പതിവു തെറ്റിക്കാതെ തറവാട്ടിലെ മരുമക്കളൊക്കെ ഞാനെത്തുമ്പോഴേക്കും സ്ഥലം കാലിയാക്കിയിരുന്നു. ഞാനവരെ കുറ്റപ്പെടുത്താനും നിന്നില്ല. ഇപ്പൊ ഉമ്മാമ പറഞ്ഞതിന്റെ പൊരുൾ എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്.എല്ലാവർക്കും അവരവരുടെ വീട് തന്നെയാണല്ലൊ മുഖ്യം. അല്ലെ…..
ജമീലാ ത്താന്റെ രണ്ടാമത്തെ മരുമകൾ വാഹിദ അവരുടെ വീട്ടിലേക്ക് പോകുമ്പോൾ മൂത്ത മരുമകൾ ഫബീന അവരുടെ വീട്ടീന്ന് ഇങ്ങോട്ടേക്ക് പോരും. നോമ്പ് മുപ്പതും ഫബീനാത്ത അവരുടെ വീട്ടിലായിരിക്കും ഉണ്ടാവുക. ഫബീനാത്ത എത്തിയ ശേഷമേ വാഹിദാത്ത പോവുകയുള്ളൂ.ഉമ്മാനെ എപ്പോഴും തനിച്ചാക്കരുതെന്ന് ജമിലാത്താടെ മക്കൾക്ക് നിർബന്ധമാണ്. ജമീലാത്താന്റെ മക്കളുടെ സ്നേഹവും മരുമക്കളുടെ ഒരുമയും എന്നെ ഒരുപാട് അതിശയിപ്പിച്ച ഒന്നാണ്. ഇപ്പൊ അവരേക്കാളും ഒരു പാട് ഉയരത്തിലാണ് ഞാനെന്ന് എന്റെ അമ്മുവും തെളിയിച്ചിരിക്കുന്നു.
ഒരു പാട് ആളും ബഹളവുമൊക്കെ കണ്ടത് കൊണ്ട് വീട്ടിൽ എന്തോ ഒരു മൂകത പോലെ അനുഭവപ്പെട്ടു.
ഷാനിദിന്റെ കൂടെ മിർഷു മോൻ നേരത്തെ ഉറങ്ങിയിരുന്നു. ഞാൻ കിടന്നത് അമ്മുവിന്റെ കൂടെ യായിരുന്നു.
തലേന്നത്തെ ഉറക്കം ശരിയാവാത്തത് കൊണ്ടാണോ എന്നറിയില്ല. എനിക്ക് നല്ല ക്ഷീണം തോന്നിയിരുന്നു.എങ്കിലും അമ്മുവിൽ നിന്നും യൂനുസ് നബിന്റെ കഥയുടെ ബാക്കി ഭാഗം അറിയാൻ വേണ്ടിയുള്ള ആഗ്രഹം എന്റെ ക്ഷീണം അകറ്റിയിരുന്നു.അമ്മുവും കിടന്ന ശേഷം ഞാൻ പതിയെ അമ്മുവിനോട് ചേർന്ന് കിടന്നു.
“അമ്മൂ…… ”
നെറ്റിയിലേക്ക് ഊർന്നു വീണ അമ്മുവിന്റെ മുടി ചെവി യിടയിൽ തിരുകി വെച്ച് ഞാൻ അമ്മു വിനെ സ്നേഹത്തോടെ വിളിച്ചു.
“അന്റെ സോപ്പിംങ്ങൊക്കെ അബടെ നിക്കട്ടെ. ഇപ്പൊ ഇയ്യ് ഒറങ്ങ് ശാദ്യേ……. നിക്കും നല്ല ക്ഷീണോണ്ട്.ന്ത് പറയാനായാലും അനക്കത് ഇൻഷാ അള്ളാ നാളെ പറയാം…….”
മുടിയിഴകളിൽ നിന്നും എന്റെ കൈ നീക്കി വിരൽ ഞൊടിച്ചു കൊണ്ട് അമ്മു പറഞ്ഞു.
ഞാൻ പറയാൻ തുനിഞ്ഞ വാക്കുകൾ പാതിവഴിയിൽ അവസാനിപ്പിച്ചു.മൊബൈലിൽ അലാറം ചെയ്ഞ്ച് ചെയ്ത് ഫോൺ തലയണയ്ക്കരികിലായി വെച്ച് ഞാൻ ഉറക്കം പിടിച്ചു.
പന്ത്രണ്ട് മണിയാവുമ്പോഴേക്കും മൊബൈൽ ശബ്ദിച്ചു. റാഷിക്ക ആയിരിക്കുമെന്ന് കരുതി ഞാൻ അറ്റന്റ് ചെയ്തില്ല. അമ്മുവിന്റെ അരികിൽ നിന്നും ഒന്നും പറയാൻ പറ്റാത്തത് കൊണ്ടാണ് അറ്റൻറ് ചെയ്യണ്ട എന്ന് വെച്ചത്. ഒരു പാട് തവണ ഫോൺ റിംഗ് ചെയ്ത് കൊണ്ടേയിരുന്നു.
ഒടുവിൽ അറ്റൻറ് ചെയ്യാൻ തലയണയ്ക്കരികിൽ കൈ കൊണ്ട് ഫോൺ പരതുമ്പോഴേക്കും അമ്മു അറ്റന്റ് ചെയ്ത് കഴിഞ്ഞിരുന്നു
അറ്റന്റ് ചെയ്ത ഉടനെ ആരാ വിളിക്കുന്നതെന്ന് അമ്മു ചോദിച്ചെങ്കിലും മറു വശത്ത് നിന്നും മറുപടി ഒന്നും വന്നില്ല.
അപ്പൊപ്പിന്നെ ഈ വിളിക്കുന്നത് അപരനാണെന്ന് എനിക്ക് മനസ്സിലായി.
കോൾ കട്ട് ചെയ്ത് മൂന്നാല് പ്രാവശ്യം വിളിച്ചപ്പോഴും അറ്റന്റ്റ് ചെയ്തത് അമ്മു തന്നെയാണ്. എന്നെ തെറ്റിദ്ധരിക്കുമെന്ന് ഭയന്ന് ഞാൻ ഉറക്കം നടിച്ച് തന്നെ കിടന്നു വെങ്കിലും ഒളികണ്ണിട്ട് ഞാനാരംഗം വീക്ഷിച്ചു..അമ്മുവിന്റെ അരികിൽ ചേർന്ന് കിടന്നത് കൊണ്ട് മറു തലയ്ക്കുള്ള ശബ്ദം എനിക്ക് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.
“ഇങ്ങള് ആരാ….. ആർക്കാ വിളിച്ചെ….. ”
എന്നോട് സംസാരിക്കുമ്പോൾ ക്ഷീണമാണെന്ന് പറഞ്ഞ അമ്മു ഫോണിലൂടെ നല്ല മൃദുവായി സംസാരിക്കുന്നു.
“തന്റെ പേരെന്താ…..?
ഞാനല്ല സംസാരിക്കുന്നതെന്നറിഞ്ഞിട്ടും അപരന്റെ കൊഞ്ചിയുള്ള ചോദ്യം എന്നെ രോഷാകുലയാക്കി. ആരെ കിട്ടിയാലും അവൻ സംസാരിച്ചുകൊള്ളും.വഷളൻ.ഞാൻ പല്ല് ഞെരിച്ചു.
“ന്റെ പേര് അമാന …. കൊറച്ചൂടി വ്യക്തായി പറഞ്ഞ അമാന ഷാഹിദ് ……”
ഒരു പാട് നാളായി സംസാരിച്ചിട്ടും ഞാനെന്റെ ഒരു ഐഡന്റിറ്റിയും വെളിപ്പെടുത്തിയില്ല. ഇതിപ്പൊ അമ്മു സ്വന്തം പേര് വളരെ വ്യക്തമായി പറഞ്ഞ് കൊടുക്കുന്നു.ഇവരിതെന്തിനു ള്ള പുറപ്പാടാ….. ഉറക്കം എവിടെയോ പോയി ഒളിച്ചു. എന്റെ ചിന്തയ്ക്ക് തീ പിടിച്ചു.
“നല്ല പേര്….. ”
അമ്മുവിന്റെ പേരിനെ അയാൾ പുകഴ്ത്തി.
“ഇതെന്റെ ഫോണല്ല. അനക്ക് ഞാൻ വേറെ നമ്പർ തരാം. ഇതെന്റെ നാത്തൂന്റെ സെറ്റാണ്……. ”
അമ്മു ഫോൺ ചുണ്ടോട് ചേർത്ത് പിടിച്ച് പതിയെ പറഞ്ഞു.
പടച്ചോനേ….. അമ്മു ഇതെന്ത് ഉദ്ദേശിച്ചാ……? അയാൾക്ക് ഏത് നമ്പർ കൊടുക്കാനാ അമ്മു. ലാൻറ് ഫോൺ നമ്പറാണോ …..? എന്നിട്ട് ആരുമില്ലാത്ത സമയം നോക്കി…… അമ്മു അങ്ങനെയൊക്കെ ചെയ്യുമോ ……ഇല്ല. എനിക്കത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല. ഒരു നിമിശം കൊണ്ട് എല്ലാം നശിപ്പിക്കാനാണോ ഈ അമ്മൂന്റെ പ്ലാനിംഗ്. വെറുതെയല്ല ഷാഹിക്ക ഇറങ്ങുമ്പോ ഒരിറ്റു കണ്ണീരു വീഴ്ത്താതെ പുഞ്ചിരി തൂകി നിന്നത്. ഒരു പെണ്ണിന് ഇത്രയൊക്കെ അ:ധപതിക്കാൻ പറ്റുമോ….. അതും അമ്മുവിനെ പോലെയുള്ള ഒരാൾക്ക്.
അല്ലേലും ഈ ശാദി പൊട്ടിയാ…. പ്രവാചക കഥകളും പ്രകീർത്തനങ്ങളും ഒന്നുമറിയില്ല. അമ്മുവിനെ പോലെ ദീനീ പരമായ വിവരവുമില്ല. പക്ഷേ….. മഹറ് തന്ന പുരുഷനെ പറ്റിക്കാൻ പാടില്ലെന്ന് എനിക്ക് നന്നായി അറിയാം. അതിനെക്കാളും വലിയ പഠിപ്പും പത്രാസൊന്നും ഒരു പ്രവാസി ഭാര്യക്ക് വേണ്ട. ഞാനും ഒരു പാട് തവണ അയാളോട് സംസാരിച്ചിട്ടുണ്ട്. പക്ഷേ…… ഇത് പോലെ…..
ഇല്ല, അമ്മു ഞാനിത് എന്റിക്കാൻറടത്ത് പറയും. നിങ്ങള് തമ്മിൽ ത്വലാഖ് എന്ന മൂന്നക്ഷര അറബി പദത്തിന്റെ ബന്ധമേ ഉള്ളൂ…… പക്ഷേ…., ഞാൻ ആ ഇക്കാന്റെ ചോരയാ ………. അത് കൊണ്ട് ഈ പെങ്ങൾക്ക് പറ്റില്ല….. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ …….
“ഹലോ…… ഇയ്യെന്താ….. ഒന്നും മിണ്ടാതെ ……ന്റെ ശബ്ദം ഇഷ്ടപ്പെട്ടില്ലെ അനക്ക്……”
അമ്മുവിന്റെ കൊഞ്ചൽ കൂടിക്കൂടി വന്നു.
“പിന്നെ, ഒരുപാടിഷ്ടായി…… ”
അമ്മുവിന്റെ കൊഞ്ചലുള്ള ചോദ്യവും അവന്റെ പുഞ്ചിരി നിറഞ്ഞ ഉത്തരവും എന്നിലെ ദേഷ്യം ഇരട്ടിപ്പിച്ചു.ഇതിലും ഭേതം അമ്മു പെരുന്നാൾ ദിവസമായിട്ട് അവരുടെ വീട്ടിലേക്ക് പോകുന്നത് തന്നെയായിരുന്നു നല്ലത്.എന്റെ നെഞ്ചിടിപ്പ് കൂടി .കണ്ണു വഴി തലയിൽ എന്തോ ഒരു പ്രകാശം ഇരിച്ചു കയറുമ്പോലെ……. എന്റെ ഷാഹിക്കാടെ അമ്മു വഴിപിഴച്ച് പോവുകയാണോ ……. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറങ്ങിയില്ലെന്ന് ധരിച്ചെങ്കിലും അമ്മു ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു. ഇനി പറയുന്നത് കേൾക്കാനുള്ള ശക്തി
അമ്മു കോൾ കട്ട് ചെയ്യുന്ന ലക്ഷണമില്ല. അപരന്റെ പേര് ചോദിക്കുകയാണ്.
” ഞാൻ ന്റെ പേര് പറഞ്ഞല്ലോ…… ഇനി ഇയ്യ് അന്റെ പേര് പറ”
ഞാനിത്ര ദിവസം ചോദിച്ചിട്ടും എന്നെക്കൊണ്ട് സാധിക്കാത്ത കാര്യം. നടന്നതു തന്നെ.
“എന്റെ പേര് ……”
“ഊം….. പറയ്….. ഇഷ്ടപ്പെടണേയ്ന് മുമ്പ് അന്റെ പേരെങ്കിലും അറിയണ്ടേ……”
“ഓഹ്….. തന്നെ ഞാൻ സമ്മതിച്ചു.നാത്തൂനെക്കാളും കേമിയാണല്ലോ താൻ ……”
പ്രശംസസിച്ചവനും അതർഹിച്ചവളും ചിരിച്ചു.
“ന്നാ…… പറയ്….. ”
“എന്റെ പേര് ….. ജസീൽ”
“നല്ല പേര്….. പക്ഷേങ്കില് അന്നോട് ഞാൻ ചോയിച്ചത് ഇയ്യ് ഇപ്പൊ ഇട്ട പേരല്ല.അന്റെ ഉമ്മീം ബാപ്പീമിട്ട പേരാ ……”
അപരന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല. പകരം വന്നത് മനസറിഞ്ഞൊരു ചിരിയായിരുന്നു.
അത് അവന്റെ ശരിയായ പേരല്ലെന്ന് അമ്മുവിന് എങ്ങനെ മനസ്സിലായി. ഓരോന്ന് ചോദിച്ച് ഈ അമ്മു ഇതെങ്ങോട്ടാ പോണത്.
“ഹലോ…… പോയോ….. ഇയ്യ്……” അമ്മുവിന്റെ ശബ്ദം അൽപം കനത്തു.
“ഇല്ല …… ലൈനിൽ തന്നെ ഉണ്ട് …..”
“ന്നാ പറയ് അന്റെ ശരിക്കുള്ള പേര്. അവനോന്റെ പേര് പറയാൻ ഇത്രേം മടിയാ…. ഒരാൾടെ മെയ്ൻ ഐ ഡിന്റിറ്റിയായ പേര് പോലും പറയാൻ മടിക്കണ അന്നെ ഞാനെങ്ങന്യാ വിശ്വസിക്യാ…….”
അമ്മു പറഞ്ഞത് ശരിയാണെന്ന് അവനും തോന്നിക്കാണും. അതിനു മറുപടിയൊന്നും വന്നില്ല.
“പോട്ടെ….. അത് സാരല്ല്യ…….. ഇയ്യ് ഇപ്പൊ എവിടെന്നാ വിളിക്കണെ….. അതേലും ഒന്ന് പറഞ്ഞൂടെ ”
“ഗൾഫിൽ നിന്നാണ് ….. ”
“അത് നിക്ക് മനസ്സിലായി….
[അവിടെന്നല്ലോ ഇമ്മാതി പണി ചെയ്യാൻ പറ്റൂ…..] ഈ വാചകം അമ്മു പതിയെ പറഞ്ഞതാ …..
“അബടെ എവെടേന്നാ ഞാൻ ചോയ്ച്ചേ…… ”
“അബുദാബി ……”
” അബുദാബീൽ എവ്ടെയാ…… ”
ഈ നാല് ചുമരുകൾക്കുള്ളിൽ കഴിയുന്ന അമ്മുവിന് അവിടെയൊക്കെ നല്ല പരിചയമുള്ളത് പോലെ തോന്നും സംസാരമൊക്കെ കേട്ടാൽ…… എന്റെ സംശയം പോലെ തന്നെ അപരന്റെ ചോദ്യവും വന്നു.
“തനിക്ക് ഇവിടെ എവിടെയൊക്കെ അറിയാം…… ”
ഈ ചോദ്യത്തിൽ അമ്മു ഞെട്ടിക്കാണും. എങ്ങനെയായാലും അമ്മുന് ഉത്തരം മുട്ടും.എനിക്ക് ഉള്ളിൽ ചിരി പൊട്ടി……
“എല്ലാ സ്ഥലോം നിക്കറിയണന്നില്ല. ന്നാലും ഇയ്യ് നിക്കണ സ്ഥലം അറിയോന്നോക്കാനാ…..നിക്ക് അത് അറിഞ്ഞാ മതി ല്ലോ…….”
അമ്മുവിന്റെ വാക്കിന്റെ കട്ടി കുറഞ്ഞു.അൽപം മയത്തിലായി.അമ്മു ആള് കൊള്ളാം. ഒരാളെ നന്നായി വശീകരിക്കാനും അറിയാം. എന്നെക്കാളും റാഷിക്കാന്റെ ഉമ്മയെക്കാളും അഭിനയ സാമർത്ഥ്യക്കാരി.
“ഞാൻ മുസഫയിലാ…..”
ഇത്തവണ ഞെട്ടിയത് ഞാനാണ്. റബ്ബേ…… മുസഫയിലോ …… അവിടെയാണല്ലോ റാഷിക്കാന്റെം ജോലി .ഇനി ഇയാളെക്കൊണ്ട് റാഷിക്ക പറഞ്ഞ് വിളിപ്പിക്കുന്നതാവുമോ എന്റെ ഉള്ളം അറിയാൻ വേണ്ടി. അങ്ങനെങ്ങാനുമാണെങ്കിൽ എന്റെ ജീവിതം …….. റബ്ബേ…….. ഓർക്കാൻ പോലും പറ്റില്ലെനിക്ക്.
“അന്റെ പണി എന്തോന്നാ ……?”
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha