ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 21

നാല് പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയാണെന്നൊക്കെ കേട്ടപ്പോൾ ഇതെന്റെ വീട്ടിലേക്ക് പറ്റും എന്ന് തോന്നി വീട്ടുകാരോട് കാണാൻ പറഞ്ഞു . കഷ്ട്ടപെട്ടു ജീവിച്ചവളാകുമ്പോൾ എന്റെ കുടുംബത്തിലേക്ക് വന്നാൽ സന്തോഷമായിരിക്കും അവൾക്കുണ്ടാവുക എന്നുറപ്പുണ്ടായിരുന്നു കാരണം അങ്ങനെ ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു കുടുംബമാണ് എന്റേത്.

കൂടുതൽ വൈകാതെ
കുടുംബക്കാരും വീട്ടുകാരും പോയി കണ്ടു. എനിക്കിഷ്ടപ്പെട്ടത് അവർക്കും ഇഷ്ടപ്പെട്ടു കാരണം കെട്ടുന്നത് ഞാനാണല്ലോ കൂടുതൽ അഭിപ്രായങ്ങൾ ആർക്കുമുണ്ടായില്ല. നോക്കിയതുമില്ല . അവർക്കും കുട്ടിയെ പറ്റി . പിന്നെയെല്ലാം പെട്ടെന്നായിരുന്നു . ആറു മാസം ലീവുള്ള എന്നേക്കാൾ ധൃതി അവളുടെ വീട്ടുകാർക്കായിരുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നു . കൂടുതൽ വൈകാതെ നിശ്ചയവും കഴിഞ്ഞു .

നിക്കാഹ് കല്യാണത്തിന് മുൻപ്‌ വേണമെന്ന് പറഞ്ഞപ്പോൾ അവരെന്തോ കാരണം പറഞ്ഞു അവസാനം കല്യാണത്തിനന്നേക്ക് മാറ്റി.
അത് കാരണം കൂട്ടികൊണ്ടു വരുന്നതിനു മുൻപ്‌ എനിക്കവളോട് സംസാരിക്കാനുള്ള അവസരം കിട്ടിയില്ല .
കാത്തിരുന്നവസാനം കല്യാണദിവസവും വന്നു . ഒരുപാട് ആളുകൾ പങ്കെടുത്ത കല്ല്യാണം . ഭക്ഷണമൊക്കെ കഴിച്ച് ഫ്രെണ്ട്സ്ന്റെ കൂടെ ഞാനവളുടെ വീട്ടിലേക്ക് പുറപ്പട്ടു. ജീവിതത്തിലെ ഏറ്റവും നല്ല ദിവസം .

അവളുടെ വീട്ടിലെത്തി കൂടുതൽ വൈകാതെ നിക്കാഹും കഴിഞ്ഞു . ഇനി ഞാനൊരു ഭർത്താവാണ് എന്നൊക്കെയുള്ള തോന്നൽ മനസ്സിലൂടെ ഓടി കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .

ഒരുകൂട്ടി വെച്ച സ്വപ്നങ്ങളുടെ നിലവറ തുറക്കാൻ പോകുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസം .

ആദ്യമായി കണ്ടന്നു മുതൽ മനസ്സിലെവിടെയെങ്കിലും കാണുമായിരുന്ന റൈഹാനത്ത് അന്നാ ദിവസം എന്റെ മനസ്സിലൊരുവട്ടം പോലും വന്നില്ലായിരുന്നു.. അന്നുതന്നെയായിരുന്നു എന്റെ ജീവിതത്തിലെ അവസാനത്തെ സന്തോഷം നിറഞ്ഞ ദിവസവും .

വൈകുന്നേരമായതോടെ എന്റെ വീട്ടിൽ നിന്നും വന്ന പെണ്ണുങ്ങൾ അവളെ ഒരുക്കി പുറത്തേക്ക് കൊണ്ടുവന്നു. കൂടുതൽ വൈകിയില്ല ഞങ്ങൾ എന്റെ നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയ ഉടനെ ഫോട്ടോഗ്രാഫറുടെ മുന്നിലുള്ള അഭിനയം കഴിഞ്ഞപ്പോഴേക്കും മഗ്രിബ് വാങ്ക് കൊടുത്തു.

കുളിച്ച് ഫ്രഷായ ശേഷം നമസ്ക്കരിച്ച ഞാൻ റൂമിൽ തല താഴ്ത്തി ഒന്നും മിണ്ടാതെയിരിക്കുന്ന അവളോട്‌ അങ്ങാടിയിൽ പോയി വരാമെന്നു പറഞ്ഞെങ്കിലും അവളൊന്നും പറഞ്ഞില്ല.

ഇശാ നമസ്ക്കരിച്ചു വീട്ടിലെത്തിയപ്പോൾ ഉമ്മ വന്ന് സ്വകാര്യത്തിൽ പറഞ്ഞു ” ഡാ അവള് ഭയങ്കര നാണക്കാരിയാണെന്നു തോന്നുന്നു ഞങ്ങളെ അടുത്തേക്കൊന്നും വിളിച്ചിട്ട് വന്നിട്ടില്ല. നീ കൂട്ടി കൊണ്ടുവാ ഭക്ഷണം കഴിക്കാൻ “. ഉമ്മയോടൊന്നു ചിരിച്ച് വിളംബാൻ പറഞ്ഞ് ഞാൻ റൂമിൽ ചെന്ന് അവളോട്‌ ഭക്ഷണം കഴിക്കണ്ടേ എന്ന് ചോദിച്ചതും അവൾ വേണ്ടന്ന് പറഞ്ഞു.

‘അവരവിടെ കാത്ത് നിൽക്കുന്നുണ്ട് വാ’ എന്ന് നിർബന്ധിച്ചപ്പോൾ വലിയ രസമില്ലാത്ത ഭാവത്തോടെ എഴുന്നേറ്റു വന്ന് കൂടെയിരുന്നു. ഞങ്ങളെല്ലാവരും പല കാര്യങ്ങളും സംസാരിച്ചിട്ടും അവളൊന്നു ചിരിക്കുകയോ, നോക്കുകയോ ചെയ്തില്ല . എല്ലാവരും ഇത് ശ്രദ്ധിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞവൾ എഴുന്നേറ്റ് അവളുടെ പാത്രവും കഴുകി വെച്ച് റൂമിലേക്ക് തന്നെ പോയി. എന്ത് കണ്ടാലും അപ്പപ്പോൾ മറുപടി പറയുന്ന എന്റെ മൂത്തപെങ്ങൾ പറഞ്ഞു
” ഇതെന്ത് സാധനാ ഉമ്മാ…!!! “.
“പതുക്കെ പറ ഡീ പുത്യേ വീടായതോണ്ടാവും
കോളേജിൽ പോകുന്ന കുട്ടിയല്ലേ… ” എന്നുമ്മ അവളോട്‌ പറഞ്ഞതൊക്കെ കേട്ട് ഞാൻ എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് നടന്നു .

ഒരാണിന്റെ ജീവിതത്തിൽ അവനൊരുപാട് കാത്തിരിക്കുന്നതും , അവനെയൊരുപാട് സന്തോഷം തോന്നിപ്പിക്കുന്നതും , ഒരു പുതിയ ജീവിതം തുടങ്ങുകയുമൊക്കെ ചെയ്യുന്ന ആദ്യ രാത്രി എന്ന ആ പരിചയമില്ലാത്ത മുഹൂർത്തത്തിലേക്ക് …

” തുടരും ”
_____________________

” ജീവിതത്തിൽ അറിയിക്കാതെയും, പറയാതെയും വരുന്ന ചില നൊമ്പരങ്ങളെ നോക്കി നിൽക്കാൻ മാത്രമേ ചിലപ്പോൾ നമുക്ക് കഴിയൂ “

_____________________

1 Comment

  1. ??

Comments are closed.