ആ ലഹരിയിലെന്നോണം അദൃശ്യ ശക്തിയ്ക്ക് കീഴ്പെട്ട് അബോധാവസ്ഥയില്‍ ക്ലാര
കട്ടിലില്‍ നിന്നെഴുന്നേറ്റു…
വാതില്‍ അവള്‍ക്ക് മുന്നില്‍ നിശ്ശബ്ദമായി തനിയെ തുറന്നു…
മെല്ലെയവള്‍ വരാന്തയിലൂടെ തെക്കേ മൂലയ്ക്കുളള അടഞ്ഞ മുറി ലക്ഷ്യമാക്കി നടന്നു…
ഇടയ്ക്ക് എപ്പോഴോ അര്‍ദ്ധമയക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ നിമ്മി അടഞ്ഞ ജന്നലിന്റെ ഗ്ലാസിലൂടെ ഒരു നിഴല്‍ നടന്ന് നീങ്ങുന്നത് കണ്ട് കട്ടിലില്‍ നിന്ന് എഴുന്നേറ്റു…
അവള് വേഗം ഓടിച്ചെന്ന് വാതില്‍ തുറന്നു..
ഒരു മിന്നായം പോലെ തെക്കേ മൂലയിലേക്ക് ഒരു സ്ത്രീരൂപം നടന്ന് മറയുന്നത് നിമ്മി കണ്ടു..
അവളുടെ ശരീരത്തിലെ ഓരോ അണുവും ഭയത്താല്‍ ത്രസിച്ചു.. അവള് വേഗം
മേട്രന്റെ മുറിയിലേക്ക് ഓടി..
കതകില്‍ പല തവണ ശക്തമായ തട്ടിയപ്പോഴാണ് മേട്രന് കതക് തുറന്നത്…
മുന്നില്‍ പരിഭ്രാന്തയായ നിമ്മിയുടെ മുഖം കണ്ട് മേട്രന് അമ്പരന്നു…
`എന്ത് പറ്റി നിമ്മി…?’ മേട്രന് ചോദിച്ചു…
`മാഡം… ആരോ അങ്ങോട്ട് നടന്ന് പോകുന്നത് ഞാന്‍ കണ്ടു…’ തെക്ക് ഭാഗത്തേക്ക് കൈ ചൂണ്ടി നിമ്മി ഭയവിഹ്വലയായി പറഞ്ഞു…
ഉടന്‍ തന്നെ മേട്രന് മൊബൈലിലൂടെ ഹോസ്റ്റലില്‍ പോലീസ് സുരക്ഷയ്ക്ക് നേതൃത്വം വഹിക്കുന്ന ആളെ വിവരം ധരിപ്പിച്ചു..
ഒന്ന് രണ്ട് നിമിഷങ്ങള്‍ക്കുളളില്‍ ആരും ഹോസ്റ്റലിന് പുറത്തേയ്ക്ക് കടക്കാത്ത വിധം ചുറ്റുപാടും പോലീസ് നിരീക്ഷണം ശക്തമാക്കി..
നിമ്മി രൂപം നടന്ന് നീങ്ങുന്നത് കണ്ട ഭാഗത്തേക്ക് മൂന്ന് പോലീസുകാര്‍ക്കും മേട്രനും ഒപ്പം നടന്ന് നീങ്ങി.. അവരുടെ പരിശോധന ചെന്നെത്തിയത് തെക്കേ മൂലയ്ക്കുളള അടഞ്ഞ മുറിയ്ക്ക് മുന്നിലായിരുന്നു…
അസാധാരണമായി ഒന്നും തന്നെ അവിടെ കണ്ടില്ല…