കണ്ണീർമഴ 2 41

“യാ! അള്ളാഹ്….”
ഞാനുറക്കെ വിളിച്ചു പോയി.
വീഴ്ചയിൽ നിലം തൊടാറായപ്പോൾ അവിടെ റു ഫിയും റുബിയും വന്നില്ല. പകരം എത്തിയത് മറ്റൊരാളായിരുന്നു.
നാളിതുവരെ എന്നോട് മിണ്ടാതെ നടന്ന് ഒരു ശത്രുവിനെ പോലെ എന്നോട് പെരുമാറിയ മർസൂഖെന്ന അനിയൻ.. ഞാൻ ചെന്ന് വീണത് നേരെ അവന്റെ കൈകളിൽ. അകത്തേക്കുള്ള അവന്റെ കയറ്റവും എന്നെ പിടിച്ചുള്ള ഉമ്മയുടെ തള്ളും ഒരുമിച്ചായിരുന്നു.എന്റെ കുഞ്ഞിന്റെ ജീവൻ പടച്ചോനാണ് ഏറ്ററ്റെടുത്തതെന്ന് റബ്ബ് ഒന്നു കൂടെ തെളിയിച്ചു തന്നു. അല്ലെങ്കിൽ ഷോപ്പിലേക്ക് പോകാൻ ഇറങ്ങിയ മർസൂകെന്തിനാ തിരിച്ചു വന്നത്.
” അനക്ക് നാണാവണില്ലേടാ അന്യ പെണ്ണിനെ കേറിപ്പിടിക്കാൻ ….”
ഉമ്മ മർസൂഖിന് നേരെ തിരിഞ്ഞു. അവനെന്നെ പിടി വിട്ടു. എനിക്കും നാണം തോന്നി.രക്ഷകനായി വന്നെങ്കിലും സ്വന്തം അനുജൻ എന്റെ ശരീരത്തിൽ സ്പർഷിച്ചില്ലേ…… ഇനി എങ്ങനെയാ അവന്റെ മുഖത്തേക്കൊന്ന് നോക്കുക.
ഷാഹിക്കാക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യാ ഇപ്പൊ സംഭവിച്ചത്.ടൗണിലോ മറ്റോ എന്നെയും അമ്മൂനെയും കൊണ്ട് പോകുമ്പോൾ അട്ടിടയൻ ആട്ടിൻ പറ്റത്തെ മേയ്ക്കാൻ കൊണ്ടു പോകുമ്പോലെയാണ് തോന്നുക. ഫുഡ് പാത്തിലൂടെ നടക്കുമ്പോൾ അമ്മുവും ഞാനും മുൻപിലും ഇക്കാക്ക തൊട്ടു പിറകിലും. ഇക്കാക്കാടെ കണ്ണ് നാല് ചുറ്റിലും ഉണ്ടാവും.
“എതിർ ദിശേന്ന് നിന്നും ആരേലും വരുന്നുണ്ടേൽ ഇങ്ങള് കൊറച്ച് എറങ്ങി നടക്കണം” ന്നാ ഇക്കാക്ക പറയാറ് ”
ഇത് പറയുമ്പോൾ എന്റിക്ക ഒരു സംശയ രോഗിയാണെന്ന് കരുതരുത്. സ്നേഹക്കൂടുതൽ കൊണ്ടാണ്.
“അവനവന്റെ മേനി അവനവൻ സൂക്ഷിച്ചാൽ കാര്യവും കാലവും എത്ര ഭദ്രം….”
ഇക്ക പറയണ വാക്കാ
ഇത്….. ചിന്തിച്ച് നോക്കിയപ്പോൾ ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.
മർസൂഖിനെ ശകാരം കൊണ്ട് ഉമ്മ തെറിയഭിഷേകം നടത്തി.ഞാൻ ഒരു മൂലയിൽ മാറി നിന്നു.
“ഏട്ടന്റെ കെട്ട്യോക്ക് താങ്ങായി വന്നൊരു അനിയൻ…. ഫ്ഫൂ….. ” ഉമ്മ മർസൂഖിനെ നോക്കി കാർക്കിച്ചു തുപ്പി.
മർസൂഖ് ഒന്നും മിണ്ടിയില്ല.
“വെറ്തെയല്ല …. എടയ്ക്കിടയ്ക്ക് നിസ്കാരോം വഴിപാടൊക്കെ കൈച്ച് കൂട്ടണെ പെണ്ണ്…. ന്റെ മക്കളെ വശീകരിക്കാനാണല്ലെ……”
ഉമ്മാടെ ക്രോധം കൂടിക്കൂടി വന്നു. എന്റെ കണ്ണിൽ നിന്നും ധാരധാരയായ് നീർ ചാലുകൾ ഒഴുകി.
“ഇവളട്ത്ത് ഇത്രേം സ്‌നേഹം ഉണ്ടായിരുന്നെങ്കിൽ ഞാനും ന്റെ മോളും ഇബടെ ഇല്ലാത്ത നേരത്ത് ന്തൊക്കെ നടന്നിട്ടുണ്ടാവും….. ന്ന് ആർക്കറിയാം…. ന്റ് റബ്ബേ… ”
കൈ രണ്ടും മലർത്തി പിടിച്ച് കണ്ണു രണ്ടും മുകളിലേക്കുയർത്തി ഉമ്മ പറഞ്ഞു.
“ഉമ്മാ…..!
ഞാനലറി വിളിച്ചു.
ഇതിലും ഭേദം ആ വീഴ്ചയിൽ മരിക്കണതായിരുന്നു. ഇങ്ങനെയൊക്കെ കേൾക്കാൻ മാത്രം ഞാൻ എന്ത് തെറ്റാ റബ്ബേ ചെയ്തത്. വല്ലാത്തൊരു നരകത്തിലോട്ടാണല്ലോ നാഥാ ഞാൻ എത്തപ്പെട്ടത്.
ഇരു കൈകൾ കൊണ്ട് മുഖമമർത്തിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു.
അത് വരെ ഒന്നും മിണ്ടാതിരുന്ന മർസൂഖ് ദേഷ്യം കൊണ്ട് വിറച്ചു. മുഷ്ടി ചുരുട്ടി….. ഉമ്മാന്റെ അടുത്തേക്ക് നടന്നു.

ഉമ്മയും മർസൂഖും മുഖാമുഖം നോക്കി നിന്നു.
“എന്താടാ! അനക്കെന്നെ തല്ലണന്നുണ്ടോ….. തല്ലെടാ ഇയ്യ് ………തല്ല്”
” ഉമ്മയായിപ്പോയി…. അല്ലെങ്കിൽ ഞാൻ തല്ലിയേനേ……”
“ഇയ്യെന്താ പറഞ്ഞേ…. ”
മർസൂഖിൽ നിന്നും പ്രതീക്ഷിക്കാതെ വന്ന വാക്ക് കൊണ്ടാവണം,ഉമ്മ നെഞ്ചിന് മുകളിൽ കൈ വെച്ചു തേങ്ങി.
“ഇങ്ങടെയൊക്കെ ഇമ്മാതിരി കളികൊണ്ടാ സ്വന്തം മോള് അന്യ നാട്ടിൽ പോയപ്പൊ ഗതി പിടിക്കാത്ത നെലേൽ ആയത്…..”
മർസൂഖിന്റെ മുഖത്ത് ദേഷ്യവും സങ്കടവും നിറഞ്ഞു.
“ഇയ്യിപ്പോ,ന്താ….. പറഞ്ഞെ…. ന്റെ മോളോ …… ആർക്കാടാ … …ന്താ ടാ പറ്റിയെ …: “ഉമ്മ മർസൂഖിന്റെ ഷർട്ടിന്റെ കോളർ പിടിച്ച് കുലുക്കി.
“ഉമ്മാന്റെ പുന്നാര മോള് റാഹിലാത്താക്ക് …..”
ഷർട്ടിൽ പിടിച്ച ഉമ്മാടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് മർസൂഖ് പറഞ്ഞു.
“പറയടാ…. ന്റെ റായിക്ക് ന്ത് പറ്റീടാ….. പറയ്…..” ഉമ്മ അലറി.
“ഉമ്മാ…! ഇത്താത്താക്ക് ഒരു ആക്സിഡന്റ്……” പറയാൻ വന്നത് മുഴുമിപ്പിക്കാൻ മർസൂഖിന് കഴിഞ്ഞില്ല.
അത്ര തന്നെ കേൾക്കേണ്ട താമസം ഉമ്മ തളർന്നു വീണു.
ഞാനും മർസൂഖും ചേർന്ന് ഉമ്മയെ താങ്ങി എടുത്ത് ബെഡ് റൂമിൽ കൊണ്ട് പോയി കിടത്തി. എനിക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ധൈര്യം വന്നില്ല.
“ഇങ്ങള് പോയി കൊറച്ച് വെള്ളമെടുത്തോണ്ടി വരീ… ”
എന്നോടായി മർസൂഖിന്റെ നിർദ്ദേശം വന്നു.ഞാൻ കിച്ചണീ പോയി ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. ഉമ്മയുടെ മുഖത്തേക്ക് കുടഞ്ഞു.
“ഉമ്മ…. ഉമ്മാ…. ഇങ്ങളൊന്ന് കണ്ണ് തൊറക്കിനുമ്മാ…. ഉമ്മാ….”
മർസൂഖ് ഉമ്മയെ കുലുക്കി വിളിച്ചു. അവന്റെ ആ സങ്കടം നിറഞ്ഞുള്ള വിളി കേട്ടപ്പോ എന്റെ കണ്ണ് നനഞ്ഞു. മക്കള് എത്ര വലുതായാലും ഉമ്മ എന്തൊക്കെ അരുതായ്മ പറഞ്ഞാലും ഉമ്മയ്ക്കു തുല്യം ഉമ്മ മാത്രമെന്ന് മർസൂഖിന്റെ പ്രവർത്തി തെളിയിച്ചു.
കുറച്ച് സമയത്തിന് ശേഷം ഉമ്മ കണ്ണ് തുറന്നു.
“ന്താടാ ന്റെ മോക്ക് പറ്റിയെ, ….. ന്റെ മോള് റായി …..” ഉമ്മ ഓരോന്ന് പറഞ്ഞ് കരയാൻ തുടങ്ങി. മർസൂഖ് മുറിയിൽ നിന്നും പുറത്തിറങ്ങി.ഞാൻ അവന്റെ പിന്നാലെ ചെന്നു.
“റാഹിത്താക്ക് ന്താ പറ്റിയെ ……?
അറിഞ്ഞ കാര്യം മറച്ച് വെച്ച് ഞാൻ ചോദിച്ചു. അപ്പോഴും ഞാൻ അവന്റെ മുഖത്തേക്ക് നോക്കിയില്ല.
” ഇത്താത്ത അവിടെന്ന് ആക്സിഡന്റായി…… തലയ്ക്ക് ചെറിയ പരിക്കുണ്ടത്രെ…..”
അവൻ കൈ കൊണ്ട് കണ്ണ് തുടയ്ക്കാൻ പാടു പെടുന്നുണ്ടായിരുന്നു.
അപ്പൊ ഇവൻ കാര്യമായി ഒന്നും അറിഞ്ഞില്ല. ഞാനായിട്ട് കൂടുതലൊന്നും വിവരിച്ചതുമില്ല.
” അന്നോടാരാ പറഞ്ഞെ…..?
“നിക്ക് ഗൾഫീന്ന്ന്റെ ഒരു ഫ്രണ്ട് വിളിച്ചതാ…… അത് പറയാൻ വേണ്ടിയാ ഞാനിപ്പോ ഇങ്ങോട് വന്നത്….. അതിനിടയിലാ….. ഇവിടെ ഇങ്ങനെയൊക്കെ……. ന്നാലും…… ഇങ്ങള് ന്റ്……ഉമ്മാനെ ഒന്ന് ……. ”
പറയാനുള്ള സങ്കടം കൊണ്ടാണോ എന്റെ മുഖത്ത് നോക്കാനുള്ള ചമ്മല് കൊണ്ടാണോ എന്നറിയില്ല. പറയാൻ വന്ന കാര്യം മുഴുമിപ്പിക്കാതെ അവൻ ഇറങ്ങി പ്പോയി.
ഉമ്മാനെ ശ്രദ്ധിക്കണമെന്നാ അവൻ പറയാൻ വന്നതെന്ന് ഞാൻ ഊഹിച്ചു, ഞാൻ ഉമ്മാന്റെ അരികിലേക്ക് ചെന്ന്കട്ടിലിനരികിലിരുന്നു. കിടക്കാനുള്ള ബുദ്ധിമുട്ടും മനസ്സിലെ വേദനയും ഉമ്മാനെ തളർത്തിയിരുന്നു.
മനസ്സിൽ അതു വരെ ഉമ്മയോടുണ്ടായിരുന്ന ദേഷ്യവും പകയുമൊക്കെ മാറ്റി വെച്ച് ഞാൻ പതിയെ ഉമ്മാനെ വിളിച്ചു.
“ഉമ്മാ…..!”
എന്റെ മനസ്സിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞത് കൊണ്ടാവണം ഉമ്മ സ്നേഹത്തോടെ ആ വിളി കേട്ടു .
ന്റെ, കുട്ട്യേ…….. ഈ ഉമ്മ പറഞ്ഞതൊക്കെ ന്റെ മോള് മറന്ന് കള.
ഇയ്യ് അന്റെ കൈയ്യിലുള്ള ആ മൊബീലെടുത്ത് ന്റെ മോനൊന്ന് വിളിച്ചാളീ …….”
എന്റെ കൈയ്യിൽ മൊബൈലുണ്ടെന്ന് പറഞ്ഞ് നാഴികയ്ക്ക് നാൽപത് വട്ടം കുറ്റപ്പെടുത്തിയ ഉമ്മയ്ക്ക് അത് ഉപകരിക്കപ്പെടാൻ പോകുന്നു. അതും എന്നെ തല്ലാൻ വേണ്ടി ഉമ്മാക്ക് കൂട്ട് നിന്ന റാഹിലാത്താന്റെ ആവശ്യത്തിന് വേണ്ടി. പടച്ചോൻ കാണിക്കുന്ന ഓരോ അത്ഭുതമേ ……ഞാൻ ഫോണെടുത്ത് മൈ ജാൻ എന്ന് സൈവ് ചെയ്ത റാഷിക്കാന്റെ നമ്പറിലോട്ട് അടിച്ചു.
” ……..ഔ ഹാരിജൽ ഹിബാക്കൻ ഹിത് മഹാലിയൻ.യൂരിജൽ ഇഅതിഫാൽ ഫിമാ ബഅദ് ശുക് റൻ ……………”
ചൂടുള്ള കടല കൊറിക്കുമ്പോൾ നാക്ക് പൊള്ളിയാൽ സംസാരിക്കുമ്പോലെ ഒരു പെണ്ണ് എന്തൊക്കെയോ വിളിച്ച് പറയുന്നു ….. അറബി അറിയില്ലെങ്കിലും ശേഷം വന്ന ഇംഗ്ലീഷ് വാക്കിൽ നിന്നും റാഷിക്കാടെ ഫോൺ സ്വിച്ച് ഓഫാണെന്ന് എനിക്ക് മനസ്സിലായി. കാര്യമായി എനിക്കറിയുന്ന അറബി വാക്ക്
“ഫുലൂസ് മാഫി… അനമിസ്കീൻ…..” എന്ന് മാത്രമാണ്.
അതറിയാനുള്ള കാരണം
എളേപ്പോന്റെട്ത്ത് എളേമ ഏതെങ്കിലും കാര്യപ്പെട്ട സാധനം വാങ്ങാൻ പറയുമ്പോൾ ഷർട്ടിന്റെ പോകറ്റിൽ കൈയിട്ട് കൊണ്ട് പോക്കറ്റ് പുറം ഭാഗത്തേക്ക് തിരിച്ച് എളേപ്പേ പറയുന്ന ഡയലോഗാ ഇത്. പോകറ്റിൽ കൈയ്യിട്ട് പറയുന്നത് കൊണ്ട് കാര്യം പൈസയെ സൂചിപ്പിക്കുന്നതാണെന്ന് മാത്രം എനിക്കറിയാം.
ഒരു പാട് തവണ വിളിച്ച് നോക്കിയെങ്കിലും റാഷിക്കാനെ കിട്ടിയില്ല. ഫോണും കൈയ്യിൽ പിടിച്ച് ഉമ്മാന്റെ അരികിൽ ഇരിക്കുന്നതിനിടയിൽ ഫോൺ ശബ്ദിച്ചു. അവിടെ ഇരുന്ന് കൊണ്ട് തന്നെ ഞാൻ അറ്റന്റ് ചെയ്തു.
“ഹലോ …..!
“ഹലോ…. അസ്സലാമു അലൈക്കും…. ”
ഷാഹിക്കാന്റെ മധുരമൂറും സലാം ….
“വ അലൈക്കു മുസ്സലാം …..”
“ഇന്നെങ്കിലും ഇയ്യ് ഫോണെട്ത്തല്ലോ …..”
ഇക്കാന്റെ പരിഭവം നിറഞ്ഞുള്ള പറച്ചിൽ….
ഇക്ക പോയിട്ട് അഞ്ചാറ് പ്രാവശ്യം എനിക്ക് വിളിച്ചിരുന്നെങ്കിലും ശരീരത്തെ കുറിച്ചും ചെക്കപ്പിനെ കുറിച്ചൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് കൊണ്ടിരിക്കുന്നതിനാൽ നാണം കൊണ്ട് ഞാൻ ചില നേരത്ത് അറ്റന്റ് ചെയ്യാറില്ല. ഇന്നിപ്പോ ഈ ഒരു അവസ്ഥയിൽ ആയത് കൊണ്ടാണ് ഞാൻ പെട്ടെന്ന് തന്നെ അറ്റന്റ് ചെയ്തത്.
“അത് പിന്നെ ഇക്കാ….. ഇങ്ങള് വിളിക്കുമ്പോ ഞാൻ അപ്പറത്തായിരിക്കും.എടുക്കാൻ വരുമ്പഴേക്കും കട്ടാവേം ചെയ്യും….” ഞാൻ വെറുതെ തട്ടി വിട്ടു.
റാഹിലാ ത്താനെ കുറിച്ച് പറയുമ്പോൾ ഉമ്മ കേൾക്കെ ണ്ടന്ന് കരുതി
ഫോണും ചെവിയിൽ വെച്ച് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
“പിന്നെന്തൊക്കെയിണ്ട് അവിടത്തെ അന്റെ വർത്താനം…..”
എന്റെ മറുപടി കേട്ട് “ഊം” എന്ന് മൂളിയാരു ദീർഘശ്വാസം വിട്ട് ഇക്ക ചോദിച്ചു.
“ഇബടെ ന്ത് വർത്താനാഇക്കാ….. അവിടെ റാഹിലാ ത്താക്ക്……”
റാഹിലാ ത്താനെ കുറിച്ച് പറയുമ്പോഴൊക്കെ വീട്ടിന്ന് സന്തോഷത്തോടെ ഇറങ്ങിയ രംഗമായിരുന്നു എന്റെ മനസ്സിൽ.
” ഒന്നും പറയാനായില്ല. റാഷിയും മറ്റുള്ളോരൊക്കെ ഹോസ്പിറ്റലിൽ തന്നെയുണ്ട്. ”
“ഇക്കാക്ക് വിളിച്ചിട്ട് കിട്ടണില്ലല്ലോ …..”
“ചാർജില്ലാത്തോണ്ട് ഓന്റെ ഫോണ് സ്വിച്ച് ഓഫായി. വിവരം അറിഞ്ഞപ്പോ പെട്ടെന്ന് ഓടിയതല്ലെ ഓന്….. പിന്നെ ആ തെരക്കിനിടേൽ ചാർജ് ചെയ്യാനും പറ്റീട്ട്ണ്ടാവില്ല.”
“ശരിക്കും എന്താ ഇക്കാ സംഭവിച്ചെ….. “

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.