എത്രയും പെട്ടെന്ന് എഴുതി തീർക്കണമെന്നുണ്ടെനിക്ക്. പക്ഷേ എന്റെ സാഹചര്യം സമ്മതിക്കണില്ല…… നിങ്ങൾക്കാർക്കും എന്നോട് പരിഭവമൊന്നും തോന്നരുത്.
ശ്ശൊ…. തൊടങ്ങി എന്റെ അതികപ്രസംഗം…..
…&&&&&&&&&&&…
ഷാഹിക്ക ഗൾഫിലെത്തിയേഷം കോൾ വന്നത് ഉച്ചയൂണ് കഴിക്കുമ്പോഴാണ്.അമ്മു സംസാരിച്ച ശേഷമാണ് ഉമ്മ ഫോൺ എടുത്തത്. ലാന്റ് ഫോണിന്റെ നീണ്ട മണിയടി കേൾക്കുമ്പോഴേ ഉമ്മ പറഞ്ഞതാ…
“അമാനാ ഇയ്യ് ഫോണെട്ക്ക്.ഷായി ആയിരിക്കും .” ന്ന്
അമ്മു ഉമ്മാനോട് അറ്റന്റ് ചെയ്യാൻ പറഞ്ഞിട്ടും ഉമ്മ അനുസരിച്ചില്ല. ഉമ്മയും മരുമോളും തമ്മിലുള്ള ആ സ്നേഹം കണ്ട് എനിക്ക് കൊതി തോന്നി.
റാഷിക്കാടെ വീട്ടിലാണേലോ…. നേരെ ഒന്ന് സംസാരിക്കാൻ പോലും എനിക്ക് ഫോൺ കിട്ടാറില്ല .
അര മണിക്കൂറിന് ശേഷാ അമ്മു സംസാരിച്ച് പുറത്തിറങ്ങിയത്. ഞാനിക്കാനോട് സംസാരിച്ചില്ല. എന്റെ ശബ്ദം കേട്ടാൽ ഇക്ക ഓരോന്ന് ഓർത്ത് കരയും. അത് കൊണ്ട് ഞാൻ മനപ്പൂർവ്വം മാറി നിന്നതാ….
ഉമ്മാന്റെ നിർദ്ദേശ പ്രകാരം ലാന്റ് ഫോൺ കണക്ഷൻ അമ്മൂന്റെ അറയിലേക്ക് മാറ്റി.
രാത്രിയൊക്കെ ഷാഹിക്ക വിളിച്ചാൽ അമ്മുവിന് സംസാരിക്കാൻ തടസ്സമാവുമെന്ന് കരുതി ഞാൻ ഉമ്മാന്റെ കൂടെ കിടത്തം തുടങ്ങി. റാഷിക്കാന്റെ വിളിയൊക്കെ മൊബൈലിലായിരുന്നു. മനസ്സിലിപ്പോൾ ഒരു ടെൻഷനുമില്ല. എല്ലാം കൊണ്ടും ഞാൻ തൃപ്തിപ്പെട്ടു.അമ്മു പറഞ്ഞ പ്രകാരം സൂ:റ മറിയം ഞാൻ പതിവാക്കി.അതുവരെ ഓതിയ സൂ:റ അൻആം എന്റെ ഓർമ്മയിൽ നിന്നും പോയി.കാരണം ഇപ്പൊ എന്റെയുള്ളം തെളിഞ്ഞിരിക്കുന്നുണ്ട്.
അത് മനുഷ്യന്റെ പ്രത്യേകതയാ .അവശ്യം വരുമ്പോൾ മാത്രമായിരിക്കും അള്ളാഹുവിനേയും ഖുർആനിനെയും കൂട്ട് പിടിക്കുക.സന്തോഷം വരുമ്പോൾ എല്ലാം മറക്കും.
ഉമ്മാമാന്റെ വീട്ടിൽ പോയും മിർഷുനെ കളിപ്പിച്ചും ഞാൻ ദിവസം തള്ളി നീക്കി. ഹോസ്പിറ്റലിൽ ചെക്കപ്പിന് പോകാനും മറന്നില്ല. റാഷിക്കാടെ ഉമ്മയുടെയും റാഹിലാത്താടെയും കാര്യം ഞാൻ മനപ്പൂർവ്വം മറന്നു. അവരെയൊക്കെ ഓർമ്മയിലേക്ക് കൊണ്ട് വന്ന് ഉള്ള സന്തോഷം കൂടി കളയണ്ടെന്ന് കരുതി.
ഭാവിയിൽ വരാനിക്കുന്ന കുഞ്ഞിന് വേണ്ടി ഓരോ സ്വപ്നങ്ങൾ നെയ്തു കൂട്ടലാണ് ഇപ്പോഴത്തെ എന്റെ മെയിൻ പരിപാടി..പെണ്ണാണെങ്കിൽ മിർഷ എന്ന് പേരിടണമെന്നുണ്ട്. പക്ഷേ എങ്ങനെ അത് ശരിയാവും ഉപ്പാടെ വീട്ടുകാർക്കല്ലെ നാട്ടുനടപ്പനുസരിച്ച് അതിനുള്ള അവകാശം.തർക്കിക്കാൻ പറ്റില്ല. അമ്മൂ പ്രസവിച്ചേഷം ആ സ്വാതന്ത്ര്യം ഞാനല്ലെ തട്ടിയെടുത്തത്.അമ്മൂനോട് ഒരു വാക്ക് പോലും ചോദിക്കാതെ.
വരാനിരിക്കുന്ന ഓരോ കാര്യങ്ങളും ഞാൻ മുൻപേ കണക്ക് കൂട്ടി.
ഞാനിവിടെ വന്നിട്ടും ഷാഹിക്ക പോയിട്ടും ഒരു മാസം കഴിഞ്ഞു. റാഷിക്കാടെ വീട്ടിലേക്ക് നാളെ പോകാം മറ്റന്നാൾ പോകാമെന്നൊക്കെ കരുതി എത്ര പെട്ടെന്നാ ദിവസം കടന്നു പോയത്.ഇക്കാടെ വീട്ടിന്നാണേൽ ആരും വിളിച്ചതുമില്ല.
വൈകുന്നേരങ്ങളിൽ ചായ കഴിഞ്ഞ് വീട്ടുപടിക്കൽ ഞാനും അമ്മുവും ഇരുന്ന് ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കും. അത് കാണുമ്പോൾ ഉമ്മാമയും മരുമക്കളൊക്കെ വരും. ആ ഒരുമ വളരെ രസമുള്ള ഒരനുഭൂതി തന്നെയാണ്.
ഒരർത്ഥത്തിൽ പറഞ്ഞാൽ നാട്ടുവർത്താനമൊക്കെ അറിയാൻ സഹായകമാണ് ഇങ്ങനെയുള്ള വൈകുന്നേരങ്ങൾ.
പതിവുപോലെ ഒരു ദിവസം ഞാനും അമ്മുവും ഒത്തുകൂടി. അന്ന് കാര്യയമായ വിഷയമൊന്നും സംസാരിക്കാനില്ലാത്തത് കൊണ്ട് പാതി വഴിയിൽ നിർത്തിയ നബിയുടെ കഥ എനിക്കോർമ്മ വന്നു.
“അമ്മൂ അന്ന് നിർത്തിയ കഥ…. ”
” ഇപ്പൊത്തന്നെ പറയണോ ശാദ്യേ …. പിന്നൊരീസം പോരെ ….ഉമ്മാമയും മറ്റുള്ളോരും വന്നാൽ പാതിന്ന് വീണ്ടും നിർത്തേണ്ടി വരും…..”
” പറയ് അമ്മു … അവിടെ ആരുമില്ല.ഉമ്മാമാനേം കൂട്ടി ഹോസ്പിറ്റലിൽ പോയിരിക്ക്യാ അമ്മായിമാര്….. ”
വെറ്റില മുറുക്കണത് കൊണ്ട് ഉമ്മാമയ്ക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം മുട്ട് വരും.എത്ര നിർത്താൻ പറഞ്ഞാലും ഉമ്മാമ കേൾക്കില്ല. ഞാനും ഉമ്മാമയും വഴക്ക് കൂടുന്നത് ആ കാര്യത്തിനാണ്.
” ന്റെ കുട്ടീ…. ഇന്നും ഇന്നലേം തൊടങ്ങീതല്ലല്ലോ ….. കൊല്ലം പത്ത് നാപതായില്ലേ ഇതും വായിലിട്ട് അരക്കാൻ തൊടങ്ങീട്ട്.എന്നിട്ടിപ്പോ വടി പോലെ നടക്കണണ്ടല്ലോ ഞാൻ….”
ഇതും പറഞ്ഞ് വായിലുള്ള വെറ്റിലകൂട്ട് ഉമ്മാമ നീട്ടി ത്തുപ്പും.
എന്റെയട്ത്ത് ഒരു വേലയും നടക്കില്ല എന്ന് മനസ്സിലായപ്പോൾ അമ്മു കഥ വിവരിക്കാൻ തുടങ്ങി.
” യൂനുസ് നബി വളർന്ന് യുവാവായി മാറി. കല്യാണൊക്കെ കൈച്ച് കുട്ടികളൊക്കെയായി ജീവിക്കുമ്പോഴാണ് ജിബ്രീൽ മുഖേന പടച്ചോന്റെ വഹ്യ് വീണ്ടും വന്നത്….. നീനവ എന്ന സ്ഥലത്തേക്ക് പോകാൻ”
“അതെവിടെയാ അമ്മൂ…. എന്തിന് വേണ്ടിയാ…. പോവേണ്ടെ ….”
“ഇറാഖിലെ ഒരു ഉൾപ്രദേശം .അവിടെ ഉള്ള ജനങ്ങൾക്ക് മുന്നിൽ പ്രഭോധനം നടത്താൻ”
“പ്രഭോധനോ…. എന്ന് വെച്ചാൽ …. എന്താ ….. ”
“ന്റെ ശാദ്യേ കഥയെക്കാളും അന്റെ സംശയാണല്ലോ കൂടുതൽ….. അതൊക്കെ പറയാൻ നിന്നാൽ കഥ അത്ര പെട്ടെന്നൊന്നും തീരൂലാ ”
അമ്മു എന്നെ ചിരിച്ചു കൊണ്ട് കുറ്റപ്പെടുത്തി….
ഒരു കാര്യം അറിയുമ്പോൾ അതിനെ കുറിച്ച് ഒരു നൂറായിരം സംശയങ്ങൾ എന്നെ അലട്ടിക്കൊണ്ടിരിക്കും. അതൊക്കെ തീർന്നാലാണ് എന്റെ മനസ്സൊന്ന് ശാന്തമാവുക.
”പറയ് അമ്മു ….. അറിയാത്തോണ്ടല്ലെ.” അമ്മൂന്റെ കൈവിരൽ പിടിച്ച് ഞാൻ ഞൊടിക്കാൻ തുടങ്ങി.
“കാര്യങ്ങളൊക്കെ മനസ്സിലാക്കി കൊടുത്ത് ഇസ്ലാമിലേക്ക് അവരെ ക്ഷണിക്കാൻ വേണ്ടി എന്ന് ചുരുക്കം…. ഇനി ഇയ്യിങ്ങോട്ടൊന്നും ചോയിക്കല്ലെ.ഞാൻ പറയണത് അങ്ങ് കേൾക്ക്.”
ചോദിക്കാതിരിക്കാൻ എനിക്ക് പറ്റില്ല. കഥ കേൾക്കാതിരിക്കാനും പറ്റില്ല. അത് കൊണ്ട് ഞാൻ സമ്മതിച്ചു.
വീണ്ടും കഥ തുടരുമ്പോഴാണ്
ഗേറ്റിനടുത്ത് ഒരു ഓട്ടോ വന്ന് നിന്നത്.
മുടിയും ചേർത്ത് ചുറ്റിക്കെട്ടിയ തട്ടം മുന്നിലേക്കിട്ട് അമ്മു അകത്തേക്ക് പോയി. ഞാൻ ഗേറ്റിനടുത്തേക്ക് നോക്കി നിന്നു. ഓട്ടോക്കാരന് പണവും കൊടുത്ത് റുഫിയേയും കൂട്ടി റാഹിലാത്തവരുന്നു. ഈ നേരത്ത് ഇത്താത്താനെ ഞാനൊട്ടും പ്രതീക്ഷിച്ചില്ല .കഥ വീണ്ടും മുടങ്ങി. അമ്മു പറഞ്ഞത് ശരിയാ…. വെർതെ ഒരോ സംശയം ചോദിച്ച് സമയം കളഞ്ഞു. ഇല്ലായിരുന്നേൽ അമ്മു കഥ ഇപ്പോ മുഴുമിപ്പിച്ചേനേ….
ചിരിച്ച് കൊണ്ടാണ് റാഹിലാത്ത അകത്ത് കയറിയത്.
“ഈടെത്തന്നെ കൂടാൻ തീരുമാനിച്ചോ ഇയ്യ്.. ”
കേറുമ്പോൾ ചിരി ഉണ്ടായിരുന്നെങ്കിലും എന്നോടുള്ള ചോദ്യത്തിനിടയിൽ ഇത്താടെ ചിരി മാഞ്ഞു .
ഇത്താത്താടെ പിന്നാലെ എന്നോണം ഞാനും അകത്ത് കയറി.അമ്മുവും ഉമ്മയും ഇത്താത്താനെ സ്വീകരിച്ചു.
“ഉമ്മാക്കിപ്പൊ എങ്ങിനെണ്ട് റാഹീ….. ”
റാഹിത്താന്റെ അരികിൽ കസേരയിട്ടിരുന്നു കൊണ്ട് ഉമ്മ ചോദിച്ചു…. ”
“ഇപ്പൊ കൊറച്ച് മാറ്റണ്ട് …. ന്നാലും ശരിക്കും നടക്കാൻ പറ്റണില്ല…. ”
“എന്താ അമാനാ….. ന്നെ കാണുമ്പോ ഇയ്യ് അകത്തോട്ട് കേറിയത്…” റാഹിലാ ത്താടെ പരിഭവം കലർന്ന ചോദ്യം വന്നു.
“ഇങ്ങളാണെന്ന് നിക്ക് മനസ്സിലായില്ലിത്താ…. ”
അമ്മൂന്റെ അകത്തേക്കുള്ള കയറ്റം ഷാഹിക്കാടെ ഉപദേശമാണ്.ഗെയിറ്റിനടുത്ത് ആര് വന്നാലും വലിഞ്ഞു കേറി നോക്കാൻ പാടില്ല. ഇങ്ങോട്ടുള്ളോരാണേൽ അകത്തേക്ക് വരുമ്പോ കാണൂല്ലോ എന്നാണ് ഇക്ക പറയാറ്.
അമ്മു റാഹിത്താനോട് കൂടുതലായൊന്നും സംസാരിച്ചില്ല. ഉമ്മയും ഇത്താത്തയും പറയുന്നത് അമ്മു കേട്ടിരുന്നു.
“ഞാൻ വന്നത് ശാദീനെ കൂട്ടിക്കൊണ്ടോവാനാ…. ഒരു മാസം കൈഞ്ഞില്ലേ ഓള് ഇങ്ങോട്ട് പോന്നിട്ട് … മാത്രോ ല്ല.. നിക്ക് വിസ കിട്ടി. രണ്ടു മൂന്ന് ദെവസത്തിനുള്ളിൽ പോകേണ്ടി വരും.
ചായ കുടിക്കുന്നതിനിടയിൽ റാഹിലാത്ത പറഞ്ഞു.
പെട്ടെന്നുള്ള ഇത്താത്താന്റെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി. കുറച്ചും കൂടി നിന്ന് പോകാമെന്ന് കരുതിയതാ. ഇത്ത ഇവിടം വരെ വന്ന സ്ഥിതിക്ക് പോകാതിരിക്കാനും തരമില്ല .
ഇവിടന്നിറങ്ങി റാഷിക്കാടെ വീട്ടിൽ കയറുന്ന രംഗം ഓർത്തപ്പോൾ എനിക്ക് മടി തോന്നി. മറ്റൊരു വഴിയില്ലാത്തത് കൊണ്ട് റാഹിലാ ത്താടെ കൂടെ ഞാനും പോയി. ഓട്ടോയിൽ കയറുമ്പോൾ അമ്മൂന്റെം ഉമ്മാടേം മുഖത്ത് സങ്കടത്തിൽ ചാലിച്ചൊരു ചിരിയുണ്ടായിരുന്നു. എന്നെ പൊരേ ലോട്ട് കൊണ്ട് വിടുമ്പോഴുള്ള അനുഭവം കൊണ്ടാവണം റാഹിലാത്ത റാഷിക്കാടെ വീടെത്തും വരെ ഒരക്ഷരം മിണ്ടിയില്ല.
റാഹിലാത്ത ഗൾഫിലേക്ക് പോവേണ്ട ദിവസം വന്നെത്തി.
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha