ഈശ്വരാ, അമ്മ ഇപ്പൊ കുളികഴിഞ്ഞ് വരല്ലേ, അമ്മ എങ്ങാനും ഇത് കണ്ടാൽ കഴിഞ്ഞു എന്റെ കാര്യം. കുട്ടിക്കാലത്ത് അമ്മയുടെ സാരിയുടെ ഞൊറി പിടിച്ച് കൊടുത്തിരുന്നത് ഞാനായിരുന്നു. കുറച്ച് വലുതായപ്പോൾ ചെറിയ മടി കേറിവന്നു. ഇതൊന്നും ആണുങ്ങളുടെ ജോലിയല്ല എന്ന ഒരു തോന്നൽ. പിന്നെ എന്നെ വിളിക്കുമ്പോൾ അച്ഛനെ വിളിക്കാനാണ് ഞാൻ പറയുക, ഒടുവിൽ പാവം ഒറ്റയ്ക്ക് തന്നെ ശരിയാക്കും.
അന്നേ അമ്മ പറഞ്ഞതാ
‘നാളെ നീയൊരു പെണ്ണിനെ കെട്ടിക്കൊണ്ടുവരുമല്ലോ അപ്പോഴും ഇത് തന്നെ പറയണം ട്ടോ’
എന്നാലും അമ്മയുടെ വാക്കുകൾ ഇത്ര പെട്ടന്ന് ഫലിക്കുമെന്ന് വിചാരിച്ചില്ല. കെട്ടുകഴിഞ്ഞ് രണ്ടാഴ്ച്ച കഴിയുന്നതിന് മുൻപ് തന്നെ ഞാനിതൊക്കെ ചെയ്യുന്നത് അമ്മ കണ്ടാൽ…
ആ സാരല്ല്യ, എല്ലാം എന്റെ കുഴപ്പമാണ്.
കല്യാണത്തിന്റെ പുതുമോടിയിൽ അമ്പലങ്ങളിൽ പോയി ഭാര്യയെ നാലാളെ കാണിക്കണം, ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടണം അതിന് അവൾ സെറ്റ് സാരിയും പച്ചക്കളർ ബ്ലൗസും ഞാൻ വെള്ളമുണ്ടും പച്ചക്കളർ ഷർട്ടും എന്തൊക്കെയായിരുന്നു, എല്ലാം എന്റെ മാത്രം കുഴപ്പം.
‘ഏട്ടാ പതുക്കെ വലിക്ക്, ഇത് അരയിൽ നിന്ന് അഴിഞ്ഞ് പോരും’
എന്റെ വലിയുടെ ശക്‌തി കൂടിയപ്പോഴാണ് അവൾ പറഞ്ഞത്. അവളോട് ചേർന്ന് നിന്നത് കൊണ്ട് ആ സുഗന്ധം എന്റെ മൂക്കിലൂടെ തുളച്ച് കയറി. സോപ്പിന്റെയാണോ സാരിയുടെയാണോ എന്നറിയില്ല മത്ത് പിടിപ്പിക്കുന്ന ഒരു ഗന്ധം. ഒരുവേള ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം മറന്ന് വേറെ എന്തെങ്കിലും ഒപ്പിക്കുമോ എന്നുവരെ തോന്നി. പോകുന്നത് അമ്പലത്തിലേക്കായത്കൊണ്ട് മാത്രം ആത്മസംയമനം പാലിച്ചു.
എന്തായാലും ആ ഗന്ധം ആസ്വദിച്ച് കുറച്ച് നേരംകൂടി അങ്ങനെയിരുന്നു.
‘ആഹാ, കറക്ട് ആയിട്ടുണ്ടല്ലോ, എന്നിട്ടാണോ അറിയില്ലാന്ന് പറഞ്ഞത്?’
അവൾ സംതൃപ്‌തി അറിയിച്ചു. ഞാൻ എഴുന്നേറ്റ് നേരെ നിന്ന് പറഞ്ഞു
‘മോളേ, നീ സാരി ഉടുക്കാനുള്ള പ്രായത്തിൽ എത്തുന്നതിന് മുന്നേ തുടങ്ങിയതാ ഞാനീ പരിപാടി’
??????
നശിപ്പിച്ചു. എന്റെ അതേ അവസ്ഥ തന്നെയാണല്ലോ ഈ കഥയിലെ നായകനും…