കണ്ണീർമഴ 2 41

മേശപ്പുറത്ത് എല്ലാം എടുത്ത ശേഷമാണ് ബാക്കിയുള്ളവരെയൊക്കെ ഞാൻ വിളിച്ചത്. ചോറും ചെറുപയറ് കറിയും ബീറ്റ്റൂട്ട് വറവുമായിരുന്നു അത്താഴ ഭക്ഷണം. ഞാനും ഉമ്മയും മർസൂഖും റുബൈദും ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് റുഫൈദ എഴുന്നേറ്റ് വന്നത്.തല ചൊറിഞ്ഞ് കൊണ്ട് കണ്ണ് പാതി അടച്ച് വരുന്ന രംഗം കണ്ടപ്പോൾ ഞാൻ എന്നെ തന്നെ ഓർത്തു പോയി.
റാഹിലാത്താന്റെ കുട്ടികളെയൊന്നും വിളിച്ചില്ല. അവരെയൊന്നും നോമ്പ് ശീലിപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. അവരെ എഴുന്നേൽപ്പിക്കാൻ ഉമ്മ പറഞ്ഞതുമില്ല.
ഒരു ഉരുള ചോറ് വായിലിട്ട ശേഷം മർസൂഖ് ഉമ്മയോടായി ചോദിച്ചു.
” പപ്പടം പൊരിച്ചില്ലെ…”
ഉമ്മ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഒന്നും അറിയാത്തവളെ പോലെ തല കുമ്പിട്ടു നിന്നു.
“ഈ സമയത്തൊക്കെ ന്തിനാ മർസൂഖേ പപ്പടം ” ന്ന് ചോദിക്കണംന്നുണ്ടായിരുന്നു.
എണ്ണ അടുപ്പത്തിൽ വെച്ച് ചൂടാവുന്ന രംഗവും അതിന്റെ അവിഞ്ഞ മണവും ഓർത്തപ്പോൾ തന്നെ എനിക്ക് ഓക്കാനം വന്നു.
ഒരു വിധം കഷ്ടപ്പെട്ടാ ബാക്കി ഭക്ഷണമൊക്കെ തരപ്പെടുത്തിയത്.പപ്പടം കണ്ടു പിടിച്ചവനെ മനസ്സിൽ ശപിച്ചു കൊണ്ട് ഇരുന്ന കസേര പിന്നോട്ട് നീക്കി ഞാൻ പതിയെ എഴുന്നേറ്റു.
“ഇനി ഇപ്പൊ ബേണ്ട. ഇങ്ങള് കൈച്ചോളി .നാളെ ഒന്ന് ഉശാറാക്കിയാ മതി…… ”
എന്റെ മടി മനസ്സിലാക്കിയ പോലെ മർസൂഖ് പറഞ്ഞു..ഉമ്മയെയും മർസൂഖിനേയും മാറി മാറി നോക്കി അവരോട് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞ് കൊണ്ട് ഞാൻ അവിടെത്തന്നെയിരുന്നു.
ഭക്ഷണം കഴിഞ്ഞ് പാത്രം കഴുമ്പോഴാണ് ഉമ്മ കിച്ചണിലേക്ക് വന്നത്.
“ന്റെ കുട്ട്യേ …. ഇയ്യിത്തിരി സുലൈമാനി ഇണ്ടാക്ക്. എല്ലാർക്കും അതിബ്ടെ വാജിബാ…..”
ആജ്ഞ പോലെ പറഞ്ഞ് ഉമ്മ അപ്പുറത്തേക്ക് പോയി. സഹായത്തിന് റുഫൈദയെ കിട്ടുമെന്ന് കരുതിയെങ്കിലും ഭക്ഷണം കഴിച്ച ശേഷം അവളുടെ പൊടി പോലും കണ്ടതില്ല. ബാങ്കിന് തൊട്ടു മുമ്പുള്ള സുന്ദരമായ ഉറക്കത്തിലേക്ക് അവൾ വഴുതി വീണിരുന്നു.എന്നിലെ പഴയ ശാദിയെ പോലെ.
സുലൈമാനി മേശപ്പുറത്തെത്തുമ്പോഴേക്കും മൂവർ സംഘം ചുറ്റിലുമെത്തി.ചെറുപഴവും റൊട്ടിയും കൂട്ടിയുള്ള ചെറിയൊരു ചായ സൽകാരം നടന്നു.
ഇതൊന്നും പതിവില്ലാത്തത് കൊണ്ട് ഞാൻ അവരെ വെറുതെ ഒന്ന് നോക്കിയിരുന്നു.
എല്ലാരും നന്നായി കഴിക്കുന്നതെല്ലാതെ എനിക്ക് നേരെ ഒന്നും നീട്ടിയതുമില്ല.അവരു കഴിക്കുന്നത് കണ്ടപ്പോ തന്നെ എനിക്ക് വയറ് നിറയുകയും ചെയ്തു. അത്താഴത്തിന് തന്നെ ഇങ്ങനെയാണെങ്കിൽ നോമ്പുമുറിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കുമെന്നോർത്ത് കൊണ്ട് ഞാൻ വുളു ചെയ്യാൻ പോയി.
നിസ്കാര ശേഷം പതിവ് സൂറത്തും കഴിഞ്ഞ് ഖത്തം ഓതാൻ തുടങ്ങി.. നോമ്പിന് ഒരു മാസത്തിനുള്ളിൽ മൂന്ന് ഖത്തമെങ്കിലും ഓതിത്തീർക്കണമെന്നാണ് എന്റെ കണക്ക്. അമ്മുവിന് ആറോ ഏഴോ ഖത്തം കഴിയും. ചില നേരത്ത് ഞാൻ അമ്മുവിനോട് വാശി പിടിച്ച് ഓതാറുണ്ടെങ്കിലും ഉറക്കിന്റെ രൂപത്തിൽ ഇബ്ലീസ് വന്ന് എന്നെ സ്വർഗ രാജ്യം കാണിക്കും.
വീർത്ത് വരുന്ന വയറ് എന്നെ നേരെ ഇരുന്ന് പാരായണം ചെയ്യാൻ സമ്മതിക്കാത്തത് കൊണ്ട് കട്ടിലിൽ ചാരി ഇരുന്ന് മടിയിൽ തലയണയ്ക്ക് മുകളിൽ മുസ്ഹഫ് വെച്ചാണ് ഓതിയത്.ചായ കുടി കഴിഞ്ഞ് എല്ലാവരും മയക്കമായി.
രണ്ട് ജുസു അ കഴിയാനാകുമ്പോഴേക്കും ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ തെളിഞ്ഞത് വിരുതന്റെ നമ്പർ. അറ്റന്റ് ചെയ്ത് സംസാരിച്ചാൽ നോമ്പ് മുറിഞ്ഞു പോകുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു.
പല വിധേനയും ഇബ്ലീസ് എന്നെ കീഴ് പ്പെട്ടുത്താൻ നോക്കിയെങ്കിലും ഞാൻ അതിന് വഴങ്ങിയില്ല. എട്ട് മണി വരെ പരായണം തുടർന്നു. അഞ്ച് ജുസുഅ ഓതിക്കഴിഞ്ഞിരിന്നു. മനസ്സിന് എന്തോ ഒരു കുളിർമ കിട്ടിയ പോലെ. മുറിയുടെ വാതിൽ തുറന്നപ്പോൾ തന്നെ കണ്ടത് മേശയിലിരുന്ന് എന്നെ നോക്കിച്ചിരിക്കുന്ന പഴത്തൊലിയും മൂന്ന് ഗ്ലാസുകളും. ഇതൊക്കെ വൃത്തിയാക്കി വെക്കാൻ ഉമ്മ എന്നെ തന്നെ കാത്തിരുന്നതിൽ എനിക്ക് അമർഷം തോന്നി.
കിച്ചണിലേക്ക് പോകുമ്പോഴും എല്ലാവരും സുഖ നിദ്രയിലാണ്. അലക്കാനുള്ള വസ്ത്രവുമായി ഞാൻ മുറ്റത്തേക്കിറങ്ങി.അയൽ വീട്ടുകാരും ജനലും വാതിലുമൊന്നും തുറന്നിരുന്നില്ല.. അവരും എഴുന്നേറ്റിട്ടില്ല.ചുറ്റുപാടും ആ കെയൊരു മൂകത.
രാവിലെ തന്നെ കണി കണ്ടത് അസ്സല് ഒരു പിച്ചക്കാരിയെ. പച്ച കുത്തിയ നെറ്റി തട്ടം കൊണ്ട് മറച്ചു പിടിച്ച് ഭാണ്ഡക്കെട്ടും കൈയിൽ പിടിച്ചാണ് വരവ്.. ആര് എഴുന്നേറ്റില്ലെങ്കിലും നോമ്പ് എന്നാൽ ഞങ്ങളുടെ മാസമാണ്. അത് കൊണ്ട് ഞങ്ങൾക്ക് എഴുന്നേറ്റല്ലേ പറ്റൂ എന്ന അർത്ഥത്തിൽ അവർ എന്റെ അരികിലേക്ക് വന്നു.
“അശ്ശളാമു അളെയ്ക്കും …..”
പുള്ളിക്കാരിയുടെ സലാം കേട്ട് എനിക്ക് ചിരി വന്നു. സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണല്ലോ… പക്ഷേ ഈ സലാം ചൊല്ലലിന് എങ്ങനെയാ റബ്ബേ ഞാൻ മറുപടി നൽകേണ്ടത്.
അവരുടെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു അകത്ത് കയറി രണ്ടു രൂപാ തുട്ടെടുത്ത് കൊണ്ട് വന്നു കൊടുത്തു.
“എതുക്ക് അമ്മാവിത്…..”
കൈപത്തിയിൽ കിടന്ന പണം നോക്കി അവരൊന്നു പുച്ഛിച്ചു കൊണ്ട് പറഞ്ഞു.
ഞാനൊന്നും മിണ്ടാതെ
അലക്കാൻ തുടങ്ങി. അവരെന്നെ വിടുന്ന ലക്ഷണമില്ല.
“ഉങ്കള് ഇന്ത നാട്ടുക്ക് പുതുസാ….. ”
തട്ടം കൊണ്ട് ഒന്നുകൂടി നെറ്റിത്തടം മറച്ച് പിടിച്ച് അവർ ചോദിച്ചു.
തമിഴ് ഭാഷയ്ക്ക് അൽപം മലയാള ടച്ച് ഉള്ളത് കൊണ്ട് എനിക്കത് കേട്ടാൽ മനസ്സിലാവും.
അതെ, എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.
” അപ്പടിയാ, ഉങ്കള് അമ്മാവു താനെ എങ്കൾക്ക് പെരിയ കടവുൾ …. ”
ഓരോന്നും പറഞ്ഞ് അവരെന്നെ വശീകരിക്കാൻ തുടങ്ങി. രാവിലെത്തന്നെ കല പില കേട്ടതു കൊണ്ടാവണം ഉമ്മ എഴുന്നേറ്റ് വന്നു.
“നോമ്പ് തൊടങ്ങണേയ്ന് മുമ്പേ എറങ്ങില്ലോ …. ബെള്പ്പാൻ കാലത്ത് ന്റെ ബായീന്ന് ഒന്നും കേക്കണ്ട. കിട്ടിയേതും ബാങ്ങി പോവാൻ നോക്ക് ഇയ്യ്.”
ഉമ്മാന്റെ വക രണ്ട് ആട്ട് കേട്ടപ്പോൾ അവർ അവിടന്ന് തടി തപ്പി.
ഈ ഉമ്മാനെയാണോ കടവുൾ എന്ന് പറഞ്ഞതെന്ന് അവർക്കും തോന്നിക്കാണണം.
അലക്കലും മുറ്റമടിയുമൊക്കെ കഴിഞ്ഞ് അകത്ത് കയറിയപ്പോഴേക്കും കുട്ടികൾ സ്കൂളിലേക്കും മർസൂഖ് ഷോപ്പിലേക്കും പോയിരുന്നു.ഉമ്മ ഫോണിൽ സംസാരിക്കുന്നുണ്ട്. ആരാണെന്നറിയില്ല .
അകത്തെ തൂത്ത് വാരലും തുടയ്ച്ച് വൃത്തിയാക്കലും കഴിഞ്ഞ് ഞാൻ കുളിക്കാൻ പോയി. നോമ്പായത് കൊണ്ട് ഉച്ചയൂണിന്റെ പണി കുറഞ്ഞ് കിട്ടി. നിസ്കാരം കഴിഞ്ഞ ഉടനെ ഉമ്മ എന്റെ റൂമിനകത്തേക്ക് കയറി വന്നു.
“ഇയ്യൊന്ന് ബേഗം പോരീം .ന്തൊക്കെ പണീണ്ടി നീം. ഓലിപ്പൊ എത്തും. റാഷി ഇപ്പൊ വിളിച്ച് പറഞ്ഞാർന്ന്…… ”
ഉമ്മാന്റെ മുഖത്തെ സന്തോഷം പലതും വിളിച്ചോതുന്നുണ്ടായിരുന്നു.
നാല് നാലര ആവുമ്പോഴേക്കും ഏകദേശം എന്റെ പണിയൊക്കെ കഴിഞ്ഞിരുന്നു.ഉമ്മ ഒന്നിനും സഹായിച്ചില്ലെന്ന് മാത്രമല്ല. ഓരോ പണി തീരുമ്പോഴേക്കും വേറൊരു പണി തന്നു കൊണ്ടിരുന്നു. സ്കൂൾ വിട്ടു വന്ന കുട്ടികളുടെ ബഹളം എന്നെ കൂടുതൽ അലോസരപ്പെടുത്തിയിരുന്നു.
ഗൾഫ്കാരുടെ വരവും കാത്ത് ഉമ്മയും കുട്ടികളും പുറത്തെ വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു.
പണിയൊക്കെ തീർത്ത് ഞാനും അവരോടൊപ്പം കൂടി .മഗ്രിബ് ബാങ്കിന് അര മണിക്കൂർ ബാക്കി നിൽക്കെയാണ് മെറൂൺ നിറത്തിലുള്ള സുമോ വന്ന് മുറ്റത്ത് നിന്നത്.ആദ്യം ഇറങ്ങിയത്.ഒരു സുന്ദരൻ ചെക്കൻ. വെളുത്ത് തുടുത്ത മുഖത്ത് നെറ്റിത്തടത്തിൽ നിസ്കാര തഴമ്പ് തെളിഞ്ഞ് കാണാം. അതിൽ ആലേപനം ചെയ്തിരുന്നു ആ വ്യക്തിയുടെ സ്വഭാവവും.മുഖത്തെ ചിരി കണ്ടപ്പോഴേ അത് റാസിഖാണെന്ന് എനിക്ക് മനസ്സിലായി.
റാഹിലാത്താന്റെ കൈ പിടിച്ചാണ് റനീഷാത്ത ഇറങ്ങിയത്. പെട്ടെന്ന് നാട്ടിലേക്ക് തിരിച്ച സങ്കടവും ജീവൻ തിരിച്ചു കിട്ടിയ സന്തോഷവും റാഹിലാ ത്താന്റെ ഭാവത്തിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.
.റനീഷാത്താക്ക് ഞാൻ മനസ്സിൽ കണ്ടത് ഒരു രൂപം .കൺമുന്നിൽ കണ്ടത് മറ്റൊരു രൂപം ……
ഒരു പാട് നാള് ഗൾഫിൽ തന്നെ കഴിഞ്ഞത് കൊണ്ട് ഒരു അറബിപ്പെണ്ണിന്റെ മൊഞ്ചാണ് റനീഷാത്താക്ക് എന്ന് ഞാൻ ധരിച്ചു വെച്ചത്. റാഹിലാത്തയും റനീഷാത്തയും ഒരുമിച്ച് നിൽക്കുന്നത് കണ്ടാൽ രാവും പകലും വ്യത്യാസം. തടിച്ച് ഉരുണ്ട പ്രകൃതമാണ് റനീഷാത്താത്തേത്. തടിക്ക് ഒട്ടും യോജിക്കാത്ത കുഞ്ഞു മുഖവും. കറുത്ത മുഖത്ത് ഇത്താത്താന്റെ മുല്ലമൊട്ടു പോലുള്ള പല്ലിന്റെ ചിരി പതിനാലാം രാവിനഴകായിരുന്നു.
സലാം പറഞ്ഞ് ആദ്യം അകത്ത് കയറിയത് റാസി ഖാണ്. പിന്നാലെ റാഹിലാത്തയും റനീഷാത്തയും. റാഹിലാ ത്താക്ക് ശരിക്കും നടക്കാൻ പറ്റാത്തത് കൊണ്ട് റനീ ഷാത്തയായിരുന്നു ഊന്നുവടി. അവരുടെ അകത്തേക്കുള്ള വരവ് കാണുമ്പോൾ തന്നെ
ഞാനൽപ്പം മാറി നിന്നു. ഉമ്മ റാഹിലാ ത്താനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുട്ടികൾക്കൊന്നും റാഹിലാ ത്താനെ കണ്ട അന്ധാളിപ്പ് മാറിയില്ല. എന്റെ മനസ്സ് മുഴുവൻ മറ്റൊരിടത്തായിരുന്നു. റാഷിക്ക പറഞ്ഞ വാക്കിൽ .അവർ വന്നാൽ നിനക്കല്ലെ നേട്ടം ….. എന്തായിരിക്കും ആ നേട്ടം. എല്ലാവരും വന്നു കയറിയതല്ലെയുള്ളൂ, …… കാത്തിരിക്കാം………. കാത്തിരുന്നല്ലെ പറ്റൂ………

മഗ് രിബിന്റെ ബാങ്കൊലി മുഴങ്ങി. “അല്ലാഹുമ്മ ലക സുംതു …….” എല്ലാവരും ഒന്നിച്ചിരുന്നാണ് നോമ്പ് മുറിച്ചത്. വിശാലമായ വിഭവങ്ങൾ കൊണ്ട് ഹാളിലെ മേശ നിറഞ്ഞിരുന്നു.

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.