ജനൽ 62

Views : 5108

കുഞ്ഞേച്ചി ഉറങ്ങിയിരുന്നു. കുറെ കരഞ്ഞു കരഞ്ഞു പണ്ടും കുഞ്ഞേച്ചി ഉറങ്ങുമായിരുന്നു. ഞാനുമായി അടി കൂടുമ്പോൾ ഞാൻ കരയുമ്പോൾ അമ്മയുടെ തല്ലു കുഞ്ഞേച്ചിക്കാകും. രണ്ടടി കിട്ടിയാലും കുഞ്ഞേച്ചി പിടിച്ചു നിൽക്കും. പക്ഷെ അത് കഴിഞ്ഞു എന്റെ കളിയാക്കലും കൂടി ആകുമ്പോൾ കുഞ്ഞേച്ചി കരയും. ചിലപ്പോൾ വാവിട്ട് കരഞ്ഞു പോയി കിടക്കും. പിന്നെ വന്നു നോക്കുമ്പോൾ ഉറങ്ങിക്കാണും.

സമയം കടന്നു പോയി. അച്ഛൻ വന്ന് എന്നെയും കൊണ്ട് കുളത്തിൽ പോയി കുളിച്ചു വന്നു. തണുത്തു വിറച്ചു കൊണ്ടിരുന്നു. തല തോർത്തിയിട്ടില്ല. നനഞ്ഞ തോർത്തും ചുറ്റി ഞാൻ അച്ഛനൊപ്പം നടന്നു. അമ്മ കണ്ടാൽ അച്ഛനിന്ന് ചീത്ത ഉറപ്പാണ്‌. കുളിച്ചു വരുമ്പോൾ അമ്മയുടെ വക പരിശോധനയുണ്ടാകും. തല തോർത്തിയിട്ടില്ലെന്നും പറഞ്ഞ് അച്ഛന് ശകാരം കേൾക്കും. സാരി കൊണ്ട് അമ്മ തല തുവർത്തും. പിന്നെ കയ്യും പിടിച്ചു കൊണ്ട് പോയി തലയിൽ രാസ്നാദിപൊടി തേക്കും. പക്ഷെ ഇന്ന് അതൊന്നുമില്ല. അമ്മയെ എങ്ങോട്ടാണ് കൊണ്ട് പോയത്. പറമ്പിലേക്കാണ് അച്ഛനൊപ്പം ചെന്നത്. അവിടെ കുറെ മരങ്ങൾ കൂട്ടിവെച്ചിരിക്കുന്നു. അതിൽ അമ്മയെ കിടത്തിയിരിക്കുന്നത് കണ്ടു. അമ്മയെ മുഴുവനായും മൂടി. അച്ഛൻ എന്റെ കൈകൾ പിടിച്ചു കൂടെ വന്നു തടികൾക്ക് താഴെ ഒരു വടി വെച്ചു കത്തിച്ചു.
പണ്ടൊരിക്കൽ അമ്മയുടെ കൈ പൊള്ളിയപ്പോൾ അച്ഛൻ ഓടിച്ചെന്നു തേൻ വെച്ചതും പിന്നെ ഊതി കൊടുത്തതുമാണ്. എന്നാൽ ഇന്ന് അമ്മയെ മൊത്തമായി തീവെച്ചു കത്തിക്കുന്നു.എന്തേ ആരും ഒന്നും പറയുന്നില്ല..!
അമ്മയ്ക്കു പൊള്ളുമെന്നു ആരും ഓർക്കുന്നില്ലല്ലോ. അച്ഛൻ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. അമ്മ ഇനി വരില്ല എന്ന് പറഞ്ഞപ്പോൾ അച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്നു അന്ന് മനസിലായില്ലായിരുന്നു.

ഓർമകളിൽ നിന്ന് ഞെട്ടി എഴുന്നേറ്റത് ചെവി പൊട്ടുന്ന ഇടിയുടെ ശബ്ദം കേട്ടാണ്. പുറത്തേക്കു നോക്കി, മഴ കുറഞ്ഞിട്ടില്ല. നാട്ടിൽ തിരിച്ചു വന്നത് മുതൽ മഴ തന്നെയാണ്. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ അമ്മയെ അടക്കിയ പറമ്പ് കാണാം. തൊട്ടടുത്ത്‌ വളർന്നു വലുതായൊരു ചാമ്പക്കമരം ഉണ്ട്. മുറ്റത്തെ മാവിന്റെ കൊമ്പിൽ കൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നു. പതിനഞ്ചു വർഷം മുൻപ് ഈ മാവിൽ രണ്ടു അണ്ണാൻ ഉണ്ടായിരുന്നു, പിന്നെ ഒരു കാക്കക്കൂടും. മഴയത്ത് കൂടിനുള്ളിലെ കുഞ്ഞുങ്ങൾക്ക്‌ മേലെ കൂടുപോലെ ചിറകു വിടർത്തി നിന്നിരുന്ന അമ്മകാക്കയെ കണ്ടിട്ടുണ്ട്.

എനിക്ക് കിട്ടുന്നതിനു മുൻപ് പഴുത്ത മാമ്പഴങ്ങളുടെ സ്വാദു നോക്കിയിരുന്ന അണ്ണാറക്കണ്ണനോടു വെറുപ്പായിരുന്നു. പക്ഷെ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ വായിച്ചതിൽ പിന്നെ അവർക്കും ആ മാമ്പഴത്തിൽ ഓരോഹരിയുണ്ടെന്നു തിരിച്ചറിഞ്ഞു. അമ്മ മരിച്ചതിൽ പിന്നെ അമ്മമ്മ ഇവിടെയായിരുന്നു. അമ്മയെ നോക്കി ആ ജനൽപടികളിൽ ഒരുപാടു നേരം ഇരുന്നിട്ടുണ്ട്. ഇടയ്ക്കു താഴെ നിന്ന് അമ്മ എന്നെ നോക്കി ചിരിക്കാറുണ്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ താഴെ നിന്ന് കണ്ണാ എന്നുള്ള അമ്മയുടെ വിളി വരും. ഓടിച്ചെന്നു പറമ്പിലേക്ക് നോക്കും. അപ്പോൾ അമ്മ താഴെ നിന്ന് ചിരിക്കുന്നുണ്ടാവും. പിന്നെ വിശേഷം പറച്ചിലായിരിക്കും. ജനൽ കമ്പികളിലൂടെ വിരലോടിച്ചു അവിടെയിരിക്കും.

ദിവസങ്ങൾ പോയതെല്ലാം വളരെ പെട്ടന്നാണ്. സ്കൂളിൽ പോയതെല്ലാം മധുരമുള്ള ഓർമകളായി നിൽക്കുന്നു. എന്നും വൈകീട്ട് സ്കൂൾ വിട്ടു വന്ന്‌ ജനൽപടിയിലിരുന്ന് അമ്മയോട് കഥകൾ പറയും. അങ്ങനെ കഴിഞ്ഞു പോയി. കുഞ്ഞേച്ചിയുടെ കല്യാണം കഴിഞ്ഞു, പക്ഷെ അന്നത്തെ പാൽപായസത്തിനു പഴയ സ്വാദു തോന്നിയില്ല. അമ്മയുണ്ടായിരുന്നെങ്കിലെന്നു ഓർത്ത് പോയി. ഒരു വട്ടം കൂടി അമ്മയെ കണ്ടിരുന്നെങ്കിലെന്ന് തോന്നി. ഒരിക്കൽ കൂടി ആ മടിയിൽ കിടന്നു സ്നേഹത്തിന്റെ തലോടൽ അനുഭവിക്കുവാൻ സാധിച്ചിരുന്നെങ്കിൽ, ആ പാൽപായസം ഒന്നൂടെ നുണയാൻ കഴിഞ്ഞിരുന്നെങ്കിൽ.

കുഞ്ഞേച്ചി പോകുന്നത്‌ കണ്ടു നിൽക്കാൻ വയ്യാത്തതിനാൽ ഞാൻ മുകളിലേക്ക് കയറിപ്പോയി. അമ്മ പോയതിനു ശേഷം കുഞ്ഞേച്ചി വല്ലാതെ കഷ്ടപെട്ടിട്ടുണ്ട്. ഒരു കുറവും വരുത്താതെ എന്നെ നോക്കി, ഒടുക്കം കുഞ്ഞേച്ചിയും പോയി. ജനൽപ്പടികൾക്കും എനിക്കും ഓർക്കുവാൻ മറ്റൊരു സങ്കടമായിരുന്നു അത്. ഇരുപതാമത്തെ വയസിൽ അമ്മമ്മയും ഞങ്ങളെ വിട്ടു പോയി. അച്ഛനും ഞാനും മാത്രമായി. ഏതു നേരവും മുറിയിൽ തന്നെ ഇരുപ്പായി. ജനലിലൂടെ അമ്മയെ നോക്കിയിരിക്കും. തുലാവർഷത്തിലും കർക്കിടകത്തിലും മാത്രം ഒതുങ്ങാതെ മഴ കാലം തെറ്റി വന്നുകൊണ്ടിരുന്നു.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com