കിടക്കയൊക്കെ നന്നായി വിരിച്ചു വച്ചിട്ടുണ്ടെങ്കിലും സീലിംഗൊക്കെ മാറാല പിടിച്ച് കിടക്കുന്നുണ്ട്.ഷാഹിക്കാക്ക് തീരെ ദഹിക്കാത്ത കാര്യാ ഈ മാറാല .കട്ടീനടീന്നു പോലും അമ്മുനെക്കൊണ്ട് ഇക്ക മാറാല അടിപ്പിക്കും.
ഉമ്മാടെ കട്ടിലിന് നേരെയാ ലാന്റ് ഫോണുള്ളത്.ന്റെ കൈയ്യിൽ ഫോണില്ലേലും ഇക്കാക്ക് ഇതിൽ വിളിക്കായിരുന്നല്ലോ – വിളിക്കുമായിരിക്കും. ഞാൻ സമാധാനിച്ചു.
കട്ടില് ചുമരോടടുപ്പിച്ച സ്ഥലത്ത് ഞാനും സൈഡിൽ ഉമ്മയും കിടന്നു. റാഹിലാത്തായും കുട്ട്യോളും എന്റെ അറയിലാ കിടന്നത്. റാഷിക്കാടെ തുണികൊണ്ട് കാല് മുതൽ കഴുത്ത് വരെ ഞാൻ മൂടി.തിരിഞ്ഞും മറിഞ്ഞും കിടന്നു.ഉറക്കം വരുന്നില്ല. റാഷിക്ക ഒന്ന് വിളിച്ചിരുന്നെങ്കിൽ …….
പന്ത്രണ്ടര ആയപ്പോൾ ഫോൺ ശബ്ദിച്ചു. ഞാൻ ചാടി എണീറ്റു. റിസീവർ എടുക്കാൻ തുടങ്ങുമ്പോഴേക്കും അതുമ്മ കൈവശപ്പെടുത്തി.” വ അലൈകു മുസ്സലാം, ഇയ്യ് എ ത്യോ റാഷ്യേ….. ആ ഓള് നേരത്തേ ഒറങ്ങി. ബേജാ റൊന്നുല്ല്യ. ഈടെ റായും
കുട്ട്യോളക്കെ ഉണ്ടല്ലോ. ആ ഇയ്യിപ്പോ ബെച്ചോളി .ഞാനോളട്ത്ത് പറഞ്ഞോളാം. ഉമ്മ ഫോൺ കട്ട് ചെയ്തു.ഉമ്മാന്റ ട്ത്ത് സലാം പറഞ്ഞേശം ഇക്ക എന്നെ ചോയ്ച്ചതാ…… ഞാനൊറങ്ങാതിരുന്നത് ഉമ്മ കണ്ടിട്ടും ……. ഉമ്മ ഫോൺ തരാതിരുന്നതിനേക്കാളും സങ്കടം റാഷിക്ക എന്നെ കുറിച്ച് എന്ത് കരുതിക്കാണും എന്നോർത്തിട്ടായിരുന്നു.
ഇതുവരെ മാലാഖ പോലെ പെരുമാറിയ ഉമ്മ പെട്ടെന്ന് ചെകുത്താനെ പോലെ ആവണമെങ്കിൽ …… പടച്ചോനേ ഇനി എന്തായിരിക്കും എന്റെ അവസ്ഥ ………….
പതിവുപോലെ ഞാൻ രാവിലെ നേരത്തെ എണീറ്റു.ഉമ്മാനെ നിസ്കരിക്കാൻ വിളിച്ചെങ്കിലും ഉമ്മ എണീറ്റില്ല. ഞാനെന്റെ റൂമിലേക്ക് ചെന്നു. വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുന്നു. എങ്ങനെ നിസ്കരിക്കും. നിസ്കാരക്കുപ്പായം എന്റെ റൂമിലാണല്ലോ….. രണ്ടു മൂന്ന് പ്രാവശ്യം ഞാൻ കതകിന് മുട്ടി. റാഹിലാത്ത വാതിൽ തുറന്നില്ല.ഉമ്മാടെ ഉള്ളിലെ സ്വഭാവം ഇന്നലേത്തതോടെ ഏകദേശം മനസ്സിലായി. ഇനി റാഹിലാത്ത എങ്ങനെയായിരിക്കുമെന്തോ….. ഏതായാലും നിസ്കാരം ഖളാ ആക്കാൻ പറ്റില്ല. വാതിലിൽ ശക്തിയായി ഒന്നും കൂടി തട്ടി .എന്തൊക്കെയോ പിറുപിറുത്തോണ്ട് റാഹിലാത്ത വാതിൽ തുറന്നു. വീണ്ടും ചെന്നു കിടന്നു. അകത്ത് കയറിയ എനിക്ക് നല്ലതണുപ്പ് തോന്നി. പുറത്ത് ഭയങ്കര ചൂടായിരുന്നല്ലോ. ഇവിടെ തണുപ്പ്……ഏസി ഇട്ടു കൊണ്ടായിരുന്നു ഉമ്മാടെം മക്കളേം കിടത്തം. കട്ടിലിന്റെ ഒരു മൂലയിൽ റുഫൈദയും ഉണ്ട്.ഞാൻ കതകിന് മുട്ടുമ്പോൾ റാഹിലാത്ത ഏസീ ടെ റിമോർട്ട് ബട്ടണ് ഓ ഫാക്കി എങ്കിലും ചുമരിലെ സ്വിച്ച് ഓഫാക്കാൻ വിട്ടു പോയി. ഇവരെ ഏസി റൂമിൽ കിടത്താനാണ് ഉമ്മ എന്നേം വിളിച്ച് ആ കുടുസുമുറിയിലോട്ട് പോയത്. നിസ്കാരപ്പായ എടുത്ത് ഞാൻ ഹാളിൽ ചെന്നു നിസ്കരിച്ചു. ഒരു യാസീനും ഹദീദ് സൂറത്തും ഓതി.ഷാഹിക്കാന്ന് കിട്ടിയ ശീലാണ്.ഈ രണ്ട് സൂറത്തും.രാവിലത്തെ കടുപ്പോള്ള സുലൈമാനീ ന്നാ ഷാഹിക്ക സൂറ:യാസീനെ പറയാറ്, ശരി തന്നെയാ…. നല്ല ഉന്മേശാ സുബഹിക്ക് ശേഷം യാസീനോതി യാൽ കിട്ടുന്നത്. സൂറ:ഹദീദ് നാൽപത്തൊന്ന് ദിവസം അടുപ്പിച്ച് ഓതിയാൽ കടത്തീന്ന് രക്ഷപ്പെടുമെത്രെ. ന്റെ കല്യാണത്തിന് കുറച്ച് കടം വന്ന് സങ്കടം പറഞ്ഞപ്പോൾ പള്ളീന്ന് ഖത്തീബ് പറഞ്ഞതാണത്രെ.ഇക്കാക്ക അമ്മൂനോട് പറയുന്നത് ഞാൻ കേട്ടതാ….. [ഇത് രണ്ടും അനുഭവിച്ചറിഞ്ഞ സത്യം] സുബഹിക്ക് ശേഷം പറ്റുമെങ്കിൽ പതിവാക്കുക]
നിസ്കാരവും ഓത്തും കഴിഞ്ഞ് ഞാൻ കിച്ചണിലേക്ക് പോയി. ചായയും പലഹാരവും ഉണ്ടാക്കി. അലക്കാനുള്ള വസ്ത്രവുമായി ഞാൻ മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും ഉമ്മയും റാഹിലാത്തയും എഴുന്നേറ്റ് വന്നു. അലക്കിക്കഴിഞ്ഞ് ഉണക്കാൻ വിരിക്കുമ്പോഴേക്കും ഉമ്മ ഒരു വലിയ ഭാണ്ഡക്കെട്ടുമായി പുറത്തേക്ക് വന്നു. എന്നെ കണ്ട മാത്രയിൽ ആകെട്ടിൽ നിന്നും ഓരോന്നെടുത്ത് ബക്കറ്റിൽ വെള്ളമൊഴിച്ച് ഡി റ്റേർജൻന്റും ഇട്ട് അതിൽ പൂഴ്ത്തിവെച്ചു.ഉമ്മ അകത്തേക്കു പോയി. കുപ്പിയിൽ നിന്നെടുത്ത ഭൂതം പോലെ ഒരു പണി കഴിയുമ്പോഴേക്കും മറ്റൊന്ന്…… ഷാഹിക്കാ ഈ റാണി മോള് നല്ലൊരു രാജകൊട്ടാരത്തിലേക്ക് തന്നെയാ എത്തിപ്പെട്ടത് …….. കിരീടമില്ലാത്ത റാണി യായ്………
റാഷിക്ക എത്തി എന്നുള്ള വിവരമല്ലാതെ മറ്റൊന്നും അറിഞ്ഞില്ല. എന്റിക്കാനെ ഒന്നു സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ….. പോയിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഉമ്മ സ്വഭാവം മാറ്റി. ഒരു ജോലി തീർക്കുമ്പോൾ മറ്റൊന്ന് എന്നായി ഉമ്മാന്റെ രീതി. ഇക്ക പോയി ഒരാഴ്ചയോ മറ്റോ കഴിഞ്ഞാണ് ഉമ്മാടെ ഈ മാറ്റമെങ്കിൽ കുറച്ചും കൂടി ആശ്വാസമായേനേ, ഇതിപ്പൊ അങ്ങനെയല്ലല്ലോ …. അടിക്കുമ്പോഴും തുടയ്ക്കുമ്പോഴൊക്കെ എന്റെ ശ്രദ്ധ ഫോൺ റിംഗ് ചെയ്യുന്നുണ്ടോ എന്ന് മാത്രാ യിരുന്നു.രാവിലേത്തെ ചായ കുടിയും കഴിഞ്ഞ് റാഹിലാത്ത അവരെ വീട്ടിലേക്ക് പോയി. ഇവിടന്ന് തിന്നുക മാത്രമല്ല. കുട്ടിക്ക് സ്കൂളിലേക്കുള്ള ഫുഡും ഇവിടന്ന് തന്നെ വേണം. മിക്കവാറും മർസൂഖിനൊപ്പാണ് താത്താടേം കുട്ടികളുടെയും പ്രാതൽ.പത്ത് മണി ആവുമ്പോഴേക്കും എല്ലാരും അവരവരെ വഴിക്ക് പോയിട്ടുണ്ടാവും. മർസൂഖ് ഷോപ്പിലേക്ക് പോകുമ്പോൾ തന്നെ റുഫൈദയും റുബൈദും സ്കൂളിലേക്ക് അവന്റൊന്നിച്ച് പോകും. അവന്റെ ഷോപ്പിനടുത്താണ് സ്കൂൾ. ജോലിയൊക്കെ തീർത്ത് ചായ കുടിക്കാനിരിക്കുമ്പോഴേക്കും ചുട്ടുവെച്ചിരിക്കുന്നതൊക്കെ കഴിഞ്ഞിരിക്കും. തലേന്നുണ്ടാക്കിയ ഫുഡ് ബാക്കി ഫ്രിഡ്ജിലുണ്ടെങ്കിൽ മിക്കവാറും അതായിരിക്കും എന്റെ ഭക്ഷണം. എങ്ങനെയായാലും ഉമ്മ എന്നെക്കൊണ്ടത് ചൂടാക്കിക്കഴിപ്പിക്കും. ഭക്ഷണം കളയാൻ പാടില്ലത്രെ……ശരിയാ ഭക്ഷണം കളയാൻ പാടില്ല. ഒരു വറ്റ് താഴെ പോയാൽ പോൽ ഷാഹിക്ക എട്ത്ത് കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അത് അന്നന്നത്തെ ഭക്ഷണമാണെന്ന് മാത്രം.വാരിവലിച്ച് ഫുഡു -ണ്ടാക്കാനൊന്നും ഇക്ക സമ്മതിക്കില്ല. തീർന്നു പോയാൽ വീണ്ടും ഉണ്ടാക്കാലോ, അല്ലാതെ കുറെ ഉണ്ടാക്കി വെച്ച് മിച്ചം വരുത്തരുത്. ഇതാണ് ഇക്കാടെ നയം.
രാവിലെ പോയിക്കഴിഞ്ഞാൽ റാഹിലാത്ത പിന്നെ വരുന്നത്,കൃത്യം ഉച്ചയൂണിന്റെ സമയത്തായിരിക്കും. ഒന്നു പാത്രം കഴുകി എടുക്കാൻ പോലും എന്നെ സഹായിക്കാറില്ല. വല്ല വീട്ടുജോലിക്കും പോയിരുന്നെങ്കിൽ മാസത്തിൽ ശമ്പളമെങ്കിലും എണ്ണി വാങ്ങാമായിരുന്നെന്ന് മനസ്സ് മന്ത്രിച്ചു.. റാഷിക്ക ഉണ്ടായിരുന്നപ്പൊ എന്തൊരു സ്നേഹായിരുന്നു എന്നോട്.
ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഉമ്മ ഓടിച്ചെന്ന് ഫോണെടുത്തു.പടച്ചോനേ!റാഷിക്ക തന്നെയാണേ….. “ശാദീ …… മോളേ….!, അനക്കാ ഫോൺ .” ഉമ്മ എന്നെ നീട്ടി വിളിച്ചു. വായിലേക്കിടാൻ തുടങ്ങിയ ചോറുരുള പ്ലൈറ്റിൽ തന്നെ തിരികെ വെച്ച് ഞാൻ ഫോണിനടുത്തേക്കോടി .
“ഹ ….. ഹലോ…… “