✮കൽക്കി࿐ (ഭാഗം – 35) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 296

✮കൽക്കി࿐
(ഭാഗം – 35) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

” അതെ വൈകുണ്ഡപുരി എത്താറായി ഞാൻ ഇവിടുന്ന് റൈറ്റിലോട്ടാ . തനിക്ക് എവിടേക്കാ പോകേണ്ടത് …? ”

അവനത് ചോദിച്ചതും അവൾ പെട്ടെന്ന് ഒന്ന് ആലോചിച്ചു . പരിചയമുള്ള , താൻ ഒരിക്കൽ വന്നിട്ടുള്ള സ്ഥലം ….

” ഞാനും റൈറ്റിലോട്ട് തന്നെയാ ….. പോകുന്ന വഴിക്ക് ഒരു ക്ഷേത്രം ഉണ്ട് അവിടെ ഇറങ്ങിക്കോളാം ….. ”

” ഏത് ക്ഷേത്രം ? ”

” കാലഭൈരവൻ ക്ഷേത്രം ”

അവൾ മറുപടി പറഞ്ഞു .

തുടരുന്നു ……

കഥയുടെ ആദ്യവും അവസാനവും അത് ഇവിടെത്തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് ചോഴനാടെന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം , ഇപ്പോഴത്തെ വൈകുണ്ഡപുരി …….

ചേകവർ മന ……

നാട്ടിലെ വീരന്മാർ പിറന്ന് വീണ തറവാട്
ഇരുപത്താറ് വർഷങ്ങൾക്ക് മുൻപ് അനാഥമാക്കപ്പെട്ട തറവാട് , ആൾതാമസമില്ലാതെ നാശത്തിൻ്റെ വക്കിലെത്തിയ ആ തറവാട് , പക്ഷെ ! ഇപ്പോൾ ?

രണ്ട് വർഷങ്ങൾക്കിപ്പുറം ആ മന തൻ്റെ പഴയ പ്രൗഢിയും പ്രതാപവും ഭംഗിയും വീണ്ടെടുത്തിരിക്കുന്നു , അതിൻ്റെ അവകാശികൾ മടങ്ങി എത്തിയിരിക്കുന്നു ……

*****************

ഗ്യാസ് സ്റ്റൗവ്വിൽ വച്ചിരുന്ന ചായ തിളച്ച് പൊന്തിയതും പെട്ടെന്നവൾ ഗ്യാസ് ഓഫ് ചെയ്ത ശേഷം അത് ചായക്കപ്പുകളിലേക്ക് പകർന്നെടുത്തു . എന്നിട്ടവൾ അതിലൊന്നുമായി അടുക്കള വിട്ട് പുറത്തിറങ്ങി , ഉള്ളിലെ തടി കൊണ്ടുള്ള കോണിപ്പടികൾ കയറി മുകളിലേക്ക് നീങ്ങി . രാവിലെ തന്നെ കുളിച്ചൊരുങ്ങി മുടിയിഴകൾക്കിടയിൽ സിന്ദൂരവും നെറ്റിയിൽ ചന്ദനപ്പൊട്ടുമൊക്കെയായി അവൾ ദക്ഷ ……. ഇന്നവൾ താൻ സ്വപ്നം കണ്ട ജീവിതം നയിക്കുന്ന കുടുംബിനിയാണ് ഒരു ഭാര്യയാണ് , അതിലുപരി കരിയറിൽ തൻ്റെ ലക്ഷ്യം കീഴടക്കിയ ഒരു ഐ പി എസ് ഉദ്യോഗസ്ഥയും ……

ആ ചായയുമായി അവൾ തൻ്റെ ബെഡ്റൂമിലേക്ക് കയറി ……

” ആഹാ ഇതുവരെ എണീറ്റില്ലേ ….? ”

ബെഡിൽ മൂടിപ്പുതച്ച് കിടക്കുന്ന അവനെ നോക്കി ഒരു പുഞ്ചിരിയോടെ സ്വയം പറഞ്ഞ ശേഷം അവൾ ആ ചായക്കപ്പ് ബെഡ് ടേബിളിൻ്റെ പുറത്ത് വച്ചു ……

” ഏട്ടാ …. എണീറ്റില്ലേ ഇതുവരെ …… ”

തലയിലൂടെ പുതപ്പും വലിച്ച് മൂടി സുഖമായി കിടക്കുന്ന അവനെ അവൾ തട്ടി വിളിച്ചതും , പെട്ടെന്ന് പുതപ്പിനിടയിൽ നിന്ന് അവനവളെ പിടിച്ച് തൻ്റെ മേലേക്ക് വലിച്ചിട്ട ശേഷം മുഖത്തെ പുതപ്പ് മാറ്റി അവളെ ഒന്ന് നോക്കി ……

” ശ്ശോ കഷ്ടം ഉണ്ട് ട്ടോ …… രാവിലെ ഞാൻ ഒരുങ്ങിയത് മുഴുവൻ നശിപ്പിച്ചു ….. ”

അവൻ്റെ നെഞ്ചിൽ വീണ് കിടന്നുകൊണ്ടവൾ പരിഭവത്തോടെ അവനെ നോക്കി പറഞ്ഞു , അവനപ്പോഴും അവളെ നോക്കി കിടക്കുകയാണ് അവളുടെ കണ്ണുകളിലേക്ക് …

” എന്താ ഇങ്ങനെ നോക്കുന്നേ ? ആദ്യമായിട്ട് കാണുന്ന പോലെ . ”

ഒരു കുസൃതി ചിരിയോടെ പുരികമുയർത്തിക്കൊണ്ട് അവൾ ചോദിച്ചതും ……

” ഓരോ തവണ തന്നെ കാണുമ്പോഴും ആദ്യമായിട്ട് കാണുന്ന പോലെ തന്നെയാ എനിക്ക് …… ”

അവനൊരു പുഞ്ചിരിയോടെ അവളുടെ അരയിലൂടെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ……

” മ് …. രാവിലെ തന്നെ നല്ല റൊമാൻറിക്കാണല്ലോ ……?
മതി മതി എഴുന്നേൽക്ക് ക്ഷേത്രത്തിൽ പോകുന്ന കാര്യം മറന്നോ ? ”

” അതിന് താനിങ്ങനെ എൻ്റെ പുറത്ത് കിടന്നാൽ ഞാനെങ്ങനെ എണീക്കാനാ ?”

അവനത് പറഞ്ഞതും …….

” രാവിലെ റെഡിയായി നിന്ന എന്നെ വലിച്ച് പുറത്തേക്കിട്ടിട്ട് ഇപ്പൊ ……. ”

ചെറുപുഞ്ചിരിയോടെ അവൾ പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും അവനവളെ വിടാതെ ശക്തമായി തന്നോട് ചേർത്ത് പിടിച്ചു , അതു കണ്ടതും ഒരു ചിരിയോടെ അവൾ അവൻ്റെ താടിയിൽ പിടിച്ച് വലിച്ചു …..

” ആ ….. വിട് വിട് ……. മതി മതി … ”

ചെറു വേദനയോടെ അവനത് പറഞ്ഞു കൊണ്ട് അവളിലെ പിടിത്തം വിട്ടതും അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി …..

“ഇങ്ങോട്ട് വന്നേ …… ഇങ്ങനെ ഒരു കുഴിമടിയൻ ”

അവളവനെ ബെഡിൽ നിന്നും വലിച്ചെഴുന്നേൽപ്പിച്ച ശേഷം ബാത്ത്റൂമിൻ്റെ മുന്നിലേക്ക് തള്ളി വിട്ടു …..

” പത്ത് മിനിട്ട് അതിനകം റെഡിയായി വന്നോളണം ….. ”

ചെറു ശാസനാ സ്വരത്തിൽ നാവ് കടിച്ചു കാണിച്ചുകൊണ്ടവൾ പറഞ്ഞു …..

” അതെ എന്തായാലും താൻ ഒരുങ്ങിയതൊക്കെ കുളമായി , അതുകൊണ്ട് ഒന്നൂടെ നമുക്ക് ഒരുമിച്ച് കുളിച്ച് ഒരുങ്ങാം , വാ …. ”

ബാത്ത്റൂമിൻ്റെ മുന്നിൽ തോർത്ത് മുണ്ടും കയ്യിൽ പിടിച്ച് നിന്നുകൊണ്ട് ആദി ഒരു ചിരിയോടെ ചോദിച്ചതും സാരിത്തുമ്പ് അരയിൽ തിരുകി കയറ്റിയ ശേഷം തൻ്റെ മുഷ്ടി ചുരുട്ടിക്കാണിച്ചുകൊണ്ട് ചെറിയ ദേഷ്യഭാവത്തിൽ ദക്ഷ ആദിയെ നോക്കി …..

” ഓ രാവിലെ തന്നെ കലിപ്പാണല്ലേ .. ? ആ …. വേണ്ട ഞാൻ ഒറ്റയ്ക്ക് കുളിച്ചോളാം … ഒരു സഹായം ചെയ്യാന്ന് കരുതിയപ്പോ ….. ഇതാ കാർന്നോർമാര് പറയുന്നത് ഒരിക്കലും പെണ്ണ് കെട്ടരുത് , ഇനി അഥവാ കെട്ടിയാൽ പോലീസുകാരിയെ ഒരിക്കലും കെട്ടരുതെന്ന് ……. ”

” നിങ്ങളെ ഇന്ന് ഞാൻ …… ”

അവൻ്റെ വർത്തമാനം കേട്ട് നിന്ന അവൾ മുന്നോട്ട് നീങ്ങിയതും
ആദി ഉടനെ ബാത്ത്റൂമിൽ കയറി ഡോറ് ലോക്ക് ചെയ്തു , അവൻ്റെ ഓട്ടം കണ്ട് അത്രയും നേരം ദേഷ്യം നടിച്ച് നിന്ന് അവൾക്ക് അടക്കാനാവാത്ത ചിരിയാണ് വന്നത് …

ചുളുങ്ങിയ ഡ്രെസ്സൊക്കെ ശരിയാക്കി
തിരികെ അടുക്കളയിൽ എത്തിയ അവൾ മറ്റൊരു കപ്പിൽ പകർന്ന് വച്ചിരുന്ന ചായയുമായി ഉമ്മറത്തേക്ക് നടന്നു . പുറത്ത് ഉമ്മറത്തെ ചാരുകസേരയിൽ കണ്ണുകളടച്ച് ഒരാൾ ചാരി ഇരിക്കുന്നുണ്ടായിരുന്നു , വാർദ്ധക്യത്തിലും കരുത്തുറ്റ ചേകവർ മനയിലെ കാരണവരായ അയാൾ ,
ശേഖരൻ തമ്പി .

” മുത്തച്ഛാ …… ”

അവൾ വിളിച്ചതും കണ്ണുകളടച്ചിരുന്ന അയാൾ പെട്ടെന്ന് കണ്ണുകൾ തുറന്നു ……

” ചായ … ”

അവൾ പറഞ്ഞതും ……

” ആ….. ഇങ്ങ് താ മോളെ …… ”

അയാളതും പറഞ്ഞ് ആ ചായക്കപ്പ് കയ്യിലേക്ക് വാങ്ങി …….

” അവനെണീറ്റില്ലേ മോളെ ….. ? ”

” ആ എണീറ്റു മുത്തഛാ , ഫ്രഷ് ആവാൻ കയറി . ”
അവൾ മറുപടി പറഞ്ഞു …….

” മ് …… മോള് നാളയല്ലേ ഇവിടെ ജോയിൽ ചെയ്യുന്നേ …… ”

” അതെ …… അതുകൊണ്ട് ഇന്ന് ക്ഷേത്രം വരെ പോകാന്ന് കരുതി ….. ”

” ആ അത് നന്നായി മോളെ ……. ”

അയാളതും പറഞ്ഞ് മൗനമായി ……

” രണ്ട് ദിവസമായി ഞാൻ ചോദിക്കണം എന്ന് വിചാരിക്കുന്നു , മുത്തഛന് ഒരു മാറ്റം പോലെ എപ്പോഴും എന്തെങ്കിലും ചിന്തിച്ചിരിക്കുന്നത് കാണാം , മുഖത്താണെങ്കിൽ ഒരു വെളിച്ചവുമില്ല …… എന്താ എന്തെങ്കിലും വയ്യായ്കയോ ടെൻഷനോ ഉണ്ടോ ? ”

ദക്ഷ ഉമ്മറത്തെ തിണ്ണയിലിരുന്നുകൊണ്ട് ചോദിച്ചു ……

” ഏയ് ഒന്നൂല്ല മോളെ …… പ്രായമേറെയായില്ലേ ഇനി മുഖത്തെ വെളിച്ചമൊക്കെ അങ്ങ് പോവും പതിയെ ഉള്ളിലെ വെളിച്ചവും ….. ”

മരണത്തെപ്പറ്റിയും പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് തമ്പി ആ ചായക്കപ്പ് ടേബളിൽ വച്ച ശേഷം ചാരിയിരുന്നു …..

അൽപ്പ സമയം കഴിഞ്ഞതും ……

” മുത്തച്ഛാ ഞങ്ങൾ ക്ഷേത്രത്തിൽ പോയി വരാം …… ”

കുളിച്ച് റെഡിയായി പുറത്തേയ്ക്ക് വന്ന ആദി ശേഖരൻ തമ്പിയോട് പറഞ്ഞു …..

” ആ ആദീ ……. ബ്രഹ്മദത്തനോട് ൻ്റെ അന്വേഷണം പറണം കോട്ടോ ….. ”

” ആ പറയാം മുത്തശ്ശാ …… ”

ആദി അതും പറഞ്ഞ് പോർച്ചിൽ നിന്ന് കാറ് പുറത്തേയ്ക്ക് എടുത്തു . മുന്നിലായി ദക്ഷ കയറിയതും അവൻ കാറ് മുന്നോട്ട് ഓടിച്ചു , കാലഭൈരവൻ ക്ഷേത്രം ലക്ഷ്യമാക്കി ……..

” ഏട്ടാ ……. രണ്ട് ദിവസമായി മുത്തഛൻ്റെ മുഖത്ത് നല്ല ടെൻഷനുള്ളത് പോലെ …… മിക്ക സമയത്തും നിലവറയിലെ പൂജാമുറിയിലായിരിക്കും , ഏട്ടനത് ശ്രദ്ധിച്ചോ ? ”

റോഡിലൂടെ കാറ് മുന്നോട്ട് നീങ്ങുന്നതിനിടയിൽ ദക്ഷ ആദിയോട് ചോദിച്ചു ……

” മ് ഞാനുമത് ശ്രദ്ധിച്ചു , പക്ഷെ ചോദിച്ചാൽ ഒന്നും തുറന്ന് പറയില്ലല്ലോ … പഴയ ആളല്ലേ , മന്ത്രവും തന്ത്രവുമെല്ലാം അറിയാം പലതും ഉൾക്കണ്ണിൽ കാണാനും കഴിയും ഇനി അങ്ങനെ എന്തെങ്കിലും ……? ആ എന്തായാലും മടങ്ങി എത്തുമ്പോ ചോദിക്കാം ……

അപ്പൊ താൻ നാളെ ഇവിടെ ജോയിൻ ചെയ്യുന്നു അതും സ്വന്തം നാട് ഉൾപ്പെടുന്ന ഡിവിഷനിൽ , പിന്നെ ഒരു കാര്യം പറയാം മുംബൈയിൽ നടന്ന പോലെ വല്ല വള്ളിക്കെട്ട് കേസെന്നും പിടിച്ച് തലയിൽ വയ്ക്കരുത് , പത്രങ്ങളിൽ വെറുതെ ഇനിയും അജ്ഞാതന്മാരെ കൊണ്ട് നിറയ്ക്കാൻ എനിക്ക് വയ്യാഞ്ഞിട്ടാ ……. ”

” ഓ അങ്ങനെയാണോ ……. ? അല്ലേലും ആണുങ്ങളെല്ലാം ഇങ്ങനെയാ കല്യാണത്തിന് മുൻപ് തേനെ പൊന്നെ എന്ത് സ്നേഹമാ , കല്യാണം കഴിഞ്ഞാൽ പിന്നെ ആ സ്നേഹം കുറയും … എനിക്ക് എന്റെ ജോലി ചെയ്യണ്ടേ ? തെറ്റിനെതിരെ പ്രതികരിക്കും വേണ്ടി വന്നാൽ തട്ടിക്കളയും അതിന് എൻകൗണ്ടർ എങ്കിൽ അങ്ങനെ ദാറ്റ്സ് മൈ ഡ്യൂട്ടി …… ”

ദക്ഷ അതും പറഞ്ഞ് പിണക്കത്തോടെ മുന്നോട്ട് നോക്കി കൈ കെട്ടി ഇരുന്നു , അവളുടെ ആ പിണക്കം കണ്ടിട്ട് അവൻ മെല്ലെ കാർ സൈഡാക്കി ……

” എടീ ഐ പി എസ് പോലീസെ ! കല്യാണ ശേഷം തന്നോടുള്ള എൻ്റെ സ്നേഹം കൂടിയതല്ലാതെ കുറഞ്ഞോ ഒരൽപ്പമെങ്കിലും ഒരു നുള്ളെങ്കിലും പറ …. ? ഇങ്ങോട്ട് നോക്കാൻ ….. ”

അവനവളെ നോക്കി ചോദിച്ചതും അവൾ ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞ് നോക്കി …..

” അതില്ല ….. ”

ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞതും …

” പേടി കൊണ്ടാ ഞാൻ പറഞ്ഞത് . അന്ന് ഞാൻ എത്താൻ ഒരു നിമിഷം വൈകിയിരുന്നേൽ താൻ അതിനെപ്പറ്റി ചിന്തിച്ച് നോക്കിയോ ……. എൻകൗണ്ടർ , ഒരുത്തനെ തോക്ക് കൊണ്ട് തട്ടുന്നത് പോലെയല്ല , തൻ്റെ ചുറ്റും നിന്ന പത്തിരൂപതെണ്ണതിനെ തീർക്കുന്നത് അതും തൻ്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ … ”

അവനതും പറഞ്ഞ് സ്റ്റിയറിങ്ങിൽ പിടിത്തം മുറുക്കിയതും …..

” സോറി ഏട്ടാ ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാ , അത് അപ്പോഴേയ്ക്കും കാര്യമാക്കിയോ .. ? ” ‘

അവളവൻ്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു ……

” മ് കാര്യമായിട്ടാ …… ജോലി എന്നും പറഞ്ഞ് താനെന്തെങ്കിലും അപകടം വിളിച്ച് വരുത്തിയാൽ പിന്നെ എനിക്ക് ആരാ അത് ചിന്തിച്ചിട്ടുണ്ടോ താൻ , എനിക്ക് പിന്നെ ജീവിച്ചിരിക്കാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുണ്ടോ ….. അതുകൊണ്ടാ തന്നെക്കൊണ്ട് നിർബന്ധിച്ച് ഞാൻ സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുപ്പിച്ചത് , ഇവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പൊ അൽപ്പം ആശ്വാസം തോന്നി സ്വന്തം നാടല്ലേ . ഇതൊക്കെ തന്നോടുള്ള സ്നേഹക്കുറവ് കൊണ്ടല്ല സ്നേഹക്കൂടുതല് കൊണ്ടാ ….. ”

” അത് എനിക്ക് അറിഞ്ഞൂടെ … ഒക്കെ …. ഓക്കെ ഇനി എനിക്ക് ജോലി വെറും ജോലി മാത്രം നോ റിസ്ക് എന്താ പോരെ ? ”

അവൾ അവനോട് പറഞ്ഞു …

” എന്നിട്ടും മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ …. ഓഹ് അപ്പോഴേക്കും പിണങ്ങിയോ ….. ആഹ് ഈ പിണക്കം എങ്ങനെ മാറ്റണമെന്ന് എനിക്കറിയാം ….. ”

അവളതും പറഞ്ഞ് സീറ്റിൽ നിന്ന് ഉയർന്ന് അവൻ്റെ മുഖം തൻ്റെ രണ്ട് കൈ കൊണ്ടും പിടിച്ചു തൻ്റെ മുഖത്തിന് നേർക്ക് , പെട്ടെന്നായിരുന്നു മുഖം ചരിച്ച അവൾ അവളുടെ ചുണ്ടുകൾ അവൻ്റെ ചുണ്ടുമായി കൂട്ടി മുട്ടിച്ചത് , ചില നിമിഷങ്ങൾ അത് തുടർന്നതും ,

പെട്ടെന്നവൾ അടർന്ന് മാറി ,

” ശ്ശേ ഒന്ന് രസിച്ച് വരുവായിരുന്നു ….. ”

ആദി അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു .

” ആ രസിച്ചത് മതി , ഇത് പബ്ലിക് റോഡാ ….. മോൻ വണ്ടി എടുക്ക് ബാക്കിയൊക്കെ പിന്നെ …. ”

അവളൊരം നാണം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു ..

” അപ്പൊ വണ്ടി എടുക്കണം അല്ലേ …… മ് ശരി .. ”

ആദി അതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു ……

……

കാലഭൈരവൻ ക്ഷേത്രം …….

ക്ഷേത്രത്തിന് പുറത്ത് പടിക്കെട്ടിന് താഴെയായി ദേവ ബൈക്ക് നിർത്തിയതും പാർവ്വതി അതിൽ നിന്നിറങ്ങി …….

” താങ്ക്സ് , ഒരു നന്ദി വാക്കിൽ ഒതുക്കാവുന്ന സഹായമല്ല നിങ്ങളെനിക്ക് ചെയ്ത് തന്നത് , പക്ഷെ ഇപ്പൊ ആ നന്ദി വാക്കല്ലാതെ മറ്റൊന്നും എൻ്റെ കയ്യിലില്ല ….. ”

പാറു അവനോട് പറഞ്ഞതും ദേവ ഒരു പുഞ്ചിരിയോടെ അവളെ നോക്കി .

” നന്ദി … ഹ്മ് …… അതൊരു ബാന്ധ്യതയാ ഒരു തരത്തിൽ കടം …… വേണ്ട എന്നെ ആരും കടപ്പെട്ടിരിക്കുന്നത് എനിക്കിഷ്ടമല്ല …… വഴിയിൽ ഒറ്റപ്പെട്ട് പോയ ഒരു പെണ്ണിനെ സുരക്ഷിതമാക്കി ആ ഒരു സന്തോഷം മാത്രം മതി എനിക്ക് ….. പിന്നെ ഭൂമി ഉരുണ്ടതല്ലേ വിധിയുണ്ടെങ്കിൽ വീണ്ടും കാണാം ….. ”

അവനൊരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു ……

” അല്ല …… ചോദിക്കാൻ മറന്നു . സ്വന്തം നാടല്ല എന്നല്ലേ പറഞ്ഞത് …..പിന്നെ എന്താ ഇവിടേക്ക് ? ”

” മ് ……. ഞാനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാ , ഒരു പ്രൈവറ്റ് കമ്പനിക്ക് വേണ്ടിയാ ഇപ്പൊ വർക്ക് ചെയ്യുന്നേ …. ഈ യാത്ര ഒഫീഷ്യലാ ….. ഒരു ഡോക്യമെൻ്ററിക്ക് വേണ്ടി കുറച്ച് പിക് എടുക്കണം സ്ഥലങ്ങൾ ഒന്ന് കാണണം തിരികെ പോണം , പിന്നെ ! ആ അത്രേ ഉള്ളു ….

പിന്നെ എൻ്റെ ജാക്കറ്റ് തന്നാരുന്നെങ്കിൽ ഞാനങ്ങ് പോകാരുന്നു , മാറിയിടാൻ ഈ രണ്ടെണ്ണമേ ഉള്ളൂ അതുകൊണ്ടാ …… ”

” അയ്യോ സോറി ഞാനത് മറന്നു …… ”

അവളതും പറഞ്ഞ് ജാക്കറ്റൂരി അവന് കൊടുത്തതും അവനത് ബാഗിലാക്കി ……

” എന്നിവെ താങ്ക്സ് ! അതെ ഫോൺ നമ്പർ ഒന്ന് തരുമോ ? ”

പാറു ചോദിച്ചതും ……

” അത് വേണോ ? വേണ്ട ! പേരൊഴികെ താനാരെന്ന് എനിക്കോ ഞാനാരെന്ന് തനിക്കോ അറിയില്ല ….. അതുകൊണ്ട് ആ മിസ്ട്രി അങ്ങനെ തന്നെ നിൽക്കട്ടെ , അപരിചിതരായ ഇരുവർ യാദൃശ്ചികമായി കണ്ടുമുട്ടി കുറച്ച് ദൂരം ഒരുമിച്ച് യാത്ര ചെയ്തു ഇനി അവർ രണ്ട് വഴിക്ക് …… അപ്പൊ ശരി . ”

അവളെ നോക്കി പുഞ്ചിരിയോടെ കണ്ണ് ചിമ്മി അത്രയും പറഞ്ഞ ശേഷം അവൻ ബൈക്ക് മുന്നോട്ടെടുത്തു തൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് .

അവൻ്റെ ബൈക്ക് ദൂരെയുള്ള വളവ് തിരിഞ്ഞ് കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് വരെ അവൾ നോക്കി നിന്നു ഒരു തരം കൗതുകത്തോടെ …..

പെട്ടെന്ന് തൻ്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് അവൾ ആ നോട്ടം മാറ്റിയത് ….. ഫോൺ എടുത്ത് നോക്കുമ്പോൾ അതവളുടെ അമ്മയാണ് , വിശേഷങ്ങൾ സംസാരിച്ച് വച്ചതും അടുത്ത കോൾ അവളുടെ ഫോണിലേക്ക് വന്നു , അത് ലച്ചുവാണ് . സംസാരത്തിനിടയിൽ പാറു അവളോടെല്ലാം പറഞ്ഞു ഇന്നലെ ബസ് മിസ്സായതും ദേവയെ കണ്ടതുമെല്ലാം .

” ഞാൻ ആദ്യമേ പറഞ്ഞതല്ലേ നിന്നോട് ആ നശിച്ച നാട്ടിലേക്ക് പോകരുതെന്ന് ….. എന്തായാലും ഭാഗ്യം ഒന്നും സംഭവിച്ചില്ലല്ലോ , കൃത്യസമയത്ത് അയാൾ വന്നല്ലോ … എന്നാലും ആരാ അയാൾ നീ ഫോൺ നമ്പർ വല്ലതും മേടിച്ചോ ? ”

ലച്ചു ആകാംഷയോടെ ചോദിച്ചു …..

” മ് ചോദിച്ചു പക്ഷെ തന്നില്ല ….. ”

” എന്താ ….. ? നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണ് നമ്പർ ചോദിച്ചിട്ട് തരാത്ത ആണോ ……? ”

ലച്ചു ഞെട്ടലോടെ ചോദിച്ചതും …..

” ആവോ …… ഞാനാരെന്ന് അയാൾക്കോ അയാളാരെന്ന് എനിക്കോ അറിയില്ല ….. അതുകൊണ്ട് ആ മിസ്ട്രി അങ്ങനെ തന്നെ നിൽക്കട്ടെ , അപരിചിതരായ ഇരുവർ കണ്ടു ഒരുമിച്ച് യാത്ര ചെയ്തു ഇനി രണ്ട് വഴിക്ക് എന്നൊക്കെ പറഞ്ഞ് ആള് സ്ഥലം വിട്ടു ….. ”

” എന്താ മോളെ ഒരു സങ്കടം പോലെ ….. ആള് എങ്ങനെയൊ സുന്ദരനാ ? ”

ലച്ചു ഒരു ചിരിയോടെ ചോദിച്ചതും …

” മ് തരക്കേടില്ല ….. ”

” അപ്പൊ നിനക്കിഷ്ടപ്പെട്ടോ …… ? മനസ്സിൽ കയറിയോടീ ….. ”

” ഓ ഇവൾടെ കാര്യം , നീ ഫോൺ വയ്ക്കുന്നോ അതോ ഞാൻ കട്ട് ചെയ്യണോ ? ”

പാർവ്വതി അൽപ്പം ദേഷ്യം നടിച്ചതും .

” ആ ഇല്ല ഞാനത് ചോദിക്കുന്നില്ല , വാട്ട് നെക്സ്റ്റ് . ഇനി എന്താ ….. ? ”

” അറിയില്ല ….. ഇപ്പൊ ഞാനാ ക്ഷേത്രത്തിന് താഴെ നിൽക്കുവാ …… ഒന്ന് മുഖമൊക്കെ കഴുകി വൃത്തിയായിട്ട് അകത്ത് കയറി തൊഴണം ബാക്കിയൊക്കെ ഈശ്വരൻ കാണിച്ച് തരുന്ന പോലെ ….. ”

പാറു അവളോട് പറഞ്ഞു ….

” മ് എന്നാ ശരിയെടി ഞാൻ ഓഫീസിൽ പോവാൻ റെഡിയാവട്ടെ , വൈകിട്ട് വിളിക്കാം ബൈ … ”

ലച്ചു ഫോൺ കട്ട് ചെയ്തതും പാറു പടിക്കെട്ടുകൾ കയറി മുകളിലേക്ക് നടന്നു .

ആ പടിക്കെട്ടുകൾ കയറി അവൾ മുകളിലെത്തിയതും …….

വീശിയടിക്കുന്ന ആ ഇളം കാറ്റും ആ കാറ്റിൽ മെല്ലെ ആടിയുലയുന്ന ആ ആൽമരവും , നിർത്താതെ മുഴങ്ങുന്ന മണിനാദവും ഒപ്പം കേൾക്കുന്ന ശംഖ് നാദവും അങ്ങനെ ആ അന്തരീക്ഷം കുറച്ച് സമയത്തേക്ക് അവളെ ഒന്ന് നിശ്ചലമാക്കി അതിൽ അവൾ ലയിച്ച് നിന്നു .

പെട്ടെന്ന് അവളുടെ ഓർമ്മകളിലേക്ക് ആ പഴയ ദൃശ്യങ്ങൾ കയറി വന്നതും അവളുടെ നോട്ടം അങ്ങോട്ടേക്കായി ….. ആ സമയം ആ ജഗദേവും കൂട്ടരും തന്നെ പിടിച്ചു കൊണ്ട് പോകാനായി ഓടിച്ചതും അവരിൽ നിന്ന് രക്ഷപ്പെടാനായി ക്ഷേത്ര വളപ്പിൽ ഓടിക്കയറി ഒളിക്കാൻ ശ്രമിച്ചതും അവർ തന്നെ ബലമായി വണ്ടിയിൽ കയറ്റാൻ നോക്കിയതും തല്ലിയതും ഒടുവിൽ അപ്രതീക്ഷിതമായി ആദി എന്നയാൾ രക്ഷിക്കാൻ വന്നതും അയാൾ അവരെയൊക്കെ അടിച്ച് നിലം പരിശാക്കിയ ശേഷം തന്നെ രക്ഷിച്ചതും അങ്ങനെ എല്ലാം അവൾ നേരിൽ കാണുന്ന പോലെ ഓർത്തെടുത്തു ……

അതൊക്കെ ഓർത്തതും വിട്ട് മാറാത്ത ഭയത്തോടെ ഒരു ദീർഘ നിശ്വാസം വിട്ട ശേഷം അവൾ മുന്നോട്ട് നടന്നു . ഒരു വശത്തായി ഉള്ള ശുചിമുറിയിൽ കയറി ഒന്ന് ഫ്രഷ് ആയ ശേഷം അവൾ ആ ക്ഷേത്രത്തിനുള്ളിലേക്ക് കയറി ……

” ശങ്കരാ …… ഇനി എങ്ങോട്ടെന്നറിയില്ല ഒരു വഴി കാട്ടിത്തരണേ ? ”

ക്ഷേത്രനടയിൽ നിന്ന അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ച ശേഷം ആ ക്ഷേത്രവും പരിസരവും മുഴുവൻ കാണാനായി മുന്നോട്ട് നടന്നു . അന്ന് താൻ ഈ ക്ഷേത്രത്തിൽ തൊഴാനായി വന്നപ്പോഴാണ് ആ ജഗദേവും സംഘവും തന്നെ പിന്തുടർന്നത് . അന്ന് ക്ഷേത്രത്തിനുള്ളിൽ കയറാനോ തൊഴാനോ കഴിഞ്ഞില്ല , എന്നാൽ രണ്ട് രണ്ടര വർഷങ്ങൾക്കിപ്പുറം അതിന് സാധിച്ചു ……

അവളങ്ങനെ പലതും ചിന്തിച്ച് മുന്നോട്ട് നടന്നതും ……

മുന്നിലെ ആൽമരത്തിൻ്റെ ചുറ്റിലും പരിസരത്തുമായി സന്യാസി വേഷം ധരിച്ച ചില ശിവയോഗികളെ കണ്ടതും അവളുടെ നോട്ടം അങ്ങോട്ടെക്കായി …..

പെട്ടെന്ന് ,

അതിലെ ഒരാളുടെ മുഖം കണ്ട് അവൾ നിശ്ചലയായി ……

” എവിടെയോ കണ്ട് മറന്ന മുഖം ….. ”

അവൾ സ്വയം പറഞ്ഞു കൊണ്ട് തൻ്റെ ഓർമ്മയിൽ ആ മുഖം ചികയാൻ തുടങ്ങി ……

പെട്ടെന്ന് ഒരു ഞെട്ടലോടെ അവളാ സത്യം തിരിച്ചറിഞ്ഞു , ഇടറുന്ന കാലടികളോടെ അവൾ മുന്നോട്ട് നടന്നു അയാൾക്കരികിലേക്ക് …..

അയാളുടെ മുന്നിലെത്തിയ അവൾ അൽപ്പ സമയം ആ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി നിന്നു ,

” നിങ്ങൾ , നിങ്ങളല്ലേ അത് ……. ?
എന്നെ മരണത്തിൽ നിന്ന് രക്ഷിച്ച ആ ശിവയോഗി നിങ്ങളല്ലേ …… ? അതെ , കുഞ്ഞിലേ പലപ്പോഴും സ്വപ്നത്തിൽ വന്ന ഈ മുഖം പെട്ടെന്നങ്ങനെ എനിക്ക് മറക്കാൻ കഴിയില്ല , പ്രായധിക്യത്തിൻ്റെ മാറ്റമല്ലാതെ അതേ രൂപം അതേ ഭാവം …… ”

നരബാധിച്ച അയാളെ നോക്കി അവൾ ചോദിച്ചു ഒരു തരം ഉറപ്പോടെ …

” ഹ …… ഹ ……. ”

അവളുടെ ചോദ്യം കേട്ട അയാൾ ആദ്യം ഒന്ന് ചിരിക്കുകയാണ് ചെയ്തത് …..

” മടങ്ങി വന്നു അല്ലേ ? വരണം , വരാതെ പിന്നെ . വിധിയെ തടുക്കാൻ ആർക്കാ കഴിയുക . ”

ഒരു തരം ഭ്രാന്തമായ ചിരിയോടെ അയാൾ ആ ആൽമരത്തിൻ്റെ ചുവട്ടിൽ നിന്നെണീറ്റ് മുന്നോട്ട് നടന്നു ……

” ഞാൻ …… ഞാൻ ചോദിച്ചതിനെന്താ മറുപടി തരാത്തെ ? നിങ്ങളല്ലേ എന്നെ രക്ഷിച്ചത് …….? ”

പുറകെ ചെന്ന് പാറു വീണ്ടും ചോദിച്ചു ……

” നിന്നെ ഞാൻ രക്ഷിക്കാനോ അതിൻ്റെ ആവശ്യമില്ല , നിന്നെ നീ തന്നെയാ രക്ഷിച്ചത് . പിന്നെ ഞാനെത്തിയത് അത് ഒരു നിയോഗം മാത്രം , നിന്നിൽ ഒളിഞ്ഞ് കിടന്ന ശക്തി നീ പോലുമറിയാതെ ഒന്ന് തട്ടിയുണർത്തുക മാത്രമേ ഞാൻ അന്ന് ചെയ്തുള്ളൂ …… ”

അയാളത്രയും പറഞ്ഞ ശേഷം അവൾക്ക് അഭിമുഖമായി നിന്നു ,

” ഇനി നിനക്ക് പോകാനുള്ള വഴി അതാണ് ….. ”

അയാൾ കൈ ചൂണ്ടി പറഞ്ഞതും അവൾ തിരിഞ്ഞ് നോക്കി , ക്ഷേത്രത്തിൽ നിന്ന് റോഡിലേക്കിറങ്ങാനുള്ള പടിക്കെട്ടുകളാണ് മുന്നിൽ …..

” അത് ! ”

അവളതും പറഞ്ഞ് തിരിഞ്ഞ് നോക്കി , പക്ഷെ അയാൾ അപ്പോൾ അവളുടെ അരികിൽ ഉണ്ടായിരുന്നില്ല …

” ഏഹ് ഇതെവിടെപ്പോയി . ഇയാൾ വല്ല മജീഷ്യനുമാണോ ? ഇപ്പൊ എന്നോട് സംസാരിച്ചതല്ലേ ? ”

അവൾ സ്വയം ചോദിച്ചു കൊണ്ട് അവിടെ മുഴുവൻ നോക്കി പക്ഷെ അയാളെ കണ്ടില്ല ….

” ഞാൻ സ്വപ്നം കണ്ടതല്ല ! സംസാരിച്ചതല്ലേ നേരിട്ട് , എന്നിട്ടും ”

പാറു ആകെ കൺഫ്യൂഷനിലായി ….
ശേഷം പതിയെ അവൾ ആ പടിക്കെട്ടുകളിറങ്ങാൻ തുടങ്ങി ……

അപ്പോഴേക്കും താഴെയായി കാറ് പാർക്ക് ചെയ്ത ശേഷം ദക്ഷയും ആദിയും ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങിയിരുന്നു , പാർവ്വതി താഴേക്കും …….

പടവുകളുടെ ഏകദേശം പകുതിയോടെ ആദിയും ദക്ഷയും പാറുവിനെ കടന്ന് മുന്നോട്ട് കയറിപ്പോയി , തൊട്ട് മുമ്പ് നടന്ന കാര്യങ്ങൾ ചിന്തിച്ച് പടവുകൾ നടന്നിറങ്ങിയ പാർവ്വതി ആദിയുടെ മുഖം ശ്രദ്ധിച്ചതുമില്ല …..

……………..

വൈകുണ്ഡപുരിയിൽ നിന്ന് അൽപ്പം മാറി ആൾപ്പാർപ്പില്ലാത്ത ഇരുളൂര് എന്ന ഒരു ഉൾഭാഗം , അവിടെ സ്ഥിതിചെയ്യുന്ന കൊട്ടാരത്തിൻ്റെ തന്നെ ഒര പഴയ കെമിക്കൽ ഫാക്ടറി . ഏകദേശം അഞ്ച് വർഷത്തിലധികമായി അ ഫാക്ടറി ചില പ്രശ്നങ്ങൾ കാരണം പൂട്ടിപ്പോയിട്ട് . പുറത്ത് നിന്ന് നോക്കുന്നവർക്ക് പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി കെട്ടിടം , പക്ഷെ ഉള്ളിൽ ആർക്കും അറിയാത്ത പല ഇല്ലീഗൽ ബിസിനസ്സുകളുടെയും ഒളിത്താവളം …….

ഒരു ഫോർച്ചൂണർ കാർ കാട് പിടിച്ച ആ റോഡിലൂടെ കെട്ടിടത്തിന്റെ പുറക് വശത്തായി വന്ന് നിന്നു , അതിൽ നിന്ന് അയാളിറങ്ങി എല്ലാവരും കൊച്ച് തമ്പുരാൻ എന്ന് വിളിക്കുന്ന വൈകുണ്ഡപുരി കൊട്ടാരത്തിലെ രാജസേനൻ .

” അവനെ കിട്ടിയോടാ…… ? ”

കാറിൻ്റെ ഡോറ് തുറന്ന് കൊടുത്ത മുരുകനോട് രാജസേനൻ ചോദിച്ചു …

” ആമ താമ്പ്രാ , ആനാ ഒരു പ്രച്ചനേയ് …..? ”

” എന്ത് പ്രശ്നം ? ”

അയാൾ മുന്നോട്ട് നടക്കുന്നതിനിടയിൽ അവനോട് ചോദിച്ചു ……

അപ്പോഴേക്കും ….

” …….. ആ ……. ”

പെട്ടെന്ന് ഒരു അലറി വിളികേട്ട് രാജസേനൻ ഞെട്ടിത്തരിച്ച് നിന്നു പോയി ……

” എന്നടാ …… ഉള്ളെ , എന്ന പണ്ണിയിട്ടിറുക്ക് ….. ”

ആ ശബ്ദം കേട്ട് ഞ്ഞെട്ടലോടെ ഭയത്തോടെ രാജസേനൻ ചോദിച്ചതും ……

” തമ്പ്രാ ….. അത് ചിന്ന തമ്പ്ര , ഉങ്കൾടെ തമ്പി വന്നിട്ടാങ്കെ …… ”

” ആര് അനിരുദ്ധനോ ? ”

രാജസേനൻ ഒരു ഞെട്ടലോടെയാണത് ചോദിച്ചത് ……

” ആമ …… ”

” വർഗീസെ എന്താടോ …… അനിരുദ്ധൻ എത്തിയോ ? എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ അവൻ എന്നെ വിളിച്ചു കൂടിയില്ല . ”

തൻ്റെ നേർക്ക് വന്ന വർഗീസിനോട് രാജസേനൻ ഒരു തരം പരവേശത്തോടെ തിരക്കി ……

” അതെ സർ , അനിരുദ്ധൻ സർ എത്തിയിട്ടുണ്ട് . ഇന്ന് രാവിലെയാ എത്തിയത് , നേരെ ഇങ്ങോട്ടാ വന്നത് …… കഷ്ടകാലത്തിന് ആ സമയത്താ ആ ഹരിയെ ഇവന്മാര് ഇങ്ങോട്ട് പിടിച്ചോണ്ട് വന്നത് . അതോട് കൂടി സർ എല്ലാം അറിഞ്ഞു , ഇപ്പൊ ആ ഹരിയെ ചിത്രവധം ചെയ്യുകയാ , സർ ഒന്ന് വേഗം വരണം അതാ ഞാൻ വിളിച്ചത് …… ”

വർഗീസ് പറഞ്ഞതും രാജസേനൻ തൻ്റെ നടത്തം വേഗത്തിലാക്കി പുറകേ വർഗീസും മുരുകനും …..

ആ ഫാക്ടറിയുടെ ഉള്ളിലായി ഒരു വലിയ ഹാൾ ചുറ്റിലും തുരുമ്പ് കയറിയ പല തരത്തിലുള്ള വലിയ മെഷീനുകളും മറ്റുമാണ് . തൂങ്ങികിടക്കുന്ന ഫിലമെൻ്റ് ബൾബുകൾ അതിനകത്ത് പകൽ പോലെ വെളിച്ചം പകർന്നുകൊണ്ടിരുന്നു . അവിടെ നടുക്കായി ഒരാളെ ഒരു ഇരുമ്പ് ചെയറിൽ പിടിച്ച് കെട്ടിവച്ചിരിക്കുകയാണ് , ചുറ്റിലും ആയുധങ്ങളുമായി എന്തിനും പോന്ന ഒത്തിരി പേർ നിൽക്കുന്നുമുണ്ട് …

ആ ചെയറിൽ ഇരിക്കുന്ന ആളിൻ്റെ രണ്ട് കൈയ്യിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ട് , അയാളുടെ കൈകളിലെ ചില വിരലുകൾ അറുത്ത് മാറ്റപ്പെട്ടിരിക്കുകയാണ് …….
അയാൾ ആകെ അവശനാണ് ഒന്ന് കരയാൻ കൂടി കഴിയാതെ , വായിൽ നിന്ന് രക്തവും ഉമിനീരും പുറത്തേയ്ക്ക് ഒലിച്ചിറങ്ങുന്നുണ്ട് , ശരീരത്തിൻ്റെ പല ഭാഗത്തും അടിയേറ്റ പാടുകൾ മുഖത്ത് ഉൾപ്പെടെ നിരവധി മുറിവുകൾ , അവൻ്റെ പേര് ഹരി എന്ന ഹരികൃഷ്ണൻ……

ഹരിക്ക് മുന്നിലായി ഒരാൾ നിൽപ്പുണ്ട് . നീട്ടി വളർത്തിയ ചുരുണ്ട തലമുടി പുറകിലായി അയാൾ കെട്ടി വച്ചിരിക്കുകയാണ് , ശരീരത്തിൽ പറ്റിപ്പിടിച്ച് കിടക്കുന്ന റ്റീ ഷർട്ടിൽ മുഴുവൻ ഹരിയുടെ രക്തം കറ പോലെ പുരണ്ടിട്ടുണ്ട് , മസിലുകളും ഞരമ്പുകളും പുറമേ പ്രകടമാവുന്ന തരത്തിലുള്ള ഉറച്ച ശരീരം . വലത് കയ്യിൽ പകുതിക്ക് താഴേക്ക് ഒരു ഡ്രാഗൻ്റെ ചിത്രം റ്റാറ്റൂ ചെയ്തിട്ടുണ്ട് , ഒരു കാതിൽ കടുക്കനും കഴുത്തിൽ നീളൻ ചെയിനുമൊക്കെ ധരിച്ച ഒരാൾ അവൻ്റെ പേര് അനിരുദ്ധൻ , രാജസേനൻ്റെ ഒരേ ഒരു കൂടെപ്പിറപ്പ് അയാളുടെ അനുജൻ .

അഞ്ച് വർഷങ്ങൾക്ക് മുൻപ് കൊട്ടാരത്തിൽ നിന്ന് അവിടുത്തെ ഇപ്പോഴത്തെ അധികാരിയായ ഇന്ദ്രരാജതമ്പുരാൻ നേരിട്ട് പടിയിറക്കി വിട്ട ഒരു പാഴ് ജന്മം . ഇരുപ്പത്തിയേഴ് വയസ്സിനുള്ളിൽ അനിരുദ്ധൻ ചെയ്യാത്ത കൊള്ളരുതായ്മയില്ല നെറികേടില്ല …… വൈകുണ്ഡപുരി കൊട്ടാരത്തിലെ അധികാരികൾ പോലുമറിയാതെ കൊട്ടാര അധികാരം ഉപയോഗിച്ച് പല ഇല്ലീഗൽ ബിസിനസ്സുകളും കൈകാര്യം ചെയ്യുന്ന മാസ്റ്റർ ബ്രെയിൻ . കെമിക്കൽ ഫാക്ടറിയുടെ മറവിൽ ഡ്രെഗ്സ് നിർമ്മാണത്തിനും വിതരണത്തിനും അനിരുദ്ധൻ ഒത്താശ ചെയ്യുന്നു എന്ന് മനസ്സിലാക്കിയ ഇന്ദ്രരാജതമ്പുരാൻ അനിരുദ്ധനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കുകയും ഫാക്ടറി പൂട്ടിക്കാൻ മുൻകൈ എടുക്കുകയും ചെയ്തു . അന്ന് വൈകുണ്ഡപുരി തന്നെ വിട്ട് പോകണം എന്ന ഇന്ദ്രരാജൻ്റെ ശാസനയിൽ ആരുമറിയാതെ രാജസേനൻ തൻ്റെ അനുജനായ അനിരുദ്ധനെ കടല് കടത്തി പുറം രാജ്യത്തേയ്ക്ക് . പക്ഷെ അവൻ കിട്ടിയ അവസരം തൻ്റെ സ്വഭാവത്തിനൊത്ത് മുതലെടുത്തു , തൻ്റെ ഇല്ലീഗൽ ബിസിനസ്സ് പുറം ലോകത്തേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള തിടുക്കമായിരുന്നു പിന്നീടവന് . വഴിവിട്ട ബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ അവനതിനായി ഉണ്ടാക്കിയെടുത്തു …….

ഇന്ന് , അഞ്ച് വർഷങ്ങൾക്കിപ്പുറം ആർക്കും തൊടാൻ കഴിയാത്ത ഒരു ശക്തിയായി അനിരുദ്ധൻ മാറിക്കഴിഞ്ഞിരിക്കുന്നു , എന്തിന് അവൻ്റെ സ്വന്തം ജേഷ്ഠ സഹോദരനായ രാജസേനന് പോലും അവൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ ഇപ്പോൾ ഭയമാണ് .

” അനിരുദ്ധാ ……. അവനെ ഒന്നും ചെയ്യാതെ , നമുക്കെല്ലാം ചോദിച്ച് മനസ്സില്ലാക്കാം ……. ? ”

ആ ഹാളിലേക്ക് ദൃതിപ്പെട്ട് എത്തിയ രാജസേനൻ അവനോട് പറഞ്ഞു …..

” ഇവനോടൊ സംസാരിക്കാനോ ….. ?
ഹ …… ഹ …….. ഇപ്പൊത്തന്നെ അവൻ്റെ നാല് കൈവിരലുകൾ മുറിച്ച് മാറ്റി , ശരീരം മുഴുവൻ ഇഞ്ച ചതയ്ക്കുന്ന പോലെ ചതിച്ചു എന്നിട്ടും ഒരക്ഷം മിണ്ടാത്ത ഈ പു ## മോനോട് ചേട്ടൻ എന്ത് ചോദിച്ച് മനസ്സിലാക്കാമെന്നാ ……

വർഗീസെ ഇവൻ നമ്മുടെ കൂടെ കൂടിയിട്ട് എത്ര കാലമായി …… ? ”

” ഒരു വർഷത്തിന് മുകളിലായി സർ ….. ”

അയാൾ ഭയത്തോടെ മറുപടി പറഞ്ഞു …..

” സ്പൈ ? ചാരൻ . അണ്ടർകവർ ഓഫീസർ എന്തൊക്കെ പേരാ ല്ലേ …..
ഗുണാ ഇവൻ കളക്ട് ചെയ്ത എവിഡൻസും മറ്റും സേഫല്ലേ … ? ”

അനിരുദ്ധൻ ചോദിച്ചതും …..

” അതെ സർ , പിടിക്കപ്പെടും എന്ന് മനസ്സിലാക്കി അവനതൊക്കെ കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴോ ഞങ്ങൾ പൊക്കിയത് …. ”

” മ് …… പോലീസ് യൂണിഫോം അണിയാം , നല്ലതാ …. പക്ഷെ അത് ഊരിവച്ച് ഇതുപോലെ രഹസ്യം ചോർത്താൻ ഞങ്ങളെപ്പോലെ ഉള്ളവരുടെ കൂടെ കൂടിയാൽ ഇതാ ഫലം …..

ഇനി എനിക്ക് ഒന്നാ അറിയേണ്ടത് , ഇതിൻ്റെ പിന്നിലാരാ ? ആരാ നിന്നെക്കൊണ്ട് ഈ വേഷം കെട്ടിച്ചത് ? ”

അനിരുദ്ധൻ ഹരിയോട് ചോദിച്ചു ……

” ഞാൻ ഒരു പോലീസ് ഓഫീസറാ ടാ , ഇതൊക്കെ മുന്നിൽ കണ്ടിട്ട് തന്നെയാ ഞാനീ പണിക്കിറങ്ങിയത് . ചത്താലും പറയില്ലെടാ …… ത്ഫൂ…”

ഹരി അതും പറഞ്ഞ് വായിൽ നിറഞ്ഞ് നിന്ന രക്തവും ഉമിനീരും പുറത്തേയ്ക്ക് തുപ്പി …..

” അങ്ങനെയാണെങ്കിൽ പിന്നെ ചത്തോ ? ”

പെട്ടെന്നാണ് അനിരുദ്ധ് അത്രയും പറഞ്ഞ് തൻ്റെ കയ്യിൽ കിടന്ന ഇടിവള ഊരി പിടിച്ച് ഹരിയുടെ മൂക്കിൻ്റെ മുകളിലായി ആഞ്ഞിടിച്ചത് , ആ ഇടി കൊണ്ട് ഹരി ആ ഇരുമ്പ് കസേരയോടൊപ്പം പുറകിലേക് മറിഞ്ഞ് വീണു ചലനമറ്റ് …..

” അനിരുദ്ധാ നിർത്ത് …….. ഹരി …… ഹരീ …… ”

രാജസേനൻ ഓടിച്ചെന്ന് അവനെ തട്ടിവിളിച്ച് നോക്കി …..

” തീർന്നു . ”

തിരിഞ്ഞ് നിന്ന അനിരുദ്ധൻ അയാളോടായി പറഞ്ഞു …..

” ശ്ശോ ….. ടാ നീ എന്താ ഈ ചെയ്തേ ….. ഇനി ഇതിൻ്റെ വള്ളി പിടിച്ച് ആരൊക്കെ പുറകെ വരും എന്നറിയില്ല , ഇതൊരു പോലീസ് ഓഫിസറാ എസ് ഐ റാങ്കിലുള്ളവൻ . ഞാനിപ്പൊ ശ്ശേ ……
ഗുണാ എത്രയും വേഗം ബോഡി നശിപ്പിക്കണം ഒരു എവിഡൻസും ബാക്കി വയ്ക്കരുത് …..

രാജസേനൻ ഉറക്കെ പറഞ്ഞു ……

” ഗുണാ ഈ ബോഡി ഇത് ……. ആ എസ് പി ഓഫീസിൻ്റെ മുന്നിൽ കൊണ്ടിടണം ഇന്ന് രാത്രി ….. പിന്നെ ഇനി ഇതിൽ മാറ്റമൊന്നും വേണ്ട അവർക്ക് കണ്ട ഉടനെ ആളിനെ പിടികിട്ടണം ചത്ത് കിടക്കുന്നത് എസ് ഐ ഹരി കൃഷ്ണനാണെന്ന് …… ഇവനെ പറഞ്ഞയച്ചവർക്ക് ഒരു പാഠമാ ഇത് ….. ”

അനിരുദ്ധൻ ഉടനെ പറഞ്ഞു ……

” എടാ നീ എന്താ ഈ പറയുന്നേ . ഇതിൻ്റെ വേര് പിടിച്ച് ആരെങ്കിലും നമ്മുടെ പിന്നാലെ വന്നാൽ കൊട്ടാരത്തിലുള്ളവർ അറിഞ്ഞാൽ അതോടെ തീരും എല്ലാം , ഇത്രയും കാലം മനസ്സിൽ കൂട്ടിയതും കിഴിച്ചതുമെല്ലാം . ”

രാജസേനൻ ഉടനെ ഒരു തരം ടെൻഷനോടെ പറഞ്ഞു .

” ഏട്ടന് പോലീസിനെ പേടിയാണോ ? അതോ ആ ഇന്ദ്ര രാജനെയോ ….. ?

ഹ …… ഹ ……..

ഏട്ടൻ ഒന്ന് ഓർത്തോ അഞ്ച് വർഷങ്ങൾക്ക് മുൻപ് ഏട്ടൻ്റെ വാശിക്ക് വഴങ്ങി നാട് വിട്ട ആ പഴയ അനിരുദ്ധനല്ല ഞാനിപ്പൊ ……. ഏട്ടൻ പണ്ടേ പറയാറില്ലേ ഈ വൈകുണ്ഡപുരി ഏട്ടന് വേണമെന്ന് , ആ ഇന്ദ്രജാജനിരിക്കുന്ന കസേരയിൽ ഏട്ടനിരിക്കണമെന്ന് , നമ്മുടെ അമ്മയെ റാണിയെപ്പോലെ വാഴിക്കണമെന്ന് . എല്ലാം നടക്കും അധികം വൈകാതെ തന്നെ .

പണ്ട് ഒളിഞ്ഞും മറഞ്ഞും ചെയ്ത ബിസിനസ്സുകൾ ഞാനിനി എല്ലാരും കാൺകെ ചെയ്യാൻ പോകുവാ , അനിരുദ്ധൻ എന്താണെന്ന് വൈകുണ്ഡപുരി ഇനി അറിയും അറിയിക്കും ഞാൻ …… ”

അവനതും പറഞ്ഞ് തിരിഞ്ഞ് നടന്നു .

” പിന്നെ ഏട്ടൻ അന്ന് പറഞ്ഞ ആ സാധനം എന്താ അത് , ആ പാർത്ഥൻ പറഞ്ഞ സാധനം ആ ഇന്ദ്രജാലക്കല്ല് , അത് ഏട്ടൻ്റെ കയ്യിൽ കിട്ടി എന്ന് കൂട്ടിക്കോ അതിനുള്ള പയ്യന്മാരെ ഞാൻ കളത്തിൽ ഇറക്കിക്കഴിഞ്ഞു , ”

അനിരുദ്ധൻ രാജസേനനോടായി പറഞ്ഞ ശേഷം തിരിഞ്ഞ് നടന്നു …

തുടരും .

15 Comments

Add a Comment
  1. അപരാജിതൻ അപ്ഡേറ്റ്

    Harshan bro aarokyam oke mechapettu varunund…Pakshe athehathinte laptop adichu poyi…About 120 pages ezhuthiya pages lost aayi…Athehathinte ippozhathe financial condition veche oru laptop afford cheyan pattula…Athehadinte medical expenses Thane orupade und …Eni kooduthal stress eduthe ezhuthane pattila…So mobilil ezhuthane sathikila…pra ti li pi ena appil Harshante chat room und Athile paranjathane…
    Harshan’s recent message:
    ഞാൻ ഇപ്പൊ കൂടുതൽ ഒന്നും ചിന്തിക്കാറില്ല..
    ഇപ്പൊ മനസ്സിൽ ഒന്നേയുള്ളൂ.
    എന്നെയാണ് ഈ കഥ തെളിച്ചത് , ഞാനല്ല.
    ഈ കഥ മുന്നോട്ട് പോകാൻ ഈ കഥ സ്വയം ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള വഴി അത് കണ്ടെത്തും.
    അതാണെൻ്റെ ഒരു വിശ്വാസം.
    അതങ്ങനെ നടക്കട്ടെ..

  2. Aparajithan Update

    Harshan bro aarokyam oke mechapettu varunund…Pakshe athehathinte laptop adichu poyi…About 120 pages ezhuthiya pages lost aayi…Athehathinte ippozhathe financial condition veche oru laptop afford cheyan pattula…Athehadinte medical expenses Thane orupade und …Eni kooduthal stress eduthe ezhuthane pattila…So oru desktop Thane vendi varum ezhuthu continue cheyan…pra ti li pi ena appil Harshante chat room und Athile paranjathane…

  3. അപരാജിതൻ അപ്ഡേറ്റ്

    Harshan bro aarokyam oke mechapettu varunund…Pakshe athehathinte laptop adichu poyi…About 120 pages ezhuthiya pages lost aayi…Athehathinte ippozhathe financial condition veche oru laptop afford cheyan pattula…Athehadinte medical expenses Thane orupade und …Eni kooduthal stress eduthe ezhuthane pattila…So oru desktop Thane vendi varum ezhuthu continue cheyan…pra ti li pi ena appil Harshante chat room und Athile paranjathane…

  4. Telegram group link tharo

  5. E story vayikan vendi maatramanu eppol evide vararu

  6. ഹർഷൻ സാറിൻറെ ചെറിയ അവതരണം പോലെ തോന്നുന്നു

  7. Aparaajithan ബാക്കി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.ഹർഷൻ ബ്രോ എഴുതുന്നുവോ എന്ന് ആർക്കെങ്കിലും അറിയുമോ

    1. Harshan bro aarokyam oke mechapettu varunund…Pakshe athehathinte laptop adichu poyi…About 120 pages ezhuthiya pages lost aayi…Athehathinte ippozhathe financial condition veche oru laptop afford cheyan pattula…Athehadinte medical expenses Thane orupade und …Eni kooduthal stress eduthe ezhuthane pattila…So oru desktop Thane vendi varum ezhuthu continue cheyan…pra ti li pi ena appil Harshante chat room und Athile paranjathane…

      1. Hi
        Ithile vayankkar Ella varum koodi contributed cheythal oru laptop vangikodukkam Pinne adhehathinte aduth friends chennu weekly oru divasam poyi kurachu vachu type cheythu koduthal pattumo athraykku ee story istam aayipoyi. Pinne cheriya cheriya sahayangal athayathu medicine vendiyulla cash okke ayachu koduthu adehathine help cheyyam aayirunnu adeham oru niyogham aanu. Mahadevante kadasham undakum Om nama Sivaya

  8. ഈ കഥ വായിക്കാൻ വേണ്ടി മാത്രം ഇ സൈറ്റിൽ വരുന്ന ഞാൻ
    വിച്ചു ബ്രോ ?❤️?

  9. കിടിലം പക്ഷേ പേജ് കുറഞ്ഞ് പോയി

    1. അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം bro ❤️

Leave a Reply to ആദി Cancel reply

Your email address will not be published. Required fields are marked *