ നിന്നു.അമ്മുവിന്റെ സ്നേഹത്തോടെയുള്ള സംസാരം അൽപം ശകാരത്തിലായി.
“ഇയ്യ് പോയില്ലെ ശാദ്യേ…… ”
“അമ്മൂ…… നിക്കൊരു കാര്യം കൂടി അറിയാനുണ്ട്.”
അമ്മുവിനെ ഞാൻ വീണ്ടും ശല്യം ചെയ്തു.
” പടച്ചോനേ…..!ന്താ! ശാദ്യേ ഇത്….. ഇയ്യ് ന്നെം കൊണ്ടേ പോവൂ…..ല്ലേ ……”
“ഇങ്ങളന്ന് പാതീല് നിർത്തിയ യൂനുസ് നബിന്റെ കഥ ബാക്കി പറ….. ന്നിട്ട് ഞാൻ പൊക്കോളാം…..”
അടുത്ത് വെച്ച കാൽ രണ്ടടി പുറകോട്ട് വെച്ച് ഞാൻ പറഞ്ഞു.എപ്പഴാ അമ്മു ക്ഷമ കെട്ട് രണ്ടെണ്ണം എനിക്ക് തരുന്നത് പറയാൻ പറ്റില്ലല്ലോ…. അത്ര നല്ല സ്വഭാവമല്ലെ എന്റെത്.
“ഇതാ ഇപ്പൊ നല്ല ശേലായേ……. അന്നോട് ഇമ്മാതിരി കഥ പറഞ്ഞിട്ടൊന്നും ഒരു കാര്യേല്ല. കഥ കേട്ടോര് അത് പോലെ നീങ്ങാനും പഠിക്കണം…..”
“എന്താ …… അമ്മു അങ്ങനെയൊക്കെ പറയണെ…… അറീണോര് അറിയാത്തോർക്ക് പറഞ്ഞ് കൊടുക്കണംന്നല്ലേ……”
“അത് ഇയ്യ് പറഞ്ഞത് നേരാ….. പക്ഷേങ്കിൽ …… അതീന്ന് പാഠമുൾക്കൊള്ളാത്തോർക്ക് പറഞ്ഞ് കൊടുത്ത് ഒരു കാര്യേല്ല.”
അമ്മുവിന്റെ വാക്ക് എവിടെയും തൊടാത്ത രീതിയിൽ ആയി.
“അമ്മു …. ഇങ്ങള് ഉദ്ദേശിക്കണ കാര്യം പറയ്.ന്താ അമ്മു ഇങ്ങളെ മനസ്സില് …..”
“ന്റ് മനസ്സില് കാര്യായ ഒന്നുല്ല. ഒള്ളത് മൊത്തം അന്റെ മനസ്സിലാ…… ”
അമ്മു എന്റെ നേരെ കഴുത്ത് നീട്ടിക്കാണിച്ച് പറഞ്ഞു.
“ന്റെ …: മനസ്സിലോ…..”
ഞാനാകെ വിശമത്തിലായി. പടച്ചോനേ ഈ അമ്മു എന്തൊക്കെയാ പറയണേ…..
“ഒരീസം നബിടെ സദസ്സിൽ കൊറെ സ്വഹാബത്ത് ഇര്ക്കണണ്ടായിര്ന്ന്……. ”
അമ്മുവിന്റെ ഉള്ളം കഥയായി പുറത്ത് വന്നു. സംശയങ്ങളൊക്കെ മാറ്റി വെച്ച് ഞാനത് ശ്രവിച്ചു.
“കൂട്ടത്തിലൊരാൾ നബിയോട് ചോയ്ച്ചു. ഞങ്ങളിൽ ആർക്കാ നബിയെ സ്വർഗ്ഗം ന്ന്….. അപ്പൊ നബി പുറത്തേക്ക് കൈ ചൂണ്ടി. അതിലൂടെ നടന്ന് പോണ വഴി പോക്കനിന്ന് ഒരാളെ കാട്ടി ക്കൊടുത്തു. എല്ലാരുടേം നോട്ടം പൊറത്തോട്ടായി…… ”
അമ്മുവിന്റെ കഥ എനിക്കിഷ്ടപ്പെട്ട് തുടങ്ങിയെങ്കിലും ഈ നേരത്തെത്തിനാ ഈ കഥ പറയണമെന്ന് എനിക്ക് തോന്നി. ഇടയിൽ കേറി സംശയം ചോദിച്ചാൽ അമ്മുവിന് ഇഷ്ടപ്പെടില്ലെന്ന് കരുതി ഞാൻ മിണ്ടാതിരുന്നു.
“ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തിട്ടും സാധാരണക്കാരനായ ഒരാൾക്ക് സ്വർഗം കിട്ടുമെന്ന അവസ്ഥ വന്നപ്പോൾ ഓരോരുത്തർക്കും അത്ഭുതം തോന്നി. കൂട്ടത്തിലൊരാൾ അതിന്റെ കാരണോം തെരക്കി അയാൾടെ പിന്നാലെ കൂടി……
നബിയുടെ അനുചരൻമാരിൽ എല്ലാവരും സുന്നത്തായ കാര്യം പോലും മുറ പോലെ അനുഷ്ടിക്കുന്നവരാണ്. എന്നിട്ട് നബി അയാളെ കാണിച്ചു കൊടുത്തതിന്റെ പൊരുൾ അറിയാൻ എനിക്കും ആകാംക്ഷയായി.
“ന്നിട്ടോ….. കാരണം കിട്ടിയോ”
“സാധാരണക്കാര് ചെയ്യണ നിസ്കാരോം പ്രവൃത്തിയുമല്ലാതെ മൂപ്പര് വേറൊന്നും ചെയ്തില്ല. അത് വീക്ഷിച്ചിരുന്നയാൾ ഓലോട് കാര്യം തെരക്കി. അപ്പോ മൂപ്പര് പറഞ്ഞത് എന്താന്നറിയോ…… ”
ഞാൻ ആദ്യമായിട്ടാണ് അങ്ങനെയൊരു കഥ ശ്രവിക്കുന്നത് .അത് കൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി. അമ്മു തുടർന്നു.
പടച്ചോൻ കൽപിച്ച ഇബാദത്ത് ഞാൻ കൃത്യമായി ചെയ്യണണ്ട്.കൂടാതെ അനാവശ്യമായി ഒരാളെ കാര്യത്തിൽ എടപെടാനോ ഒരാളേം കുറ്റപ്പെട്ത്താനോ ഓലെ കുറിച്ച് ഒന്നും ചിന്തിക്കാനോ ഞാൻ നിക്കാറില്ല….. “ന്നാണ്.
എനിക്ക് കാര്യമായ എന്തോ താക്കീത് തന്ന പോലെ അമ്മു പറഞ്ഞ് നിർത്തി. ഞാൻ അമ്മുവിനെ കുറിച്ച് അനാവശ്യമായി ചിന്തിച്ചത് അവരെ വളരെ അധികം വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു പാട് നല്ല നല്ല കാര്യങ്ങൾ ചെയ്തിട്ടും സ്വന്തം കൂടെ പിറപ്പിനെ പോലെ എന്നെ സ്നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് ഞാൻ അവരെ മറ്റൊരാളായി തരം താഴ്ത്തി ചിന്തിച്ചതിന് ഞാൻ എന്നെ തന്നെ വെറുത്തു. അതിന് കാരണക്കാരനായ അപരനെ മനസ്സ് കൊണ്ട് ശപിച്ചു.
[ഇത് പോലെ മറ്റുള്ളവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നവർ ഒന്നോർത്താൽ നന്ന്. ഒരു നിമിശത്തെ നിങ്ങളുടെ സന്തോഷത്തിന് വേണ്ടി കത്തിയമരുന്ന് പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ ജീവിതമായിരിക്കും. അവരുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീരു വീണാൽ തീർച്ചയായും തന്റെ ജീവിതത്തിലൊരിക്കലും കരകയറാൻ പറ്റാത്ത ദുരന്തമായി തന്നെ പിന്തുടരും.]
സാധാരണ പുരയിൽ വന്നാൽ അമ്മുവിനോട് ചേർന്നിരിക്കുമ്പോൾ എനിക്ക് ഒരു പാട് സന്തോഷം തോന്നാറുണ്ട്. ഇന്നെന്തോ എനിക്കൊരു വല്ലായ്മ തോന്നി. മനസ്സിനൊരു സമാധാനവും കിട്ടിയില്ല. പാടില്ലായിരുന്നു …….അമ്മുവിനെ കുറിച്ച് അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലായിരുന്നു. കുളിക്കാൻ ഷവറിനടിയിൽ നിക്കുമ്പോൾ എന്റെ കണ്ണുനീർ അണപൊട്ടി ഒഴുകി.
[നാം ഓരോരുത്തരും കാര്യമായി ചിന്തിക്കേണ്ട ഒന്നാണത്. എല്ലാ തെറ്റും നമുക്ക് പടച്ചോൻ പൊരുത്തപ്പെട്ടു തരും. പക്ഷേ, ഒരാളെ കുറിച്ച് അനാവശ്യം പറഞ്ഞ് നടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും [അത് പറഞ്ഞ പ്രകാരം ] അവരോട് ഏറ്റു പറഞ്ഞല്ലാതെ അല്ലാഹു നമ്മുടെ ഒരു ഇബാദത്തും സ്വീകരിക്കില്ല.]
“ഇതുവരെ അനക്ക് കുളിച്ച് കഴിഞ്ഞില്ലെ ശാദ്യേ….. ”
അമ്മു വന്ന് കതകിന് മുട്ടിയപ്പോഴാണ് കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയത്.
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha