“വേദയുടെ മാതാപിതാക്കളുടെ ആക്സിഡണ്ടിനു കാരണമായത് ബ്രേക്ക് നഷ്ടമായതിനാൽ അല്ല എതിരെ വന്ന ഒരു ടെംമ്പോവാനിന് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റിൽ ചെന്നിടിച്ചിട്ടാണെന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ആ ടെംബോവാൻ തൃശൂർകാരൻ ആന്റോയുടേതാണ്. അയാളത് വാടക ഓട്ടത്തിന് കൊടുത്തിരിക്കയാണ്. ആക്സിഡണ്ട് നടന്ന സമയങ്ങളിൽ ആ ടെംബോവാൻ അവിനാഷിന്റെ കൈവശമായിരുന്നു. “
“ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ല്ലേ? ആർക്കും സംശയമില്ലാത്ത രീതിയിൽ …..”
“അതെ വേദ അതിൽ അവർ വിജയിച്ചു. പക്ഷേ അവിനാഷിൽ നിന്നും ആ സത്യം പുറത്തു പോവില്ലെന്ന് യഥാർത്ഥ ശത്രു മനസിലാക്കിയതിനാൽ അവൻ മരണപ്പെട്ടില്ല.അവന്റെ ഭാര്യയിൽ നിന്നും അയൽവാസികൾ സത്യമറിയുമെന്ന ഭയത്താൽ അവിനാഷ് അവരെയും മാറ്റി നിർത്തിയതാവാം.”
“ഹോ! “
എന്നിൽ നിന്നും ഒരു ആശ്ചര്യ ശബ്ദം പുറത്തുവന്നു.
“പിന്നെ താൻ പറഞ്ഞ കൃഷ്ണപ്രിയാ വസുദേവിന്റെ കേസ് ഫയൽ ഞാൻ നോക്കിയെങ്കിലും ഒന്നും മനസിലായില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരണപ്പെട്ട അർജ്ജുൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സഹപാഠികളോ വീട്ടുകാരോ ടീച്ചേഴ്സോ പറയുന്നില്ല. അവർക്കെല്ലാം പറയാനുള്ളത് നന്നായി പഠിക്കുന്ന എല്ലാത്തിലും ഊർജ്ജസ്വലനായി മുമ്പിൽ നിൽക്കുന്ന അർജ്ജുൻ എന്ന നല്ല വിദ്യാർത്ഥിയെ പറ്റി മാത്രം.അർജ്ജുന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയായ സാറ എന്ന പെൺകുട്ടിയുടെ മരണം നടന്നത് അർജ്ജുന്റെ ബോഡി മിസ്സായതിന്റെ മൂന്നാം ദിവസം.”
അതെനിക്ക് പുതിയ അറിവായിരുന്നു.
“അർജ്ജുനുമായി സാറ പ്രണയത്തിലായിരുന്നു എന്ന് മാത്രമല്ല അവൾ ഗർഭിണിയുമായിരുന്നു. സാറയുടെ പിതാവാണ് CIനൈനാൻ കോശി. അമ്മ മാർഗരറ്റ് സിറ്റി ഗവന്മേന്റ് ഹോസ്പിറ്റലിലെ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റ് കൂടിയാണ്. ആ മരണത്തിനു പിന്നിലെ സത്യം മൂടിവെക്കപ്പെട്ടത് എങ്ങനെയാണെന്ന് മനസിലായല്ലോ.”
എന്നേക്കാൾ ഒരു പാട് ദൂരം അലോഷ്യസ് പോയിട്ടുണ്ട്.
” നൈനാൻ കോശിയിൽ നിന്നും നമുക്കൊന്നും കിട്ടാൻ സാധ്യതയില്ലെങ്കിലും മാർഗരറ്റ് നമുക്ക് വേണ്ടി വായ തുറക്കും. തുറന്നേ മതിയാവൂ.”
“സർ ഒരു ഏഴ് കിലോമീറ്റർ കൂടി മതി നമുക്കവിടെയെത്താൻ. പക്ഷേ ഈ ഏഴ് കിലോമീറ്റർ അപകടം പതിയിരിക്കുന്നിടമാണ്. “
പ്രശാന്തിന്റെ ശബ്ദം. ഞാൻ പുറത്തേക്ക് നോക്കി. ഇരുട്ടും കോടയും നിറഞ്ഞ വഴി.ഇരുവശവും ഉയർന്നു നിൽക്കുന്ന മരങ്ങൾ.റോഡിൽ എതിരെയൊന്നും ഒരൊറ്റ വാഹനം വരുന്നില്ല. സമയം ഒൻപതിനോടടുക്കുന്നു.
“സർ ഇത് വഴി രാത്രി വാഹനങ്ങൾ വരാറില്ല. നമ്മൾ വഴി തെറ്റിയെന്നു തോന്നുന്നു.”
“നീ ഗൂഗിൾ മാപ്പ് നോക്കിയല്ലേ വന്നത്?”
“അതെ. ഇടയ്ക്ക് കവറേജ് ഇല്ലായിരുന്നു. ഇപ്പോൾ നമ്മൾ പോകുന്ന ദിശ ശരിയല്ല. മാത്രമല്ല ഇതിൽ കാണിക്കുന്നത് നമ്മൾ നിൽക്കുന്നതിന്റെ വലത് വശത്താണ് മഠം. കറക്റ്റ് റൂട്ട് കാണിക്കുന്നില്ല. നെറ്റ്വർക്ക് ഡൗണാ “
“നീയെന്തായാലും കുറച്ചു കൂടി മുൻപോട്ട് പോകൂ. നമുക്ക് നോക്കാം.”
കാർ നീങ്ങിത്തുടങ്ങി ഞാൻ ഗ്ലാസ് താഴ്ത്തി. കാടിന്റെ ഭീകരത ചെവിയിലേക്ക് തൊട്ടടുത്തെവിടെയോ കാട്ടാനയുടെ ശബ്ദം. കൂടെ തണുപ്പും.
” പ്രശാന്ത് റൈറ്റ്….. “
അലോഷിയുടെ ശബ്ദം. അതെ വലതുവശത്തെ ചെങ്കുത്തായ ഒരു റോഡ് അത് പാറക്കല്ലുകളാൽ പാകിയിരുന്നു. എവിടെയോ വെള്ളച്ചാട്ടത്തിന്റെ ശബ്ദം.ആ റോഡവസാനിച്ചത് ഒരു വെള്ളച്ചാട്ടത്തിനു താഴെയാണ്.
” ഇതേതാ വെള്ളച്ചാട്ടം”
ഞാൻ ചോദിച്ചു. മറുപടി കിട്ടിയില്ല. അതിനും മുന്നേ അലോഷി കാറിൽ നിന്നും ഇറങ്ങിയിരുന്നു.
അവിടെ മറ്റൊരു കാർ ഉണ്ടായിരുന്നു.
അലോഷ്യസ് ആ കാറിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം
“വേദ ഇറങ്ങ്. പ്രശാന്ത് കാറ് കുറച്ചു മാറി ആരുടേയും ശ്രദ്ധയിൽ പെടാതെ ആ കാടിനുളളിലേക്ക് കാർ പാർക്ക് ചെയ്തിട്ടു വാ.”
ഇതിൻ്റെ ഭാക്കിയെപ്പോ വരും….?