പിറ്റേന്ന് രാവിലെ മുതൽ വീണ്ടും അന്വേഷണം തുടങ്ങി.ആ അന്വേഷണം അവസാനിച്ചത്
ആക്രി സാധനം ഇട്ടു വെക്കുന്ന ഒരു തകരപ്പെടിയിലായിരുന്നു. അതിൽ നിന്നും ഓരോന്നും വാരിവലിച്ചിട്ട് തിരയാൻ തുടങ്ങി. അപ്പോഴാണ് ഒരു കടലാസിൽ പൊതിഞ്ഞ് ഭദ്രമായി കെട്ടിവെച്ച ഒരു കവർ എനിക്ക് കിട്ടിയത്……അതെടുത്ത് പൊട്ടിച്ചു നോക്കി…….അൽഹംദുലില്ലാഹ്…. ഒരു പാട് നാളു മുൻപ് ഞാൻ അന്വേഷണം നടത്തി പരാജയപ്പെട്ട സാധനം ……..
ഓർമ്മയുടെ നൊമ്പരങ്ങൾ കൂട്ടി വെച്ച ഒരു കുഞ്ഞു പുസ്തകം. അതെ,അതു തന്നെ നിങ്ങളുടെ ഭാഷയിൽ “ഓട്ടോ ഗ്രാഫ് ”
കഴിഞ്ഞകാല സ്മരണകൾ പുതുക്കാൻ വേണ്ടിയുള്ള ഒരവസരം…. ഫോൺ കിട്ടിയില്ലെങ്കിലെന്താ ….? എനിക്കിതുമതി. തൽക്കാലം ഒരു ആശ്വാസത്തിന് .ബാക്കി വരുന്ന സാധനങ്ങളൊക്കെ തകരപ്പെട്ടിയിൽ തിരികെ വെച്ച് ഓട്ടോഗ്രാഫുമായി ഞാൻ അറയിലേക്ക് നടന്നു. ലാന്റ് ഫോൺ കണക്ഷൻ എടുത്ത സമയത്ത് കൂട്ടുകാരെ വിളിക്കാൻ വേണ്ടിയാണ് ഇതിനായി ഞാനൊരു അന്വേഷണം നടത്തിയത് .പിന്നെ കല്ല്യാണം ക്ഷണിക്കാൻ വേണ്ടിയും.
കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് ഒരു തലയണ അമർത്തി പിടിച്ചാ പുസ്തകം തുറന്ന് ഓരോ പേജും മറിക്കാൻ തുടങ്ങി.
v ശാല മനസ്സേ
v രോധം അരുതേ
v ധിയുണ്ടെങ്കിൽ
v ണ്ടും കാണാം
———————————-
പൂ പറയുന്നു പറിക്കരുത്.
മരം പറയുന്നു വെട്ടരുത്.
ഞാൻ പറയുന്നു മറക്കരുത്.
———————————————-
ഓരോ പേജിലേയും അർത്ഥമുറ്റതായ വരികൾ …. എല്ലാവരുടേയും ഡയലോഗിന് പിന്നാലെ ഒരു റിക്വസ്റ്റ് എന്ന പോലെ അവസാന വരി…. NB :വിവാഹത്തിന് ക്ഷണിക്കാൻ മറക്കരുത്.അഡ്രസും ഫോൺ നമ്പറും അടക്കമുണ്ട്.
എല്ലാവരെയും വിളിക്കണമെന്ന് കരുതിയതാ….. എന്നിട്ടും എനിക്കെന്തോ … അതിന് കഴിഞ്ഞില്ല.
പുസ്തകത്താളിലെ ആ പഴയ മണം എന്നെ എന്റെ സ്കൂൾ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മട്ടത്രികോണവും ന്യൂന ത്രികോണവും പഠിപ്പിച്ച സുനിത ടീച്ചർ.റേഡിയോ കണ്ടു പിടിച്ച മാർക്കോണിയേയും വൈദ്യു തിയുടെ പിതാവ് ഫാരഡെയും അറിയിച്ചു തന്ന എന്റെ പ്രിയപ്പെട്ട ജയ ടീച്ചർ ….ജാലിയൻ വാലാബാഗും ഉപ്പുസത്യാഗ്രഹവും കഥാരൂപത്തിൽ പറഞ്ഞു തന്ന പ്രേമലത ടീച്ചർ ……കൂടെ പഠിച്ച കൂട്ടുകാർ ….. അറിവിന്റെ അക്ഷരക്കനി തുറന്നു തന്ന എന്റെ പ്രിയപ്പെട്ട മറ്റു അധ്യാപകർ …….
എന്തു രസായിരുന്നു ആ കാലം. മലയാളം II – ലെ രണ്ട് വരക്കോപ്പി.പ്രബന്ധം ബുക്ക്.
ക്ലാസ് ലീഡറായത് കൊണ്ട് എല്ലാ കുട്ടികളോടും ഈ രണ്ട് പുസ്തകവും വാങ്ങിച്ച് സ്റ്റാഫ് റൂമിൽ ക്ലാസ് ടീച്ചർ ഇരിക്കുന്ന സ്ഥലത്ത് ഡസ്കിന്റെ അറ്റത്ത് വെക്കണം. ഞാൻ അൽപം ഗമയോടാണ് കൊണ്ടു വെക്കാറുള്ളത്. ക്ലാസിൽ ടീച്ചറില്ലാത്ത സമയത്ത് ഡിസിപ്ലിൻ പാലിക്കാത്ത കുട്ടികളുടെ പേരെഴുതാൻ പറയുമ്പോൾ ഓരോരുത്തരുടെയും പേരെഴുതാതിരിക്കാൻ കുറച്ച് കൂടുതൽ സ്നേഹം കാണിക്കുന്ന കൂട്ടുകാർ.സെന്റ് ഓഫ് നടക്കുന്ന ദിവസം സെറ്റ്
പാവാടയും ബ്ലൗസും ധരിച്ച് വരണമെന്ന് പറഞ്ഞ കൂട്ടുകാരിടെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചപ്പോൾ അതിനു വേണ്ടി ഉമ്മയോട് വാശി പിടിച്ച ദിവസങ്ങൾ ….. അങ്ങനെ എത്ര എത്ര ഓർമ്മകൾ….. ഇനി തിരികെ കിട്ടുമോ ആ കാലം …. ടെൻഷനില്ലാതെ ആരെ കുറിച്ചോർത്തും ആവലാതിപ്പെടാനില്ലാത്ത സുന്ദരമായ കാലം ….. തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ ആ കാലം അത്ര സുന്ദരമായിരുന്നത് അല്ലെ…..
വേണ്ടായിരുന്നു. കല്യാണവും കെട്ട്യോനും കുടുംബവും ഒന്നും വേണ്ടായിരുന്നു. ആ പഴയ സ്കൂൾ കുട്ടിയായിരുന്നെങ്കിൽ …….. എന്റെ കണ്ണിൽ നിന്നും രണ്ടിറ്റു കണ്ണുനീർ തുള്ളിആ ഓർമ്മ പുസ്തകത്തിൽ പതിച്ചു.
” ശാദ്യേ…. അനക്കൊരു ഫോണുണ്ട്….. കതകിൽ തട്ടി വിളിച്ചു കൊണ്ട് അമ്മു പറഞ്ഞു.
“ആരാ….? അമ്മു…..
” റാഷിയാ…… ജ്ജ് ഒന്നു പെട്ടെന്ന് വാ ….. കട്ട് ആക്കിയിട്ടില്ലാ….. ന്തോ അർജെന്റ് പറയാനുണ്ടെന്ന് ….”
ന്റ, റബ്ബേ… റാഷിക്കാക്ക് വല്ല അപകടോം ….. എനിക്കാകെ പേടിയായി .
ഓട്ടോഗ്രാഫും മടക്കി വെച്ച് ഞാൻ ഫോണെടുക്കാനായി പോയി. അറ്റന്റ് ചെയ്തപ്പോഴേക്കും കോൾ ഡിസ്കണക്ടായി. ടെൻഷൻ കൂടി കൂടി വന്നു. ഇപ്പൊ വിളിക്കും എന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു.പതിനഞ്ചു മിനുറ്റിനു ശേഷമാണ് റാഷിക്ക വീണ്ടും വിളിച്ചത്.
ഒരു പ്രാവശ്യം റിംഗ് ചെയ്യുമ്പോൾ തന്നെ ഞാൻ അറ്റന്റ് ചെയ്തു.
“ഹലോ !റാഷിക്ക…. സുഖല്ലേ …..
മറുപടിയൊന്നും വന്നില്ല …. ഹലോ…..”
ഹലോ…! അനക്കല്ലെ ഇപ്പൊ സുഖം.ജ്ജ് ആരോട് ചോയ്ച്ചാ അന്റെ പൊരേ ലോട്ട് പോയെ….. എന്റെ ചോദ്യത്തിന് ഒരു മറുപടിയും തരാതെ റാഷിക്ക ഗർജ്ജിച്ചു…..
“ഇക്ക! അത് പിന്നെ…. ”
വേണ്ടാ…… ഇയ്യ് ഇനി ഒന്നും പറയണ്ടാ….. ന്റുമ്മ അന്നോട് ഇപ്പൊ പോവണ്ടാ …. ഉമ്മാക്ക് സുഖ ല്ല്യാന്ന് പറഞ്ഞേല്ലേ….. എന്നിട്ട് അന്റെ ആങ്ങളേനെ കണ്ടപ്പോ തന്നിഷ്ടത്തിന് എറങ്ങിപ്പോയില്ലെ ഇയ്യ്… ”
എനിക്ക് ചുറ്റും ഭൂമി കറങ്ങണ പോലെ തോന്നി. റബ്ബേ… ഈ ഉമ്മ എന്ത് വിഷാ ന്റിക്കാ ടെ മനസ്സിൽ കുത്തിക്കേറ്റിയത്.
“ഇക്കാ….! ഇങ്ങള് ഞാൻ പറേന്നൊന്ന് കേക്ക്…. ” ഞാൻ ഉമ്മാടെ….. “ഇക്ക എന്നെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.
ബേണ്ടെടീ …’ ഇനി ഇയ്യൊന്നം പറയണ്ടാ…. നാളെ നേരം പൊലരും മുമ്പ് ഇയ്യ് ന്റെ പൊരേൽ എത്തിക്കൊള്ളണം. അല്ലെങ്കിൽ ന്റെ തനിസ്വാഭാവം അന്നെ അറിയിക്കും ഞാൻ…..”
എന്നെ അങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഇക്ക ഫോൺ കട്ട് ചെയ്തു. ഇനി എന്ത് എന്ന ചോദ്യം മാത്രം എന്നിൽ ബാക്കി .. ഞാൻ പെട്ടെന്ന് പോയാൽ ഷാഹിക്കാക്ക് സംശയം തോന്നും. എന്റെ അനുഭവം ഷാഹിക്ക അറിഞ്ഞാൽ ആ പാവം ചങ്ക് പൊട്ടി മരിക്കും…. ഞാൻ പോയില്ലെങ്കിൽ അമ്മായി ഉമ്മയും കെട്ട്യോനും കൂടി വാക്കെന്ന കത്തി കൊണ്ട് ഇഞ്ചിഞ്ചായി കൊല്ലും. ഏതായാലും സഹിക്കുക തന്നെ….. മധുവിധുമാറും മുമ്പേ മറു നാട്ടിലേക്ക് പറിച്ചുനട്ട മാരന്റെ മധുവൂറും വാക്കിനു വേണ്ടി കാത്തിരുന്ന എനിക്ക് കിട്ടിയ സമ്മാനം .എന്നാലും റാഷിക്ക ഇത്ര പെട്ടെന്ന്…… അതും എന്നോട്…… ഒറ്റപ്പെട്ടു പോയ പെണ്ണിനെ സമാധാനിപ്പിക്കേണ്ടതിന്നു പകരം … എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ല. ഇല്ല. ഞാൻ…… ഞാൻ റാഷിക്കായിൽ നിന്ന് ഇങ്ങനൊരു മാറ്റം …… തീരെ പ്രതീക്ഷിച്ചില്ല.
രാത്രി ഉറങ്ങാൻ നേരം ഞാൻ വീണ്ടും എന്റെ ഓർമ്മ പുസ്തകമെടുത്ത് തുറന്ന് നോക്കി. ഓരോ കൂട്ടുകാരുടേയും സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളിൽ ഒന്നു കൂടി കണ്ണോടിച്ചു. ഇല്ല …. എനിക്കിനി ആ നഷ്ടപ്പെട്ട സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചുകിട്ടില്ല. എനിക്കെന്നല്ല ആർക്കും …. ഓരോന്ന് ചിന്തിച്ച് എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണു.