കണ്ണീർമഴ 24

“ഹലോ മോളേ അസ്സലാമു അലൈക്കും.”
എന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.ഷാഹിക്കയായിരുന്നു. ഫോണിൽ. “ഹലോ !.മോളേ! ശാദി യേ…. ഇക്കാടെ മോളെന്താ ഒന്നും മിണ്ടാത്തെ….. ” ഇക്കാടെ ഈ ചോദ്യത്തിന് ശേഷാണ് ഞാൻ സലാം മടക്കിയത്.” അത് പിന്നെ ഇക്കാ…. ഞാൻ…….”
“ന്താ! ഇക്കാടെ മോക്ക് പറ്റിയേ…? ശബ്ദോക്കേ ബല്ലാണ്ട് മാറിയിരിക്ക്ണല്ലോ….. ” “ഇല്ലിക്കാ….. ഇക്കാക്ക് തോന്നണ താ…. റാഷിക്ക പോയിട്ട് ഇത് വരെ ഇങ്ങള് വിളിക്കാത്തോട്ട് ഞാൻ കരുതി ഇക്കന്നെ മറന്നൂന്ന്. ഇപ്പൊ പെട്ടെന്ന് ശബ്ദം കേട്ടപ്പോ….. ന്തോ…. വല്ലാതെ….” എനിക്കാ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല……
” ന്റെ, പൊന്ന് റാണി മോളേ, ഇക്ക മറക്ക്യേ…… ഹ്മ് ….. നല്ല ശേലാ ഇത്. ഇക്ക രാവിലെ വിളിച്ചാര്ന്നു. അപ്പോ ഉമ്മ പറഞ്ഞു, ജ്ജ് ഒറങ്ങാണെന്ന്, ന്നാ പിന്നെ, അന്നെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി. ”
എന്റെ റബ്ബേ. ഞാൻ ഉറങ്ങാനോ. ഉമ്മ എന്തിനാണാവോ ഇക്കാനോട് കള്ളം പറഞ്ഞത്. ഇവിടെ എനിക്ക് പരമ സുഖാണെന്ന് വിശ്വസിപ്പിക്കാനോ ….. നേരത്തേ വിളിച്ച മോളേ എന്ന വാക്കിൽ തന്നെ എനിക്ക് മനസ്സിലായി. ഉമ്മ നല്ല പിള്ള ചമയാണെന്ന്.
” ആ ,പിന്നെ മോളേ, ഞാനിന്നലെ റാഷിനെ യാത്രയാക്കാൻ സ്റ്റേഷൻ വരെ പോയാര്ന്നു. അന്നെ ഇങ്ങോട്ട് കൂട്ടണകാര്യം ഒന്നൂടെ ഞാൻ സൂചിപ്പിച്ചു. അവൻ അവിടെ എത്തിയേ ശം കൂട്ടിക്കോളൂന്നും പറഞ്ഞു. അന്നെ കൂട്ടാൻ ഇക്ക ഇൻഷാ അള്ളാ നാളെ വരും.”
ഈ ഉമ്മ ഇക്കാടെ കൂടെ നാളെ എന്നെ വിടോ….. എന്നോട് എന്ത് കാണിച്ചാലും ഇക്കാടെ മുന്നിന്ന് ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു.
“ഇക്ക, വേറൊരു കോള് വരുന്നുണ്ടെന്ന് കള്ളം പറഞ്ഞ് ഒന്ന് സലാം പോലും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു.ഇക്കാ നോട് ഇനിയും സംസാരിച്ചാൽ ഞാൻ കരഞ്ഞുപോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. റിസീവർ വെച്ച ഉടനെ ഫോൺ വീണ്ടും ശബ്ദിച്ചു.ഉമ്മ വരുന്നതിന് മുൻപ് ഞാൻ പെട്ടെന്ന് അറ്റന്റ് ചെയ്തു.
“ഹലോ !………
“ഹലോ………. അസ്സലാമു അലൈക്കും.റബ്ബേ !റാഷിക്ക
“വ അലൈകു മുസ്സലാം…….. സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു.ഇക്ക, സുഖാണോ..? എന്താ ഇക്ക ഇതുവരെ വിളിക്കാതിരുന്നേ….. ഞാനെത്ര നേരായി കാത്തിരിയ്ക്കണെന്നറിയോ…… ആ ടെത്തുമ്പോളേക്കും ഇക്കാക്ക് ഞാൻ ആരു അല്ലാണ്ടായോ….. റൂമിലെ പ്പെഴാ എത്തിയെ? ഇക്ക എന്തേലും കഴിച്ചോ …..? ഇപ്പൊ എവിടെയാളെള….. ?” സലാം പറഞ്ഞതല്ലാതെ ഇക്കാനെ ഇങ്ങോട്ട് ഒന്നും പറയാൻ സമ്മതിച്ചില്ല ഞാൻ –
” ന്റെ, പെണ്ണേ! നീയൊന്നു ശ്വാസം വിട്. ” ഇക്ക പറഞ്ഞത് കേട്ട് ഞാൻ ചെറുതായൊന്നു ചിരിച്ചു. “ഇങ്ങക്കറിയില്ല.കെട്ടിയ പെണ്ണിനെ തനിച്ചാക്കി പോമ്പോ ഓളെ ഉള്ളിലുള്ള വെഷമം.” അൽപം പരിഭവത്തോടെയാണ് ഞാനത് പറഞ്ഞത് .” ഊം, കണ്ടിന് അന്റെ വെഷമം ഞാൻ.” അതോണ്ടല്ലെ,ജ്ജ് ഞാൻ എത്തണേയ്ന് മുന്നേ കെടന്ന് ഒറങ്ങ്യേത്.” ഇക്കാടെ ആ പറച്ചലിന് എന്ത് പറയണം ന്നറിയാതെ ഞാൻ കുഴങ്ങി.
” അത് ,പിന്നെ ,ഇക്കാ…… റിസീവറിന്റെ വയറ് കൈ വിരല് കൊണ്ട് ചുരുട്ടി പറയാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും തൊണ്ട അനക്കിയൊരു ശബ്ദംകേട്ടു .ഉമ്മയാണ്. എന്നെ നോക്കി ആരാ എന്ന് കൈ കൊണ്ട് അംഗ്യം കാണിച്ചു ചോദിച്ചു.ഇക്കയാണെന്ന് ഞാൻ പതിയെ മറുപടി പറഞ്ഞു.ഞാൻ സംസാരിക്കുമ്പോൾ ഉമ്മ റൂമിൽ തന്നെ ചുറ്റിപ്പറ്റി നിന്നു. എനിക്കാണേൽ ഒന്നും മിണ്ടാനും പറ്റിയില്ല.
ഇങ്ങനെ പോയാൽ ഞാനിവിടന്ന് നീറി നീറി മരിക്കും. എന്ത് പണി വേണേലും ചെയ്യാം – പട്ടിണീം കിടക്കാം.പക്ഷേ ഇക്ക വിളിക്കുമ്പോൾ ഒരു ദിവസമെങ്കിലും സമാധാനത്തോടെ ഞങ്ങളുടേതായ ലോകത്തീന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ….. ആ ആഗ്രഹം പൂവണിയണമെങ്കിൽ എങ്ങനെ എങ്കിലും ഒരു മൊബൈൽ ഫോൺ കിട്ടിയേ തീരൂ…… പക്ഷേ, എങ്ങനെ?
പിറ്റേന്ന്, വൈകുന്നേരം ഞാൻ എന്റെ ഷെൽഫീന്ന് തുണിയൊക്കെ അടക്കി വെക്കുകയായിരുന്നു. അപ്പോഴാണ് കോളിംഗ് ബെൽ കരഞ്ഞത്. ഉമ്മയും റാഹിലാത്തയും ടീവി കാണുകയായിരുന്നു. ഇവിടെ ഏത് നേരവും അത് ഓണിൽ തന്നെയാ. അതിപ്പൊ മഗ് രിബ് ഇശായ്‌ക്ക് ഇടയിലായാലും ശരി.കോളിംഗ് ബെൽ കേൾക്കുമ്പോൾ ടീ വീടെ മുന്നീ ന്നെണീറ്റ് ഉമ്മ നേരെ കിച്ചണിലോട്ട് പോകും.ഉമ്മ ടിവി നോക്കുന്നത് ആരും അറിയാണ്ടിരിക്കാനുള്ള ഉമ്മാടെ സൂത്ര അത് .കോളിംഗ് ബെൽ കരഞ്ഞുകൊണ്ടേ ഇരുന്നു. ആരും വാതിൽ തുറക്കാത്തത് കൊണ്ട് ഞാൻ പോയി തുറന്നു…… ന്റെ അള്ളോ….. ആരൊക്കെയാ ഇത് ….

സലാം കേട്ടാണ് ഉമ്മ ഹാളിലേക്ക് വന്നത്. [എന്ത് കേട്ടാലും ടീവിടേ മുന്നിന്ന് എഴുന്നേൽക്കാത്ത ആളാ…..] “ജ്ജ് അബടെന്നെ നിക്ക്യാ….. ഔത്തോട്ടിരിക്ക്. ഷാഹ്യേ …..” ഉമ്മ പറഞ്ഞു. ഷാഹിക്ക കയറി ഇരുന്നു.. ഷാനിദും മിർഷു മോനും കൂടെ ഉണ്ടായിരുന്നു. ഷാനീ ടെ കൈയ്യീന്ന് ഞാൻ മോനെ വാങ്ങി. അല്ലങ്കിൽ എത്ര ചോദിച്ചാലും ഷാനി കുഞ്ഞിനെ തരാറില്ല. ഇന്നിപ്പോ….. അകന്നിരിക്കുമ്പോഴാ സ്നേഹത്തിന്റ ആഴം അറിയുന്നത് എന്ന് പറയുന്നത് എത്ര ശരിയാ ….. ഷാനിക്ക് മോനെ തരാൻ ഒരു മടിയും കണ്ടില്ല.ഷാഹിക്ക എന്നെ കൊണ്ടു പോകാനാ വന്നതെന്ന് എനിക്ക് ഉറപ്പായി….. ഉമ്മാനോട് ചോദിച്ചാൽ ഉമ്മ ഷാഹിക്കാനോട് ദേഷ്യപ്പെട്ടുമോ എന്ന് ഭയന്ന് ഞാൻ മാറി നിന്നു.
റാഹിലാത്ത ടീവീടെ മുന്നീന്ന് എണീറ്റതേ ഇല്ല. ചായ കുടിയൊക്കെ കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് ഷാഹിക്ക താൻ വന്ന കാര്യം പറഞ്ഞത്. “അയ്നെന്താ…. ഞാൻ ഓളേ അയക്കണംന്ന് ബിജാരിച്ചെ ള്ളൂ. റാഷി പോയ ബേജാറ്ണ്ടാവല്ലേ ഓളെ മനസ്സില് .ഇപ്പൊ ജ്ജ് കൂട്ടീട്ട് രണ്ടീസം കൈഞ്ഞ് അയച്ചാളീ….. “കുട്ട്യോളൊക്കെ പോയിക്കയിഞ്ഞാ ഞാനീടെ ഒറ്റയ്ക്യാ….. റാഷിടെ നിക്കാഹ് കൈഞ്ഞേശം റായും ബ്ടെ ബരണ കൊറവാ ….. ഉമ്മാക്കിപ്പൊ ശാദീ ണ്ടല്ലോ കൂട്ടിനെന്നാ ഓള് പറയാറ്.
ചായ കുടിച്ച ഗ്ലാസും കഴുകി വെച്ച് ഹാളിലേക്ക് വന്ന ഞാൻ ഷാഹിക്കാട് ഉമ്മ പറഞ്ഞത് കേട്ട് ഞെട്ടി.എങ്ങനെയാ ഉമ്മാക്ക് ഇങ്ങനെ കള്ളം പറയാൻ പറ്റണതെന്ന് ഞാൻ ചിന്തിച്ചു. കുറച്ച് മുൻപ് വരെ കണ്ട ഉമ്മയായിരുന്നില്ല അപ്പോൾ . എന്തൊരു ചിരിയാ ആ മുഖത്ത്.ഈ ഡബിൾ റോൾ കളി വല്ല സിനിമേലും ആയിരുന്നെങ്കിൽ ഉമ്മാക്ക് ഓസ്കാർ വരെ കിട്ടിയേനെ. എന്തൊക്കെയായാലും ഷാഹിക്കാടെ മുന്നിൽ ഒന്നും പറഞ്ഞില്ലല്ലോ. എനിക്കത് മതി .അതിലുപരി ഇവിടന്ന് തൽക്കാലം രക്ഷപ്പെടാല്ലോന്ന സന്തോഷവും.

Updated: November 17, 2017 — 6:43 am