അരികിൽ വന്നു കൈ കൊണ്ട് ഷാഹിക്ക താടി പിടിച്ച് കുലുക്കിയപ്പോഴാ ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയത്.
“അത്, പിന്നെ, ഇക്ക …… ഞാൻ …… അത് ആരാ ഇക്കാ ആ ഓട്ടോ ഡ്രൈവർ ….” ഞാൻ റൂട്ട് മാറ്റി പിടിച്ചു.
“ഇക്ക അന്ന് ജോലിക്ക് ടൗണിൽ പലചരക്ക് കടയിൽ നിന്നില്ലേ, അവിടെ മൂപ്പരാ ലോറീന്ന് ലോഡൊക്കെ എറക്കി വെക്കാറ്…ആൽബിൻ ജോസ് ന്നാ പേര്. തനി അച്ചായൻ.ന്നാലും നല്ല മനുഷ്യത്തോള്ള ആളാ…. അതാണോ ഇയ്യ് ഇതുവരെ ചിന്തിച്ചത്…..”
“അതില്ലിക്കാ…. ഞങ്ങളിങ്ങോട്ട് പോരുമ്പോ….. സംസാരത്തിനിടേൽ ഇക്കാനേം റാസീ നേയൊക്കെ അറിയാമെന്ന് മൂപ്പര് പറഞ്ഞു. എന്നേം റാഹിലാത്തേനേം കൂടി പരിചയമുണ്ടത്രെ…..”
“അന്റെ കല്യാണത്തിന് മൂപ്പര് വന്നിരുന്നു.ഞാൻ പണിയെടുത്ത അതേ ബിൽഡിംഗിൽ തന്നെയായ്രു ന്നു റാസിഖിനും പണി ഉണ്ടായത്. കട വ്യത്യാസമെന്നേ ഉള്ളൂ. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരേ ജോലിയായിരുന്നു. അവിടെ സാധനം വാങ്ങാൻ അന്റിത്ത എടക്കിടയ്ക്ക് വരും അങ്ങനെ കണ്ട ഓർമ്മയായിരിക്കും മൂപ്പർക്ക വരെ….. മൂന്നാലു വർഷമേ ഒന്നിച്ചുണ്ടായിരുന്നെങ്കിലും എവിടെ കണ്ടാലും ഇപ്പള് ഞങ്ങള് മൂന്നാളും നല്ല കൂട്ടാ…. ”
“അപ്പൊ ഇക്കാക്ക് റാസിഖിനെ മുൻപേ പരിചയമുണ്ടോ….?
“ഇത് നല്ല കഥയാണല്ലോ ശാദ്യേ…. സൈദാലിക്ക റാഷീ ടെ ആലോചനേം കൊണ്ട് വന്നപ്പോൾ റാസീടെ ഏട്ടനായോണ്ടാ കൂടുതലൊന്നും ചിന്തിക്കാണ്ട് അന്നെ ഞാൻ കെട്ടിച്ചെ. അത്രേം നല്ല ഒരുത്തനാ….. നമ്മുടെ റാസിഖ്….. ”
” അത് ശരി …. ചുരുക്കം പറഞ്ഞാൽ പൈന്റ് കണ്ട് പൊര വാങ്ങുമ്പോലെ റാസീ ടെ സ്വഭാവം കണ്ട് ഇക്ക ആ കുടുംബത്തിലോട്ട് ന്നെ തള്ളി വിട്ടൂന്ന് സാരം…..” എന്റെ വാക്ക് കേട്ട് ഷാഹിക്ക പൊട്ടിച്ചിരിച്ചു.
” എന്നിട്ട് എന്തേലും പ്രശ്നോ ണ്ടോ ശാദീ അനക്കിപ്പോ ഞങ്ങടെ പൊരേല് …” ഇതും പറഞ്ഞ് പ്രതിക്ഷിക്കാതെ റാഹിലാത്ത മുറിയിലേക്ക് കടന്നു വന്നു….. ഞാനാകെ തരിച്ചു പോയി.
“ന്റെ കുട്ടിയൊരു തമാശ പറഞ്ഞതല്ലേ റാഹിത്താ….. ”
ഷാഹിക്ക എന്നെ ചേർത്ത് പിടിച്ച് റാഹിത്തയോടായി പറഞ്ഞു. പരുന്തിൽ നിന്നും കോഴിക്കുഞ്ഞിനെ രക്ഷപ്പെടുത്താൻ തള്ളക്കോഴി മെനക്കെടും പോലെ തോന്നി എനിക്ക്.
“ഊം…. തമാശ ഇത്തിരി കൂടണണ്ട്…..അല്ല …., ഷായേ…. ഇയ്യെപ്പഴാ എറങ്ങണെ….. ”
“അത് പിന്നെ ഇത്താത്ത ഇൻഷാ അള്ളാ നാളെ മഗ് രിബ് നിസ്കാരം കഴിഞ്ഞ ഉടനെ എറങ്ങും.”
“എപ്പൊ എറങ്ങിയാലും ബേണ്ടില്ല.ഇയ്യെത്തിയ ഒടനെ ഈ പൊതി റാസീനെ ഏൽപ്പിക്കണം.”
റാഹിലാത്ത പർദയുടെ സൈഡ് പോക്കറ്റിൽ നിന്നും ഒരു കവറെടുത്ത് ഇക്കാനെ ഏൽപ്പിച്ചു. ഹോസ്പിറ്റലിന്ന് വരുമ്പോ ഇത്താത്താടെ കൈയ്യിലുണ്ടായ അതേ കവർ. അപ്പൊ ഇത് നല്ല കാര്യപ്പെട്ട സാധനം തന്നെ….
“ന്താ…. ഇത്താത്താ ഇത് വല്ല മെഡിസിനും മറ്റുമാണോ …..”
ഇയ്യ് പേടിക്കേണ്ട ഷായേ….. അങ്ങനെയുള്ള ഊരാകുടുക്കുമൊന്നുമല്ല. ഇയ്യ് ഇത് റാസിയെ ഏൽപ്പിച്ചിട്ട് ന്റെ കെട്ടിയോൻ സുബൈർകാക്ക് കൊടുക്കാൻ പറഞ്ഞാളി …… ഞാനെറങ്ങാ….. ആ ശാദ്യേ അന്റിക്ക പോയേഷം ഇയ്യ് സമാധാനത്തോടെ അങ്ങ് പോന്നാ മതി.” അതുവരെ ഇക്കാനെ നോക്കി ക്കൊണ്ടിരുന്ന റാഹിലാത്ത എന്നെ നോക്കി പറഞ്ഞു. കൂടുതൽ ചോദ്യം ചോദിക്കുന്നതിനു മുൻപേ ഇത്താത്ത എല്ലാരോടും യാത്ര പറഞ്ഞ് പോയി.
അപ്പൊ ഇത്താത്ത നേരത്തെ പറഞ്ഞ പോലെ വന്നത് ഉദ്ദേശിച്ച കാര്യം സാധിക്കാനായി ത്തന്നെയാണ്.ഞാൻ കരുതി എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്.
രാത്രി കിച്ചണിലെ മൊത്തം പണിയും എന്റെ മേൽനോട്ടത്തിലായിരുന്നു.കഴിയുന്നതും നേരത്തെ തന്നെ അമ്മൂനെ കിച്ചണീന്ന് ഒഴിവാക്കാൻ ഞാൻ ശ്രമിച്ചു. കെട്ടിയോൻ പോകുന്നതിന്റെ തലേ ദിവസത്തെ രാത്രിയെ കുറിച്ച് എനിക്ക് അനുഭവത്തിന്ന് അറിഞ്ഞത് കൊണ്ട് മിർഷൂനെ ഞാൻ എന്റെ കൂടെയാ കിടത്തിയത്.
രാവിലെ പതിവിലും നേരത്തെയാണ് അമ്മു എഴുന്നേറ്റത്. എനിക്കെന്തോ നല്ല ഉറക്കം കിട്ടിയില്ല. ഞാൻ എഴുന്നേറ്റ് കിച്ചണിലേക്ക് പോകുമ്പോഴേക്കും അവിടെ അമ്മൂന്റെ കലാപരിപാടികൾ തുടങ്ങിയിരുന്നു. ഉച്ചയാവുമ്പോഴേക്കും ജമീലാ ത്തായും സഫിയാത്തായും സംഘങ്ങളൊക്കെ എത്തി. എല്ലാവരും ഓരോന്ന് പറഞ്ഞ് കലപില കൂട്ടുന്നു. എന്റെ ശ്രദ്ധ മുഴുവൻ അമ്മുവിലും ഷാഹിക്കയിലുമായിരുന്നു. അവരോടൊത്ത് ചിരിക്കാനും കുശലം പറയാനും അമ്മുവും കൂടുന്നുണ്ട്. അസർ നിസ്കാരത്തിന് ശേഷം ഉസ്താദുമാരേയും കൂട്ടി ഷാഹിക്ക വന്നു. മൗലൂദും ചായ കുടിയും കഴിഞ്ഞ് അവരിറങ്ങുമ്പോഴേക്കും ഓരോരുത്തരായി കയറി വരാൻ തുടങ്ങി. എനിക്കാകെ വീർപ്പുമുട്ടി.
ഷാഹിക്കാടെ സുഹൃത്ത് സവാദ് പെട്ടി കെട്ടുന്ന തിരക്കിൽ. ഇക്കാക്ക ഓരോന്നും പരതണപോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അമ്മൂടെ മുഖത്ത് ഭാവമാറ്റമൊന്നും കാണുന്നില്ല. പള്ളി മിനാരത്തിൽ നിന്നും മഗ് രിബിന്റെ ബാങ്ക് വിളി മുഴങ്ങി.ഷാഹിക്കയും മൂത്താക്കയും എളേപ്പമാരൊക്കെ ചേർന്ന് ഹാളിൽ നിന്നും ഇമാമും മഅമൂമുമായി നിസ്കരിച്ചു. എത്ര തിരക്കുണ്ടേലും ഷാഹിക്ക നിസ്കാരം പള്ളിന്ന് മാത്രമേ നിർവഹിക്കാറുള്ളൂ. ഇന്നിപ്പൊ ട്രൈനിനു സമയമായത് കൊണ്ടാവാം നിസ്കാരം വീട്ടിന്നാക്കിയത്.നിസ്കാര ശേഷമുള്ള ദുആയും കഴിഞ്ഞ് ഇക്ക നേരെ ബെഡ് റൂമിലേക്ക് .എനിക്ക് ഇക്കാന്റെ അരികിലേക്ക് പോകണമെന്നുണ്ടായിരുന്നു.അമ്മൂന് എന്തേലും പറയാനുണ്ടെങ്കിലോ….. ഞാനതിന് ഒരു തടസ്സമാവില്ലെ. കല്ല്യാണത്തിന് മുമ്പൊക്കെ ഇക്ക വീട്ടിന്ന് ഇറങ്ങും വരെ ഞാനിക്കാനോട് ചേർന്ന് നിൽക്കും. ഷർട്ടിന്റെ ബട്ടൻസി ടുന്നതും ഷൂസിന്റെ വള്ളിമുറുക്കുന്നതൊക്കെ എന്റെ കുട്ടിത്തമായിരുന്നു. ഇന്നിപ്പൊ അതിനൊക്കെ അമ്മുവുണ്ട്. പ്ലയ്ൻ ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും ധരിച്ചു സുന്ദരനായി ഇക്ക റൂമീന്ന് പുറത്തിറങ്ങി.ഗൾഫീന്ന് വന്ന ദിവസം മാത്രമാണ് ഇക്കാനെ പാന്റ്സിട്ട് ഇൻസൈഡ് വേഷത്തിൽ കണ്ടത്.. പിന്നെ ആ രൂപം കാണണമെങ്കിൽ ഗൾഫിലോട്ട് മടങ്ങുന്ന ദിവസം വരെ കാത്തിരിക്കണം.പാന്റിനേക്കാളും സുഖം തുണി ചുറ്റുമ്പോഴാണെന്നാ ഇക്ക പറയാറ്. അമ്മൂനും അതിനോട് യോജിപ്പാ….
ഹാളിൽ എളേപ്പയുടെ ദുആ കത്തിക്കയറുന്നുണ്ട്. എല്ലാവരും കണ്ണിനു മുകളിൽ കൈ അമർത്തി വെച്ച് ആമിൻ പറയുന്നു. റാഷിക്ക ഇറങ്ങുമ്പോഴൊന്നും ഈ രീതി ഞാൻ അവിടെ കണ്ടില്ല.ഇങ്ങനെയുള്ള കാഴ്ച കുടുംബ ബന്ധം പുലർത്തുന്ന വീടുകളിൽ മാത്രമാണെന്ന് എനിക്ക് തോന്നി.ദുആയ്ക്ക് വിരാമമിടുമ്പോൾ തന്നെ സവാദിക്ക പെട്ടിയുമായി കാറിനടുത്തേക്ക് നീങ്ങി.
” ഉമ്മാ! പാസ്പോർട്ട് എവിട്യാ…..” ഇക്ക വന്ന ഉടനെ പാസ്പോർട്ടും ഗൾഫിലെ ചില്ലറ പണമൊക്കെ ഏൽപ്പിക്കുന്നത് ഉമ്മാന്റെ കൈയിലാണ്. ടിക്കറ്റ് കിട്ടിയാൽ പാസ്പോർട്ടും ചേർത്ത് ഉമ്മ തന്നെ ഇക്കാക്ക് കൊടുക്കണം. ആദ്യ യാത്ര മുതലേ ഇക്കാക്കുള്ള ശീലമാണത്.
ഉമ്മ തട്ടം കൊണ്ട് കണ്ണും തുടച്ച് ഇക്കാക്കരികിലേക്ക് വന്നു. ടിക്കറ്റും പാസ്പോർട്ടും ഇക്കാടെ കൈയ്യിൽ കൊടുത്ത് കവിളിൽ ഒരു മുത്തം കൊടുത്ത് തലതൊട്ട് അനുഗ്രഹിച്ചു.ജമീലാത്തയും സഫിയാത്തയും മറ്റുള്ളോരൊക്കെ പിന്നാലെ വന്ന് ഉമ്മാന്റെ രീതി പിൻതുടർന്നു.
“ഇനി….. ന്റെ മോൻ വരുമ്പോ ഈ ഉമ്മാമണ്ടാവോന്നറിയില്ല. ന്നാലും നിക്ക് ഉയിരുള്ള കാലം വരെ ന്റെ കുട്ടിക്ക് ഈ ഉമ്മാമ ദുആ ചെയ്യാം…..” ഇതും പറഞ്ഞ് ഉമ്മാമ ഇക്കാനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
” ഇങ്ങള് ഒനേക്കൂടി ബേജാറാക്കാ…. നല്ലയാളാ…, “ഷാഹിക്കാടെ നെഞ്ചീന്ന് ഉമ്മാമാനെ വലിച്ചു കൊണ്ട് ജമീലാത്ത പറഞ്ഞു.
അതുവരെ മൂകമായി നിന്നിരുന്ന അകത്തളം ഒരു മരണവീടുപോലെ തേങ്ങലുകളായി മാറി. അപ്പോഴും അമ്മൂടെ മുഖത്ത് മാത്രം നേരിയ പുഞ്ചിരിയായിരുന്നു. അത്ര ക്ഷമയുള്ള പെണ്ണാ എന്റെ ഷാഹിക്കാടെ അമ്മു.
എന്തോ ഓർത്തെടുത്ത പോലെ ഇക്ക വീണ്ടും അറയിലേക്ക് കേറി….., അത് വരെ പിടിച്ചു നിന്ന എനിക്ക് നിയന്ത്രണം വിട്ടു. ഞാനും ഇക്കാടെ കൂടെ അറയിൽ കയറി. ഇക്ക ഭിത്തിയിൽ കൈ കൊണ്ട് എന്തോ എഴുതിപ്പിടിപ്പിക്കുന്നു.
ഇങ്ങനെ ചെയ്ത ശേഷമേ ഉപ്പ ഗൾഫിലോട്ട് പോകാറുള്ളൂ. എന്തോ ഒരു അറബി പദമാണ്. അതെഴുതിയാൽ ഇറങ്ങിയിടത്തു തന്നെ തിരിച്ചെത്തുമെത്ര .
.[ഇങ്ങനെയൊരു പതിവുണ്ട്. ആ പദം എന്താണെന്ന് എനിക്ക് നിശ്ചയമില്ല. അറിവുള്ളവരോട് ചോദിച്ച് അത് പിന്തുടരുക.]
എഴുതി കഴിഞ്ഞ് പിന്നിലോട്ട് തിരിയുമ്പേൻ ഇക്കാനെ ഞാൻ കെട്ടിപ്പിടിച്ചു.
“ഇക്ക ഇറങ്ങുമ്പോൾ ന്റെ റാണി മോളു കരയാൻ പാടില്ല.അന്റെ കണ്ണീരു കണ്ട് എറങ്ങിയാൽ ഇക്കാക്ക് തിരിച്ചെത്തും വരെ ഉള്ളിൽ തീയായിരിക്കും…. ”
പക്വത വന്നശേഷം ഇക്ക എന്നോട് കാര്യമായി പറഞ്ഞ വാക്ക് അതാണ്.അത് കൊണ്ട് പരമാവധി കണ്ണീരു ഞാൻ നിയന്ത്രിക്കും. ഇക്ക പോയ ശേഷം അറയിൽ കയറി കതകടച്ചു പൊട്ടിക്കരയും.
ഇക്ക എന്റെ കൈ പിടിച്ച് മുറിയിൽ നിന്നും പുറത്തിറങ്ങി.ചെറിയാത്താടെ കൈയ്യീന്ന് മിർഷു ഇക്കാന്റെ ചുമലിലോട്ട് ചാടി.
“അമ്മു …..ഇയ്യൊന്നു കുഞ്ഞിനെ വാങ്ങിക്ക് – അല്ലേൽ ഓന്റെ മോറ് കാണുന്തോറും ഷാഹിക്ക് ബെഷമം കൂടും. സഫിയാത്ത ഇടയിൽ നിന്നും വിളിച്ചു പറഞ്ഞു.
” ഇല്ല സഫിയാത്താ…. സ്റ്റേഷൻ വരെ മോനും വന്നോട്ടെ. എന്നെ അവിടിറക്കി സവാദ് ഇങ്ങോട്ട് മടങ്ങുമ്പോൾ അവനൊന്നിച്ച് ഏൽപ്പിച്ചോളാം…… ഷാനീ …. ഇയ്യും പോന്നോളൂ കൂടെ… മോനെ എട്ക്കാൻ കൂട്ടാവുമല്ലോ…. ”
ഇത് കേൾക്കേണ്ട താമസം ഷാനിദ് ഓടിച്ചെന്ന് കാറിൽ കയറി.
” അപ്പൊ ! ശരി, ഇൻഷാ അള്ളാ ഞാൻ പോയി വരട്ടെ…. എല്ലാവർക്കും അസ്സലാമു അലൈക്കും.
എല്ലാവരും കൂട്ടത്തോടെ സലാം മടക്കി.
സലാം പറഞ്ഞ് പുറകോട്ടൊന്ന് തിരിഞ്ഞ് നോക്കാതെ ഷാഹിക്ക കുഞ്ഞിനേയും കൂട്ടി കാറിനകത്തു കയറി.
പ്രയാസത്തിന്റെയും പരവേഷത്തിന്റെയും ഇടയിൽ വീർപ്പുമുട്ടുന്നവന്റെ യുവത്വം ഊറ്റിക്കുടിക്കാൻ വേണ്ടി മാടി വിളിക്കുന്ന അറബ് മണ്ണിലേക്ക് എന്റിക്ക യാത്രയായി………
ഷാഹിക്ക ഇറങ്ങിയതോടെ വീടിന്റെ വെളിച്ചം നഷ്ടപ്പെട്ടു. ഒരാള് മാത്രമാണ് പോയതെങ്കിലും എല്ലാവരും കുടിയൊഴിഞ്ഞ് പോയ പ്രതീതിയായിരുന്നു വീടിന്റെ അകത്തളം . രാത്രി ഭക്ഷണം കഴിച്ചാണ് ജമീലാത്തയും മറ്റുള്ളവരും പോയത്. മനസ്സിന് ആകെയൊരു വല്ലായ്മ തോന്നി.റൈയിൽവേ സ്റ്റേഷനീന്ന് വരുമ്പഴേക്കും മിർഷു ഉറങ്ങിയിരുന്നു. പാത്രങ്ങളൊക്കെ കഴുകി വെച്ച് അമ്മു കിടക്കാനൊരുങ്ങി. ഇന്ന് അമ്മൂന്റെ കൂടെ കിടന്നാലോന്ന് കരുതി ഞാൻ പിന്നാലെ ചെന്നു. അമ്മൂന്റെ കൂടെ കിടന്നാൽ നല്ല നല്ല കാര്യങ്ങൾ അറിയാൻ പറ്റുമല്ലോ എന്ന ലക്ഷ്യവും എന്റെ മനസ്സിലുണ്ടായിരുന്നു.
“അമ്മൂ…. ഇന്ന് ഞാൻ ഇവിടെ കെടന്നോട്ടെ. ഇക്കാടെ ഫോൺ വരുമ്പോൾ മാറിത്തരാം…..”
“അയ്നെന്താ…. നിക്കൊരു കൂട്ടാവുമല്ലോ… അതേയ് ഇക്കാടെ ഫോൺ വരുമ്പോ ഇയ്യെന്തിനാ മാറിത്തരുന്നത്.അന്റെ റാഷിടെ പൊരക്കാരെ പോലുള്ളോരൊന്നും ഇബടെ ഇല്ലാല്ലോ…”
കുസൃതിച്ചിരിയോടെ അമ്മു പറഞ്ഞു.
പുറത്തീന്ന് വന്ന ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെ കേൾക്കണമെങ്കിൽ അവൾ ഭർതൃവീട്ടിൽ പൂർണ്ണ സന്തോഷവതിയാണെന്നല്ലേ അർത്ഥം….. ഭാഗ്യവതിയും .
ഇതിന്റെ അടുത്ത ഭാഗം എവിടെ
ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
baaki vegam post cheyu
Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .
E story Inim Ariyanam.Ithil Kure Padikkanindd
Next Part Eppozha