അറിയാൻ വൈകിയത് 4 40

Views : 14458

മുൻപ് അനിപറഞ്ഞത് അവൾക്ക് ഓർമ്മ വന്നു.
ഈ കാറിൽ ഒരു ഹണിമൂൺ യാത്ര, എങ്ങോട്ട് വേണമെങ്കിലും പോകാം , എത്ര ദിവസം വേണമെങ്കിലും പോകാം. നമുക്ക് രണ്ടാൾക്കും അടിച്ച് പൊളിക്കാം.

അന്ന് താൻ അതിൽ താല്പര്യം കാണിക്കാത്തത്കൊണ്ടാണ് ആ യാത്ര നടക്കാതിരുന്നത്.
ഇന്നിതാ ഏട്ടന്റെയൊപ്പമുള്ള അവസാന യാത്ര അതേ കാറിൽ നടക്കുന്നു.
എന്റെ ചെയ്തികൾക്കുള്ള പ്രതിഫലമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. എല്ലാം അനുഭവിച്ചേ തീരൂ.

സമയം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. റോഡിൽ നല്ല തിരക്കുണ്ട്, എല്ലാവരും വീടണയാനുള്ള വെപ്രാളത്തിലാണ്.

ഗീതു കുറച്ച് നേരം കണ്ണടച്ച് കിടന്നു, അറിയാതെ മയങ്ങിപ്പോയി. പെട്ടന്ന് ഞെട്ടിയുണർന്ന് അവൾ ചുറ്റുമൊന്ന് നോക്കി. വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ, വഴി തെറ്റിയോ?

‘ഏട്ടാ, ഇതേതാ സ്ഥലം? വീട്ടിലേക്കുള്ള വഴിയില്ലല്ലോ? വഴി തെറ്റിയോ?’

അനി കാർ ഒരു അരികിലേക്ക് ഒതുക്കിയിട്ടു.
‘നിന്റെ വീട്ടിലേക്കുള്ള വഴി ഇതല്ല, പക്ഷെ എനിക്ക് വഴിതെറ്റിയിട്ടില്ല’

‘ഏട്ടാ.. മനസിലായില്ല,,,’

അനി വാടിത്തളർന്ന ഗീതുവിന്റെ മുഖം തന്റെ കൈക്കുമ്പിള്ളിൽ എടുത്തു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർച്ചാലിൽ ചുണ്ടുകളമർത്തി.
ഗീതു ശ്വാസമടക്കിപ്പിടിച്ച് നിന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല.

‘ഇത്രയുംദിവസം നമ്മുടെ യാത്ര വഴിതെറ്റിയായിരുന്നു. രണ്ട് വഴികളിലൂടെയായിരുന്നു. ഇനിമുതൽ നമ്മളൊന്നായി ശരിയായ വഴിയിലൂടെ നമ്മുടെ ജീവിതയാത്ര തുടരണം. ഇത് അതിന്റെ തുടക്കമാണ്’

‘ഏട്ടാ… ഞാൻ., എനിക്ക് തെറ്റ്…’

‘വേണ്ട, നീ ഒന്നും പറയണ്ട. നിനക്ക് പറയാറുള്ളതാണ് ഈ കണ്ണീർ, അത് ഞാൻ കണ്ടു. ഇനി എനിക്ക് ഒന്നും കേൾക്കണ്ട’

‘എന്റെ പൊട്ടബുദ്ധിക്ക് തോന്നിയതാ ഏട്ടാ …’

‘അതൊന്നും ഇനി പറയണ്ട എന്ന് പറഞ്ഞില്ലേ. ഇനി നിനക്ക് പറഞ്ഞേ മതിയാകൂ എന്നുണ്ടെങ്കിൽ പിന്നെ ഒരിക്കൽ മതി. ഉറക്കമില്ലാതെയിരിക്കുന്ന ഏതെങ്കിലും ഒരു രാത്രിയിൽ’

‘ഉം, ഏട്ടാ നമ്മൾ എങ്ങോട്ടാ പോകുന്നത്?’

‘ഒരു യാത്ര, എങ്ങോട്ടാണെന്നറിയില്ല, എപ്പോ മടങ്ങിവരും എന്നറിയില്ല. എന്തേ പേടിയുണ്ടോ നിനക്ക്?’

‘ഇല്ല. എനിക്കിനി ഒരു പേടിയും ഇല്ല’

‘പഴയ ഒരു സ്വപ്നമാണ്, നിന്നെയും കൂട്ടിയൊരു യാത്ര. എങ്ങോട്ടാ പോകേണ്ടത്? എങ്ങോട്ട് വേണമെങ്കിലും പോകാം. കാറുണ്ട്, കയ്യിൽ കാശുണ്ട്’

‘എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത്, ആരും ശല്യം ചെയ്യാൻ വരരുത്. എനിക്ക് എന്റെ ഏട്ടന്റെ മടിയിൽ തല ചായ്ച്ച് കിടക്കണം’

‘അത്രേ ഉള്ളോ? നമ്മൾ ഇപ്പൊ വാളയാർ എത്തി, കുറച്ച് ദൂരം കൂടിപ്പോയാൽ തമിഴ് നാട് എത്തി. ഈ ചെക്ക് പോസ്റ്റിനപ്പുറം ആർക്കും നമ്മളെ അറിയില്ല, നമുക്ക് പറന്ന് നടക്കാം. ഊട്ടി, കൊടൈക്കനാൽ, മേട്ടുപ്പാളയം, കോയമ്പത്തൂർ…’

Recent Stories

The Author

kadhakal.com

2 Comments

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com