കാറ്റിൽ പറത്തിയ കടലാസ് പോലെ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കടന്ന് പോയി. എനിക്ക് 17 വയസ്സ് തികഞ്ഞു. ഒരു പാട് പ്രൊപ്പോസിൽ വന്നെങ്കിലും ഷാഹിക്കാക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ റാണിക്ക് നല്ലൊരു രാജകുമാരൻ വരണം. എങ്കിലേ ഞാൻ നിന്നെ കെട്ടിക്കൂ. വിളിച്ചാലൊക്കെ ഷാഹിക്കാക്കുള്ള സ്ഥിരം പല്ലവിയാണിത്. ഉപ്പാന്റെ ചങ്ങായി സൈദാലിക്ക ഒരു ആലോചനയും കൊണ്ടുവന്നു.ഇക്കാക്കാനോ ട് പറഞ്ഞപ്പോൾ അവനും പെരുത്ത് ഇഷ്ടായി.ചെക്കൻ ഗൾഫിലാണ് .പത്ത് ദിവസായി നാട്ടിൽ വന്നിട്ട് .പെട്ടെന്ന് കല്യാണം നടത്തണം. രണ്ട് മാസമേ ലീവുള്ളൂ. ശരിക്കും എല്ലാ ഡീറ്റേൽസൂം അറിഞ്ഞ് ഷാനിക്ക പറന്നെത്തി. ഒരു പാട് ഇടവേളക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ നാളുകൾ.
ഒരാഴ്ചയ്ക്കുള്ളിൽ പെണ്ണ് കാണാൻ വരും. ഡ്രസ്സ് എടുക്കലും ബന്ധുക്കളെ ക്ഷണിക്കലും ആകെയൊരുബഹളം തന്നെ.ദിവസം എത്ര പെട്ടെന്നാ കടന്ന് പോയത്. നാളെയാണ് എന്നെക്കാണാൻ ആളു വരുന്നത്. എനിക്ക് വല്ലാതൊരു നാണം തോന്നി.”ഷാഹിക്കാടെ റാണിക്ക് നാളെ കൂട്ടിന് ആളു വരുമല്ലോ….. ഇതും പറഞ്ഞ് ഷാഹിക്ക പുറത്തേക്ക് പോയി.
ഉറക്കമെണീറ്റ ഉടനെ ബ്രഷുമായി പുറത്തേക്ക് പോയി.ഷാഹിക്ക ഇരു കൈയിലും ഇറച്ചിക്കെട്ടുമായി പാചക്കാരുടെ അടുത്തേക്ക് ധൃതിയിൽ പോകുന്നുണ്ട്. കിച്ചണിൽ അമ്മായിമാരുടെയും എളേമമാരുടെയും ചിരിയും ബഹളവും. ഉപ്പ മരിച്ച ശേഷം ആദ്യമായിട്ടാണ് കുടുംബക്കാർ ഇത്ര സന്തോഷത്തോടെ ഒത്തുകൂടുന്നത്. ഞാൻ ക്ലോക്കിലേക്ക് നോക്കി. സമയം പത്തര കഴിഞ്ഞു.സുബിഹ് നിസ്കാരം കഴിഞ്ഞ് കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി. പതിവില്ലാത്തതാണ്. ഉപ്പയുള്ള കാലം തൊട്ടെ സുബഹിക്ക് ശേഷം ആരും കിടക്കാറില്ല. പടച്ചോൻ റിസ്ഖിറക്കുന്ന സമയമാണത്രെ. ഇന്നിപ്പൊ, ഇത്ര നല്ല ദിവസമായിട്ട്…… അമ്മുവും കിടക്കാറില്ല. സുബഹിക്ക് എല്ലാരെയും വിളിച്ചുണർത്തുന്നത് അമ്മുവാണ്.ശ്ശൊ, ഞാനിങ്ങനെ കയറി എവിടെയാ പോണത്. അല്ലെങ്കിലും ഉപ്പാന്റെ ഓർമ്മ മനസ്സിൽ തട്ടുമ്പോൾ ഞാനിങ്ങനെയാ…. ” ന്റെ റാണി ഇതുവരെ ഒരുങ്ങിയില്ലെ …..” ഷാഹിക്കാടെ പെട്ടെന്നുള്ള ചോദ്യം …. ഒരു മാത്ര ഞാൻ ഷാഹിക്കാനെ നോക്കി, മുഖമാകെ വിളറിയിരിക്കുന്നു. കണ്ണ് കണ്ടാലറിയാം രണ്ടു മൂന്ന് ദിവസമായി ശരിക്കൊന്നുറങ്ങിയിട്ടെന്ന്. പാവം എന്റെ ഇക്ക.ഞാൻ കുളിച്ച് ഫ്രഷായി വന്നു.” ശാദീ, പെട്ടെന്ന് വാ! അമ്മുവാണ്. എന്നെ ഒരുക്കം കൂട്ടാൻ വിളിക്കുകയാ…..” അമാനാ….! കൂടുതൽ മേക്കപ്പൊന്നും വേണ്ടാ ട്ടോ….! പുറത്തീന്ന് ഷാഹിക്കയാണ്. “ഇല്ല ഇക്കാ. പൗഡർ മാത്രേ ഉള്ളൂ…. ” അമ്മു ചിരിച്ചു കൊണ്ട് മറുപടി നൽകി. ചുരിദാറായിരുന്നു എന്റെ വേഷം.എൻഗേജ്മെന്റിന് ഇടാൻ പറ്റിയ മോഡൽ. ചോളിയും ലാച്ചയൊക്കെ ഇട്ട് ഒരുങ്ങുന്നതിനോട് ഉമ്മയും ഷാഹിക്കയും എതിരാണ്. ഒരുക്കം കഴിഞ്ഞ് ഞാൻ ഷാഹിക്കാടെ അടുത്തേക്കോടി’ ഷാഹിക്ക ടാബിളും കസേരയും സെറ്റാക്കുന്ന തിരക്കിലാ.” ഷാഹിക്കാ, റാണി മോൾ എങ്ങനെ എന്ന് നോക്കിയേ.” “ന്റെ മോൾ ചുന്ദരി ആയിരിക്കണല്ലോ” മോള് കണ്ണാടി നോക്കിയേ, എന്റെ കണ്ണാടി തന്നെയാ എന്റെ ഷാഹിക്ക.ഞാൻ തമാശ രൂപത്തിൽ പറഞ്ഞു.ഷാഹിക്ക എന്നെ കെട്ടിപിടിച്ചു. ഞാൻ ആകെ വല്ലാണ്ടായി. ഇക്കാക്കേടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.” “ആങ്ങളേയും പെങ്ങളും കൂടി കൊഞ്ചുവാണോ ” പിന്നിൽ നിന്ന് ഉമ്മയാണ്. ഉപ്പാന്റെ ആളൊക്കെ വന്നിട്ടുണ്ട്. ശാദീ, മോള് ചെല്ല്. ഉമ്മ എന്നെ അവരെ സ്വീകരിക്കാനയച്ചു. ഉപ്പാന്റെ അനുജൻമാരെ ഭാര്യമാരും ഒരു പെങ്ങളുംതലേ ദിവസം തന്നെ എത്തിയിരുന്നു. മറ്റൊരുരു പെങ്ങളും മക്കളും മരുമക്കളൊക്കെ ആയിരുന്നു അവർ.
എല്ലാവരോടും ചിരിച്ച് കളിച്ച് ഓരോന്ന് പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും മനസ്സിൽ വല്ലാത്ത ടെൻഷനായിരുന്നു. ആണും പെണ്ണും പത്തമ്പത് പേരെങ്കിലും കാണുമെന്നാ പറയണകേട്ടത്..ചെക്കനെ ഞാനാദ്യായിട്ടാ കാണുന്നത് പരസ്പരം ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ. പേരു മാത്രമറിയാം. റഫീൽറാഷിദ്.സ്കൂളിൽ SSLC എക്സാമിന് ഒരു ദിവസം അരമണിക്കൂർ ലൈറ്റായാണ് എത്തിയത്.അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ടെൻഷൻ.ഇതിപ്പോ അതിന്റെ ഇരട്ടിയാണ്. എവിടെയും ഇരിപ്പുറക്കുന്നില്ല. തൊണ്ട വരളും പോലെ.” ശാദീ ,എന്ത് പറ്റി. “ആകെയൊരു വല്ലായ്മ ” അമ്മു ന്റെ ചോദ്യത്തിന് വിളറിയ ചിരി ചിരിച്ച് ഞാൻ ഉത്തരം അതിലൊതുക്കി.” ശാദീ …… ശാദുട്ടി …”[ആൾക്കാരെ മുന്നീന്ന് ഇക്കാക്ക എന്നെ റാണീന്ന് വിളിക്കാറില്ല.] പെങ്ങളോടുള്ള സ്നേഹത്തിൽ കണ്ണു തട്ടുമെത്ര ] “ന്താ ഇക്ക., ആ….. മോളേ! അവരെ കാണുമ്പോൾ മോൾ എഴുന്നേറ്റ് നിക്കണം. അവരിങ്ങെത്തി.ഇതും പറഞ്ഞു ഇക്കാക്ക പോയി.
ടെൻഷൻ കൂടി കൂടി വന്നു. അറയിലിരുന്നു ഞാനാകെ വിയർത്തു. പെട്ടെന്ന് അറയിലേക്ക് രണ്ട് സ്ത്രീകൾ കടന്നു വന്നു. ഒരാളുടെ മുഖം അൽപം ഗൗരവത്തിലാണ്.മറ്റേ സ്ത്രീയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്. “പടച്ചോനേ. ഇതിൽ ഏതായിരിക്കും അമ്മായി ഉമ്മ.ഗൗരവമുള്ളതാവോ?അന്ന് ആ അമ്മിക്കല്ലിൽ ഇരിക്കേണ്ടിയിരുന്നില്ല. …….ഉമ്മാമാ…… അറിയാതെ ഞാൻ വിളിച്ചു പോയി.