ശമ്പളദിവസ്സം [ദേവദേവൻ] 97

“മേലാകെ വിയർപ്പാണ്. അച്ഛൻ പോയി കുളിക്കട്ടെ.”

അയാൾ അടുക്കളയിലേക്ക് നടന്നു.

“നിങ്ങക്ക് ഒരു ചെരുപ്പും കൂടി വാങ്ങിയാലെന്താ. അതുവരെ പോയതല്ലേ. ഒരു നല്ല ഷർട്ടും”

ഭാര്യ അയാളുടെ പഴക്കം ചെന്ന സ്ലിപ്പർ കയ്യിലെടുത്തു നോക്കിക്കൊണ്ട് ചോദിച്ചു.

“എല്ലാം തീർന്നു.”

അയാൾ കുളിമുറിയിൽ കയറുന്നതിനിടയിൽ പറഞ്ഞു.

“പാല്, കേബിൾ, പലചരക്കു കടയിലെ പറ്റ് , വീട്ടു വാടക, കറന്റ്. ഇതിനൊക്കെ എന്തു ചെയ്യും “

അവർ സ്വയം ആധി പൂണ്ടു.

“അതിന് മാറ്റി വെച്ചിട്ടുണ്ട്.”

കുളിമുയിലെ വെള്ളം വീഴുന്ന ഒച്ചയിൽ  അവ്യക്തമായ ശബ്ദത്തോടെ അയാൾ വിളിച്ചു പറഞ്ഞു.

കുളി കഴിഞ്ഞു വന്നപ്പോൾ ഭാര്യ തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസുമായി അയാൾ വരാന്തയിൽ വന്നിരുന്നു.

പുറം പകുതിയും കീറി തുടങ്ങിയ അയാളുടെ പേഴ്‌സ് കയ്യിലെടുത്തു. അതിൽ മിച്ചമുള്ള നോട്ടുകൾ എണ്ണി നോക്കി.

ഒരു നെടുവീർപ്പോടെ വിദൂരതയിൽ കണ്ണു നട്ടു.

അരികത്തു വെച്ചിരിക്കുന്ന കൃഷ്ണന്റെ ചിത്രത്തിലേക്കൊന്ന് പാളി നോക്കി. അപ്പോഴും ചിരി തന്നെയാണ് ആ മുഖത്ത്.

അടുത്ത് വെച്ചിരിക്കുന്ന വിളക്കെണ്ണയുടെ കുപ്പിയിലും നോട്ടം വീണപ്പോൾ ഓർത്തു. വിളക്കെണ്ണ തീർന്നു.

വാങ്ങണം. വാങ്ങാം….

അയാൾ ഭഗവാനെ നോക്കി ചിരിച്ചു.

ഇനി കാത്തിരിപ്പിന്റെ കാലമാണ്. ഒരുമാസം ചെയ്യാനുള്ളതും. വാങ്ങാനുള്ളതുമായ കാര്യങ്ങൾ മനസ്സിലിട്ട് കണക്കു കൂട്ടും.
അതെല്ലാം തെറ്റുമ്പോൾ വിഷമം തോന്നും എന്നാലും കൂട്ടി കിഴിച്ചു അയാൾ കാത്തിരിക്കും.

വിരലിൽ എണ്ണി നോയമ്പ് നോറ്റിരിക്കും.ലോകം മുഴുവൻ വാങ്ങാനല്ല. തന്റെ കുട്ടികളെ ഇന്നത്തെ പോലെ സന്തോഷിപ്പിക്കാൻ. അവരുടെ ചിരിയൊന്ന് കാണാൻ. എന്നിട്ട് തനിക്കും ഭാര്യയ്ക്കും ആവശ്യമുള്ളതെല്ലാം അടുത്ത മാസം വാങ്ങാം എന്ന പ്രതീക്ഷയോടെ.

അടുത്ത ശമ്പള ദിവസ്സത്തിനായി.