ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6

Views : 6887

കപ്പ്യാര്‍, കയ്യിലിരുന്ന വേദപുസ്തകത്തിലെ, അടയാളപ്പെടുത്തിയ ഭാഗം തുറന്ന് വായന തുടര്‍ന്നു, കൂടെ ആമേന്‍ വിളികളും, സ്തുതികളുമായി മറ്റുള്ളവരും കൂടി. ക്ഷീണം കാരണം, ഇരിപ്പ് ഉറയ്ക്കാതെ പാവം ലിസാമ്മ മാത്രം ഇടയ്ക്ക് കിടന്ന് ഞരങ്ങുന്നുണ്ടായിരുന്നു, അത് പക്ഷെ കപ്പ്യാരുടെ പ്രാര്‍ത്ഥനയുടെ ശക്തിയില്‍, ആലീസിന്‍റെ പ്രേതം കരയുന്നതാണെന്നാണ് എല്ലാവരും കരുതിയത്.

ഏതാനും മിനിട്ടുകള്‍ കടന്നുപോയി.

പെട്ടെന്ന് എന്തോ മനസ്സില്‍ തോന്നിയത് പോലെ, കപ്പ്യാര്‍, വലിയൊരു ശബ്ദത്തോടെ പുസ്തകവും അടച്ച്, ധ്യാനത്തിലെന്നവണ്ണം നില്‍പ്പ് തുടങ്ങി. കണ്ണും മിഴിച്ച് ബാക്കിയുള്ളവരും. ഒരു രണ്ട് – രണ്ടര മിനിറ്റ് കഴിഞ്ഞില്ല, പെട്ടെന്ന്, അകത്ത് നിന്ന്, പഴയ ഓട്ടുമണിയില്‍ ആരോ കൊട്ടുന്ന പോലൊരു ശബ്ദം കേട്ടു.

ശബ്ദം കേട്ടതും, കപ്പ്യാര് മൌനം ഭഞ്ജിച്ചു.

“കര്‍ത്താവിന് സ്തുതി, അതാ ഒന്നാം മണി മുഴങ്ങി….”

അത് കേട്ടതും, മറ്റുള്ളവരും കൂടെക്കൂടി സ്തുതി പറഞ്ഞ് കുരിശു വരച്ചു.

വീണ്ടും കപ്പ്യാരുടെ നേതൃത്വത്തില്‍ അവിടെ പ്രാര്‍ഥനാ മഹാമഹം തുടര്‍ന്നു. ഇത്തവണ ഇച്ചിരി പവര്‍ കൂടുതലായിരുന്നു.

അങ്ങിനെ വീണ്ടും കൃത്യമായ അതേ ഇടവേളയ്ക്ക് ശേഷം, അകത്ത് നിന്ന് ഒരു മണിശബ്ദം കേട്ടു. അത് കേട്ടതും, വീണ്ടും കപ്പ്യാര് സ്തുതി പറഞ്ഞിട്ട് എല്ലാവരോടുമായി പറഞ്ഞു.

“അടുത്ത മണി വളരെ പ്രധാനപ്പെട്ടതാണ്, അത് കേള്‍ക്കുന്നത് വരെ ആരും കണ്ണ് തുറക്കരുത്. കേട്ടില്ലെങ്കില്‍ ഉറപ്പിച്ചോ, ഇന്നിവിടെ ഒരു മരണം, അതൊരു ശക്തിക്കും തടയാന്‍ പറ്റില്ല.”

എല്ലാവരും ഭയപ്പാടോടെ, കപ്പ്യാരുടെ നേത്രത്വത്തില്‍ അലറിവിളിച്ച്‌ പ്രാര്‍ത്ഥന തുടങ്ങി. ജീവഭയം മനസ്സിലേക്ക് കയറിയാല്‍പ്പിന്നെ സ്വന്തവും, ബന്ധവും ഒന്നും ഇല്ലല്ലോ.

നേരത്തെ രണ്ട് തവണ മുട്ട് കേട്ട ഓര്‍മ്മ വച്ച്, ഏകദേശം ഒരു സമയം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നു. ആ ഒരു സമയത്തിലേക്കാണ് എല്ലാവരും മത്സരിച്ച്. പ്രാര്‍ത്ഥിച്ച്, എണ്ണി എത്തിക്കാന്‍ നോക്കിക്കൊണ്ടിരുന്നത്. ഒരു തവണ കൂടി ആ മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കാന്‍ വേണ്ടി.

പക്ഷെ സമയം ഒരുപാട് കടന്നു പോയിട്ടും, അത് മാത്രം അവിടെ ഉണ്ടായില്ല.

ആളുകള്‍ പതുക്കെ വിയര്‍ക്കാന്‍ തുടങ്ങി, പേടി കാരണം പ്രാര്‍ത്ഥനകള്‍ പലവുരി അവരുടെ നാവുകളില്‍ നിന്ന് തെറ്റി, തെറിപോലെ ഉയര്‍ന്നു.

‘മൂന്നാം മണി ഇനി അടിച്ചില്ലെങ്കിലോ? ആരായിരിക്കും ഇന്ന് മരിക്കുക?’

എല്ലാവരും ഭയത്തോടെ പരസ്പരം നോക്കി.

Recent Stories

The Author

2 Comments

  1. Dark knight മൈക്കിളാശാൻ

    ഹൊറർ നോവലിൽ കപ്യാർ എത്തിയപ്പോൾ തനി കോമഡിയായി.

  2. ലക്ഷ്മി എന്ന ലച്ചു

    വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com