കണ്ണീർമഴ 2 41

ഇനി അവൻ വിളിച്ചോന്നറിയാൻ വേണ്ടിയായിരിക്കോ ഈ ചിരിയും കൂട്ടുകൂടലൊക്കെ … വരുന്നിടത്ത് വെച്ച് കാണാം ന്നാലും കള്ളം പറയാൻ പറ്റില്ല”
“ഊം… വിളിച്ചാർന്നു…. ”
ഒരു കള്ളച്ചിരി ചിരിച്ച് റാഹിലാത്ത ഉമ്മാനേയും ചേർത്ത് പിടിച്ച് അകത്തേക്ക് പോയി. മർസൂഖിന്റെ റൂമിലാണ് ഉമ്മയെ കിടത്തിയത്. അവിടെ ഇത്തിരി സൗകര്യം കൂടുതലാണത്രെ.റാഹിലാത്ത കൂടുതൽ സമയം അവിടെ നിന്നില്ല. വീടിന്റ ചാവിയും എടുത്ത് ഇത്താത്താടെ വീട്ടിലേക്ക് പോയി. ഇത്താത്താടെ കൈയ്യിൽ ഒരു കവറും ഉണ്ടായിരുന്നു.എന്തായിരിക്കും അത്. ഉമ്മയെ കട്ടിലിൽ കിടത്തുമ്പോഴും പർദ്ദ മാറ്റിക്കൊടുക്കുമ്പോഴൊന്നും ആ കവർ ഇത്താത്ത താഴെ വെച്ചില്ല. അത്രേം വലിയ നിധിയാണോ അതിനുള്ളിൽ….. ചിലപ്പോ ആവുമായിരിക്കും…… എന്തായാലും നല്ല വിലപിടിപ്പുള്ള സാധനം തന്നെ.
അല്ലെങ്കിൽ എവിടെപ്പോയി വന്നാലും ഭക്ഷണവും മറ്റുമൊക്കെ കഴിഞ്ഞേ റാഹിലാത്ത പോകാറുള്ളൂ. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. റാഹിലാ ത്താടെ മാറ്റം എന്നെ അത്ഭുത പ്പെടുത്തി ക്കൊണ്ടേയിരുന്നു.
ഞാൻ ഉമ്മാടെ അടുത്ത് ചെന്നിരുന്നു.ഉമ്മാടെ മുഖത്ത് പ്രത്യേക ഭാവമാറ്റമൊന്നും തോന്നിയില്ല. വേദന സഹിച്ചത് കൊണ്ടാവാം മുഖത്തെ പ്രസന്നത കുറഞ്ഞിരിക്കുന്നു. അത്ര മാത്രം.
” ഉമ്മാ! ഇപ്പൊ ങ്ങനെയ്ണ്ട്…..?
ദേഷ്യത്തോടെയുള്ള മറുപടിയാ ഞാൻ പ്രതീക്ഷിച്ചത്.
“ഊം…. കൊറവുണ്ട്. ഇയ്യ് പോയി ന്റെ ഉടുപ്പൊന്ന് എടുത്തോണ്ട് വാ….. ഞാനൊന്ന് കുളിക്കട്ടെ ….. ഒരായ്ചയായില്ലെ മര്യാദക്ക് ഒന്ന് കുളിച്ചിട്ട്…”
ആശുപത്രിവാസം ഉമ്മാക്ക് തീരെ രസിച്ചില്ലെന്ന് ഉമ്മാടെ വാക്കിൽ നിന്നും മനസ്സിലായി. കുളിയുടെ കൂടെ നിസ്കാരത്തെ കുറിച്ചും പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനേ….. മനസ്സിലങ്ങനെ ഓരോന്ന് പറഞ്ഞ് ഞാൻ ഉമ്മാടെ റൂമിൽ ഷെൽഫിനുത്തേക്ക് ചെന്നു.ഷെൽഫ് തുറന്ന ഞാൻ ഞെട്ടി.
“റബ്ബേ !ന്തൊക്കെയാ ഇത് ”
ഞാൻ മൂക്കത്ത് വിരൽ വെച്ചു പോയി. മരത്തിൽ നിർമ്മിച്ച അഞ്ച് തട്ടുകളുള്ള വിശാലമായ ഒരു ഷെൽഫ്. വസ്ത്രങ്ങളേക്കാളും കൂടുതൽ ചോക്ലേറ്റ്സ്. മിൽക് പൗഡർ, സോപ്പ് ,ഷാംപൂ, സ്കർബ്, ഡിറ്റേജന്റ് പൗഡർ, ടാൽകം പൗഡർ ഗൾഫ് ഈന്തപ്പഴം.ബതാം.ടൂത്ത് പെയ്സ്റ്റ് അങ്ങനെ പലതരം ഐറ്റംസ് .ഓരോ തട്ടിലും ഓരോരോ ഐറ്റംസ് ഒതുക്കി വെച്ചിരിക്കുന്നു. പണ്ട് മദ്റസ വിട്ടു വരുമ്പോൾ ജീപ്പിൽ കൂടി ഹൈപ്പർ ഗൾഫ് ബസാർ എന്ന ഷോപ്പിന്റെ അനൗൺസ്മെന്റ് പോകാറുണ്ട്.വീട്ടു പകരണങ്ങളും മറ്റും എല്ലാം ഒരു കുടക്കീഴിൽ എന്നു പറഞ്ഞു. അപ്പൊഴൊക്കെ ഞാൻ ചിന്തിക്കാറുള്ളത്. ഒരു കുടയുടെ കീഴിൽ ഒത്തിരി സാധനം കൊള്ളോ എന്ന്.ഉമ്മാടെ ഷെൽഫ് കണ്ടപ്പോൾ എനിക്കത് ബോധ്യം വന്നു.
കഴിഞ്ഞ ദിവസം ചായ കുടിക്കുമ്പോൾ മിൽക് പൗഡർ തീർന്നു പോയെന്ന് പറഞ്ഞ് എന്നെക്കൊണ്ട് കട്ടൻ ചായ കുടിപ്പിച്ച ഉമ്മയാ….. ട്യൂത്ത് പെയ്സ്റ്റ് രണ്ടായി മുറിച്ച് അതിനെ ഇഞ്ചിഞ്ചായി കൊന്നാണ് ഇപ്പൊ ഉപയോഗിക്കുന്നത്.ഇതിനൊക്കെ പടച്ചോനായിട്ട് ഒരു അവസരമുണ്ടാക്കിത്തന്നിരിക്കുന്നു ഇതൊക്കെ കാണാൻ. എന്തിനാ ഇങ്ങനെ എല്ലാം ഒളിപ്പിച്ചു വെക്കണത്. ഇതൊക്കെ ആരെക്കൊണ്ട് തീറ്റിക്കാനാ……അലക്കാൻ ഒരു സോപ്പ് തന്നാൽ കുറഞ്ഞത് ഒരാഴ്ച കഴിഞ്ഞേ അടുത്ത സോപ്പ് കിട്ടുള്ളൂ. ഷോപ്പിലേക്കൊക്കെ സോപ്പുകൾ ഇറക്കുമതി ചെയ്യുന്നത് ഉമ്മാടെ ഷെൽഫീന്നാണെന്ന് തോന്നിപ്പോക്കും. അത്രയ്ക്കുമുണ്ട് ബ്രാന്റഡേടായ സോപ്പുകൾ. എവിടെന്നാണാവോ ഇതൊക്കെ.
“ടീ ….. ശാദ്യേ…. ഇതുവരെ അനക്ക് കിട്ടില്ലേ…. അന്നോട് പറഞ്ഞ സാധനോ …..”
എല്ലാം ഞാൻ കണ്ടു കാണുമെന്ന പരിഭവം കൊണ്ടാണോ എന്നറിയില്ല. കിടത്തത്തിൽ നിന്നുമെഴുന്നേറ്റ് ഉമ്മ ഭിത്തി പിടിച്ച് കൊണ്ട് ദേഷ്യത്തോടെ നടന്നു മുറിയിലേക്ക് വന്നു. തുറന്നിട്ടിരിക്കുന്ന ഷെൽഫും ഉമ്മാടെ ഗൗരവുള്ള മുഖവും ഞാൻ മാറി മാറി നോക്കി. ഉമ്മ എന്നെ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു…
“ഇയ്യൊന്നും എട്ക്കേണ്ട. നിക്കാവശ്യോള്ളത് ഞാൻ തന്നെ എടുത്തോളാം.ഇയ്യൊന്ന് പോയാ മതി. ഉമ്മ എന്റെ നേരെ അട്ടഹസിച്ചു.ഉമ്മാടെ ശകാരത്തെക്കാളും എന്നെ അതിശയിപ്പിച്ചത് ഷെൽഫിലുള്ള സാധനങ്ങളായിരുന്നു.
ഷാഹിക്കാടെ കൂടെ ടൗണിൽ കയറി പൊരേലോട്ട് പോയ സമയത്ത് മിർഷുന് കൊടുത്ത ഒരു ചോക്ലേറ്റ് ഞാൻ ഹാൻഡ് ബാഗിലിട്ടിരുന്നു. അന്ന് രാത്രി കിടക്കാൻ നേരം മൊബൈൽ എടുക്കാൻ ബാഗ് തുറന്നപ്പോഴേക്കും ഉറുമ്പുകളുടെ സംസ്ഥാന സമ്മേളനമായിരുന്നു ബാഗ് നിറയെ..വീട്ടിൽ ആരെങ്കിലും വിരുന്ന് വന്നാൽ അമ്മു പിറുപിറുക്കുന്നുണ്ടെങ്കിൽ അത് പഞ്ചസാര പാത്രമെടുക്കുമ്പോൾ മാത്രമായിരിക്കും. കറുത്ത ഉറുമ്പിൻ പറ്റത്തിന്റെ തിരുവാതിരയായിരിക്കും അതിലൊക്കെ .. ഇതിപ്പോ ഇത്രേം വലിയ ഷെൽഫിൽ ഒരുപാട് മധുരമുള്ള സാധനം കുത്തി നിറച്ചിട്ടു ഒരു ഉറുമ്പ് പോലും……
അറയിൽ ചെന്നിരിക്കുമ്പോഴും ഉമ്മ എന്നെ ഓരോന്ന് പറഞ്ഞ് പിറുപിറുക്കുന്നത് വ്യക്തമായി കേൾക്കാമായിരുന്നു.ഉമ്മാടെ ഈ സ്വഭാവം റാഷിക്കാന്റെ ട്ത്ത് പറയണം. എനിക്ക് ദേഷ്യവും സങ്കടവും വന്നു. എല്ലാം തന്നില്ലേലും ആവശ്യമുള്ള സാധനം പുറത്തെടുത്താലെന്താ…..ഞാൻ കതകടച്ച് ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തു.കട്ടിലിൽ തലയണ ചേർത്തുവെച്ച് റാഷിക്കാക്ക് ഫോൺ ചെയ്യാൻ തുനിഞ്ഞതും ഇങ്ങോട്ടേക്ക് ഒരു മെസ്സേജ് വന്നു.
“അസ്സലാമു അലൈക്കും. എന്താ മോളേ അന്റെ ഫോണിൽ കിട്ടാത്തത്. ഞാനും അമ്മുവും നിന്നെ ഒരു പാട് വിളിച്ചല്ലോ. ഇക്കാക്ക് നാളെ രാത്രിയാണ് പോകേണ്ടത്. പറ്റുമെങ്കിൽ മോൾ ഇത് കണ്ട ഉടനെ വിളിക്കുക.”
ഷാഹിക്കാടെ മെസ്സേജായിരുന്നു.അമ്മുന്റെ പേര് കണ്ടപ്പോൾ അന്ന് അമ്മു തന്ന ഉപദേശം ഞാൻ ഓർത്തു. “ഉമ്മാനെ മകനിൽ നിന്നും…..” എനിക്ക് കുറ്റബോധം തോന്നി.ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടയ്ക്കക്കടിയിൽ വെച്ചു.
ഞാൻ ഓതിയ സൂറത്ത് റാഹിലാ ത്താടെ നാവടക്കാൻ മാത്രമായിരുന്നോ….. ഇനി ഉമ്മ എന്നെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുമോ…… അത്ര ഗൗരവത്തിലായിരുന്നു ഉമ്മാടെ നോട്ടം. ഉമ്മാക്ക് എന്തേലും പണികൊടുത്താലോ …. പഴയതുപോലെ സംശയവും വാശിയും മനസ്സിലേക്ക് വീണ്ടും കടന്നു വരാൻ തുടങ്ങി.. “ഇത്രയൊക്കെ ഓതിയിട്ടും ന്താ റബ്ബേ ന്റെ മനസ്സിങ്ങനെ… ” കണ്ണടച്ചുപിടിച്ചു കൊണ്ട് ഞാൻ ചിന്തിച്ചു.
“ശാദ്യേ ! ഇത് ഖുർആന്റെ കുഴപ്പമല്ല. അള്ളാഹു ഖിയാമം വരെ ഒരാൾക്ക് ആയുസ്സ് കൊടുത്തിട്ടുണ്ടല്ലോ….. ഇബ്ലീസ് എന്നവന് .. മനുഷ്യനെ വഴിപിഴപ്പിക്കാൻ പാകത്തിൽ നല്ല ജോലി അവൻ പടച്ചോനോട് ഇരന്നു വാങ്ങിയിട്ടുമുണ്ട്. ഈ ദേഷ്യവും വാശിയൊക്കെ അവൻ മനസ്സിൽ കുത്തിക്കയറ്റിത്തരുന്നതാ…. അതിനെ അതിജീവിക്കാൻ പഠിക്കണം… അവിടെയാ വിജയം.” മുറിയിൽ മുഴുവൻ ഒരശരീരിയായി അമ്മുവിന്റെ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു.
അതെ, അതു തന്നെ ഈ ശാദി വിശ്വസിക്കുന്ന നിമിത്തം പോലെ…… റാഷിക്കാനോട് ഓരോന്ന് പറയാൻ തുനിഞ്ഞ എന്റെ മുന്നിൽ മെസ്സേജിന്റെ രൂപത്തിൽ അമ്മു വന്നു. ഇപ്പൊ സ്വയം പഴിക്കുമ്പോൾ ദേ വീണ്ടും അമ്മുവിന്റെ ശബ്ദം അശരീരിയായി എന്റെ കാതുകളിൽ …..
റൂമിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും ഉമ്മ കുളിച്ചു ഫ്രഷായി കിടക്കുന്നു. അടുത്ത് തന്നെ റാഹിലാത്തയുമുണ്ട്.ഇക്ക നാളെ ഗൾഫിലേക്ക് പോകുന്ന വിവരവും എനിക്ക് പുരയിലോട്ട് പോകേണ്ട കാര്യവും ഉമ്മാന്റെ മുന്നിൽ എങ്ങനെയാ അവതരിപ്പിക്കുക.ഷാഹിക്കാക്ക് ഒന്ന് ഫോൺ ചെയ്യുകയും വേണം.ഉമ്മാനോട് പറയാതെ വിളിക്കാനും പറ്റില്ലല്ലോ.ഉമ്മ തനിച്ചിരിക്കുകയാണെങ്കിൽ ഒരു വിധം പറഞ്ഞൊപ്പിക്കാമായിരുന്നു.ഇതിപ്പൊ അടുത്ത് റാഹിലാത്തയും ഉള്ളത് കൊണ്ട് എങ്ങനെയാ പറയുക.ഉമ്മാടെ വായിൽ നിന്നും വരുന്നത് ഒരു വിധം അഡ്ജസ്റ്റ് ചെയ്യാം. കിടത്തമായതോണ്ട് ദേഹോപദ്രവത്തെ പേടിക്കേണ്ട. പക്ഷേ റാഹിലാത്ത… ഓന്തിന്റെ സ്വഭാവാണ്. എപ്പെഴാ നിറം മാറാന്ന് പറയാനൊക്കില്ല. എന്ത് ചെയ്യമെന്നു ആലോചിച്ചിരിക്കുമ്പോഴാണ് കാലിൽ പെരുവിരലിൽ മുള്ളു തറക്കുന്ന വേദന തോന്നിയത്. കുനിഞ്ഞു നിന്നു കൈ കൊണ്ട് കാലൊന്നു തൊട്ടു നോക്കി. കൈ വിരലിനകത്തൊരു കുഞ്ഞനുറുമ്പിനെ കിട്ടി ” ന്നാലും ന്റെ കുഞ്ഞനുറുമ്പേ… എവിടെയൊക്കെ ഇങ്ങള് കേറിപ്പറ്റണുണ്ട്. ഈ ഉമ്മാടെ ഷെൽഫിനകത്ത് ഒന്നു കേറാൻ മേലാർന്നോ…. വല്ലാത്തൊരു അവസ്ഥയിലിരിക്ക്ന്ന ന്നെ തന്നെ വേണോ അനക്ക് കടിച്ച് രസിക്കാൻ.. “ദേഷ്യവും വേദനയും കൊണ്ട് ഞാനതിനെ ഇരുവിരലിനിടയിൽ വെച്ച് അമർത്താൻ തുനിഞ്ഞു.. പക്ഷേ മനസ്സ് സമ്മതിച്ചില്ല.. അന്നൊക്കെ ഉറുമ്പിൻ കൂട്ടത്തെ ചവിട്ടി മെതിക്കുന്നത് എനിക്കൊരു ഹോബിയായിരുന്നു. ജമീലാ ത്താടെ മകന്റെ കല്യാണത്തിന് സുന്ദരിയായി ഒരുങ്ങി നിന്ന് ഓരോന്ന് വീക്ഷിക്കുന്നതിനിടയിലാണ് കണ്ണിനരികത്ത് ഒരു കുഞ്ഞനുറുമ്പ് കടിച്ചത്.അന്ന് ഞാൻ മൂന്നാം ക്ലാസിലായിരുന്നു.. നന്നായി വേദനിച്ച ഞാൻ അതിനെ ഞരടി കൊല്ലുകയും ചെയ്തു. രാത്രി വീട്ടിലെത്തിയ എന്റെ കൺതടം ചുവന്നു ഒരു പരുവത്തിലായി.ഇത് കണ്ട ഷാഹിക്ക കുറച്ച് എണ്ണ എടുത്ത് കൺതടത്തിൽ തടവിക്കൊണ്ട് എന്നോട് ചോദിച്ചത് വേദന കുറവുണ്ടോ എന്നല്ല. “ആ ഉറുമ്പിനെ ഇയ്യ് എന്ത് ചെയ്തൂ …. ഞരടി കൊന്നോ ന്നാ…..”
എനിക്കിക്കാനോട് പരിഭവം തോന്നി.
“ഇല്ല, ചേർത്തു നിർത്തി ഒരു ഉമ്മ കൊടുത്തു.”
കുസൃതിയോടെ
ഇങ്ങനെ പറഞ്ഞ് ഞാൻ പിണങ്ങി മാറി നടക്കാൻ നേരം ഇക്ക കൈ പിടിച്ച് വലിച്ച് കവിളിൽ ഒരു മുത്തം തന്നു പറഞ്ഞു.
“ഇക്കാടെ റാണി മോള് പെണങ്ങാണോ …..?
ഇപ്പൊ, റാഷിക്കാടെ ഉമ്മ നോക്കുന്നതിനേക്കാളും രൂക്ഷമായിയായിരുന്നു ഞാനന്ന് ഷാഹിക്കാനെ നോക്കിയത്.. അപ്പോഴും ന്റെ ഷാഹിക്കാടെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു.
” ന്റെ റാണ്യേയ്….. ഉറുമ്പിനെ കൊല്ലാൻ പാടില്ല. ഇക്ക ഒരു കഥ പറയാം. അത് കേട്ടാ ന്റെ മോള് ഒരു ജീവിനേം ഇനി കൊല്ലൂലാ…… ”
കഥ എന്ന് പറയുമ്പോൾ ഞാൻ ഇക്കാ നോട് ചേർന്നിരുന്നു.കഥ കേൾക്കുന്നതും എഴുതുന്നതും എനിക്ക് ഒത്തിരി ഇഷ്ടാ….. അത് കൊണ്ടാണല്ലൊ ന്റെ ജീവിതം തന്നെ ഒരു കഥയായത്. അല്ലെ ….,
ഷാഹിക്ക തുടർന്നു. ഒരു ദിവസം സുലൈമാൻ നബി കടൽ തീരത്ത് ഇരിക്ക്യാര്ന്നു. അപ്പോ, ഒരു തവള വന്ന് തന്റെ നാവിൻതുമ്പീന്ന് എന്തോ പുറത്തേക്ക് തള്ളി. നബി ശ്രദ്ധിച്ചു നോക്കി.അതൊരു ഉറുമ്പായിരുന്നു. ഉറുമ്പിനരികിലേക്കു ചെന്ന് നബി ചോദിച്ചു. “തവള എന്തിനാ നിന്നെ തുപ്പിക്കളഞ്ഞത്. ”
“നബിയേ….! അള്ളാഹു എന്നെ ഒരു ദൗത്യം ഏൽപ്പിച്ചിട്ടുണ്ട്. അതിനുള്ള വഴി അവൻ കാണിച്ചു തരികയും ചെയ്തു. അതാണ് നിങ്ങൾ ഇപ്പോൾ കണ്ടത്.
“എന്താണ് ആ ദൗത്യം”
“ഈ വെള്ളത്തിനടിയിൽ ഒരു പാറയുണ്ട്. ആ പാറമടയ്ക്കുള്ളിൽ കണ്ണു കാണാൻ പറ്റാത്ത ഒരു പുഴു ജീവിച്ചിരിപ്പുണ്ട്. ദിവസവും ഞാൻ ഭക്ഷണവുമായി ഈ തവളയ്ക്കരികിലെത്തും.തവളയുടെ നാവിൽ പറ്റിയിരുന്നാൽ അത് എന്നേയും കൊണ്ട് വെള്ളത്തിലോട്ട് ആഴ്ന്നിറങ്ങി ആ പാറമടയിലെത്തും. അവിടെന്ന് പുഴുവിന് ഭക്ഷണവും കൊടുത്ത് ഞങ്ങൾ കരയിൽ തിരിച്ചു വരും. ഇവിടെ എത്തിയാൽ തവള എന്നെ പുറത്തേക്ക് തുപ്പിക്കുയു കയും ചെയ്യും. ആ പുഴുവിന് ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നതാണ് എന്റെ ദൗത്യം. തന്റെ സൃഷ്ടിക്ക് അന്ന മെത്തിച്ച് കൊടുക്കാൻ പടച്ചോൻ കാണിക്കുന്ന ഓരോ അത്ഭുതമേ ….

Updated: November 17, 2017 — 7:05 am

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    ഇതിന്റെ അടുത്ത ഭാഗം എവിടെ

  2. ഒരു കഥ കേട്ട് കൊണ്ടിരിക്കുമ്പോൾ പാതി വഴിയിൽ നിർത്തിയാൽ വല്ലാത്തൊരു വിമ്മിഷ്ടാ മനസ്സിൽ. അത് മുഴുവൻ കേട്ടാലേ എനിക്ക് തൃപ്തിയാവുള്ളൂ….
    baaki vegam post cheyu

  3. Njanum Udan 1 Anya Kudumpathil Kayarichellenddathan.shadiyatha ithanem kudumpatheyum annum njnn nte dua yil ulkollikkum .

  4. E story Inim Ariyanam.Ithil Kure Padikkanindd

  5. Next Part Eppozha

Comments are closed.