ഉമ്മാനോട് യാത്ര പറഞ്ഞിറങ്ങി. ഷാഹിക്ക എന്നെ കാറിൽ മുന്നിലിരുത്തി. പരമാവധി ഒഴിയാൻ നോക്കി എങ്കിലും ഇക്കസമ്മതിച്ചില്ല.ഹമ്പെത്തുമ്പോഴും ഗിയറിമ്പോഴൊക്കെ റാഷിക്കാനെ ഓർമ്മ വന്നു.
“അന്നെ കൂട്ടാൻ ബൈക്കെടുത്ത് വരാനൊരുങ്ങിയതാ. ഇവരും കൂടി വരുന്നെന്ന് പറഞ്ഞപ്പോൾ പിന്നെ കാറെടുത്തിങ്ങ് പോന്നു “ഷാഹിക്ക ഓരോന്ന് പറയുമ്പോഴും എന്റെ മനസ്സ് റാഷിക്കാടെ വീട്ടിലായിരുന്നു. റബ്ബേ…. രണ്ട് ദിവസം കഴിഞ്ഞാൽ പിന്നേം ചെല്ലേണ്ടത് ആ നരകത്തിലേക്കല്ലെ. അതോർക്കുമ്പോ നെഞ്ചൊന്നു പിടച്ചു.
ടൗണിലൊക്കെ ചുറ്റിത്തിരിഞ്ഞാണ് വീട്ടിലെത്തിയത് .കാറിന്ന് ഇറങ്ങുമ്പോൾ കണ്ടത് അമ്മുനെയാണ്.ഉമ്മറപ്പടിയിലിരുന്നു പച്ച ഓലകൾ കൊണ്ട് ചൂലുണ്ടാക്കുന്നു.. ഈ അമ്മു ഇങ്ങനെയാ. ഒരു മിനുറ്റ് പോലും വെറുതെ ഇരിക്കില്ല. ഞങ്ങളെ കണ്ടപ്പോൾ ഓലയും ചൂലൊക്കെ ഒരു സൈഡിൽ ഒതുക്കി ചൂരിദാറും തട്ടിക്കുടഞ്ഞ് എഴുന്നേറ്റു വന്നു..മിർഷു ഉമ്മാനെ കണ്ടയുടനെ കരയാൻ തുടങ്ങി. ” ഇത്രം നേരം ന്റെ കൈയ്യിൽ ണ്ടായിട്ട് അടങ്ങി ഇരിന്നിട്ടിപ്പൊ, അന്റുമ്മാനെ കണ്ടപ്പോ ഓന്റെ കളി കണ്ടില്ലെ. കള്ളൻ ” പരാതി പറഞ്ഞ് കവിളിൽ ഒരു കടിയും കൊടുത്ത് ഷാനി മിർഷൂനെ അമ്മൂനേൽപ്പിച്ചു.
ഉമ്മ നിസ്കാരപ്പായിൽ ഇരുന്ന് ഖുറാൻ ഓതുകയായിരുന്നു. ഉപ്പ മരിച്ച ശേഷം അങ്ങനെ അനാവശ്യമായൊന്നും ഉമ്മ പുറത്തിറങ്ങാറില്ല. കിട്ടുന്ന സമയത്തൊക്കെ ഖുറാൻ ഓതിക്കൊണ്ടിരിക്കും.ഉമ്മാനോട് സലാം പറഞ്ഞ് ഞാൻ അകത്ത് കയറി.
ഞനെന്റെ റൂമിന്റെ വാതിൽ തുറക്കുമ്പോ റാഷിക്കാനെ ഓർമ്മ വന്നു. റൂമിൽ എങ്ങും റാഷിക്കാടെ മണം.. പർദ്ദ മാറ്റി വെച്ച് ഞാൻ നേരെ ഉമ്മാമാടെ വീട്ടിൽ പോയി. റാഷിക്ക ഉണ്ടാവുമ്പോഴും വീട്ടിലെത്തിയ ഉടനെ ഞാൻ അങ്ങോട്ടോടും. അത് കാണുമ്പോ റാഷിക്ക പറയും .ഉമ്മാമാടെ പൊര ഇത്ര മുറ്റത്തയതോണ്ടല്ലെ ജ്ജ് അവിടെ കഥകള്‍.കോംപോണത്. അല്ലെങ്കിൽ ഈ സ്നേഹോന്നും അനക്ക് കാണില്ലായിരുന്നെന്ന്. എന്താന്നറിയില്ല.എനിക്ക് അവിടെ പോയാലേ മനസ്സിനൊരു തൃപ്തി വരൂ…. ഉമ്മാമയും ചെറിയാത്തയും മാത്രേ ഉണ്ടായിരുന്നവിടെ. മൂത്താക്കയുടെയും ചെറിയാക്കയുടെയും ഭാര്യമാർ അവരവരുടെ വീട്ടിൽ പോയിരുന്നു.എന്റെ കല്യാണത്തിന് ഒരാഴ്ച മുമ്പേ വന്നതാ. ഇനി ഒന്നോ രണ്ടാഴ്ച അവിടെ നിന്നേ അവരൊക്കെ മടങ്ങി വരൂ….. ചെറിയാത്തയും ഉമ്മാമയും രണ്ട് മരുമക്കളുമാണ് തറവാട്ടിൽ .ചെറിയാത്ത ഇടയ്ക്കിടെ ഉമ്മാമാനെ കാണാൻ തറവാട്ടിൽ വരും. കല്യാണ ശേഷം ചെറിയാത്ത ഭർത്താവിന്റെ വീട്ടിൽ തന്നെയാ…..” ഉമ്മാമാടെ ശാദിക്കുട്ടി എപ്പഴാ വന്നെ”?
“ഇപ്പൊ വന്നെ ഉള്ളു…. അപ്പൊ പിന്നെ ഇങ്ങളെയൊക്കെ കാണാന്ന് കരുതി. അതോണ്ട് വന്ന ഉടനെ ഇങ്ങോട് പോന്നു.”റാഷീ ടെ പൊരെലെല്ലാർക്കും സുഖല്ലേ മോളേ ” ചോദ്യം ചെറിത്താടെ വകയായിരുന്നു.ഓലെ ത്ര സുഖം ദുനിയാവില് വേറെ ആർക്കാന്ന് പറയണംന്നുണ്ടായിരുന്നെനിക്ക്……
മഗ്‌രിബിന് മുമ്പേ അവിടന്ന് ഞാൻ വീട്ടിലേക്ക് വന്നു.
ഇശാ നിസ്കാരം കഴിഞ്ഞ് അമ്മു ഭക്ഷണമുണ്ടാക്കാനായി കിച്ചണിലായിരുന്നു.ഞാൻ ഹെൽപ് ചെയ്യാനായി പിന്നാലെ ചെന്നു. അന്ന് വരെ അമ്മൂന്നെ ഒന്നിനും സഹായിക്കാതെ കാര്യം ഓർത്തപ്പോൾ എനിക്ക് കുറ്റബോധം തോന്നി. “ന്താ! ശാദി ….. ഇജ്ജ് പതിവില്ലാത്ത കിച്ചണിൽ ചുറ്റിത്തിരിയണ്. “അത് ,പിന്നെ…. ഒന്നൂല്ലാ…. അല്ല.. അമ്മൂ… ഞാനൊന്ന് ചോയ്ച്ചാ ങ്ങക്ക് ബെശമാവോ…?
ആദ്യം അന്റെ ചോദ്യം കേക്കട്ടെ …. എന്നിട്ട് തീരുമാനിക്ക ബെശമാക്കണോ ബേണ്ടേന്ന്….? ഞാൻ കുറച്ച് സമയം മിണ്ടാണ്ടിരുന്നു.
“ജ്ജ്, ചോയിക്കടി ”
“അത്… ഇങ്ങള് ഇക്കാട് പറയണ്ട.നിക്കൊരു സംശയം ചോയിക്കാനാ…..”
” വളച്ച് കെട്ടാതെ ചോയ്ക്ക് നീ …. ഞാനിക്കാടൊന്നും പറയില്ല.ന്താ അനക്ക് പറ്റ്യേ… ”
കല്യാണം കൈഞ്ഞ് ഇക്ക ഗൾഫിലോട്ട് പോയേശം ഇങ്ങക്ക് എങ്ങനെയാ ബേജാ റൊക്കെ പോയേ….. ” എന്റെ ചോദ്യം കേട്ട് ആദ്യം അമ്മു ചിരിച്ചെങ്കിലും എന്തോ ഒന്നോർത്തെടുത്ത പോലെ പറഞ്ഞു തുടങ്ങി.
“ഇക്ക, എറങ്ങണേയ്ന് മുമ്പേ ജമീലാത്ത പറഞ്ഞായ്രുന്നു. മോളേ…..!ഷാഹി എറങ്ങുമ്പോ അനക്ക് ബെശമൊക്കെ ണ്ടാവും. ന്ന് വെച്ച് കരയാനൊന്നും നിക്കണ്ട. ഓ ൽക്ക് ഇഷ് ടോണ്ടായതോണ്ട് പോണതോന്നു അല്ലല്ലോ …. പിന്നെ ഈടെ നിന്നിറ്റ് ഓലെ ന്താക്കാനാ… ഒന്നു കരകയറിപ്പറ്റണ്ടേ ന്നൊക്കെ…..
പിന്നെ പോയി എത്തിയോടനെ ഷാഹിക്ക വിളിച്ചു. കൊറേയൊക്കെ സമാധാനിപ്പിച്ചു.ആ വിളിയും സമാധാനാക്കെ പോരെ എല്ലാ ബെശമോം മാറാൻ….. ഇപ്പൊ ഇയ്യ് ഇതൊക്കെ ചോയ്ക്കാൻ കാരണം…. ”
“ഒന്നൂല്ല. അമ്മൂ…. എന്നെപ്പോലെ എല്ലാർക്കും ബെശമോണ്ടോ ന്നറിയാൻ ബേണ്ടി ചോയ്ച്ചെന്നേ ഉള്ളൂ.”
” അന്റെ ചോദ്യയ്പ്പോ ജോറായെ …. കെട്ട്യേംമാർ പോമ്പോള്ളെ നെഞ്ചിലെ ആ നീറ്റൽ അത് ആരിക്കായാലും ഇല്ലാണ്ടിരിക്കോ പെണ്ണേ…. റബ്ബേ…… അത് അനുഭവിച്ചന്നെ അറിയണം.”
“അമ്മൂ… ഒന്നും കൂടി ചൊയ്ച്ചോട്ടെ “..
“ജ്ജ് ഓരോന്ന് ചോയ്ച്ച് ന്നേം കൂടി ബെശമിപ്പിക്ക്യാ…..”
അതല്ല…. അമ്മൂ…..
ഇയ്യൊന്നും പറയണ്ട…. ശാദ്യേ….നിക്ക് മനസ്സിലാവും അന്റെ ഇപ്പള്ത്തെ ബേജാറ് . ഓലെ പൊരേന്ന് പണി എടുക്കാനും മറ്റെന്തിനും ഒരു മൂഡ് കിട്ടൂലാ…..
” അത് അല്ലെലും കിട്ടാറില്ല അമ്മൂ…. ”
അയ്ന് ഞാനനക്കൊരു മരുന്ന് പറഞ്ഞരാ…” നല്ല സമാധാനോം കിട്ടും…
” ന്താ! അത് ” സമാധാനം കിട്ടുമെന്ന് പറഞ്ഞപ്പോഴന്നെ എനിക്ക് പകുതി സമാധാനമായി:
രാവിലെ നിസ്കാരൊക്കെ കൈഞ്ഞ് അടുക്കളേൽ പണി എടുക്കുമ്പോളൊക്കെ സ്വലാത്ത് ചൊല്ലി അങ്ങ് തൊടങ്ങ്….. എളുപ്പം പണീം തീരും ചൊല്ലിയതിന്റെ കൂലീം കിട്ടും നല്ല സമാധാനോം കിട്ടും. [ പരീക്ഷിച്ചു നോക്കുക …..വിജയം ഉറപ്പ്…..]
ഊം… ഇൻ ഷാ അള്ളാ….. എന്നും പറഞ്ഞ് ഞാൻ അറയിലേക്ക് പോയി.അങ്ങനെയാണെങ്കിൽ അവിടെന്ന് ഒരു ദിവസം മുഴുവൻ സ്വലാത്ത് ചൊല്ലേണ്ടി വരൂന്ന് അമ്മൂനറിയില്ലല്ലോ …. അത്ര നല്ല ഉമ്മയാണല്ലോ ന്റെ റാഷിക്കാടേത്….. സ്വലാത്ത് ചൊല്ലി ഒരു പണി തീർക്കുമ്പോൾ ദേ കിട്ടും അടുത്ത പണി …….?
തലേന്ന് ഉച്ചയ്ക്കാണ് അവസാനമായി റാഷിക്കാടെ ശബ്ദം കേട്ടത്. ഇപ്പൊ ഇത്രേം സമയായിട്ടും ഒന്നു വിളിച്ചതു പോലൂല്ല. പിന്നെങ്ങനെയാ അമ്മു പറഞ്ഞ പോലെ ഇക്കാടെ വർത്താനം കേട്ടെങ്കിലും സമാധാനപ്പെടേണ്ടത്. വല്ലാത്തൊരു വിധി തന്നെയാ ഇത്…..
കിടക്കാൻ നേരത്താണ് റാഷിക്ക എൻഗേജ്മെന്റിന് തന്ന ഫോണിന്റെ കാര്യം ഓർമ്മ വന്നത് .അതെടുക്കാനായി ഷെൽഫ് തുറന്നു.അത് അവിടെ ഇല്ലായിരുന്നു. കല്യാണത്തലേന്ന് ഷെൽഫിൽ വെച്ചതാണ്.പിന്നെ അതിന്റെ ആവശ്യം വന്നില്ല. ഓർമ്മയുള്ള സ്ഥലങ്ങളിൽ മൊത്തം പരതി നോക്കി. കിട്ടിയില്ല….. റബ്ബേ ! ആകെയുള്ള പ്രതീക്ഷയായിരുന്നു ആ ഫോൺ .ഇനി ഇപ്പൊ എന്ത് ചെയ്യും…….