ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 6 21

” നിങ്ങളിവിടെ ഉണ്ടായിരുന്നോ.. ?” എന്ന് ഞാനയാളോട് ചോദിച്ചതും ” ഞാൻ പുറത്ത് പോയതായിരുന്നു ഇപ്പോൾ എത്തിയതേ ഒളളൂ ” എന്ന് പറഞ്ഞ് പുതിയ മരുമകനായ എന്നോട് കൂടുതൽ സംസാരിക്കാതെ നിൽക്കുന്ന അയാളുടെ ആ സ്വഭാവം കണ്ടപ്പോൾ ഞാൻ കൂടുതലൊന്നും ചോദിക്കാതെ അവളുടെ റൂമിലേക്ക് നടന്നു .

കട്ടിലിലിരുന്ന് മുടി ചീകി കൊണ്ടിരിക്കുന്ന അവളോട്‌ ഞാൻ സലാം പറഞ്ഞെങ്കിലും അവളൊരു വട്ടം നോക്കി പിന്നെയെന്നെ നോക്കിയില്ല .
” ഒരു വീട്ടിലേക്ക് വരുമ്പൊ ഒന്ന് വിളിച്ച് വരുന്നതാണ് മര്യാദ ” എന്ന് മുഖം കനപ്പിച്ച് അവൾ പറഞ്ഞപ്പോൾ ” ഞാൻ നിന്റെ ഉമ്മയെ ടൗണിൽ വെച്ച് കണ്ടപ്പോൾ കൊണ്ട് വിടാൻ വന്നതാ.. ഇങ്ങോട്ട് വരാൻ ഉദ്ദേശിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതല്ല ” എന്ന് മറുപടി കൊടുത്തപ്പോൾ അവളുടെ മുഖത്തൊരു പുച്ഛം നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.

ഞാനാ റൂമിലിരിക്കുമ്പോൾ ഇടക്കിടക്ക് അവളുടെ ഉപ്പ അതിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ശ്രദ്ധയിൽ പെട്ടതും ഞാനെഴുന്നേറ്റ് ഡോർ അടക്കാൻ നോക്കി പക്ഷേ അവൾ വീണ്ടും തുറന്നു . മുടി ചീകി കഴിഞ്ഞതും അവളെന്നോടൊന്നും പറയാതെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി . കൂടുതൽ അതിനുള്ളിലിരിക്കാതെ ഞാനുമിറങ്ങി.

പുറത്തേക്കിറങ്ങിയപ്പോൾ ഉമ്മയെ അകത്ത് കണ്ടതും ഞാനവരുടെ അടുത്തേക്ക് ചെന്നു.

” ഉമ്മാ… ഞാനിറങ്ങുകയാണ്….
പിന്നെ വരണ്ട്.. ” എന്ന് പറഞ്ഞിറങ്ങാനൊരുങ്ങുമ്പോഴാണ് ചായ കുടിക്കാൻ അവർ നിർബന്ധിച്ചത്‌. ഏതായാലും വന്നതല്ലേ ഒന്നും തോന്നണ്ട എന്ന് ചിന്തിച്ച് അവിടെയിരുന്ന് ആ ചായ കുടിച്ചു .

ഭർത്താവിനടുത്തുണ്ടായിരിക്കേണ്ട എന്റെ ഭാര്യയായ അവൾ തിടുക്കത്തിൽ ആ ഭാഗത്തേക്ക് വരുന്നതും, എന്നെ സൽക്കരിക്കുന്നതും കാണാൻ എനിക്ക്‌ ഭാഗ്യമില്ലായിരുന്നു… അവൾ വന്നില്ല .

ചായയും കുടിച്ച് ഉമ്മയോട് ‘ പോട്ടേ ‘ എന്നും പറഞ്ഞ് ഞാനെഴുന്നേറ്റു . അവളോടും ഒന്ന് പറയാം ഇനിയതിന്റെ പേരിലൊരു വഴക്കുണ്ടാവണ്ട എന്നും ചിന്തിച്ച് അവളെ നോക്കി നടക്കുമ്പോൾ പ്രതീക്ഷിക്കാതെ അവളും അവളുടെ ഉപ്പയും എന്തോ പിറുപിറുത്ത് സംസാരിച്ച് നിൽക്കുന്നത് ഞാൻ കണ്ടു. ആംഗ്യം കാണിച്ചും അകത്തേക്ക് നോക്കിയും സംസാരിക്കുന്നു . കൂടുതലവരെ നോക്കി നിൽക്കാതെ ഒച്ചയനക്കി ഞാൻ അടുത്തേക്ക് ചെന്നതും അവർ പെട്ടെന്ന് സംസാരം നിർത്തി.

“ന്നാ ഞാനിറങ്ങാ… ” എന്നവരോട് പറഞ്ഞപ്പോൾ ” കുറച്ചു ദിവസം കൂടി കഴിഞ്ഞേ ഞാനങ്ങോട്ട് വരൂ ” എന്നവൾ പറഞ്ഞതും
” കുഴപ്പമില്ല ” എന്ന് പറഞ്ഞ് ഞാൻ
പുറത്തേക്കിറങ്ങി ബൈക്ക് നിർത്തിയിട്ട സ്ഥലത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സിലെന്തൊക്കെയോ ചോദ്യങ്ങൾ മുളച്ചു തുടങ്ങിയിരുന്നു.

പലവട്ടം അങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ലെന്ന് മനസ്സിനോടാവർത്തിച്ച് പറഞ്ഞു നോക്കിയെങ്കിലും മനസ്സ് അനുസരിക്കാതെ കൂടുതൽ വെക്തമായ രീതിയിൽ ചോദ്യങ്ങൾ നിരത്തിയപ്പോൾ എനിക്കെന്തോ മുൻപൊന്നുമില്ലാത്തൊരു ഭയം അനുഭവപ്പെടാൻ തുടങ്ങി .

1 Comment

  1. ??

Comments are closed.