എന്റെ പൊന്നിക്കാനെയാ….. എവിടെപ്പോയി. “ഇറങ്ങാം…..’ റാഷിക്ക ഇടയിൽ വന്നു പറഞ്ഞു. ഊം……റാഹില മൂളി. “ഞാൻ….. എനിക്ക് …….ഇക്ക എനിക്കെന്റെ ……ഷാഹിക്കാനെകാണണം. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.” അള്ളോ! അത് ശരിയാണല്ലോ… ഈ നേരത്ത് ഓനിതെബ്ടെപോയി. “ചെറിയാപ്പ നെടുവീർപ്പെട്ടു. മുറ്റത്ത് പന്തലിന്ന് അമ്മു ഷാഹിക്കാനേം കൂട്ടി വന്നു.ഷാഹിക്ക എന്നെ നോക്കി .ആ ചുണ്ടുകൾ വിറയലോടെ പല വാക്കുകളും പായാൻ കൊതിച്ച് അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.എന്റെ തലയിൽ കൈ വെച്ച് ഷാഹിക്ക അനുഗ്രഹിച്ചു. “പെങ്ങൾ യാത്രയാവുന്നത് കാണാൻ പറ്റാത്തോണ്ട് മാറി നിന്നതാല്ലേ.”കൂടി നിന്നവരിൽ ആരോ പറഞ്ഞു.ഷാഹിക്ക ചിരിക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം പരാജയപ്പെട്ടു.എന്നെ ചേർത്തു പിടിച്ചു ഇക്ക പൊട്ടിക്കരഞ്ഞു. എനിക്കും പിടിച്ച് നിൽക്കാൻ പറ്റിയില്ല. ഞാനൽപം ശബ്ദത്തോടെ തന്നെ കരഞ്ഞു.റാഹില ഇക്കാന്റെ നെഞ്ചിൽ നിന്നും എന്നെ അടർത്തിമാറ്റി. “ന്നാ പിന്നെ ഞങ്ങൾ പോയി വരാം.” എന്നും പറഞ്ഞ് എന്റെ വീടിന്റെ പടി വിട്ടിറങ്ങി. എനിക്കൊന്ന് പിന്നിലോട്ട് തിരിഞ്ഞു നോക്കണം ന്നുണ്ടായിരുന്നു.. എന്തോ! അതിന് കഴിഞ്ഞില്ല. ഞാനും റാഷിക്കായും റാഹി ലാ യും പിന്നെ എനിക്കറിയാത്ത മൂന്ന് പേരും റോഡ് സൈഡിൽ നിർത്തിവെച്ച കാറിൽ കയറി. ഞങ്ങളെയും വഹിച്ച് ആ കാർ യാത്രയായി. എന്റെ പുതിയ ജീവിതത്തിലെക്കുള്ള തുടക്ക യാത്ര…….
പതിനഞ്ചു മിനുട്ടിനുള്ളിൽ കാർ ഷാഹിക്കാന്റെ ……. ന്റെ റബ്ബേ…. സോറിട്ടോ….. എന്ത് പറയുമ്പോഴും ഷാഹിക്കാടെ പേരാനാവിൽ തുമ്പിൽ വരുന്നത്. ചെറുപ്പത്തിലേ ഉപ്പാ എന്ന് വിളിക്കുന്നതിന് പകരം ഷാഹിക്കാന്നല്ലെ വിളിച്ചത് .അത് കൊണ്ടാട്ടോ…… അപ്പൊ, കാർ …… റാഷിക്കാടെ വീട്ടുമുറ്റത്തെത്തി. ഡോറ് തുറന്ന് ഓരോരുത്തരായി പുറത്തിറങ്ങി.ഞാനിറങ്ങുമ്പോൾ റാഷിക്കാടെ ഉമ്മ വന്ന് എന്നെയും കൂട്ടി അകത്തേക്ക് നടന്നു.[ ബിസ്മിയും ചൊല്ലിവലതുകാൽ വെച്ചാണ് ഞാൻ അകത്ത് കയറിയത് ] ഹാളിന് തൊട്ടടുത്തായിരുന്നു എന്റെ മുറി.ഓടും വാർപ്പും ചേർന്ന് കാണാൻ അത്ര മോശമല്ലാത്ത പുരയിടം. റാഹിലാത്ത എനിക്ക് ഒരു ഗ്ലാസ് ജ്യൂസും തന്ന് ഒരു ചിരി ചിരിച്ച് സാരീടെ ഞൊറിയിൽ കുത്തിയ പിന്നും [മൊട്ടുസൂചി ] അഴിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി. കുറേ സമയം മുറിയിൽ ഇരുന്ന എനിക്ക് ബോറടിച്ചു. ഇത്താത്താടെ മക്കളും അയൽപക്കത്തെ കുട്ടികളൊക്കെ വന്ന് എന്നെ തൊട്ടു നോക്കാനും തലയിൽ ചൂടിയ മുല്ലപ്പൂ വലിക്കാനൊക്കെ തുടങ്ങി. ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു വിധം സഹിച്ച് അവറ്റകളുടെ കോപ്രായത്തിന് നിന്നു കൊടുത്തു. കുറച്ച് കഴിഞ്ഞ് രണ്ട് മൂന്ന് പേരു വന്ന് മോതിരവും കമ്മലും ഒക്കെ തന്ന് സ്വയം പരിചയപ്പെടുത്തി. ശരിക്കും അവരെ മനസ്സിലായില്ലെങ്കിലും കാര്യപ്പെട്ടവരാണെന്ന് തോന്നി. റാഹിത്താന്റെ വക ബ്രൈസ് ലെറ്റായിരുന്നു. റാഷിക്കാടെ ഉമ്മ ചെറിയൊരു മാല. റാഹിത്ത എല്ലാം വാങ്ങി ഒരു ഹാന്റ് ബാഗിലിട്ടു എന്റെ കൈയ്യിൽ തന്നു.
കാറീന്ന് ഇറങ്ങിയ ശേഷം റാഷിക്കാനെ ഞാൻ കണ്ടതേ ഇല്ല. മഗ് രിബ് നിസ്കാരത്തിന്റെ സമയമായി.മുറിയിലേക്ക് പിന്നെ ആരും വരാത്തത് കൊണ്ട് ഞാനെഴുന്നേറ്റ് കിച്ചണിലേക്ക് പോയി. മിച്ചം വന്ന ചോർ ഓരോ പാക്കറ്റിലാക്കി ഉമ്മ ഓരോരുത്തർക്കും വിഹിതം വെക്കുന്നുണ്ട്. “രണ്ട് മുയുമനും ബെക്കണ്ട, ഒന്നര മതീന്ന് ഞാൻ പറഞ്ഞില്ലെ റാഷീ അന്നോട് ,അപ്പൊ ജ്ജ് ന്താ പറഞ്ഞേ, തെക യൂലാന്ന്. ഇപ്പൊ ന്തായീ “കനപ്പിച്ചുള്ള ഉമ്മാന്റെ ശബദത്തിനു മുന്നിൽ ചൂളി നിക്കുകയായിരുന്നു റാഷിക്ക.എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്ക് റാഷിക്ക എന്നെ കണ്ടു.മൂപ്പര് എന്നെ നോക്കിയൊന്ന് ചിരിച്ചു. “ജ്ജ് ഇതുവരെ ഉടുപ്പൊന്നും മാറില്ലേ. റായ്യേ. ഇതിന് ബേണ്ടതെന്താന്ന് വെച്ച കൊട്ക്ക്.. ഉമ്മാന്റെ ആജ്ഞ പോലുള്ള സ്വരം കേട്ട് റാഹിത്ത ഓടി വന്നു.
ഡ്രസ്സ് മാറി രാത്രി ഭക്ഷണത്തിനു ശേഷം നാട്ടു നടപ്പനുസരിച്ച് ഞാനും റാഷിക്കയും എന്റെ വീട്ടിലേക്ക് പോകാൻ കാറിൽ കയറി .ജീവിതത്തിലാദ്യായിട്ടാ ഒരാണിന്റെ കൂടെ കാറിൽ മുമ്പിൽ കയറി പോണത്.ഷാഹിക്കാടെ കൂടെ പലയിടത്തും പോയിട്ടുണ്ട്. അമ്മുവും ഷാഹിക്കായും നിർബന്ധിച്ചാലും ഞാൻ മുന്നിൽ ഇരിക്കാറില്ല.
റാഷിക്ക പതിയെയാണ് ഡ്രൈവ് ചെയ്തത്.ഇങ്ങോട്ട് വരുമ്പോൾ എന്ത് സ്പീഡായിരുന്നു. ഡ്രൈവിംഗ് സ്ലോ, എന്നോട് എന്തേലും പറയേണ്ട കെണിയാണെന്ന് ഞാൻ ഊഹിച്ചു. സെക്കന്റും തേർഡും ഗിയറിടു മ്പോഴൊക്കെ റാഷിക്ക മെല്ലെ എന്റെ കൈയ്യിൽ ടച്ച് ചെയ്തു. ആദ്യമൊക്കെ ഒന്നു കൈവലിച്ചെങ്കിലും പിന്നെ പിന്നെ……… എനിക്കും ……. അതിഷ്ടായി….. ഇടയ്ക്കിടയ്ക്ക് ഹമ്പുള്ളത് ഗിയറിടലിന്റെ എണ്ണവും കൂടി .സ്പർശനത്തിന്റെ കാഠിന്യവും.
വീടെത്താറാവുമ്പോഴേക്കും റാഷിക്കാന്റെ മൊബൈൽ ശബ്ദിച്ചു. ” അന്റെ ആങ്ങളയാ…. കാണാഞ്ഞിട്ട് വിളിക്കുന്നതായിരിക്കും.” റാഷിക്ക കോൾ അറ്റന്റ് ചെയ്തു.” ദാ, അളിയാ ഞങ്ങളെത്തി.ഫോൺ കട്ട് ചെയ്തതും കാർ ഗൈറ്റ് കടന്ന് വീട്ടിലെത്തിയതും ഒരുമിച്ചായിരുന്നു.
റാണിത്ത വന്നൂ …. ഷാനി കിച്ചണീന്ന് വിളിച്ച് പറയുന്നത് സിറ്റൗട്ട് വരെ കേൾക്കാമായിരുന്നു.. കാറിന്റെ ഒച്ച കേട്ടപ്പോൾ തന്നെ ഷാഹിക്ക പുറത്തേക്ക് വന്നു. റാഷിക്ക ഷാഹിക്കാടെ കൈ പിടിച്ച് സലാം പറഞ്ഞ് അകത്തു കയറി. പിന്നാലെ ഞാനും – എനിക്ക് ഷാഹിക്കാടെ മുഖം നോക്കാൻ ചമ്മലായി. “ന്താ ശാദീ …..