കണ്ണീർമഴ 2 41

റൂമിൽ കയറിയ ഞാൻ അവിടെ ചുറ്റിലും കണ്ണോടിച്ചു.ഇക്ക ഉടുത്ത തുണിയും ഷർട്ടും പോയിട്ട് ഇക്കാടെ ഒരു ഓർമ്മ പോലും ആ അറയിൽ ഉണ്ടായിരുന്നില്ല. എല്ലാം അമ്മു മാറ്റി വെച്ചിരിക്കുന്നു. ക്ഷമിക്കാനുള്ള കഴിവ് മാത്രമല്ല. ആരെയും സങ്കടപ്പെടുത്താതിരിക്കാനുള്ള അടവും ഈ അമ്മൂനറിയാം.
ചെരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. വയറിനകത്തൊരു അസ്വസ്ഥത പോലെ. ഞാൻ കട്ടിലിന്ന് എഴുന്നേറ്റിരുന്നു.അമ്മു ഉറക്കം പിടിച്ചിരുന്നു. വയറ് പിടിച്ച് ഞാൻ ശക്തിയായി ചുമച്ചു.
“എന്ത് പറ്റി ശദ്യേ….. ? ഇയ്യ് വല്ലാണ്ട് ചൊമക്കണുണ്ടല്ലോ…” ചുമയുടെ എണ്ണം കൂടിയപ്പോൾ അമ്മു എണീറ്റു ചോദിച്ചു.
“എന്താന്നറിയില്ല അമ്മൂ. വയറിന് വല്ലാത്തൊരു അസ്വസ്ഥത …. ഹോസ്പിറ്റലിൽ പോയാലോ ….?”
“അയ്ന്റെയൊന്നും ആവശ്യമില്ല. മാസം മൂന്ന് കഴിഞ്ഞില്ലേ ….. കുഞ്ഞിന് രൂപം പ്രാപിക്കേണ്ട സമയായി. .അപ്പൊ ഇങ്ങനെ ചെറിയ അസ്വസ്ഥതകളൊക്കെ ഇണ്ടാവും…… അന്റെ ആദ്യ അനുഭവല്ലെ അത് കൊണ്ടാ… ഇങ്ങനെയൊക്കെ തോന്നണെ ….”
” ഈ ചൊമ വല്ലാണ്ട് എsങ്ങീറാക്കണല്ലോ……..”
” അത് ഈ കൊതുക് തിരീടെ അലർജിയാ …..”
ഒരു കൂസലുമില്ലാത്തെ അമ്മു എഴുന്നേറ്റ് പ്ലഗ്ഗിൽ കുത്തിവെച്ച കൊതുകുതിരിയുടെ സ്വിച്ച് ഓഫ് ചെയ്തു.
അൽപ്പസമയത്തിന് ശേഷം തന്നെ ചുമയ്ക്ക് നല്ല ആശ്വാസവും കിട്ടി.
“ന്നാലും അമ്മു …. ഹോസ്പിറ്റലിൽ ….. ”
“ഒരെന്നാലൂല്ല. ഹോസ്പിറ്റലിൽ പോയാൽ ആവശ്യമില്ലാതെ ഓരോ മരുന്നും ഇഞ്ചക്ഷനൊക്കെ കിട്ടും.കൂടാതെ ഡോക്ടറെ വക ഒരു സ്കാനിംഗും. ഇപ്പൊ അയിന്റയൊന്നും ഒരാവശ്യ മില്ല.ഇതിന് പറ്റിയ മരുന്ന് ഞാൻ തന്നെ കുറിച്ച് തരാം. മിർഷൂന് പുതച്ച പുതപ്പൊന്ന് നേരെയാക്കിക്കൊണ്ട് അമ്മു പറഞ്ഞു. ”
“അപ്പൊ ഇങ്ങള് ഡോക്ടറും കൂടിയാണോ …..”
“ആ…. ഒരു കുട്ടി ഡോക്ടറാണെന്ന് കൂട്ടിക്കോ…. ”
“എന്നാ പറ എന്താ ചെയ്യേണ്ടേ….? ”
അമ്മുവിന്റെ വാക്ക് കേൾക്കുമ്പോൾ തന്നെ പാതി വേദനയും കുറഞ്ഞിരുന്നു.അമ്മൂടെ മരുന്ന് വല്ല ആയത്തുമായിരിക്കും. അതിന് പിന്നിൽ നല്ല കഥയുമുണ്ടാകും. അതാണല്ലോ അമ്മൂടെ ഒരു ശൈലി.അതറിയാനുള്ള ആകാംക്ഷയിൽ വേദന കൂടിയ പോലെ ഞാൻ അഭിനയിച്ചു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ മോണോ ആക്ടിന് പങ്കെടുത്തത് കൊണ്ട് എനിക്ക് അഭിനയം അൽപസ്വൽപം വശമുണ്ടായിരുന്നു.
” ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതുമ്മിനള്ളാലിമീൻ…..
വയറിനു മുകളിൽ കൈവെച്ച് ഇങ്ങനെ ചൊല്ലിയാ മതി.അന്റെ വേദന പമ്പ കടക്കും.
“അതെന്തിനാ അമ്മൂ…. അങ്ങനെ ചൊല്ലണെ…. അതിൽ വല്ല പൊരുളുണ്ടോ….”
താടിക്ക് കൈയ്യും കൊടുത്ത് അമ്മൂനെ നോക്കി ഞാൻ ചോദിച്ചു. ഒരു മുത്തശ്ശിക്കഥ കേൾക്കാനിരിക്കുന്ന മട്ടിൽ….
“ഗർഭണിയായി പെണ്ണ്ങ്ങൾ ചെയ്യുന്ന രണ്ട് കാര്യണ്ട്. ഒന്ന് ഈ പറഞ്ഞ കാര്യം പിന്നൊന്ന് സൂ:റ മറിയം പതിവാക്കുക.അതാ അവർക്കുള്ള ഏറ്റവും വലിയ മരുന്ന്.
അല്ല ശാദ്യേ….. ഞാനൊന്ന് ചോയ്ച്ചോട്ടെ….. ”
“ഊം….. ന്താ അമ്മൂ”
“അനക്ക് ശരിക്കും വേദനയുണ്ടോ….? ബെർതെ പറയല്ലെ ഇയ്യ്….”
കള്ളത്തരം കണ്ടു പിടിക്കാനുള്ള കഴിവുമുണ്ടോ അമ്മൂന്. അതെ എന്ന ഭാവത്തിൽ ഞാൻ നാണിച്ച് തല താഴ്ത്തി.
“വല്ലാത്തൊരു പഹയത്തിയന്നെ ഇയ്യ്…എന്നോട് ചേർന്നിരുന്നു ചെവിക്കുത്ത് പിടിച്ച് അമ്മു പതിയെ ഒന്നു നുള്ളി.
ഞാൻ ഒളികണ്ണിട്ട് അമ്മുവിനെ നോക്കിച്ചിരിച്ചു.
“പറയ് അമ്മു …. നിക്ക് കേൾക്കാനൊള്ള പൂതി കൊണ്ടല്ലെ …. ”
അമ്മൂന്റെ ചുമലിൽ കൂടി ഇരുകൈ കൊണ്ടും ചുറ്റിപ്പിടിച്ച് ഞാനൊന്ന് കൊഞ്ചി.
“ന്റിക്ക പോയ വെഷമത്തില് ഞാനൊരു വിധം ഒറക്ക് പിടിച്ച് വരുമ്പോൾ ഈ നട്ടപ്പാതിരാക്ക് അന്നെക്കൊണ്ട് കഥ പറയ്ക്കാ ഇയ്യ് …..”
അമ്മുവിന്റെ പറച്ചിലിൽ അൽപം പരിഭവവും എളിമയുമുണ്ടായിരുന്നു.
എനിക്കാകെ സങ്കടം തോന്നി. ചോദിക്കാൻ പാടില്ലായിരുന്നു.അമ്മു പറഞ്ഞത് ശരിയാ…. ഉമ്മാനേം ഉപ്പാനേം പിരിഞ്ഞിരിക്കുന്നതിനേക്കാളും ഇരട്ടി വേദനയാ കൂടെ കിടന്ന ഭർത്താവിനെ പിരിയുമ്പോൾ. ഏതൊരു പെണ്ണിനും അങ്ങനെ തന്നെ ആയിരിക്കുമല്ലോ…. അമ്മു അത് പ്രകടിപ്പിച്ചില്ലെന്ന് മാത്രം. അത് അമ്മുവിന്റെ കഴിവ്.
ഒരു വിളറിയ ചിരിചിരിച്ച് ഞാൻ കിടന്നു.
” അപ്പഴേക്കും ന്റെ റാണി മോള് പെണങ്ങിയോ….?
വയറിനു സൈഡിലൊരു ഇക്കിളി കൂട്ടി അമ്മു ചോദിച്ചു.ഷാഹിക്ക പറയുമ്പോലെയാണെനിക്ക് അനുഭവപ്പെട്ടത്.
“സോറി…. അമ്മൂ…. ഞാൻ …… എനിക്ക് ഉറക്കം വരാത്തോണ്ട് …. അമ്മു ഒറങ്ങിക്കോളൂ ….”
ചെരിഞ്ഞ് കിടന്ന് കൊണ്ട് കാൽപാദം പുതപ്പിനുള്ളിലാക്കി ഞാൻ പറഞ്ഞു.
“ഏതായാലും ന്റെ ഒറക്കം പോയി.ഷാഹിക്ക അവിടെ എത്തി ഒന്നു ഫ്രഷായി ഇൻഷാ അള്ളാ നാളെ രാവിലെ മാത്രേ വിളിക്കൂന്ന് പോകുമ്പോഴേ എന്റട്ത്ത് പറഞ്ഞാർന്നു. അത് കൊണ്ട് ഇപ്പൊ ഫോൺ ചെയ്യുമെന്ന പ്രതീക്ഷ വേണ്ട.. എന്നാ പിന്നെ അനക്ക് അതിന്റെ പൊരുൾ പറഞ്ഞ് തരാം…….”
പുതപ്പ് തട്ടിമാറ്റി എഴുന്നേറ്റ് ഇരുകൈ കൊണ്ടും തലമുടി ചുറ്റിക്കെട്ടി ഞാൻ അമ്മുടെ അരികിലിരുന്നു.
“ബെഡ്ലാമ്പിട്ട് ക്ലോക്കിലോട്ട് നോക്കി, അമ്മു കഥ പറയാൻ തുടങ്ങി.
“ജനിക്കും മുൻപേ പിതാവിനെ നഷ്ടപ്പെടുകയും ഒൻപതാം വയസ്സിൽ മരണപ്പെടുകയും ചെയ്ത ഒരു നബിയുണ്ട്. ആരാന്നറിയോ….. അനക്ക്…”
കഥയ്ക്ക് മുമ്പ് വന്നു അമ്മൂടെ ചോദ്യം.
മദ്റസയിൽ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ മറ്റോ ഇരുപത്തി അഞ്ച് നബിമാരുടെ പേര് പഠിച്ചതല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ലെനിക്ക് .കാര്യമായി അറിയുന്നത് മുഹമ്മദ് നബി (സ) യെ കുറിച്ച്.അതും നബി ജനിച്ചതും മരിച്ചതുമായ സ്ഥലങ്ങളും മാതാപിതാക്കളെ പേരും അങ്ങനെ വളരെ ചുരുക്കം കാര്യങ്ങൾ മാത്രം. ജനിക്കും മുമ്പ് പിതാവ് മരണപ്പെട്ടത് മുഹമ്മദ് നബി (സ) ക്ക്. എന്നാൽ നബി മരിച്ചത് അറുപത്തിമൂന്നാം വയസ്സിൽ.
കാര്യമായി അതിനെ കുറിച്ച് അറിയാത്തത് കൊണ്ട്
ഇല്ല എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.
ഉറക്കച്ചുവട് മാറ്റി അമ്മു തുടർന്നു.
“സാദ്, മതാ ദമ്പതികൾക്ക് വാർദ്ധക്യത്തോടടുത്ത സമയത്ത് പ്രാർത്ഥനയുടെ ഫലമായി അല്ലാഹു അനുഗ്രഹിച്ച് കൊടുത്ത യൂനുസ് നബി ആണ് ഒൻപതാം വയസ്സിൽ മരണമടഞ്ഞ പ്രവാചകൻ….. നബിയെ മാതാവായസാദ് എട്ട് മാസം ഗർഭണിയായിരിക്കുമ്പോ പിതാവായ മതാ മരണപ്പെടുകയും ചെയ്തു.
ഞാനാകെ കോരിത്തരിച്ചു.അമ്മുവിന് തെറ്റുപറ്റിയിരിക്കുന്നു. കുറച്ചെങ്കിലും അറിയാവുന്ന ചരിത്രം മുഹമ്മദ് നബി (സ) യുടെതാണെങ്കിലും മറ്റു നബിമാരുടെ ചരിത്രകഥ ഞാൻ കേട്ടിട്ടുണ്ട്. യൂനുസ് നബി മരിച്ചത് വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയതിന് ശേഷമാണ്.പിന്നെങ്ങനെ ഇത് ശരിയാവും.
“അമ്മു … യൂനുസ് നബി അല്ല അമ്മു. അമ്മൂനെവിടെയോ പിഴവ് പറ്റിയിരിക്കണ് ….. ”
ഷാഹിക്ക ചിരിക്കണ പോലെ എന്നെ നോക്കി അമ്മു ഒന്ന് പുഞ്ചിരിച്ചു.
” ന്റെ ശാദ്യേ…. ഞാനൊന്ന് പറയട്ടെ, തോക്കി കേറീ വെടിവെക്യാ ഇയ്യ്….. മോള് പറഞ്ഞത് ശരിയാ….
പക്ഷേങ്കില് ഇയ്യ് പറഞ്ഞ മരണം നബിയുടെ രണ്ടാമത്തെ മരണമായിരുന്നു…… ”
“ഒരാൾക്ക് രണ്ട് മരണമോ ….. എന്തൊക്കെയാ അമ്മൂ ഇങ്ങള് പറയണെ. നിക്കൊന്നും മനസ്സിലാവുന്നില്ല.”
ആകാംക്ഷയും പ്രതീക്ഷയും എന്നിൽ നിറഞ്ഞു തുളുമ്പി….
ബാക്കി ഭാഗത്തിനായി കാത്തിരിക്കുമ്പോഴാണ് ലാന്റ് ഫോണ് റിംഗ് ചെയ്തത്.അമ്മു ചെന്ന് കോൾ അറ്റന്റ് ചെയ്തു.
“ഛെ…. എല്ലാം പോയി….ഷാഹിക്ക വിളിക്കില്ലെന്ന് അമ്മു പറഞ്ഞതല്ലെ.പിന്നെ ആരാ ഈ സമയത്ത്. ഞാൻ പിറുപിറുത്തു.
“ശാദ്യേ…. അനക്കുള്ള കോളാ….”
“എനിക്കോ…. ”
“ഊം”
ഞാൻ ചെന്ന് അറ്റന്റ് ചെയ്തു.
“ഹലോ ”
“ഹലോ….. ഒറങ്ങിയായി രുന്നോ അന്റെ ബീവി….”
” റാഷിക്ക ഈ സമയത്ത് ഇങ്ങള് …..”
“അനക്ക് വിളിക്കാൻ നിക്ക് പ്രത്യേക സമയൊക്കെ വേണോ ശാദ്യേ….”
“അങ്ങനല്ലിക്കാ….. പ്രതീക്ഷിക്കാതെ വിളി വന്നപ്പോ…. ”
ഇക്കാ നോട് സംസാരിക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അമ്മുവിന്റെ കഥയിലായിരുന്നു.
“അല്ലേലും എല്ലാം പ്രതീക്ഷിക്കാതെയാണല്ലോ നടക്കണത്.അല്ലേ ശാദ്യേ….. ”
ഇക്ക എന്തോ അർത്ഥം വെച്ച് പറയുന്ന പോലെ തോന്നി എനിക്ക്.
“എന്താ ഇക്കാ പറഞ്ഞ് വരുന്നത്.നിക്കൊന്നും മനസ്സിലാവുന്നില്ല….. ”
“അനക്ക് മനസ്സിലാവണില്ലേലും ഈ ഇക്കാക്ക് എല്ലാം മനസ്സിലായി മോളേ….. ”
എവിടെയും തൊടാതെ ഇക്കാടെ സംസാരം എന്നെ ആകുലപ്പെടുത്തി…..
“ടെൻഷനാക്കാതെ കാര്യം പറയിക്കാ…. ഈ സമയത്ത് ടെൻഷനാവാൻ പാടില്ല.ബി പി കൂടും…… ” ഒരു കള്ളച്ചിരിയോടെ ഞാൻ പറഞ്ഞു.
” ഈ സമയത്തെന്നല്ല ഇനി ന്റെ മോള് ജീവിതത്തിൽ ടെൻഷനാവാൻ പാടില്ല. അത് ഈ ഇക്ക സഹിക്കില്ല.”
“ന്നാ! പറയിക്കാ ഇക്ക ഉദ്ദേശിക്കണ കാര്യം.”
“മിനിയാന്ന് എന്റെ പെരേന്ന് വിളിച്ചേഷം അന്റെ ഫോണെന്താ ഇയ്യ് സ്വിച്ച് ഓഫാക്കിയെ.ലാന്റിൽ വിളിച്ചിട്ടും ഇയ്യെടുത്തില്ലല്ലോ …..”
റാഹിലാത്താ റാഷിക്കാന്റട്ത്ത് കള്ളം പറഞ്ഞതും അത് റാഷിക്ക എന്റെട്ത്ത് പറയുമ്പോൾ ഫോൺ താഴെ വീണതും ഞാൻ ഓർത്തു…..
“ഇപ്പൊ പിടി കിട്ടിയോ അനക്ക്. കാര്യം ന്താണെന്ന്.”
“ഇല്ലിക്കാ ….. ഇങ്ങള് പറയ്”
“അന്നെ വിളിച്ച് ഇയ്യ് എടുക്കാത്തോണ്ട് ഞാൻ അന്റെ പൊരേലോട്ട് വിളിച്ചു. അപ്പൊ അമ്മു അറ്റന്റ് ചെയ്ത് ന്റെ മോളെ ദുരിത കഥ വിവരിച്ചു……. അത് കേട്ടപ്പൊ ഇക്ക തളർന്നു പോയി. ഒരു വാക്ക് പറയായിരുന്നില്ലെ അന്റെ മോക്ക്.”
പടച്ചോനെ ഈ അമ്മു ന്നോട് പറയണ്ടാന്ന് പറഞ്ഞ് ഒക്കെ റാഷിക്കാട് പറഞ്ഞിരിക്കണു. എന്താ ഇതൊക്കെ. റിസീവർ കൈയീന്ന് തെന്നി വീഴുമെന്ന അവസ്ഥയിലായി.
“ഇയ്യെന്താ ശാദ്യേ ചിന്തിക്കണെ.അമ്മൂനെ കുറിച്ചാണോ ….. ഓള് ന്റട്ത്ത് പറഞ്ഞതോണ്ട് പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. ഇയ്യാണ് പറഞ്ഞിരുന്നെങ്കിൽ കാര്യം കൂടുതൽ വഷളായേനെ….. അന്റെ ഷാഹിക്കാടെ ഭാഗ്യം ചെയ്ത ജന്മാ….. അമ്മൂനെപ്പോലൊരു പെണ്ണിനെ കിട്ടീല്ലോ…… ”
” ഓഹോ….. അപ്പൊ ഇങ്ങളേതോ …..ഭാഗ്യം കൊറഞ്ഞ ജന്മാ…..” …..
“ന്റെ, പൊന്നേ….. ഞാൻ തോറ്റു…… ” ഒരു ക്ഷമാപണം പോലെ ഇക്ക പൊട്ടിച്ചിരിച്ചു.
ആ ചിരിയിൽ ഞാനും പങ്കാളിയായി….
“വേറെന്തുണ്ടിക്ക വർത്താനോ …..”

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.