“എങ്ങനെ ഉദ്ദേശിച്ചാലും….. ശരിയാണോ ഇയ്യ് ചെയ്യണത്. ”
മറുപടി ഒന്നും വന്നില്ല.
“അത് പോട്ടേന്ന് വെക്കാം.അന്റെ ഉപ്പീം ഉമ്മിയൊക്കെ ഓലൊക്കെ എവിടെയാ……”
” ഉമ്മ…..”
ഉമ്മയെ കുറിച്ച് പറയുമ്പോൾ അയാൾ അൽപം മൗനം പാലിച്ചു…… ഒരു പക്ഷേ ഉമ്മ മരിച്ചു പോയിക്കാണുമായിരിക്കും. ശരിയാണോന്നറിയില്ല. അത് കൊണ്ടാണല്ലോ ഒന്നും മിണ്ടാതിരുന്നത്.
പിന്നെ ഉപ്പയെ കുറിച്ച് പറയാൻ തുടങ്ങി.
“ഉപ്പ ….. ഇവിടെ ബനിയാസിലെ ഒരു ഹോട്ടലിൽ ആയിരുന്നു.”
“മൂപ്പര് ഇപ്പളും അവിടെ തന്നെയാണോ …..”
“അല്ല. അഞ്ചാറ് വർഷമായി നാട്ടിൽ തന്നെ സെറ്റിൽഡ് ആയിട്ട് …..”
“ക്യാഷ്യർ ആയി ആണോ …. അവിടെ ജോലി ഇണ്ടായേ….. ”
സിബിഐ നെ പോലും വെല്ലും രീതിയിലുള്ള അമ്മുവിന്റെ ചോദ്യം.
“അല്ല. സ്വീപ്പർ ബോയി ആയിട്ടായിരുന്നു….. ” അങ്ങനെ പറയുമ്പോൾ അവന്റെ ഓർമ്മ ഒരു പാട് പിന്നിലേക്ക് പോയിക്കാണണം.
” അപ്പൊ …… ഇയ്യൊന്ന് ചിന്തിച്ച് നോക്കിം ….. അന്റുപ്പ ന്ത് മാത്രം കഷ്ടപ്പെട്ടായിരിക്കും അന്നെ ഈ നെലേൽ എത്തിച്ചത്. ഉപ്പാന്റെ പണി അറിഞ്ഞിടത്തോളം അന്നെ അക്കരെ എത്തിക്കാൻ ഒന്നു ങ്കി മൂപ്പര് ആരോടേലും പണം കടം വാങ്ങിക്കാണും. അല്ലേൽ പൊരെയോ മറ്റോ ബാങ്കിൽ പണയപ്പെടുത്തിട്ടുണ്ടാവും…. എങ്ങനെയാ അങ്ങോട്ട് പോയതെന്ന് അനക്ക് അറിയാല്ലോ…… ”
മറുതലയ്ക്ക് നിന്നും മറുപടി ഒന്നും വന്നില്ല.
” ഇയ്യെന്താ ഒന്നും മിണ്ടാത്തെ…… ദേഷ്യായോ എന്നോട്. ”
അമ്മു വളരെ സൗമ്യതയോടെ ചോദിച്ചു.
“ഇല്ല …… നിങ്ങള് പറഞ്ഞത് ശരിയാ ….. വകയിലുള്ള കുറച്ച് സ്ഥലം ലോണിൽ വെച്ചാണ് ഞാനിങ്ങോട്ട് പോന്നത്……. പ്രതീക്ഷിക്കാതെ പെങ്ങൾടെ കല്യാണം വന്നപ്പോ കുറച്ച് കടത്തിലായി.അതിനിടയിലാ വിസ കിട്ടിയത്.രണ്ടും കൂടി ഒന്നിച്ചായപ്പോൾ ….. അത് മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ….”
അവൻ കരച്ചിലിന്റെ വക്കോളമെത്തി.
“അന്റെ പെങ്ങക്കാണ് ഇമ്മാതി ഒരാൾടെ കോൾ വന്നതെങ്കിൽ കണ്ടില്ലെന്ന് നടിക്കാൻ പറ്റ്വോ അനക്ക്.”
“ഇല്ല …..” അവന്റെ ശബ്ദം ഇടറി.
” അതുപോലൊരു ഇക്കാടെ പെങ്ങളാ ന്റെ നാത്തൂനും…. ഓളെ ജീവനായി കര്തണ ഒരിക്ക ഓൾക്കുണ്ട്…”
ഞാനൊരു നിമിഷം ഷാഹിക്കാനെ കുറിച്ച് ഓർത്തു. ഇവനോട് ഇത്രയും നാൾ ഈ പെങ്ങൾ സംസാരിച്ചെന്നറിഞ്ഞാൽ എന്തായിരിക്കും എന്റിക്കാന്റെ അവസ്ഥ.
അമ്മു പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു.ജനലിനരികിൽ ചെന്നു ജനലഴി പിടിച്ച് ബാക്കി കൂടി പറയാൻ തുടങ്ങി.
“അവിടെന്ന് ഓരോ പെണ്ണിനെ ഫോണി വിളിച്ച് സൊള്ളുമ്പോ ഇയ്യൊന്ന് മനസ്സിലാക്കണം.നാളെ അന്റെ പെണ്ണിനും ഈ ഗതി വരാന്ന്. മാത്രോല്ല. റോഡ് മുറിച്ച് കടക്കുമ്പോ ഒരു വണ്ടി തട്ടിയാൽ,അല്ലേൽ റൂമിൽ ഗ്യാസ് സ്റ്റൗ ഒന്ന് പൊട്ടിത്തെറിച്ചാൽ. അതുമല്ലേൽ ഒരു പാട് പ്രതിക്ഷയുമായി നാട്ടിലോട്ട് പോരുമ്പോ വിമാനത്തിന്റെ sയറൊന്ന് റൺവേൽ തെന്നിയാൽ തീർന്നു പോകുന്നതാ അന്നെ പോലുള്ള ഓരോ പ്രവാസി ടേം ജീവിതം. ഇവിടെ നാട്ടിലെത്തൂന്ന് ഒരു ഒറപ്പ് തരാൻ പറ്റ്വോ അനക്ക്….. ഇങ്ങളൊക്കെ ഇങ്ങട്ട് എത്തൂന്ന് ഞങ്ങക്കും വല്യ ഒറപ്പില്ല. പിന്നെ ജീവിക്കണതും കാത്തിരിക്കണതൊക്കെ വെറും മൊരു പ്രതീക്ഷപ്പൊറത്താ….. അത് പോലെ അന്നെം പ്രതിക്ഷി ച്ചിരിക്കണ ഒരു കുടുംമ്പോണ്ട് ഈ നാട്ടിൽ. ആയുസ്സിന്റെ പകുതിം അബടെ തീർത്ത ഒരു ഉപ്പേണ്ട് അനക്കിവിടെ …..
അത് മറക്കരുത് ഇയ്യ്……”
സാധാരണ ഉപദേശം കേൾക്കുമ്പോഴും കൂടുതൽ ഡിറ്റെയ്ൽസ് ചോദിക്കുമ്പോഴും ഇതുപോലുള്ള വിരുതൻമാർ കോൾ കട്ട് ചെയ്യാറാണ് പതിവ്. ഇത് എന്താണെന്നറിയില്ല. ഞാൻ കരുതണപോലെന്നെ അമ്മുവിൽ നിന്നും ഒരു പാട് കാര്യം അറിയാൻ പറ്റുമെന്ന് അവനും കരുതിക്കാണും.തിരിച്ചൊന്നും പറയാതെ അവൻ വളരെ ശാന്തമായി എല്ലാം കേട്ടു നിന്നു കാണും
ജനലഴി കുറച്ച് ദൂരെയായത് കൊണ്ട് അവന്റെ മറുപടിയൊന്നും ഞാൻ കേട്ടതുമില്ല.. അൽപ സമയം അമ്മു വിന്റെ ശബ്ദം കേൾക്കാത്തപ്പോൾ ഫോൺ കട്ട് ചെയ്തെന്നാ ഞാൻ കരുതിയത്.
കുറച്ച് കഴിഞ്ഞ് അമ്മു എന്റെ അരികിൽ വന്നിരുന്നു .
” എന്റെ കൂട്ടുകാരൻ നമ്പർ തന്നപ്പോ…… ഒരാവേശത്തിന് ….. ഞാൻ ……”
കുറേ സമയത്തെ മൗനത്തിന് ശേഷം അവൻ വീണ്ടും പറയാൻ തുടങ്ങി. അമ്മു അടുത്ത് വന്നിരുന്നത് കൊണ്ട് അവന്റെ ശബ്ദം വീണ്ടും എന്റെ കാതുകളിൽ അലയടിച്ചു.
” അവൻ അന്റെ കൂട്ടുകാരനല്ല. കൊലയാളിയാ……. തെറ്റ് ചെയ്യണ സുഹൃത്തിനെ നേർവഴി കാട്ടണവനാ യഥാർത്ഥ കൂട്ടുകാരൻ.. ….”
അവന്റെ മറുപടിക്ക് പകരം വന്നത് പൊട്ടിക്കരച്ചിലായിരുന്നു.
“ഇയ്യ് കരയാൻ വേണ്ടി പറഞ്ഞതല്ല.ഞാൻ കാര്യം പറഞ്ഞെന്നെ ഉള്ളൂ…… അനക്ക് മനസ്സിലാക്കാൻ പറ്റാണേൽ ഇയ്യ് മനസ്സിലാക്കിൻ. അല്ലേൽ വിട്ട് കളയ്.ഇത് പോലുള്ള ഒത്തിരി പേര് ഒണ്ടാവും.ഈ ദുനിയാവില്.അങ്ങനെയുള്ളോരുണ്ടേല് ഇയ്യും കാര്യം പറഞ്ഞ് മനസ്സിലാക്ക്. അത് മാത്രാ അന്റെ ഈ തെറ്റിന്റെ പ്രധിവിധി .എന്തിര്ന്നാലും ഇനി ഇയ്യ് ഈ നമ്പറിലോട്ട് വിളിക്കര്ത്.ന്റെ ഭാഗത്തീന്ന് അനക്ക് വല്ല വെശമോം വന്നിട്ടുണ്ടേൽ ഇയ്യ് പൊരുത്തപ്പെട്ടേര് ……”
ഒരു ക്ഷമാപണം പോലെ അത്രേം പറഞ്ഞ് അമ്മു ആ കോൾ കട്ട് ചെയ്തു. മുറിയിൽ നിന്നും പുറത്ത് പോയി. മുസല്ല വിരിക്കുമ്പോഴാണ് വുളു ചെയ്യാനാണ് പോയതെന്ന് എനിക്ക് മനസ്സിലായത്. രണ്ട് റകഅത്ത് നിസ്കരിച്ച് എന്തൊക്കെയോ ദുആ ചെയ്ത ശേഷമാണ് അമ്മു കിടന്നത്. ഇത്ര നേരം ഒരുന്യ പുരുഷനോട് സംസാരിച്ചത് കൊണ്ട് പടച്ചോനോട് ഒക്കെ ഏറ്റു പറഞ്ഞതാവും.ഷാഹിക്കാനോട് പറഞ്ഞാൽ ഞാനും അതിൽ തെറ്റുകാരി ആവുമെന്ന് അവർ കരുതിക്കാണും. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഈ അമ്മുവിനെ കുറിച്ചാണല്ലോ റബ്ബേ ഞാൻ വേണ്ടാത്തതൊക്കെ ചിന്തിച്ചത്.ഈ പാപം ഞാൻ എങ്ങനെ തീർക്കാനാണ്. എന്റെ ഷാഹിക്കാടെ നിധിയാ ഇവൾ. അത് വരെയും അമ്മുവിനെ കുറ്റപ്പെടുത്തിയ ഞാൻ ഒരു സെക്കന്റിനുള്ളിൽ അതൊക്കെ തിരുത്തി.
“ഇനി അന്റെ മനസ്സിന്ന് ന്നെക്കുറിച്ച് കരുതീതൊക്കെ കളഞ്ഞ് ഒന്നും ഒളിഞ്ഞ് നോക്കാതെ ഇയ്യൊന്ന് നീങ്ങിക്കെടക്ക് ശാദ്യേ…… ”
എന്റെ പുറം ഭാഗം കൈ കൊണ്ട് പിടിച്ച് നീക്കി അമ്മു പറഞ്ഞു.
പ്രതിക്ഷിക്കാതെയുള്ള അമ്മു വിന്റെ വാക്ക് കേട്ട് തലയ്ക്ക് മുകളിൽ ആരോ മുട്ടി കൊണ്ട് തട്ടുന്ന പോലെ തോന്നി എനിക്ക് ………..
തിരിഞ്ഞും മറിഞ്ഞും കിടന്നും എനിക്ക് ഉറക്കം വന്നില്ല.അമ്മു കണ്ണടച്ചു കിടന്നു.അമ്മുവിനോട് എനിക്ക് സംസാരിക്കണമെന്നുണ്ട്. പക്ഷേ ഉള്ളിലെന്തോ ഒരു ഭയം പോലെ. ഞാനിവിടെന്ന് കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ അവര് കണ്ടു പിടിച്ചിരിക്കുന്നു. എന്തിനധികം പറയുന്നു.മനസ്സിൽ ചിന്തിച്ചതു പോലും മനസ്സിലാക്കിയിരിക്കുന്നു.ആർക്കായാലും ചമ്മലുണ്ടാവും. എന്തിരുന്നാലും ശരി. അമ്മുവിനോട് എനിക്ക് മാപ്പ് പറഞ്ഞേ പറ്റൂ…… തെല്ലൊരു ഭയത്തോടെ ഞാൻ അമ്മുവിനെ വിളിച്ചു.
“അമ്മൂ…. ”
“ഊം…..ന്താ….. ”
എന്റെ നേരെ തിരിഞ്ഞു കിടന്നു കൊണ്ട് അമ്മു ചോദിച്ചു.
” അത് പിന്നെ…….. അമ്മു …… ഞാൻ……. അങ്ങനെയൊന്നും ….”
ഞാനാകെ വിയർത്തു കുളിച്ചു.
“ഇയ്യിപ്പോ, കെടന്ന് ഒറങ്ങ് ശാദ്യേ….. നേരം ഒരു പാടായി …..”
അമ്മു വീണ്ടും കണ്ണടച്ചു.
“അമ്മു, ഞാൻ പറയണ തൊന്ന് കേക്ക്…… അമ്മു ……. പ്ലീസ് അമ്മു …”
ഞാൻ അമ്മുവിനെ കുലുക്കി വിളിച്ചു. അമ്മുവിനെ ഉറങ്ങാൻ സമ്മതിച്ചില്ല. ദേഷ്യം വന്നതു കൊണ്ടാണോ ഞാൻ പറയുന്ന കാര്യം കേൾക്കാൻ വേണ്ടിയാണോന്നറിയില്ല. അമ്മു ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. ലൈറ്റ് ഓൺ ചെയ്തു.
” പറയ് …….എന്താ! അനക്ക് പറയാനുള്ളത്. അത് കേട്ടേ ഞാനിനി ഒറങ്ങണുള്ളൂ…… ”
“ഞാൻ ഓനോട് അങ്ങനെയൊന്നും ….”
” ആരോട് ….. എങ്ങനെയൊന്നും …… ഇയ്യെ ഞാ പറഞ്ഞു വരണെ ”
അമ്മു ഒന്നും അറിയാത്തത് പോലെ നടിച്ചു. റാഷിക്കാന്റെ ഉമ്മയെക്കാളും എന്ത് കൊണ്ടും അഭിനയത്തിന്റെ ഓസ്ക്കാർ അമ്മുവിന് തന്നെ കിട്ടും.
“മറ്റെ…. ദുബായിലെ കോൾ…. അമ്മു ….. ഇപ്പൊ അറ്റന്റ് ചെയ്ത ……”
എന്റെ വാക്കുകളൊക്കെ കൈ കൊണ്ടുള്ള ആംഗ്യ ഭാഷയിലായി.
“ഓ….. നമ്മടെ ജസീല്….. ”
അമ്മു എന്നെ കളിയാക്കി പറയുന്ന പോലെ തോന്നി എനിക്ക്.
” അമ്മൂ…… ”
ഞാൻ മുഖം വീർപ്പിച്ചു.
അമ്മു പഴയ ചിരി ചിരിച്ചു.
“മോളേ….. നിക്ക് ഫോൺ ഉപയോഗം അറിയാഞ്ഞിട്ടോ അന്റിക്കാക്ക് അയ്ന്ളള കപ്പാസിറ്റി ഇല്ലാഞ്ഞിട്ടോ അല്ല. ഇമ്മാതിരി ഊരാങ്കുടുക്കിപ്പെട്ടാ ഊരാൻ വല്യ പാടാ….. അത് കൊണ്ട് അതൊന്നും ബേണ്ടാന്ന് വെച്ചിട്ടാ….. അതറിയാത്തോരാ ഇമ്മാതിരി കുഴീ ചാടണ മിക്ക ആൾക്കാരും …….”
അമ്മു എന്റെ താടിത്തുമ്പ് പിടിച്ചുയർത്തി.
“അയ്ന് ഞാനൊന്നും ചെയ്തില്ലല്ലോ അമ്മൂ….. ”
ചെറിയ കണ്ണുകൾ വിടർത്തി ക്കൊണ്ട് ഞാൻ പറഞ്ഞു.
” ന്റെ മോള് ഒന്നും ചെയ്തു ന്നല്ല ഞാൻ പറഞ്ഞ് വരണത്.
ഇമ്മാതിരി കോള് വരുമ്പോ മുതിർന്ന ആരോടേലും പറയണം…… ”
“ഞാൻ കരുതി….. ”
“അന്റെ കരുതലാ അന്നെ …. മോശാക്കണെ……ന്ത് കര്ത്യാലും ന്നിട്ട് ഒടുക്കം ന്തായി….. “
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha