അജ്ഞാതന്‍റെ കത്ത് 7 23

വഴിയിൽ ഒരു തട്ടുകടയിൽ നിന്നും ഓരോ കാലി കാപ്പി കുടിക്കുമ്പോൾ അലോഷിയുടെ കോൾ വന്നു.

“വേദ, മുസ്തഫ അലിയെ കാണുന്നത് രഹസ്യമായിരിക്കണം.നിനക്ക് പിന്നിൽ വാച്ച് ചെയ്യാൻ ചിലപ്പോൾ ആളുണ്ടാവും”

“സർ “

” വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണം”

” ശരി സർ “

പത്രത്തിലെ പ്രധാന വാർത്ത പെരുമ്പാവൂരിലെ വീട്ടിലെ ബോഡിയും എൽദോയുടെ അറസ്റ്റുമായിരുന്നു.കുര്യച്ചനും തോമസും അപകടത്തിൽ എന്ന രീതിയിൽ ചില വളച്ചൊടിച്ച വാർത്തകളും. അതിലൊരിടത്തും ഒരു കുഞ്ഞിന്റെ ബോഡി കണ്ടതായി എഴുതിക്കാണാതായപ്പോൾ എന്തോ ഒരാശ്വാസം തോന്നി.
തീർത്ഥ എവിടേയോ ജീവിച്ചിരിപ്പുണ്ട്.

” എൽദോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. “

തിരികെ ബൈക്കിൽ കയറുമ്പോൾ അരവി പറഞ്ഞു.

എൽദോയെ അറസ്റ്റ് ചെയ്തിട്ട് കാര്യമില്ല. കാരണം അയാൾക്കിതേ പറ്റി വലിയ അറിവില്ല എന്നത് എന്റെ മനസു മന്ത്രിച്ചു. എന്തെങ്കിലും അറിയാമായിരുന്നെങ്കിൽ എൽദോയും മരണപ്പെട്ടേനെ ഇല്ലെങ്കിൽ കുര്യച്ചനെ പോലെ അബോധാവസ്ഥയിൽ ആയേനെ.

പ്രഫസർ മുസ്തഫഅലി സാർ കൃഷ്ണാ റസിഡൻസിയിലായിരുന്നു. കൃഷ്ണാ റസിഡൻസിയിലെ 101 നമ്പർ മുറിയിൽ ഞങ്ങളെത്തുമ്പോൾ 8 മണിയാകാറായിരുന്നു. റൂമിൽ കയറിയ പാടെ പ്രഫസർ ഡോറടച്ച് ലോക്ക് ചെയ്തു.
വലിഞ്ഞു മുറുകിയ ആ മുഖഭാവം എന്തോ അപകടം വിളിച്ചു പറയുന്നുണ്ടായിരുന്നു.
എതിരെയുള്ള സെറ്റി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു തുടങ്ങി.

“നിങ്ങൾക്കീ മെഡിസിനെ പറ്റി എന്തെങ്കിലും ധാരണ ഉണ്ടോ?”

“ഇല്ല.”

“ഇത് എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ടത് . ഇതിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ മുഴുവനും തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് എന്നിലെ ആത്മ വിശ്വാസത്തെ ചോദ്യം ചെയ്യുന്നുണ്ട്.തിരിച്ചറിയാൻ കഴിഞ്ഞത് സ്ട്രെച്ചിൻ,ക്യൂറേർ, പിന്നെ മെഡിക്കൽ അനസ്തേഷ്യ ഇത്ര മാത്രം.ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല.”

“സർ ആദ്യം പറഞ്ഞ മെഡിസിൻസ് എന്തിനുള്ളതാണ്.?”

“പോയ്സൺസാണ്. ഇതിലൊന്ന് അമേരിക്കൻ ആദിവാസികൾ അമ്പിൽ പുരട്ടാനുപയോഗിക്കുന്ന ഒരു തരം വിഷമാണ് .ഇതെന്തായാലും നല്ലതിനു വേണ്ടിയുള്ളതാവില്ല “

“എവിടുന്ന് കിട്ടി എന്നിടത്തു നിന്ന് നിങ്ങൾ തുടങ്ങേണം. ഇത് ബ്ലഡിൽ അതിവേഗത്തിൽ കലരുമെങ്കിലും ഒരു തരത്തിലും ഇതിന്റെ അളവോ സാന്നിദ്ധ്യമോ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് വാസ്തവം. അവ മനുഷ്യ ശരീരത്തിനകത്ത് ഏത് തരത്തിൽ പ്രതികരിക്കുമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.. “

ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ !

“പിന്നെ മറ്റൊന്നുകൂടി.ഇത് ഉണ്ടാക്കിയതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങൾ കാണും. സൂക്ഷിക്കണം..”

യാത്ര പറഞ്ഞിറങ്ങിയെങ്കിലും മനസിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ.

” അരവി അനസ്തേഷ്യ മയക്കാനുള്ള മെഡിസിൻ അല്ലേ? അങ്ങനെയെങ്കിൽ ആ മെഡിസിൻ കാരണമാകുമോ തോമസും കുര്യച്ചനും ?”

“നിനക്കെന്താ വേദാ കുര്യച്ചന്റേയും സജീവിന്റേയും കേസുകൾ വ്യത്യാസമാണ്. നിനക്കിപ്പോൾ സുബോധം പോലും പോയതാണോ?”

അരവി എന്തൊക്കെ പറഞ്ഞാലും ഈ കേസുകൾ എല്ലാം തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ചരടുണ്ട്. എല്ലാം തമ്മിൽ കൂട്ടിയോചിപ്പിക്കുന്നത്. അതാണിനി കണ്ടു പിടിക്കേണ്ടത്.

Updated: September 26, 2017 — 8:46 pm

1 Comment

  1. ഇതിൻ്റെ ഭാക്കിയെപ്പോ വരും….?

Comments are closed.