രക്തരക്ഷസ്സ് 31 40

രക്തരക്ഷസ്സ് 31
Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ

Previous Parts

അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി.

മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു.

ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു.

പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി.

ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം തളരുന്നത് പോലെ തോന്നിപ്പോയി.

മോനേ,നീ.ന്താ ഇത്.നിനക്കെന്താ പറ്റിയെ.മേനോന് കണ്മുൻപിൽ കണ്ടത് വിശ്വസിക്കാൻ സാധിച്ചില്ല.

അഭിയുടെ മുഖത്ത് ഇന്നേവരെയും കണ്ടിട്ടില്ലാത്ത രൗദ്ര ഭാവം. കണ്ണുകളിൽ അഗ്നി എരിയുന്നത് പോലെ.

നെഞ്ചിൽ എന്തോ കുത്തിക്കയറുന്ന വേദന.മേനോൻ തല താഴ്ത്തി നോക്കി.

ഇടത് നെഞ്ചിൽ കുത്തി നിർത്തിയിരിക്കുന്ന പിസ്റ്റലിന്റെ കുഴൽ.അഭിമന്യു അത് കൂടുതൽ കൂടുതൽ അമർത്തുകയാണ്.

സത്യത്തിൽ വേദന ശരീരത്തിലല്ല മനസ്സിനാണ് എന്ന് മേനോന് തോന്നി.

ന്താ,മേനോൻ വല്ല്യച്ഛാ തീരെ പ്രതീക്ഷിച്ചില്ല്യ ഇങ്ങനെ ഒരു രംഗം ല്ല്യേ.

ഇത് വിധിയാണ്.കാലമാണ് നിങ്ങളെ ഇങ്ങനെ എന്റെ മുൻപിൽ നിർത്തിയത്.അഭി തോക്ക് ഒന്ന് കൂടി മേനോന്റെ നെഞ്ചിലേക്ക് അമർത്തി.

ഉണ്ണീ,നിനക്കിത് ന്താ പറ്റിയെ.ന്താ കുട്ടിക്കളിയാ?അതും തോക്കൊക്കെ വച്ച്.ആ പോട്ടെ വാ വീട്ടിലേക്ക്.

മേനോൻ ആദ്യത്തെ അമ്പരപ്പിൽ നിന്നും മോചനമുൾക്കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി.

അടുത്ത നിമിഷം പുറകിൽ നിന്നും അഭിമന്യു അയാളെ ആഞ്ഞു തൊഴിച്ചു.അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ മേനോൻ മുഖമടിച്ച് വീണു.

കാര്യങ്ങൾ പന്തിയല്ല എന്ന് വ്യക്തമായതും അയാൾ ചാടിയെഴുന്നേറ്റ് അഭിക്ക് നേരെ തിരിഞ്ഞു.

കഴുവേ$%&*#@മോനേ.നീ ആർക്ക് നേരെയാണ് കാലുയർത്തിയത് എന്ന് അറിയോ.

മുഖത്തിന് നേരെ വന്ന മേനോന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അഭിമന്യു മുഖം കോട്ടി ചിരിച്ചു.

അറിയാമെടോ.എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാനിങ്ങോട്ട് വണ്ടി കയറിയത്.

തന്നെ കൊന്ന് കുഴിച്ചു മൂടിയിട്ടേ ഞാൻ പോകൂ.മംഗലത്ത് കൃഷ്ണ മേനോനെ.