“കാര്യായി ഞാൻ വിളിച്ചതേ റാഹിലാത്താടെ കാര്യം പറയാനാ…. ”
“റാഹിലാത്താടെ കാര്യോ …..എന്ത് പറ്റി റാഹിലാ ത്താക്ക്….. ”
“ഷാഹീടെ കൈയിൽ ഇത്താത്ത എന്തേലും കൊടുത്താർന്നോ…..”
“ഊം…. ഒരു കവർ കൊടുക്കണ കണ്ടു ……എന്താ ഇക്കാ അത്….. ”
“പാസ്പോർട്ട് കോപ്പിയും എന്തൊക്കെയോ സർട്ടിഫിക്കറ്റ്സുമാണ്. അളിയൻ ഇത്താക്ക് വിസ എട്ക്കണണ്ട്…. ”
“അപ്പൊ കുട്ട്യോള് …”
“ഓലെ കൂട്ടണില്ല. വിസിറ്റിംഗാണ്.കുട്ട്യോളെ ഉമ്മാന്റ്ടത്ത് നിർത്താനാ ഇത്താത്താടെ പ്ലാൻ. സ്കൂളിലയക്കാനൊക്കെ ഇയ്യൂണ്ടല്ലോ കൂട്ടിന് …. എന്ന് ഇത്താത്ത കരുതിക്കാണും.”
അത് ശരി. അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കെടപ്പ്. ചുമ്മാതല്ല ഇത്താത്തക്ക് ന്നോട് പെട്ടെന്ന് സ്നേഹോം വാത്സല്ല്യാക്കെ കൂടീത്…… ന്റെ റാഹിത്താ….. ഇങ്ങളെ സമ്മയ്ച്ചിരിക്ക്ണ് .
“ശാദ്യേ….. ഇനി ഇയ്യ് കൂടുതൽ ചിന്തിച്ച് കാട് കേറണ്ട.ഞാൻ കട്ട് ചെയ്യാ…. സമയം കൊറെ ആയീല്ലെ …. ഇയ്യ് ഒറങ്ങിക്കോ….. ന്റെ മോള് ഒറക്കൊഴിഞ്ഞാ ഞമ്മടെ കുഞ്ഞിനാ കേട്….. ”
എല്ലാം അറിഞ്ഞെന്ന് പറഞ്ഞിട്ടും റാഷിക്ക ഉമ്മാനേയും റാഹിത്താനേയും കുറ്റപ്പെടുത്തിയില്ല. വളരെ മാന്യതയോടെയാണ് സംസാരിച്ചത്. ഓരോരുത്തർക്കും ഓരോ രീതിയിലുള്ള സ്വഭാവം.
ഇക്ക കോള് കട്ടു ചെയ്യുമ്പോഴൊക്കെ ന്റെ മനസ്സ് റാഹിലാത്താന്റെട്ത്തായിരുന്നു. എന്തൊരു ഭാഗ്യാ ഇത്താക്ക്. സ്വന്തായി വീട്. നാവ് ചൊറിയണ നേരത്ത് വഴക്കിട്ട് രസിക്കാൻ ശാദീ എന്ന ഈ ഞാൻ. എല്ലാ വഷളത്തരത്തിനും കൂടെ നിക്കണ ഉമ്മ. ഒന്നും അറിയാതെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന കെട്ടിയോൻ.എല്ലാം കൊണ്ടും പരമ സുഖം. ഇപ്പൊ ദേ …. ഭർതൃ സുഖം തേടി വിദേശത്തേക്കും….. അടുത്ത ജന്മമെങ്കിലും റാഹിത്ത ആയാമതിയായിരുന്നു.
ഇത്താത്താടെ ഭാഗ്യത്തെ കുറിച്ചോർത്തോണ്ട് ഞാൻ
മുറിയിലെത്തുമ്പോഴേക്കും മിർഷുനെ കെട്ടിപ്പിടിച്ച് അമ്മു സുഖനിദ്ര പ്രാപിച്ചിരുന്നു.ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അമ്മൂന്റെ വെളുത്ത സുന്ദരമായ മുഖം ഞാൻ നോക്കി നിന്നു. ഏത് വിധേനയായിരിക്കും അമ്മു എന്റെ പ്രശ്നം റാഷിക്കാൻറിടത്ത് അവതരിപ്പിച്ചിട്ടുണ്ടാവുക. റാഷിക്ക പറഞ്ഞ പോലെ ഷാഹിക്കാടെ ഭാഗ്യം ചെയ്ത ജന്മം തന്നെയാ…. ഈ അമ്മൂനെ കിട്ടാൻ മാത്രം എന്ത് പുണ്യാവും എന്റെ പൊന്നിക്ക ചെയ്തിട്ടുണ്ടാവുക.
യത്തീമായ കുഞ്ഞു പെങ്ങളെ പോറ്റി വളർത്തി നിക്കാഹ് കഴിപ്പിച്ചയച്ചില്ലെ. ഒരു കുടുംബം നല്ലപോലെ മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്.ഇതിൽ കൂടുതൽ എന്ത് പുണ്യ പ്രവർത്തിയാവേണ്ടത്.ഒരാളെ ജന്മം ശോഭിക്കാൻ.അല്ലെ.
പെട്ടെന്നാണ് യൂനുസ് നബിയുടെ കഥ എനിക്കോർമ്മ വന്നത്. ഇനി ബാക്കി ഭാഗം അറിയണമെങ്കിൽ നേരം പുലരണം. ഇനി അമ്മൂനെ വിളിക്കുന്നത് ശരിയല്ല.
യൂനുസ് നബിക്ക് രണ്ട് മരണം എങ്ങനെ സംഭവിച്ചു എന്നറിയാതെ ശരിയായ ഉറക്കവും കിട്ടില്ല.
കട്ടിലിൽ മലർന്നു കിടന്ന് മനസ്സിനെ റാഷിക്കാടെ ഓർമ്മയിലേക്ക് കൂട്ടി കൊണ്ട് പോയി.തലയ്ക്ക് താങ്ങായി വെച്ച തലയണ എടുത്ത് കൈ കൊണ്ട് ചേർത്ത് പിടിച്ച് മനസ്സിനെ ശാന്തമാക്കി. നേരം പുലരാനായപ്പോഴേക്കും എപ്പഴോ അറിയാതെ എന്റെ നയനങ്ങൾ അടഞ്ഞു …….
സുബഹിബാങ്ക് കൊടുക്കുമ്പോൾ തന്നെ ഞാൻ ഞെട്ടി എണീറ്റു. മുറിയുടെ മൂലയിൽ അമ്മു തഹജ്ജുദ് നിസ്കാരം കഴിഞ്ഞ് എന്തൊക്കെയോ ചൊല്ലിക്കൊണ്ടിരിക്കുന്നു. ഞാൻ എഴുന്നേറ്റ് വുളൂ ചെയ്ത് വരുമ്പഴേക്കും അമ്മു ഷാനിദിനെ കുലുക്കി വിളിക്കുന്നുണ്ട്..ഉമ്മ നിസ്കാരപ്പായിലായിരുന്ന് ഖുർആൻ പാരായണം തുടങ്ങി.
കിച്ചണിലേക്ക് പോയ അമ്മു തന്റെ ഡ്യൂട്ടി ആരംഭിച്ചു..
നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞ് ഞാൻ ഹാളിലെ കതക് തുറന്ന് സിറ്റൗട്ടിലിരുന്നു. നല്ല തണുത്ത കാറ്റ് എന്റെ മേനിയെ തലോടി.ഇലക്ട്രിക്ക് ഫാനിൽ നിന്നും കിട്ടുന്നതിനേക്കാൾ ഉന്മേഷമാണ് പടച്ചോൻ നൽകുന്ന ഈ അനുഗ്രഹം.റോഡിലൂടെ പാൽക്കാരനും പത്രക്കാരനൊക്കെ സൈക്കിലൂടെ പോകുന്നുണ്ട്. അന്നൊക്കെ പത്രമിടാറുണ്ടെങ്കിലും അമ്മുവിന്റെ വരവോടെ ആ രീതി നിന്നു. ഒരു പേജ് മരിച്ചവർക്കും ബാക്കി പേജ് ജീവിക്കുന്നവരുടെ തോന്ന്യാസങ്ങൾക്കുമുള്ള വെറും കടലാസാണ് പത്രമെന്നാ അമ്മൂന്റെ നയം. എവിടെയോ വായിച്ചതാണത്രെ.ചിന്തിച്ചപ്പോൾ ശരിയാണെന്നന്ന് എനിക്കും തോന്നി. കുറച്ച് സമയം പ്രകൃതി ഭംഗി ആസ്വദിച്ച ശേഷം ഞാൻ കിച്ചണിലേക്ക് പോയി.
” ഇയ്യെ ന്തിനാ ശാദ്യേ ഇപ്പൊ ഇങ്ങോട്ട് വന്നെ…. കൊറച്ച് കെടക്കായ്രുന്നില്ലെ അനക്ക്….. നേരം വൈകിയല്ലെ ഇയ്യൊറങ്ങിയെ…”
” നിക്ക് കെടക്കൊന്നും വേണ്ട. പറ്റുമെങ്കിൽ നിക്കാ കഥ പറഞ്ഞു താ …..”
“കഥയോ….ന്ത് കഥ ….?”
ദോശമാവ് അരച്ചെടുക്കുന്നതിനിടയിൽ അമ്മു നെറ്റി ചുളിച്ചു ചോദിച്ചു.. ”
” രണ്ട് മരണം സംഭവിച്ച നബി …. ”
രാവിലെത്തന്നെ ചോദിച്ചാൽ അമ്മൂന് ദേഷ്യം വരുമെന്ന് പേടിച്ച് അൽപം പരുങ്ങലോടെയാണ് ഞാൻ കാര്യം അവതരിപ്പിച്ചത്.
“ഓ…. യൂനുസ് നബി …. ഇയ്യ് മറന്നില്ലെ അത്.”
നിറഞ്ഞു നിന്ന പുഞ്ചിരിയായിരുന്നു അപ്പഴും അമ്മൂന്റെ മുഖത്ത്.
“വിശദായി പറയാനൊന്നും നിക്ക് ഇപ്പൊ സമയമില്ല. അതിലെ ഉള്ളടക്കം അറിഞ്ഞാ പോരെ അനക്ക്……”
സമയമില്ലാത്തത് കൊണ്ടൊന്നുമല്ല.പണി എടുക്കുമ്പോഴൊക്കെ ചൊല്ലുന്ന സ്വലാത്തിന് കോട്ടം തട്ടുമെന്ന് കരുതിയാ അമ്മു അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.
വിശദമായി കേൾക്കാൻ പൂതി ഉണ്ടായിരുന്നെങ്കിലും ആ മരണം എങ്ങനെ സംഭവിച്ചെന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ സമ്മതിച്ചു.
ദോശക്കല്ലിൽ മാവൊഴിച്ച് കൊണ്ട് അമ്മു യൂനുസ് നബിയുടെ വിചിത്രമായ ആ കഥ പറയാൻ തുടങ്ങി……
“കെട്ട്യോനെ നഷ്ടപ്പെട്ടേഷം സാദ് സമാധാനം കണ്ടെത്തിയത് മകനിലൂടെയായിരുന്നു. പതിവുപോലെ ഒരീസം ഒറക്കീന്ന് എണീറ്റ സാദ് യൂനുസ് നബിയെ വിളിച്ചുണർത്തി. നബിയാണേൽ ചലനമറ്റു കെടക്കണു. അന്ന് നബിക്ക് പ്രായം ഒൻപത് .സാദ് നബിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആളുകൾ ഓടിക്കൂടി. കുട്ടി മരിച്ചിരിക്ക്ണു. ജനം വിധി എഴുതി. മയ്യിത്ത് മറമാടാൻ സാദ് സമ്മയ്ച്ചില്ല. ആൾക്കാരൊക്കെ പിറുപിറുക്കാൻ തൊടങ്ങി. സാദ് വഴങ്ങില്ലെന്ന് കണ്ടപ്പോൾ ജനങ്ങളൊക്കെ പിരിഞ്ഞു പോയി.
ഓല് തന്റെ മോന്റെ മയ്യിത്ത് വീട്ടിനകത്ത് പൂട്ടിയിട്ട് രാവിലെ പൊര വിട്ട് എറങ്ങും.”
“എവിടേക്കാ അമ്മൂ”
ഞാൻ ഇടയിൽ കയറി.
“ആ കാലത്താണ് ഇല്യാസ് നബി ജിവിച്ചിരുന്നത്. അവരെ ത്തേടി …”
“അതെന്തിനാ ….?”
“നബിയെ കണ്ടെത്തിയാൽ എന്തെങ്കിലും ഒരു സമാധാനം കിട്ടാതിരിക്കില്ല എന്ന് കരുതി.
“എന്നിട്ട് .കണ്ടോ നബിയെ ”
അങ്ങനെ പതിമൂന്ന് ദിവസവും അവർ നബിയെ അന്വേഷിച്ച് നടന്നു.പതിനാലാം ദിവസമാണ് സാദ് ഒരു കാട്ടിൽ നിന്നും ഇല്യാസ് നബിയെ കണ്ടെത്തിയത്.
” എന്നിട്ട് ”
ആ ഉമ്മ തന്റെ കദനകഥ നബിയോട് വിവരിച്ചു. എന്റെ കുഞ്ഞിന് റൂഹ് തിരികെ തരാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കണമെന്നും പറഞ്ഞു.
അമ്മുവിന്റെ വാക്ക് കേൾക്കുമ്പോഴൊക്കെ എനിക്ക് നെഞ്ചിടിപ്പ് കൂടി .
“അള്ളാഹു മരിപ്പിച്ച ഒരാളെ ജീവിപ്പിക്കുക എന്നത് എനിക്ക് അസാധ്യം. നിങ്ങൾക്ക് പോകാം.”
ഇല്യാസ് നബിയുടെ മറുപടി കേട്ട് സാദ് വിഷമത്തിലായി.
അപ്പോഴാണ് സാദിനോടൊപ്പം ഇല്ല്യാസ് നബി പോകണമെന്ന് ജീബ് രീൽ മുഖേന അള്ളാഹു അറിയിച്ചത്. ജിബ്‌രീലിൽ നിന്നും കിട്ടിയ വഹ്യ് പ്രകാരം നബി സാദിന്റെ വീട്ടിലെത്തുകയും അള്ളാഹുവിനോട് പ്രാർത്ഥിച്ച് കൊണ്ട് അൽപം വെള്ളമെടുത്ത് യൂനുസ് നബിയുടെ മുഖത്ത് തടവുകയും ചെയ്തു.
പതിനാല് ദിവസം മരിച്ചു കിടന്ന യൂനുസ് നബി ഒന്നുമറിയാത്ത പോലെ എഴുന്നേറ്റിരുന്നു. സാദ് മകനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇതായിരുന്നു യൂനുസ് നബിയുടെ ആദ്യത്തെ മരണം.
ഇതുവരെ കേൾക്കാത്ത ഒരറിവാണ് എനിക്ക് അമ്മുവിൽ നിന്നും കിട്ടിയത്. അമ്മു കഥ പറയുമ്പോഴൊക്കെ ഞാൻ കണ്ണടച്ച് ആ സംഭവങ്ങളൊക്കെ മനസ്സ് കൊണ്ട് ദർശിക്കാൻ ശ്രമിച്ചു…..
കഥ പറയുന്നതിൽ അമ്മുവും കേൾക്കുന്നതിൽ ഞാനും ലയിച്ചിരുന്നു.
“അമാനാ….ന്താ മോളേ ഒരു കരിഞ്ഞ മണം വരുന്നെ.”
അകത്തേ മുറിയിൽ നിന്നും ഉമ്മ വിളിച്ച് ചോദിച്ചു.
അപ്പോഴാണ് ഞാനും അമ്മുവും അടുപ്പത്ത് വെച്ചിരിക്കുന്ന ദോശക്കല്ലിലേക്ക് നോക്കിയത്. പകൽ വെളിച്ചം പോലെയുണ്ടായ ദോശ കറുത്തിരുണ്ട് രാത്രി പോലെ ആയിരിക്കുന്നു.
“ഇയ്യൊന്ന് പോയെ ശാദ്യേ…. അന്നോട് സംസാരിച്ച നാസ്തയ്ക്ക് ഒരു ദോശ പോലും തിന്നാൻ കിട്ടൂലാ…. ”
തലയിലിട്ടിരിക്കുന്ന തട്ടം കൊണ്ട് മൂക്ക് അമർത്തി കരിഞ്ഞ ദോശ എടുക്കുന്നതിനിടയിൽ അമ്മു പറഞ്ഞു…..
“അമ്മു ….. ബാക്കി …..”
“ബാക്കി പിന്നെ പറയാം. ആദ്യം ന്റെ പണിയൊക്കെ ഞാൻ തീർക്കട്ടെ .. ”
അധരങ്ങളിൽ സ്വാലാത്തും മൊഴിഞ്ഞ് കൊണ്ട് അമ്മു മറ്റു ജോലിയിലേക്ക് കടന്നു.
ഇന്നലെ രാത്രി കഥ കേൾക്കേണ്ട പൂതിയിൽ ഒരു വിധാ നേരം വെളുപ്പിച്ചത്.എന്നിട്ടിപ്പോ ദേ, വീണ്ടും പാതിയിൽ നിർത്തിയിരിക്കുന്നു. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
എനിക്കെന്നല്ല.ആർക്കും. ഇപ്പൊത്തന്നെ കണ്ടില്ലെ. ഈ ശാദീടെ കഥ എത്ര പ്രതീക്ഷയോടെയാ നിങ്ങൾ വായിക്കുന്നെ. പെട്ടെന്ന് നിർത്താൻ പറ്റിയൊരു കഥയല്ലിത്. അത് കൊണ്ടാ ഞാൻ വിശദമായി തന്നെ പറയുന്നത്. നമ്മുടെ ഈ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. എനിക്കറിയണകാര്യം നിങ്ങൾക്കറിയണമെന്നില്ല. നിങ്ങൾക്കറിയുന്നത് എനിക്കും…… അനുഭവത്തിന്ന് ഞാൻ ഒരു പാട് പഠിച്ചു. അതൊക്കെ ലോകത്തോട് വിളിച്ച് പറയണമെന്ന ആഗ്രഹം കൊണ്ടാ ഞാനെന്റെ ജീവിതം കഥയാക്കിയത്.
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha