കണ്ണീർമഴ 2 41

സത്യാവസ്ഥ അറിയാൻ വേണ്ടി എനിക്ക് ആകാംക്ഷയായി.
“റാസിയും അളിയനും ഏർ പോട്ടിൽ എത്തുമ്പഴേക്കും ഇത്താത്ത ഒക്കെ കഴിഞ്ഞ് പൊറത്തെറങ്ങി. കാറ് നിർത്തി റാസി എറങ്ങുമ്പോ തന്നെ ഓല് ലെഗേജുമായി ഓന്റരികിലേക്ക് വന്നു. വണ്ടി വരുന്നുണ്ടെന്ന് അവൻ വിളിച്ച് പറയലും ഇടിക്കലും വീഴലൊക്കെ ഒരുമിച്ചായിരുന്നു…. ”
ആത്മഗതം പോലെ ഷാഹിക്ക പറഞ്ഞു തീർത്തു.
“അപ്പൊ സുബൈറളിയനോ ……”
“ആരോ ഫോൺ വിളിച്ചതോണ്ട് മൂപ്പര് കൊറച്ച് മാറി നിന്ന് അറ്റന്റ് ചെയ്യായിരുന്നു….. പടച്ചോന്റെ ഖളാഹിനെ തടുക്കാനൊക്കില്ലല്ലോ ……”
ഇക്ക പറഞ്ഞത് ശരിയാ ….. കൃത്യ സമയത്ത് റാസിയും സുബൈറളിയനും കൂടി അവിടെ എത്തിയിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ……
കുഞ്ഞുനാളിൽ ഷാനീടെ കൈയ്യീന്ന് മിഠായും തട്ടിപ്പറിച്ച് ഞാനോടാറുണ്ട്.
” ഇയ്യോടല്ലെ ശാദ്യേ….. എവിടേലും തട്ടി വീഴും…. മിട്ടായി വേണേ ഇയ്യെട് ത്തോ …..അന്റെ വീഴ്ച കാണാൻ ന്നെ ക്കൊണ്ടാവൂലാ…..”
അപ്പോഴൊക്കെ ഇങ്ങനെ പിറകീന്ന് ഉമ്മ വിളിച്ച് പറയുന്നുണ്ടാകും. ഞാനതൊന്നും കേട്ട ഭാവം പോലും നടിക്കാറില്ല. ഒടുവിൽ എവിടേലും തട്ടി വീണ് മുട്ട് പൊട്ടി കരഞ്ഞ് കൊണ്ട് അകത്തേക്ക് വരുമ്പോൾ കോലായിപടിയിലിരുന്നു ന്റുപ്പ ന്നെ നോക്കി ഒരു പാട്ടങ്ങ് പാടും.
“പടച്ചോനൊരുത്തന്ന് കൊടുക്കാൻ കണ്ടാൽ….
പടപ്പിന്നൊരുത്തർക്കും
തടുക്കാൻ വയ്യാ …..” ന്ന്
അന്നൊക്കെ അതിന്റെ പൊരുൾ അറിഞ്ഞില്ലെങ്കിലും കല്യാണ ശേഷം ഏതിന്റെയെങ്കിലും പൊരുൾ ഞാൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ആ പാട്ടിന്റേത് മാത്രമായിരിക്കും. എത്ര ശരിയാണ് ആവരികൾ.ഉമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഞാൻ വീഴുമായിരുന്നോ. മുട്ടിന് കാര്യമായ ചതവ് പറ്റിയത് കൊണ്ട് രണ്ടാഴ്ചയാ ഞാൻ കിടപ്പിലായത്.ആ വീഴ്ച എനിക്ക് പടച്ചോൻ വിധിച്ചതായിരുന്നു.പടച്ചോൻ വിധിച്ചത് പടപ്പായ എന്റുമ്മാക്ക് തടുക്കാൻ പറ്റിയില്ലല്ലോ ….
റാസി വിളിച്ച് പറഞ്ഞത് ഇത്ത കേൾക്കാത്തതും അളിയന് ഫോൺ വന്നതും ഇത്താക്ക് ഒരപകടം പറ്റാൻ വേണ്ടി അള്ളാഹു മുൻ കൂട്ടി നിശ്ചയിച്ച പോലെ തോന്നി എനിക്ക്……
“ഇയ്യോരോന്നോർത്ത് ടെൻഷനാവാ ശാദ്യേ…..അന്റെ ഇപ്പഴത്തെ സമയം കൂടി നോക്കണം ഇയ്യ്. ഓരോന്നോർത്ത് ബി പി യൊന്നും കൂട്ടി വെക്കെണ്ടാ…..”
ഇക്ക സ്നേഹത്തോടെ എന്നെ കുറ്റപ്പെടുത്തി.
“ഇല്ലിക്കാ….. ഞാൻ വെർതെ …..”
“അന്നെ ഈ ഇക്കാക്ക് നന്നായി അറിയാല്ലോ ടീ മോളേ …..ചെറിയൊരു കാര്യം കിട്ടിയാ പോരെ അനക്ക് ചിന്തിക്കാനും വെഷമിക്കാനുമൊക്കെ……”
ഷാഹിക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
ശരിയാ എന്റിക്കാക്ക് ഈ ശാദിയെ നന്നായി അറിയാം.പക്ഷേ, ഇക്കാടെ ഈ പെങ്ങള് ഇപ്പൊ അനുഭവിക്കുന്ന ദുരിതം ന്റിക്ക അറിയുന്നില്ലല്ലോ.
ഇക്കാടെ ചിരി കേട്ടപ്പൊ ഞാനും ചെറുതായൊന്ന് ചിരിച്ചു.
“മോളേ…!റാസി വിളിക്കണണ്ട്. കാര്യന്താണെന്നറിഞ്ഞ് ഇക്ക ഇഷാഅള്ളാ പിന്നെ വിളിക്കാം.”
“ഊം”
ഇക്കാന്റെ കോൾ കട്ടായ ശേഷം ഞാൻ ഉമ്മാടരികിലേക്ക് പോയി.
ഉമ്മ കിടന്ന് ഓരോന്ന് പറഞ്ഞ് കരയുന്നുണ്ട്. എന്നെ കണ്ടപ്പോൾ ദയനീയമായി നോക്കിക്കൊണ്ട് ഉമ്മ ചോദിച്ചു.
“ആരാ ഇപ്പൊ വിളിച്ചെ….. ന്താ!’ ….മോളേ…. ന്റെ കുട്ടിക്ക് പറ്റിയെ ….”
എന്നും ഇതുപോലെ സ്നേഹത്തോടെ മോളേ ന്ന് വിളിച്ചിരുന്നെങ്കിൽ എന്ത് സന്തോഷമായിരിക്കും ഈ കുടുംബത്തിൽ.
അൽപം മുമ്പ് എന്നെയും മർസൂഖിനേയും ചേർത്ത് പറഞ്ഞതും ന്റെ ഷാഹിക്കാനെ പറഞ്ഞതും മനസ്സിൽ നിന്നും മാഞ്ഞില്ലെങ്കിലും ഞാനുമ്മാനോട് ചേർന്നിരുന്നു.
” ഷാഹിക്കായാ വിളിച്ചെ.ഇത്താത്തക്ക് കാര്യായി ഒന്നും പറ്റീല്ലുമ്മ. ഇപ്പൊ ഇത്താത്ത റൂമിലുണ്ട്. റാഷിക്കായും റനിഷാത്തായും റാസിയൊക്കെ ഇണ്ട് കൂടെ.ഞാൻ ഉമ്മാനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളൊക്കെ വന്നു. എന്ത് സന്തോഷായിരുന്നു റാഹിത്താടെ കുട്ടികളുടെ മുഖത്ത്. ആ പാവങ്ങളറിയുന്നില്ലല്ലോ ഉമ്മാക്ക് പറ്റിയ ദുരന്തം. എനിക്കെന്തോ സഹതാപം തോന്നി.
രാത്രി മർസൂഖ് വന്ന ശേഷമാണ് ഉമ്മ എഴുന്നേറ്റത്.അതുവരെയും പച്ച വെള്ളം പോലും കുടിച്ചില്ല. ഞാനൊരു പാട് നിർബന്ധിച്ചിട്ടു പോലും ഉമ്മ എഴുന്നേറ്റില്ല. രാവിലെ വടി പോലെ ഉണ്ടായിരുന്ന ഉമ്മ രാത്രി ആവുമ്പോഴേക്കും വള്ളി പോലെയായിരുന്നു..
ഒരു വിധം ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും ഉറങ്ങാൻ കിടന്നു.രാത്രി ഒരു മൂന്ന് മണി ആയിക്കാണും. റാഷിക്കാന്റെ കോൾ വരാത്തത് കൊണ്ട് ഞാൻ കിടന്ന ഉടനെത്തന്നെ ഉറങ്ങിയിരുന്നു..പെട്ടെന്ന് ഒരു കരച്ചിൽ കേട്ട് ഞാൻ ഞെട്ടി എണീറ്റു. മുറിയുടെ വാതിൽ തുറന്ന് ചുറ്റു പാടും നോക്കി. കരച്ചിൽ കേൾക്കുന്നത് ഉമ്മയുടെ മുറിയിൽ നിന്നാണ്. ഞാൻ നേരെ അവിടേക്ക് പോയി. ചാരി വെച്ച കതക് ഞാൻ കൈ കൊണ്ട് പതിയെ തള്ളി…. മാഷാ അള്ളാ….!എന്താ ഇത്… ഞാൻ അന്ധാളിച്ചു പോയി….

സുബഹി പോലും നിസ്കരിക്കാത്ത ഉമ്മ മുസല്ലയിൽ സുജൂദിലിരുന്ന് പൊട്ടിക്കരയുന്നു. സിൽക്ക് തുണിയും മുഴുക്കൈ ബ്ലൗസും ധരിക്കുന്ന ഉമ്മയ്ക്ക് എന്ത് ചന്താ നിസ്കാരക്കുപ്പായം. ആദ്യമായിട്ടല്ലെ ഈ കോലത്തിൽ ഉമ്മാനെ കാണുന്നത്. ഒരു പക്ഷേ അതുകൊണ്ടാവും.
വർഷങ്ങളായി ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന വസ്ത്രമാണതെന്ന് മടക്കി വെച്ച അടയാളം അതിൽ വ്യക്തമാക്കിത്തരുന്നു. അതിൽ നിന്നും വന്ന പഴകിയ ഗന്ധം എന്നെ ആലസ്യപ്പെടുത്തി. പലതും ഓർമ്മിപ്പിക്കുന്ന എനിക്കിഷ്ടമുള്ള ഒരു പാട് ഗന്ധങ്ങളുണ്ട്. അതിൽ നിന്നൊക്കെയായി എനിക്ക് ഏറ്റവും ഇഷ്ടം മദ്രസയിൽ നിന്നും പുതുതായി കിട്ടുന്ന അഖിദയുടെയും സർഫുന്ന ഹ് വിന്റെയും മറ്റു പുസ്തകങ്ങളുടെയും അകത്തളങ്ങളിലെ മണമാണ്.പുതിയ ക്ലാസിലേക്ക് പാസാകുമ്പോൾ ഉസ്താദ് തരുന്ന പുസ്തകങ്ങൾ തുറന്ന് മുഖത്തോടടുപ്പിച്ച് വെച്ച് ദീർഘമായി ഒന്നു ശ്വസിക്കാറുണ്ട് . ആ മണം ഇന്നുവരെ ഞാൻ കണ്ട ഒരു പുസ്തകത്തിൽ നിന്നും കിട്ടിയിട്ടില്ല. വല്ലാത്തൊരു അനുഭൂതിയാണത്.
പടച്ചോന്റെ മുന്നിലുള്ള ഈ കുമ്പിടൽ
വിഷമം വരുമ്പോഴും ഉദ്ദേശ പൂർത്തീകരണത്തിനും വേണ്ടിയുള്ള ഉമ്മാന്റെ അടവ്. മുമ്പ് പറഞ്ഞത് പോലെ ഇത് മനുഷ്യരുടെ മാത്രം പ്രത്യേകത. പെട്ടെന്ന് ഒരു മിന്നായം പോലെ ഞാനോർത്തു.”റബ്ബേ…. എന്തിനാ ഉമ്മാനെ പറയണെ. ഈ ഞാനും അതിൽ പെട്ടതാണല്ലോ…. റാഹിലാ ത്താന്റെ നാവടക്കത്തിന് വേണ്ടി ഓതിയ സു:റ അൻആം …. ഞാനിപ്പോ അത് മറന്നു പോയിരിക്കുന്നു. സങ്കടത്തിന്റെ ആഴങ്ങളിൽ ഞാൻ മുങ്ങിത്താഴുമ്പോൾ എനിക്കൊരു പിടിവള്ളി ആയിരുന്നില്ലെ അത്. എന്നിട്ട് പോലും…… ഇല്ല ….. എനിക്ക് ഉമ്മാനെ കുറ്റപ്പെടുത്താൻ ഒരു അർഹതയുമില്ല.
പ്രാർത്ഥിക്കുന്ന പടപ്പിന്റെയും ഏറ്റെടുക്കുന പടച്ചോന്റെയും ഇടയിൽ മറയില്ല. ഓർമ്മ വെച്ച നാളു മുതൽ എല്ലാ വഖ്ത്തും അദാ ആയി നിസ്കരിച്ച ഞാൻ ഉമ്മാന്റെ ഈ പ്രവർത്തിയെ കളിയാക്കിയാൽ ഈ ഒരൊറ്റ നിസ്കാരം കൊണ്ട് ഉമ്മാക്ക് എന്റെ പ്രതിഫലം നൽകിയാലോ …. റബ്ബ് നോക്കുന്നത് ഇബാദത്തിലേക്കല്ല മനസ്സിലേക്കാണ്. ഉമ്മ തന്റെ സങ്കടം മുഴുവൻ നാഥനോട് പറഞ്ഞ് തീർക്കട്ടെ. എന്നിട്ട് ആ നെഞ്ചിനുള്ളിലെ മലയുരുകി മഞ്ഞാവട്ടെ. തുറന്നിട്ട വാതിൽ പാതി ചാരി ഞാൻ റൂമിലേക്ക് നടന്നു.
കിടന്നൊന്നു കണ്ണടച്ചതേ ഉള്ളൂ….
“അസ്സലാത്തു ഖൈറു മ്മിനന്നഊം……” ഉറക്കി നോക്കാൾ ഖൈറാണ് നിസ്കാരം …..
വയലിനികത്തുള്ള പള്ളി മിനാരത്തിൽ നിന്നും സുബഹി ബാങ്ക് മുഴങ്ങി. ഞാൻ എഴുന്നേറ്റു വുളു എടുത്ത് നിസ്കരിച്ചു.ഹാളിൽ ചെന്നിരുന്ന് സൂ:റ യാസീനും സു:റ ഹദീദും ഓതി കഴിഞ്ഞ് മുസ്ഹഫ് അടച്ചു വെച്ചപ്പെഴാണ് അൻആം ….സു:റയുടെ ഓർമ്മ വന്നത്. അമ്മു പറഞ്ഞത് ശരിയാണോ അതോ എന്റെ തോന്നാലാണോ? പരിശോധിച്ച് നോക്കാം എന്ന് കരുതി ഓരോ പേജും മറിച്ചു . എനിക്ക് നേരെ വരുന്ന എല്ലാവരുടെ ശർറിനെ തൊട്ടും കാക്കണേ റബ്ബേ എന്ന് മനസ്സിൽ നിയ്യത്ത് വെച്ചു.. വളരെ സൂക്ഷ്മതയോടെ ഓതാൻ തുടങ്ങി.മുപ്പത്തിമൂന്നാമത്തെ ആയത്ത് പൂർത്തിയാക്കി ഇരു കൈ കൊണ്ടും മുസ്ഹഫ് മുഖത്തോട് ചേർത്ത് കൊണ്ട് ചുംബിച്ചു. അപ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി വന്നത്.
“ഓതിക്കഴിഞ്ഞോ….?”
ഞാൻ തിരിഞ്ഞു നോക്കി.മർസൂഖ് എന്നെ നോക്കി പുഞ്ചിരിക്കുന്നു.
മർസൂഖിന്റെ മുഖവും കൈയ്യിലിരിക്കുന്ന മുസ്ഹഫും ഞാൻ മാറി മാറി നോക്കി.അള്ളാഹു വിന്റെ ഈ വിശുദ്ധ ഗ്രന്ഥം എത്ര അത്ഭുതം.”അള്ളാഹു അക്ബർ “. ഞാൻ മനസ്സിൽ മന്ത്രിച്ചു.മുഖം നോക്കി നേരെ സംസാരിക്കാത്ത മർസൂഖിന്റെ മുഖത്ത് തെളിഞ്ഞൊരു പ്രകാശം.
“ഊം… ന്താ ഇയ്യ് പതിവില്ലാതെ ഈ നേരത്ത് ”
“രാത്രി കെടന്നല്ലാണ്ട് ഒറക്കം വന്നീല്ല.” മർസൂഖ് മുഖം താഴ്ത്തി പറഞ്ഞു.
“ഊം….എന്ത് പറ്റി…..?
“വല്ല പ്രശ്നോം …..”
“പ്രശ്നോന്നുല്ല ….. ”
“പിന്നെ……”
“ഞാനൊന്ന് ചൊയ്ച്ചോട്ടെ”
“ഊം…..ന്താ”
“ഇങ്ങക്ക് എന്നോടും ഉമ്മാടും ഇത്താത്താടൊക്കെ ദേഷ്യണ്ടോ…..”
ഉണ്ടോന്നോ…… ഒറ്റയ്ക്ക് കിട്ടിയാ ഓരോരുത്തരേയും അരിഞ്ഞുകളയണമെന്ന് പോലും ചിന്തിച്ചിട്ടുണ്ട് ചില നേരങ്ങളിൽ. അത്രേം സുഖങ്ങളല്ലെ എല്ലാരും കൂടി എനിക്ക് സമ്മാനിച്ചത്. പറയാൻ കൊതിച്ച വാക്കുകൾ തൊണ്ടയ്ക്കുള്ളിൽ കുഴിച്ചുമൂടി പുറമെ പുഞ്ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
“ന്തിനാ …. ഇങ്ങളോടൊക്കെ നിക്ക് ദേഷ്യം …..”
“ഒത്തിരി വേദനിപ്പിച്ചില്ലെ….”
മർസൂഖ് താഴ്ന്ന മുഖം അൽപം ഉയർത്തിക്കൊണ്ട് പറഞ്ഞു.
അപ്പൊ മനപ്പൂർവ്വം വേദനിപ്പിച്ചതാണെന്നും അതിൽ ഞാൻ വേദനിച്ചിട്ടുണ്ടെന്നും കൃത്യമായി അറിയാം.
“ഒന്നും മന: പൂർവ്വായിര്ന്നില്ല. എല്ലാം…….”
അത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ കണ്ണുകൊണ്ട് ചുറ്റുപാടും പരതി.
ഉമ്മ കേൾക്കുന്നുണ്ടോ എന്ന് നോക്കിയതാണെന്ന് എനിക്ക് മനസ്സിലായി. പാതിരാവിൽ നിസ്കരിച്ചെങ്കിലും ആ നേരം നഷ്ടപ്പെട്ട ഉറക്കം ഖളാ വീട്ടുകയാണ് ഉമ്മ. മുറിയിൽ ചെന്ന് ഉമ്മാനെ സുബഹി നിസ്കരിക്കാൻ വിളിച്ചിട്ടും ഉമ്മ എഴുന്നേറ്റില്ല.ഉമ്മാടെ കൺതടങ്ങളൊക്കെ വീർത്തു തുടുത്തിരുന്നു. ഉറക്കീന്ന് വിളിച്ചാൽ എനിക്ക് വല്ല പണീം കിട്ടുമെന്ന് പേടിച്ച് ഞാൻ ഉടൻ പോരുകയും ചെയ്തു.
“പിന്നെ…… ന്തിനായിരുന്നു അങ്ങനെയൊക്കെ….. “

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.