ഉറങ്ങാൻ അൽപം വൈകിയത് കൊണ്ട് റനീഷാത്ത വന്ന് കതകിന് മുട്ടിയപ്പോഴാണ് ഞാനുറക്കം ഞെട്ടിയത്. തലേന്ന് രാത്രി അയാളോട് സംസാരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. എന്റെ ഷാഹിക്കാന്റെ കോള് പോലും അറ്റന്റ് ചെയ്യാതെ ….. ഞാൻ ……..
എന്തൊരു ക്രൂരയായ പെണ്ണാ ഞാൻ. എന്നെ തന്നെ സ്വയം പഴിച്ച് കൊണ്ട് ഫോണെടുത്ത് നോക്കി.ഷാഹിക്കാടെ അഞ്ച് മിസ്സ്ഡ് കോൾ ….. എനിക്ക് കരച്ചിൽ വന്നു.
എന്തിനായിരിക്കും ഇക്ക ഇത്ര തവണ വിളിച്ചത്. കാര്യായി എന്തേലും പറയാനുണ്ടായിക്കാണുമായിരുന്നോ…. അതോ ഈ പെങ്ങളുടെ ഉള്ളം ഇക്ക മനസ്സിൽ കണ്ട് വിളിച്ചതാവുമോ….? അമ്മൂന് പോലും ഇക്ക മൊബൈല് കൊടുത്തിട്ടില്ല. വിശ്വാസക്കുറവ് കൊണ്ടല്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതിയത് കൊണ്ടാ. അല്ലെങ്കിലും മൊബൈലിനോടൊന്നും അമ്മൂന് വലിയ താൽപര്യമൊന്നും കണ്ടിട്ടുമില്ല. ഒഴിവ് സമയത്തൊക്കെ ഞാൻ ഫോണിൽ ഗെയിം കളിക്കുമ്പോഴും പാട്ട് കേൾക്കുമ്പോഴൊക്കെ അമ്മു എന്നെ ചെറുതായൊന്നു ശകാരിക്കും.
“നിക്ക് വേറൊന്നും പണിയില്ലെ ശാദ്യേ….. അതും കുത്തിപ്പിടിച്ചോണ്ടിരിക്കാൻ ……” എന്നും പറഞ്ഞ്.
” ഇത് വരെ ഇയ്യെണീറ്റില്ലെ ശാദ്യേ…ന്തൊരൊറക്കാത് …..”
റനീഷാത്ത വന്ന് വീണ്ടും കതകിന് തട്ടി. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുടി ചുറ്റിക്കെട്ടി തട്ടമൊക്കെ ശരിയാക്കി ഞാൻ കതക് തുറന്നു
എല്ലാവരും ടേബിളിന് അരികിൽ ഇരിക്കുന്നുണ്ട്. അവസാനം എഴുന്നേൽ ക്കുന്ന റുഫൈദ പോലും. എനിക്ക് ആകെ നാണക്കേട് തോന്നി. എപ്പെഴും ഇങ്ങനെയായിരിക്കുമെന്ന് റാസി എന്നെ തെറ്റിദ്ധരിച്ചു കാണുമെന്ന ചിന്തയും എന്നെ അലട്ടി.
ബാത്ത് റൂമിൽ ചെന്ന് ബ്രഷ് ചെയ്തു മുഖമൊക്കെ കഴുകി ഞാനും അവരുടെ കൂടെ ഇരുന്നു.
“ന്താ! അനക്ക് പറ്റിയെ ….. മടി അനക്കിപ്പൊ കൂടണണ്ട്. എല്ലാരെം കണ്ടോണ്ടാണോ ….. ഒറങ്ങി ത്തീർക്കാ ഇയ്യ് …..”
ചോറുരുള വായിലിടുമ്പോൾ ഉമ്മാന്റെ തുറിച്ച നോട്ടവും പഴയ ശകാരവും തിരിച്ചു വന്നു.
” ഇങ്ങളൊന്ന് മിണ്ടാണ്ടിരി….. ഒറക്ക് എല്ലാർക്കും ഒളളതല്ലെ.കൊറച്ചൊറങ്ങീന്ന് വെച്ച് ന്തിനാ ഇപ്പൊ ഓളെ മേലേക്ക് ചാടണെ ……”
ഉമ്മാന്റെ ശകാരത്തിന് മറുപടി വന്നത് റനീഷാത്താടെ വകയായിരുന്നു.
“അപ്പൊ ഇയ്യും ഓളെ സൈഡാ ……”
ദിവസങ്ങളോളം മിണ്ടാട്ടം മുട്ടിയ ഉമ്മാടെ പത്തി വിടർന്നു.അത് വരെയും സ്നേഹിച്ചും മറ്റും കഴിഞ്ഞ ഉമ്മ സ്വഭാവം ആകെ മാറ്റി.
മോണോ ആക്റ്റിൽ മാത്രം അഭിനയം കാഴ്ചവെക്കുന്ന എനിക്ക് മുന്നിൽ നാടകത്തിലും മിമിക്രിയിലുമൊക്കെ എനിക്കും നല്ല കഴിവുണ്ടെന്ന് ഉമ്മ തെളിയിച്ച് കൊണ്ടിരുന്നു.
എല്ലാവരുടെ മുന്നിൽ നിന്നും ഞാൻ കാരണം ഉമ്മയും മോളും തർക്കിക്കുന്നത് കണ്ട് വിറയാർന്ന ചുണ്ടുകൾ പല്ല് കൊണ്ട് കടിച്ചു പിടിച്ച് കണ്ണീരടക്കിപ്പിക്കാൻ ഞാൻ പാടുപെട്ടു.
ഭക്ഷണം കഴിച്ചെന്നു വരുത്തി ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു കിച്ചണിലേക്ക് നടന്നു.കഴിച്ച പാത്രം കഴുകി വെച്ച് തിരികെ വരുമ്പോൾ ലേഡീസ് ഹാളിലെ മൂലയിൽ നിന്നും റാസിഖിന്റെ പേരെഴുതിയ ആ ബ്ലാംഗറ്റ് കവർ എന്നെ നോക്കി ചിരിച്ചു.
” ശാദ്യേ….. ഇനി ഇയ്യ് കരയേണ്ടി വരില്ല.അന്റിക്ക പറഞ്ഞ നേട്ടം ഞാനാണ് ….. ” എന്ന മട്ടിൽ …….
ഉമ്മാടെ വഴക്കിന് ശേഷം റാസീടേം റനീഷാത്താടേം മുഖം നോക്കാൻ എനിക്ക് വല്ലാത്ത ചമ്മൽ തോന്നി.
അത്താഴം കഴിച്ച ശേഷം എല്ലാവരും ഉറങ്ങിയെങ്കിലും റനീഷാത്തായും ഞാനും ഉറങ്ങിയില്ല. നിസ്കാര ശേഷം എന്നോടൊപ്പം ഇത്തയും ഒതാൻ തുടങ്ങി.
ഉമ്മ അത്താഴം കഴിച്ചതല്ലാതെ നിസ്കരിക്കുന്നതൊന്നും കണ്ടില്ല. റാഹിലാത്ത അത്താഴത്തിന് എണീറ്റത് പോലുമില്ല. ഗുളിക കഴിക്കാനുള്ളത് കൊണ്ട് നോമ്പ് നോൽക്കരുതെത്രെ.
അലക്കാനുള്ള വസ്ത്രവുമായി ഞാൻ പുറത്തിറങ്ങുമ്പോൾ റനീഷാത്ത പിന്നാലെ വന്നു.ഞാൻ അലക്കി വെച്ച ഡ്രസ്സുകളൊക്കെ ഇത്താത്ത കഴുകി അയയിൽ ഇട്ടു..
അലക്കലും കഴിഞ്ഞ് അകത്ത് കയറുമ്പോഴാണ് സുബഹി നിസ്കാരത്തിന് പോയ റാസിഖ് വന്നു കയറിയത്.
നാട്ടുകാരെയൊക്കെ കണ്ടുള്ള വരവാണെന്ന് തോന്നുന്നു. വെളുത്ത കളളി മുണ്ടും റെഡ് കളർ ടീ ഷർട്ടുമാണ് വേഷം. അവന്റെ മുഖത്തെ പ്രസന്നത കൂടിക്കൂടി വരുന്നു.. എന്നെ കണ്ട ഉടനെ കൈയ്യിലുള്ള കറുത്ത കവർ എനിക്ക് നേരെ നീട്ടി.
“നല്ല നെയ്മീനാ…..മാർക്കറ്റിപോയപ്പോ വാങ്ങീതാ…… മൊളകും പുളിയുട്ട് വെള്ളം കൊറച്ച് വെച്ചാ മതി….. ”
റാസിഖിന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നെങ്കിലും എന്റെ മുഖം വാടിയിരുന്നു.
“ന്താ…!ശാദ്യേ….റാസി തന്നിട്ട് പോയത്….. ”
എന്റെ കൈയ്യിലുള്ള കവറിൽ കണ്ണോടിച്ച് പിന്നാലെ വന്ന റനീഷാത്ത ചോദിച്ചു.
“നെയ്മീനാണത്രെ …. മൊളകിട്ട് വെക്കാൻ പറഞ്ഞ് തന്നതാ….. ”
“അതിങ്ങ് താ….ഞാൻ തരപ്പെട്ത്തിക്കൊള്ളാം….. ഇയ്യ് പോയി കുളിച്ചോളി …..”
എന്റെടുത്ത് നിന്ന് കവറും വാങ്ങി ഇത്ത പറഞ്ഞു.
“വേണ്ടിത്ത…. ഞാൻ ശരിയാക്കി എട്ത്തോളാം…..”എന്ന് ഞാൻ ഇത്താനോട് പറഞ്ഞ് നോക്കിയെങ്കിലും ഇത്ത സമ്മതിച്ചില്ല.
സഹായിച്ചില്ലെങ്കിലും ചിലര് പറയുന്ന വാക്ക് മതി നമ്മുടെ മനം നിറയാൻ…..
” ഇത്താത്താ ഞാനൊന്ന് ചോയ്ച്ചോട്ടെ…. ഒന്നും തോന്നരുത്….. ”
സ്നേഹം കൊണ്ടാണോ ഇത്താത്താന്റെ സ്വഭാവം മനസ്സിലായത് കൊണ്ടോ എന്നറിയില്ല. ഞാൻ ഇത്താത്താനോട് റാഷിക്ക പറഞ്ഞതിന്റെ പൊരുൾ ചോദിക്കാൻ തീരുമാനിച്ചു..
“ഊം….ന്താ! ശാദ്യേ… അനക്ക് ഇത്ര കാര്യായി അറിയാനുള്ളെ…. ”
“അങ്ങനെയൊന്നുല്ലാ….. അത് ……. പിന്നെ……. ”
ഉമ്മ വരുന്നുണ്ടോ എന്ന് നോക്കി ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഇത്താത്താന്റെ അരികിലോട്ട് നീങ്ങി.
” പറയെടോ…..ന്തായാലും പറയ്.. പേടിക്കണ്ടാ…..ഇയ്യ് ധൈര്യായി ചോയ്ച്ചോളൂ….. അറിയണ കാര്യാണേൽ ഞാൻ അനക്ക് പറഞ്ഞ് തരാം….ന്ത്യേ…..”
ഇത്താത്താന്റെ വാക്കുകൾ എനിക്ക് ഊർജ്ജം പകർന്നു.ഇനിയും ഓരോന്ന് പറഞ്ഞ് ഉള്ള ബന്ധം കൂടി കളയണ്ടെന്ന് കരുതി ഞാൻ ചോദിച്ചു.
“റാസി കൊണ്ടോന്ന പെട്ടിക്കെന്താ…. ഇത്ര പ്രത്യേകത .റാഷിക്ക സൂചന തരണതല്ലാതെ ഒന്നും പറയണില്ലല്ലോ …..”
“ഹതാണോ ….ഇത്രേം വല്യ ആനക്കാര്യം …. അപ്പൊ അന്നോട് ഉമ്മ ഒന്നും പറഞ്ഞില്ലെ …..?”
മീൻ കഴുകി വൃത്തിയാക്കുന്നതിനിടയിൽ ഇത്താന്റെ ചോദ്യം വന്നു.
“ഇല്ല,ന്താ ……! ഇത്ത കാര്യം?”
എല്ലാവരും എന്നിൽ നിന്നും കാര്യമായ എന്തോ മറച്ച് വെക്കും പോലെ … ഉമ്മയും കൂടി അറിഞ്ഞ കാര്യം. അത്ര വലിയ കാര്യം എന്താണാവോ …..?
“നമ്മുടെയല്ലെ ഉമ്മ. ഒന്നും പറഞ്ഞ് കാണില്ലിത്താത്ത …..”
ഇടതു കൈ കൊണ്ട് ക്ലീൻ ഷേവ് ചെയ്ത താടിതുമ്പ് തടവികൊണ്ട് റാസി ഇടയിൽ കയറി ക്കൊണ്ട് പറഞ്ഞു.
പടച്ചോനേ! ഇത്താത്താനോട് രഹസ്യായി ചോദിക്കാൻ തുനിഞ്ഞ കാര്യാണ്. ഇപ്പൊ ഇത് പരസ്യായി. ഇവൻ ഇവിടെ പെട്ടെന്ന് എങ്ങനെ പൊട്ടി മുളച്ചു.റാസീടെ മുഖത്ത് നോക്കാൻ എനിക്ക് ലജ്ജ തോന്നി. അത്താഴത്തിന് തന്നെ ഉറങ്ങി എഴുന്നേൽക്കാൻ വൈകിയതിന് അവന്റെ മുന്നിൽ എനിക്കൊരു മാർക്ക് വീണതാ….. ഇപ്പൊ ദാ വീണ്ടും ….. ഞാനൊരു നുണച്ചി കൂടിയാണെന്ന് അവൻ ധരിച്ചു കാണുമോ എന്തോ….
ഇങ്ങളെ ചോദ്യത്തിന് ഉത്തരം ഞാൻ പറയാമെന്ന് പറഞ്ഞ് റാസി പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അതിനുള്ളിൽ നിന്നും പാസ്പോർട്ട് സൈസിലുള്ള ഒരു ഫോട്ടോ എടുത്ത് എനിക്ക് നേരെ നീട്ടി……
എവിടെയോ പോകാൻ വേണ്ടി ഡ്രസ്സൊക്കെ മാറി വന്നതായിരുന്നു റാസി.
“ന്താ!റാസീ….. ഇത്….?”
“ഇങ്ങളെ ചോദ്യത്തിനുള്ള ഉത്തരം…..”
“ന്ത്….?ഈ ഫോട്ടോയോ…..?
ഞാൻ നെറ്റി ചുളിച്ചു.
“ന്റെ: …. ഏട്ടന്റെ ഭാര്യേ…… ഇങ്ങള് അതൊന്ന് നോക്കീ…… ന്നിട്ട് അഭിപ്രായം പറയ്….. ”
ചിരിയുടെ ഒരംശം പോലും അവന്റെ മുഖത്ത് നിന്നും മാഞ്ഞു പോയിട്ടില്ല. അവൻ നീട്ടിയ ഫോട്ടോ നോക്കുമ്പോഴേക്കും റനീഷാത്താടെ നെയ്മീൻ മൊരിയുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി.
മെലിഞ്ഞ് വെളുത്ത് സുന്ദരിയായ പെൺകുട്ടി. പത്ത് പതിനേഴ് വയസ്സ് തോന്നിക്കും. കീഴ് ചുണ്ടിന് താഴെയായി മഷി കൊണ്ട് വരച്ച പോലെ ഒരു കറുത്ത കാക്കപ്പുള്ളി എടുത്ത് കാണിക്കുന്നു. അതവളുടെ മുഖത്തെ ഐശര്യത്തെ സൂചിപ്പിക്കുന്ന പോലെയുണ്ട്.
“ആരാ…. റാസീ….. ഇത്…. നല്ല മൊഞ്ചത്തിക്കുട്ടിയാണല്ലോ…”
” അനക്ക് കൂട്ടായി വരണ പെണ്ണാ ഇത്.അന്റെ അനിയനായ ഈ റാസീ കെട്ടാൻ പോണ പെണ്ണ്…”
കറിച്ചട്ടി അടുപ്പത്ത് നിന്നും ഇറക്കി വെക്കുന്നതിനിടയിൽ റനീഷാത്ത പറഞ്ഞു..
റാസി എന്റെ കൈയ്യിൽ നിന്നും ഫോട്ടോ വാങ്ങി ഒന്നും കൂടി നോക്കി പോക്കറ്റിലിട്ടു ചിരിച്ചു കൊണ്ട് പോയി.
“ന്താ … ! ഇത്താത്ത ഓൾടെ പേര്….”
എന്നിലെ ആകാംക്ഷ വർദ്ധിച്ചു.
“ആഫിയ അമാൽ ….. പേര് പോലെ തന്നെ സുന്ദരിക്കുട്ടിയാ…..” റനിഷാത്താടെ മുഖം ഒന്നുകൂടി വിടർന്നു.
പടച്ചോനേ….. ഈ ആഫിയ അമാൽ എന്റെ ആഫിയത്തിനൊരു കൂട്ടായാൽ മതിയായിരുന്നു. മനസ്സ് കൊണ്ട് ഞാൻ മന്ത്രിച്ചു.
റാഹിത്താടെ അപകടം കുടുംബത്തെ തളർത്തിയിട്ടും പെട്ടെന്നൊരും വിവാഹത്തെ കുറിച്ച് ചിന്തിച്ചതിന് എനിക്കെന്തോ പോലെ തോന്നി. എങ്കിലും ബാക്കി കൂടി അറിയാൻ വേണ്ടി എന്റെ മനസ്സ് കൊതിച്ചു.
ഞങ്ങളുടെ മൂന്ന് പേരുടെയും സംസാരം കഴിഞ്ഞ ശേഷമാണ് ഉമ്മ എഴുന്നേറ്റ് വന്നത്. കൈയ്യിലുള്ള വെളുത്ത തുണി ഉമ്മ എന്റെ നേരെ എറിഞ്ഞു.
“ഇതൊന്ന് ഇപ്പൊ തന്നെ അലക്കി വെക്ക് …”
ഉമ്മാടെ കൈയിൽ നിന്നും തുണിയും വാങ്ങി ഞാൻ അലക്കു കല്ലിനരികിലേക്ക് ചെന്നു. ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ തുണി പൂഴ്ത്തി വെക്കുമ്പോഴാണ് തുണിയല്ല നിസ്കാരക്കുപ്പായമാണതെന്ന് എനിക്ക് മനസ്സിലായത്.
ഉമ്മയെ സംബന്ധിച്ചിടത്തോളം ഇനി ഇതിന്റെ ആവശ്യം ഇല്ല. ഉണങ്ങിക്കഴിഞ്ഞാൽ ഇനി ഇതിന്റെ സ്ഥാനം ഉമ്മയുടെ ഷെൽഫിനകത്ത്.
പാവം നിസ്കാരക്കുപ്പായം,ഇനി ഇത് പുറം ലോകം കാണണമെങ്കിൽ ഉമ്മയുടെ മനസ്സ് കാര്യമായി വേദനിക്കുക തന്നെ വേണം .
ലാൻറ് ഫോണിൽ അമ്മുവിന്റെ കോളുണ്ടെന്ന് റനീഷാത്ത വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അകത്ത് കയറിയത്. അറ്റന്റ് ചെയ്തപ്പോഴേക്കും കോൾ കട്ടായിരുന്നു. കുളിയും നിസ്കാരവും കഴിഞ്ഞ് മൊബൈൽ ഓണാക്കി അമ്മുവിന് വിളിച്ചു. ഞാൻ വിളിക്കാത്തതിന്റെ പരാതിയും ഇങ്ങോട്ട് വിളിച്ചാൽ കിട്ടാത്തതിന്റെ പരിഭവവുമുണ്ടായിരുന്നു അമ്മുവിന്റെ വാക്കുകളിൽ.
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha