ചമ്രം പിണഞ്ഞ കാലുകൾക്കുമേൽ തലയിണ തിരുകി, അച്ചു താടിയ്ക്ക് കൈകളൂന്നിയിരുന്നു.
കഴിഞ്ഞ രാത്രി ഓർത്തെടുക്കുമ്പോൾ ശിരസ്സിനു വല്ലാത്ത ഘനം.
മുറിയുടെ കോണിൽ ചാരി വെച്ചിരുന്ന കരിമ്പിൻ തണ്ടിൽ നിന്ന് മധുരം അരിച്ചു പോകുന്ന എറുമ്പിന്റെ നീണ്ട നിര പടിയക്കു പുറത്തേയ്ക്ക് പോയിരുന്നു.
ഇരുപ്പ് കോലയിലെ അരത്തിണയിലേയ്ക്ക് മാറ്റി.
പരന്ന വയലിലേയ്ക്ക് തുറന്നിട്ട പടിവാതിൽ.കതിരുകളെ വകഞ്ഞ് പോകുന്ന നടവരമ്പ്.
അരത്തണയിൽ നിന്ന്, പടിവാതിലിന്റെ മുളമ്പടിയ്ക്ക് മേൽ ഇരിക്കുമ്പോൾ ശിരസ്സിൽ ഘനമായിരുന്നില്ല. ഒരു വിഷാദം. ഉത്സവം കഴിഞ്ഞു. അതു മാത്രമോ?നാവിൽ ഇപ്പോഴും ഉണ്ട്. നല്ല അസ്സല് രുചി.
ദീപരാധന കഴിച്ച്,നേർച്ച പായസം വരിക്കുനിന്ന് കൈയ്യിൽ കരുതിയ വാഴയിലയിലേയ്ക്ക് വാങ്ങി യപ്പോൾ ഉള്ളംകൈ പൊള്ളിയിരുന്നു. എങ്കിലും നല്ല അസ്സല് രുചിയായിരുന്നു. കൂട്ടത്തിൽ ഒരു പങ്ക് കൂടി അധികമായ് കിട്ടി. ശാന്തിക്കാരൻ ശങ്കരൻ പോറ്റിയുടെ വകയായ്. വെറുതെയങ്ങ് കിട്ടിയതല്ല. ശാസ്താസ്തോത്രം തെറ്റുകൂടാതെ ചൊല്ലിയതിന്. തലേന്നാൾ വരെ ഉരുവിട്ടിരുന്ന ശാസ്താസ്തോത്രം അച്ചുവിന്റെ ചുണ്ടുകളിൽ അത്ര അകലം പാലിച്ചിരുന്നില്ല.
“ഭൂതനാഥ സദാനന്ദ,
സർവ്വഭൂതദയാപരേ..
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തു:ഭ്യം നമോ നമ”.
ഉപദേവനായ ശാസ്താവിന്റെ നടയിൽ, മരപ്പലകയിൽഎഴുതിചങ്ങലയിൽ തൂക്കിയിരുന്ന സംസ്കൃത സ്തോത്രം ആദ്യ ശ്രമത്തിൽ വായിച്ചെടുത്തപ്പോൾ തപ്പിയും തട്ടിയും വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
രണ്ടാo ദിവസം നിത്യപൂജയ്ക്കിടയിൽ തപ്പാതെ വായിച്ച് മനംപാoമാക്കി.മൂന്നാം നാൾ മുതൽ പത്താം നാളായ ഇന്നലെ വരെ പൂജാ വേളയിൽ അമ്മ,പത്മിനിയെ തൊട്ടു നിന്ന് കണ്ണുകൾ അടച്ച് ഉറക്കെ.. ഉറക്കെ.. ചൊല്ലി.കൂടി നിന്നവർക്കും പോലും അതൊരു അനുഭൂതിയായി.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.