കണ്ണീർമഴ 2 41

“കല്യാണകാര്യൊക്കെ എവിടം വരെ ആയി മോളേ…..!
അമ്മുവിന്റെ ചോദ്യം കേട്ട് ഞാൻ തരിച്ചു പോയി.
“കല്ല്യാണക്കാര്യോ…..? ആര്ടെ…..?
സത്യം പറഞ്ഞാൽ അമ്മു മുഖേനയാണ് എല്ലാ കാര്യവും വിശദമായി ഞാൻ അറിഞ്ഞത്. അതിനെ കുറിച്ച് പറയാനായിരുന്നു ഷാഹിക്ക തലേന്ന് രാത്രി ഫോൺ ചെയ്തത്.
അമ്മു പറഞ്ഞ ശേഷമാണ് ബ്ലാംഗറ്റിന്റെ രഹസ്യം ചുരുളഴിയുന്നത്.
റാഹിലാത്ത ഹോസ്പിറ്റലിലുള്ള സമയത്ത് പരിചരിച്ചതും കൂട്ട് നിന്നതും റാഷിക്കയും റാസിയുമാണ്.
റാസിയുടെ സൗന്ദര്യവും സ്വഭാവവും കണ്ടിട്ടാണ് അടുത്ത റൂമിലെ പേഷ്യന്റിന്റെ കൂടെ ഉണ്ടായിരുന്ന സാദിഖലി ഹാജി മൂപ്പരുടെ മൂത്ത മകളെ റാസിഖിനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്. അദ്ദേഹം അമ്മുവിന്റെ അകന്ന ബന്ധത്തിൽ പെട്ട ആളാണ്.
ഇത്താത്താന്റെ അപകടവും ഇപ്പൊഴത്തെ അവസ്ഥയൊക്കെ പറഞ്ഞ് നോക്കിയെങ്കിലും പിന്മാറാൻ മൂപ്പര് സമ്മതിച്ചില്ല.
നോമ്പ് കഴിഞ്ഞ ഉടനെ ആർഭാടമൊന്നുമില്ലാതെ നിക്കാഹ് കഴിച്ച് പെണ്ണിനെ കൂട്ടിക്കൊണ്ട് വരാൻ അവിടന്ന് തന്നെ എല്ലാവരും തീരുമാനിച്ചു.അത് കൊണ്ടാണ് റാഹിലാ ത്താടെ കൂടെ റാസിഖും നാട്ടിലേക്ക് വന്നത്. അതും അതൃപ്പം നിറഞ്ഞൊരു ബ്ലാംഗറ്റുമായി.
എനിക്ക് ജോലിയിൽ അൽപം ആശ്വാസം കിട്ടുമെന്നും മനസ്സ് തുറന്ന് പറയാൻ ഒരു കൂട്ടായെന്നും കരുതിയാണ് റാഷിക്ക അവരു വന്നാൽ നേട്ടം എനിക്കാണെന്ന് പറഞ്ഞത്.
അമ്മു പറഞ്ഞത് കേട്ടു എനിക്ക് സന്തോഷമായങ്കിലും ഈ കുടുംബത്തിലേക്ക് കാലെടുത്ത് വെക്കുന്ന ആ സുന്ദരിക്കുട്ടിയെ ഓർത്തപ്പോൾ എനിക്ക് സഹതാപം തോന്നി.
” അനുഭവം ഗുരു എന്നാണല്ലോ….. ”
വിവാഹത്തിനുള്ള ഒരുക്കവും ഡ്രെസ്സ് പർച്ചേഴ്സി ങ്ങൊക്കെ നടക്കുന്നത് കൊണ്ട് നോമ്പ് ഇരുപത്തി ഒൻപതാം ദിവസത്തിലേക്കെത്തിയത് അറിഞ്ഞതേ ഇല്ല.
നിസാര കാര്യത്തിനുള്ള ഉമ്മാടെ കുറ്റപ്പെടുത്തലിൽ റനീഷാത്താടെ സമാധാനിപ്പിക്കലായിരുന്നു എന്റെ ഏക ആശ്വാസം .
റാഹിലാത്ത പുരയിൽ ഉണ്ടന്ന്പോലും പുറം ലോകം അറിഞ്ഞിരുന്നില്ല. അത്രയ്ക്കും പാവമായി മാറിയിരുന്നു. ഭക്ഷണം അടുത്ത് ചെന്ന് കൊടുക്കലും ഒറ്റക്കിരിക്കുമ്പോൾ അരികിൽ ചെന്നിരുന്ന് ഓരോന്ന് പറഞ്ഞ് ഇത്താത്താന്റെ മനസ്സ് സമാധാനിപ്പിക്കലും എന്റെ സ്ഥിരം ജോലിയായി മാറിയിരുന്നു.
ആകെ എന്നെ സങ്കടത്തിലാഴ്ത്തിയത് അപരന്റെ ഫോൺ കോൾ മാത്രമായിരുന്നു.കിടക്കുന്നതിന് മുമ്പ് ഓരോന്ന് പറഞ്ഞ് അപരനെ തെറി വിളിക്കലും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്യും എന്റെ മറ്റൊരു പരിപാടിയായി മാറി.
ഇരുപത്തി ഒൻപത് നോമ്പും കഴിഞ്ഞ് മുപ്പതാമത്തെ നോ മ്പിന്റെ തറാവീഹിന് ഒരുക്കം കൂട്ടുമ്പോഴാണ് ശവ്വാൽ പിറവി കണ്ട തക്ബീർ മുഴങ്ങിയത്.
“അല്ലാഹു അക്ബറു അള്ളാഹു …………………
…………….. ………….ഹംദ് ”
ഒരു പാട് നേരം കാത്തിരുന്നിട്ടും തക്ബീർ ചൊല്ലാത്തത് കൊണ്ട് മുപ്പത് നോമ്പും കിട്ടുമെന്ന് കരുതിയതാണ്. തക്ബീർ കേട്ടതോടെ മനസ്സ് വല്ലാതെ വേദനിച്ചു.
പ്രതീക്ഷിക്കാതെ റമളാൻ മാസം വിട പറഞ്ഞു പോകുമ്പോൾ ആരുടെ മിഴികളാണ് നനയാതിരിക്കുക. നോമ്പ് കിട്ടുന്നുണ്ടെങ്കിൽ മുപ്പതും വേണം. ബർക്കത്ത് കവിഞ്ഞ് നിറയുന്ന മാസമാണല്ലോ റമ ളാൻ. എല്ലാം കൊണ്ടും പോരിശ നിറഞ്ഞ മാസം .തറാവീഹ് നിസ്കരിക്കാൻ വുളു ചെയ്തതാണെങ്കിലും ഇശാ നിസ്കരിച്ച ശേഷം രണ്ടു റകഅത്ത് സുന്നത്ത് നിസ്കരിച്ചു.മനസ്സ് നൊന്ത് അള്ളാഹുവിനോട് ദുആ ചെയ്തു.ഈ റമളാന്റ പുണ്യം ആർക്കൊക്കെയാണ് കിട്ടിയിട്ടുണ്ടാവുക എന്ന് പറയാൻ ഒക്കില്ലല്ലോ ……
കണ്ണുനീർ അണപൊട്ടി ഒഴുകി. എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത അത്രയ്ക്കും നല്ല മാസമാണ് വിടചൊല്ലിയത്.
“അസ്സലാമു അലൈക യാ ശഹറ റമളാൻ ”
നിസ്കാരപ്പായയിൽ ഇരുന്ന് റമളാനെ യാത്ര അയക്കുമ്പോൾ നെഞ്ച് പിടഞ്ഞു. ഒരു തേങ്ങലോടെ മുസല്ല മടക്കി വെച്ച് ഞാൻ റൂമിന് പുറത്തിറങ്ങി.
റുഫൈദയും റുബൈദും പെരുന്നാൾ ഡ്രസ്സുമെടുത്ത് അയൺ ചെയ്യാൻ വേണ്ടി അയൺ ബോക്സിനായി വഴക്ക് കൂടുന്നുണ്ട്. റാഹിലാ ത്താടെ കുട്ടികൾ കെ ജി ടു മൈലാഞ്ചിയും കൈയിൽ പിടിച്ച് അടുത്ത വീട്ടിലേക്കോടി..
റാസിഖിന് പ്രവാസിയായതിന് ശേഷം വർഷങ്ങൾ കഴിഞ്ഞ് കിട്ടുന്ന പെരുന്നാളാണെന്ന് അവന്റെ ഓട്ടപ്പാച്ചിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
തക്ബീർ ചൊല്ലിത്തുടങ്ങിയത് മുതൽ റനീഷാത്ത കിച്ചണിൽ അപ്പത്തരം കൊണ്ട് പാത്രം നിറയ്ക്കാൻ തുടങ്ങി.
രാത്രി ഒരു പാട് വൈകിയെത്തുന്ന മർസൂഖ് പതിവിലും നേരത്തെ വന്നു. ഡിവിഡി യിൽ സിഡി ഇട്ട് പ്ലേ ചെയ്തു.
???????
” പെരുന്നാളിൻ അമ്പിളി കണ്ട്
പാരാകെ പുളകം പൂണ്ട്
പരിശുദ്ധ തക്ബീറും – ഉയരുന്നുണ്ട്.
പരിമളം പരക്കുന്നുണ്ട് .
ചെറിയ പെരുന്നാളിൻ സന്ദേശം നിറയുന്നുണ്ട്.
പാരിലൊരാളും – പട്ടിണിയാവാൻ പാടില്ലാത്തൊരു ദിനമാണ്.
പരിശർ മുഹമ്മദ് ത്വാഹ റസൂലർ – കാട്ടിയ ചര്യകൾ തെളിവാണ് .
പെരുന്നാൾ ദിനത്തിൽ യത്തീം കുട്ടിയെ – തോളിലെടുത്ത റസൂലാണ് ……
????
പെരുന്നാളിന്റെ സന്ദേശവും നബി ചര്യ പിൻപറ്റേണ്ട ഉപദേശവുമായി അതി മനോഹരമായ പാട്ട് വീടിന്റെ അകത്തളങ്ങളിൽ മുഴങ്ങി.
പാട്ട് കേട്ട് ഉമ്മ മുറിയിൽ നിന്നും പുറത്തിറക്കി. കിടന്നിരുന്ന റാഹിലാത്ത എഴുന്നേറ്റ് വന്നു,ഡി വി ഡി ക്കരികിലിരുന്നു . അയൽ വീട്ടിൽ നിന്നും ഇരു കൈകളി ലും മൈലാഞ്ചി അണിഞ്ഞെത്തിയ കുട്ടികൾ പാട്ടിനൊത്ത് താളം പിടിച്ചു.
ഖുർആനും ദിക്റുമായി കഴിഞ്ഞ ഒരു മാസം ഒരൊറ്റ രാത്രി കൊണ്ട് എല്ലാവരും മറന്ന പോലെ തോന്നി എനിക്ക്.
മൊബൈൽ ഓൺ ചെയ്ത തോടെ ഷാഹിക്കയും റാഷിക്കയും അമ്മുവുമൊക്കെ തുരുതുരാ വിളിക്കാൻ തുടങ്ങി.ഷാഹിക്കാക്കും റാഷിക്കാക്കും പറയാനുള്ളത് നോമ്പ് കഴിഞ്ഞ സങ്കടവും പെരുന്നാളിന്റെ പോരിഷയും എങ്കിൽ അമ്മു പറഞ്ഞത് എപ്പഴാ വരുന്നത്.ആരൊക്കെ ഉണ്ടാവും. നിക്കാഹിന് ശേഷമുള്ള ആദ്യ പെരുന്നാളല്ലെ, എല്ലാരെയും കൂട്ടി പോര് എന്നൊക്കെയായിരുന്നു.
അതിനെ കുറിച്ചൊന്നും ഇവിടെ ആരും കാര്യമായി ചർച്ച ചെയ്തിരുന്നില്ല. ഞാൻ അതൊന്നും മുൻ നിർത്തി ചോദിച്ചതുമില്ല.
രാവിലെ എല്ലാവരും പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോയി.റനീഷാത്താടെ പാചക വൈദഗ്ധ്യം കാറ്റിൽ പരന്നു.
അകമൊക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. അറ്റന്റ് ചെയത് ശബ്ദം കേട്ടപ്പോഴേ അപരനാണെന്ന് മനസ്സിലായി. ഞാൻ ദേഷ്യപ്പെട്ട് സംസാരിക്കും മുമ്പ് അവൻ ഹൃദയം നിറഞ്ഞൊരു “ഈദ് മുബാറക് ” എന്ന ആശംസ അറിയിച്ചു കഴിഞ്ഞിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷമാണ് ഞാൻ പുരയിലേക്ക് പോകാൻ തുനിഞ്ഞത്.
“ഞാൻ വന്ന് കൊണ്ട് വിടാം” എന്ന് പറഞ്ഞ് പോയ റാസി അസർ ബാങ്ക് കൊടുത്തിട്ടും വന്നില്ല. എനിക്ക് ശരിക്കും വിശമം തോന്നി. തറവാട്ട് വീട്ടീന്ന് അമ്മായിമാരൊക്കെ പോയിക്കാണും. ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ അവർ രണ്ടു പേരും സ്ഥലം വിടും.
എന്റെ കല്യാണത്തിന് മുമ്പ് പെരുന്നാളിന് നേരത്തെ അവര് പോകുന്നത് കൊണ്ട് ഉമ്മാമാടെ തുണിക്കോന്തല പിടിച്ച് ഞാൻ അവർക്ക് പാര പണിയും.
” ഇത്തിരീം കൂടി നിന്നാലെന്താ ഓൽക്ക്….. ഇങ്ങള് തനിച്ചല്ലെ ഉള്ളൂ…. ”
എന്നൊക്കെ പറഞ്ഞ്.
” ന്റെ കുശുമ്പത്തിപ്പാറൂ….. ഓലെ പൊരേലും പെര് ന്നാളുള്ളേല്ലെ. ഓൽക്കുണ്ടാവേലെ പൂതി…….അയ്നിപ്പൊ അന്നോടിതൊന്നും പറഞ്ഞിട്ടൊന്നും കാര്യല്ല. ഇയ്യ് ഇതുപോലൊരു മര്യോള് ആണം. അപ്പൊ തിരിയും അനക്ക് അയ്ന്റ ബെശമം…. ”
ഉമ്മാമ പറഞ്ഞ ആ വിശമം ഞാൻ ശരിക്കുമിപ്പോൾ അനുഭവിച്ചു.
എന്റെ ഷാഹിക്ക ഉണ്ടായിരുന്നെങ്കിൽ ഞാനെപ്പെഴേ പുരയിലെത്തുമായിരുന്നു.
കിച്ചണീന്ന് ഹാളിലേക്കും ഹാളീന്ന് കിച്ചണിലേക്കുമൊക്കെ നടന്ന് ഒരു വിധം സമയം കൂട്ടി. അപ്പോഴേക്കും കാറുമായി റാസിയെത്തി. രണ്ട് ദിവസത്തേക്കുള്ള ഡ്രസ്സുമെടുത്ത് ഇറങ്ങാൻ നേരമാണ് വകയിലുള്ള അമ്മായിയും മക്കളുമൊക്കെ വന്നു കേറിയത്.
എനിക്ക് ദേഷ്യം വന്നു. ഇനി പൊരേലോട്ട് പോയിട്ട് ഒരു കാര്യവുമില്ല. പെരുന്നാളിന്റെ മുക്കാൽ ഭാഗവും ഇവിടെത്തന്നെ കഴിഞ്ഞു.
വീട്ടിലെത്തുമ്പോഴേക്കും
എളേപ്പമാരും എളേമ്മമാരും കുട്ടികളൊക്കെ വന്നു പോയിക്കാണും. അമ്മു ഒറ്റയ്ക്ക് എന്ത് ചെയ്ത് കാണു മാവോ……
കയറി വന്ന അമ്മായിയെ മനസ്സിൽ പ്രാകി കൊണ്ട് ഞാൻ മുഖത്ത് ഒരു ചിരി പാസാക്കി. അമ്മായിയുടെ ചായ കുടിയും കുശലാന്വേഷണവുമൊക്കെ കഴിയുമ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞിരുന്നു.
വീട്ടിലേക്ക് പോയോ…. എന്ന് ചോദിച്ചിട്ടൊന്നും റാഷിക്ക വിളിച്ചതേ ഇല്ല. തലേന്ന് വിളിച്ച് വിഷ് ചെയ്തതല്ലാതെ രാവിലെ കൂടി വിളി ച്ചാലെന്താ…..ബാക്കി ദേഷ്യം എനിക്ക് റാഷിക്കാനോടും തോന്നി. അതിനൊക്കെ മിടുക്കൻ എന്റെ ഷാഹിക്ക തന്നെയാ….. പെരുന്നാളിന്റെ എല്ലാ കാര്യവും അറിഞ്ഞാലെ ഷാഹിക്കാക്ക് തൃപ്തി വരൂ……
റാസിയുടെ കൂടെ കാറിലായിരുന്നു പുരയിലേക്കുള്ള യാത്ര. ഞാൻ തനിച്ചായത് കൊണ്ട് റനീഷാത്തയും മറ്റുള്ള കുട്ടികളൊക്കെ ഉണ്ടായിരുന്നു കൂടെ. വീട്ടിൽ റാഹിലാത്ത ഉള്ളത് കൊണ്ട് ഉമ്മയെ നിർബന്ധിച്ചിട്ടും ഉമ്മ വന്നതില്ല.മർസൂഖ് പള്ളിയിൽ നിന്നും വന്ന ഉടനെ ബൈക്കുമെടുത്ത് കൂട്ടുകാരോടൊപ്പം പോയതാണ്. ഞാനിറങ്ങും വരെ അവൻ വന്നിരുന്നില്ല.
റനിഷാത്താടെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും മരിച്ചതോടെ ഇത്താത്ത അവിടെ പോകുന്നതും നിർത്തിയിരുന്നു. എളയാക്കാടെ പെങ്ങൻമാരും മറ്റുമൊക്കെ അവരവരുടെ കുടുംബവുമായി ഓരോരോ ജില്ലകളിലാണ്. അവരുണ്ട അടുത്തെത്തുമ്പോഴേക്കും പെരുന്നാള് കഴിയും.അവിടെ പോകാതിരിക്കാൻ റനിഷാത്താക്ക് അതും ഒരു കാരണമാണ്.
വീട്ടിലെത്തുമ്പോഴേക്കും അമ്മു എല്ലാം ഒരുക്കി വെച്ചിരുന്നു. അവിടന്നും ഭക്ഷണമൊക്കെ കഴിച്ച് തറവാട്ടിലേക്കും ഉപ്പാടെ വീട്ടിലൊക്കെ അമ്മുവിനെയും ഉമ്മയെയും കൂട്ടിയാണ് ഞങ്ങൾ പോയത്. കുടുംബ സന്ദർശനമൊക്കെ കഴിഞ്ഞ് മഗ് രിബ് ബാങ്ക് കൊടുക്കുമ്പോഴാണ് എല്ലാവരും വീട്ടിലേക്ക് തിരിച്ചെത്തിയത്. എന്റെ കുടുംബക്കാരെ വിവാഹത്തിന് ക്ഷണിക്കുക എന്നൊരു ലക്ഷ്യവും ഉണ്ടായിരുന്നു റാസിഖിന്.റാസിയും റനിഷാത്തായും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇശാ ബാങ്കി നോടടുത്തിരുന്നു.
അമ്മു അവരുടെ വീട്ടിലേക്ക് പോയിരുന്നില്ല. അതിന് ഞാൻ കാരണമായല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. എന്റെ ഉള്ളം അമ്മുവിനെ അറിയിച്ചു വെങ്കിലും അവരത് നിസാരമായാണ് കണ്ടെത്.
എന്റെ നാട്ടിലൊക്കെ നോമ്പിന് ഭർത്താവിന്റെ വീട്ടിൽ നിന്നാൽ പെരുന്നാളിന് സ്വന്തം വീട്ടിലേക്കോടൻ എല്ലാവരും ധൃതി പിടിച്ച് നിൽക്കും .നാത്തൂൻ മാര് ഭർതൃ വീട്ടീന്ന് വരുന്നത് വരെ ചിലർ മുഖം വീർപ്പിച്ചു നിൽക്കുമെങ്കിലും കഴിവിന്റെ പരമാവധി നേരത്തെ പുരയിലേക്ക് എത്താൻ ശ്രമിക്കുന്നവരാണ് മിക്ക മരുമക്കളും.

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.