ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 4 21

ഇടക്ക് മാത്രം നേരിട്ട് കാണണമെന്നെഴുതും അന്ന് ഇടവഴിയിൽ കാത്ത് നിന്ന് കാണും. മുന്നിൽ വന്നാ പിന്നെ അവളെന്റെ മുഖത്തേക്ക് നോക്കില്ല . തലകുനിച്ചോ അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും നോക്കിയോ സംസാരിക്കും . ഒരിക്കൽ ഈ മുഖത്തേക്ക് നോക്കാത്തതിന്റെ കാരണം കേട്ടപ്പോ ഇടവഴി മറന്ന് ഞാൻ ചിരിച്ചു പോയി ” ഹറാമാണ് ചെക്കാ അന്യ പുരുഷനെ നോക്കുന്നത് ” എന്നവൾ പറഞ്ഞപ്പോൾ
” അപ്പൊ അന്യ പുരുഷനായ എന്നോട് നീ മിണ്ടുന്നത് സുന്നത്താണോ ഡീ ?” എന്ന് തിരിച്ചു ചോദിച്ചപ്പോൾ
” അതിന് ഞാൻ തൗബ ചെയ്യാൻ നിക്കാ . ഒരിക്കലും പ്രേമിക്കില്ലെന്ന് വാശിയുണ്ടായിരുന്ന നീയെന്നെ കുടുക്കീതല്ലേ ” എന്ന് പറഞ്ഞ് കരയുന്ന പോലെയൊക്കെ കാണിച്ചു അവളെന്റെ ഖൽബിലേക്ക് വല്ലാതെ
അടുക്കുമായിരുന്നു .

ഒരു ദിവസം കോളേജ് വിട്ടു വരുന്ന അവളെ കാത്തുനിന്ന ഞാൻ മനസ്സിനെ വീർപ്പു മുട്ടിക്കുന്ന എന്തോ ഒരു ടെൻഷൻ ചെന്ന് പറഞ്ഞപ്പോൾ അവൾ ” നിന്റെ പേനയെന്നു തെരോ ? ” ന്ന് ചോദിച്ചു . സംഗതി മനസ്സിലാവാതെ
” എന്തിനാണെന്ന്.. ? ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ് ” നീ ഇപ്പൊ പറഞ്ഞ സെന്റി വരികൾ എഴുതി വെക്കാനാണെന്നും തിരക്കഥ എഴുതുമ്പോൾ അതിലിത് ചേർക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാമെന്നും. നല്ല രസമുള്ള വരികളാണിത് ” എന്നല്ലാം . .. ടെൻഷൻ അടിച്ചു എന്തെങ്കിലും പറയുന്ന നേരത്ത് ഇങ്ങനത്തെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു ലാസ്റ്റ് ചോദിക്കും
” എങ്ങനെയുണ്ടന്ന് .. ?” അതോടെ ചിരി കൂടും ദുഃഖങ്ങൾ പോണതറിയില്ല . അതായിരുന്നു എന്റെ റൈഹാന. എന്നെ മനസ്സിലാക്കിയവൾ , എന്റെ മനസ്സറിഞ്ഞവൾ.

ഇഷ്ടമായിരുന്നെടാ എനിക്കവളെയും അവൾക്കെന്നെയും എന്ത് ചെയ്യാനാ കൊതിച്ചത് കിട്ടാൻ ഇഷ്ട്ടപ്പെട്ടവർ മാത്രം വിചാരിച്ചാൽ പോരല്ലോ.

സൗദിയിലേക്ക് വരുന്നതിന്റെ തലേ ദിവസം നിറഞ്ഞു കലങ്ങിയ കണ്ണുകളോടെ എന്റെ മുഖത്തേക്ക് ആദ്യമായി മടിയില്ലാതെ നോക്കി കൊണ്ടവൾ ചോദിച്ചിരുന്നു ” നമ്മള് പിരിയാണോന്ന് ” !
എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല . അവളുടെ മനസ്സ് പറഞ്ഞു കാണും ഞങ്ങളിനി ഇങ്ങനെ കാണില്ലെന്നും വിധിയില്ലെന്നുമൊക്കെ .

ഗള്ഫിലേക്ക് പുലർച്ചക്കന്ന് വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി നടക്കുമ്പോഴാണ് അവളുടെ വീടിനടുത്തെത്തിയപ്പോൾ ആരോ ജനലിനരികിൽ നിന്നും വിളിച്ചതായി തോന്നിയത് .തിരിഞ്ഞു നോക്കിയപ്പോൾ ജനലിനരികിൽ നിൽക്കുന്ന അവളെ കണ്ടതും കൂടെയുണ്ടായിരുന്ന കുടുംബക്കാരനും ഉപ്പയും മുന്നിൽ നടന്നു തുടങ്ങിയപ്പോൾ ഞാനവളുടെ അടുത്തേക്ക് ചെന്നു .

ഉറങ്ങാതെ കാത്ത് നിൽക്കുന്ന അവളെ കണ്ട് എന്ത് പറയുമെന്നറിയാതെ നിൽക്കുമ്പോൾ ” പോവാണോ.. ? ” എന്ന് ദയനീയമായി ചോദിച്ച ആ മുഖം കണ്ടതും ഞാനത് വരെ പിടിച്ചു നിന്ന അവളെ പിരിയുന്ന ടെൻഷൻ കാണിക്കാതിരിക്കാൻ പിന്നെയെനിക്ക് കഴിഞ്ഞില്ല. അന്നാദ്യമായി അവളുടെ മുന്നിൽ കരഞ്ഞ് കൊണ്ട് തന്നെയായിരുന്നു പറഞ്ഞത് കാത്തിരിക്കാൻ .

1 Comment

  1. ??

Comments are closed.