വിലവിവരപട്ടിക 36

എങ്കിലും മനസ്സിൽ ആശങ്കകളുടെ കുരുക്കുകൾ അഴിഞ്ഞിരുന്നു. പെട്ടിക്കുള്ളിലെ 5 രൂപതുട്ടിന് ഒരു തീർപ്പായിരിക്കുന്നു.’ശ്രീകൃഷ്ണവിലാസം റ്റീസ്റ്റാൾ ‘.അച്ചു മുറിക്കുള്ളിൽ കടന്നു ഉള്ളതിൽ നല്ലൊരു ഉടുപ്പ് എടുത്തണിഞ്ഞ്, മുടി ചീകി മിനുക്കി പുറത്തേയ്ക്ക് വന്നു. ഒപ്പം പത്മനിയും.

പാത്രം അച്ചുവിന്റെ കൈയിൽ കൊടുത്ത് പത്മിനി ചോദിച്ചു.

” ഇന്ന്എന്തേ? അമ്മേടെ അച്ചു ഇത്ര ചേലില് “.

അച്ചു ചിരി വിടിർത്തി ചിരിച്ചു.

” ഒന്നുല്ല “.

അച്ചു പാത്രവും എടുത്ത് പുറത്തേയ്ക്ക് നടന്നു.

മുളമ്പടിയിറങ്ങുമ്പോൾ പിന്നിൽ നിന്ന് പത്മിനി വിളിച്ചു പറഞ്ഞു.

” അച്ചു കൃഷ്ണേട്ടൻ കാശ് തന്നാൽ സൂക്ഷിച്ചു കൊണ്ടു പോരണം. അമ്പല പറമ്പേല്ലൊന്നും തിരിഞ്ഞു നിൽക്കരുത്”.

പടിയിറങ്ങി പോകുന്ന അച്ചുവിന്റെ ഉടലും, ശിരസ്സും മായുംവരെ പത്മിനി കോലായിൽ തന്നെ നിന്നു.

പള്ളമിറങ്ങി വരമ്പു കേറി കതിർമണികൾ നുള്ളി ചവച്ചു കൊണ്ട് അച്ചു ഓടി തുടങ്ങി.

നുറുങ്ങ്… നുറുങ്ങ് നിമിഷങ്ങളിൽ കിട്ടുന്ന വലിയ സന്തോഷം. അതു തന്നെയായിരുന്നു അച്ചുവിന്റെയും മനസ്സിൽ. ഇടം കൈയിൽ അമർന്നിരുന്ന 5 രൂപാ തുട്ട് അച്ചു ട്രൌസറിന്റെ കീശയിലേയ്ക്കിട്ടു.

പതിവു കാഴ്ച്ചയ്ക്കു വിപരീതമായി ചന്തമുക്കിൽ ഒന്നും തന്നെ ഇല്ല.

അരമതിലിൽ മുറത്തിൽ കണ്ണുംനട്ടിരിക്കുന്ന അലിയാർ. മൂളി പായുന്ന പൊടിപ്പു മില്ലിലെ യന്ത്രങ്ങൾ. ആളുകൾ വന്നു പോകുന്ന ശ്രീകൃഷ്ണവിലാസം റ്റീ സ്റ്റാൾ.

സാധാരണ അച്ചു പുറത്ത് നിന്ന് പാത്രം വാങ്ങി തിരികെ പോകറാണ് പതിവ്.അച്ചു പീടികയിലേയ്ക്ക് കടന്നു നിന്നു. കൃഷ്ണൻ നായരുടെ കൈകളിലേയ്ക്ക് പാത്രം കൊടുത്തിട്ട് അച്ചു പറഞ്ഞു.

“കൃഷ്ണേട്ടാ രണ്ടു പരിപ്പുവട “.

“എന്തിനാ അച്ചുവേ… ‘വ’ ഉണ്ടോന്ന് നോക്കാനാ “?

അവരിരുവരും ചിരിച്ചു. അച്ചു പൊട്ടി ചിരിച്ചു.

അച്ചു കാത്തു നിന്നു. തിരികെ പാത്രം ഒഴിഞ്ഞ് കൊണ്ടു പോരുമ്പോൾ നായരുടെ കൈയിൽ ഒരു പൊതിയുണ്ടായിരുന്നു. രണ്ടു പരിപ്പുവട.

അച്ചു അതു വാങ്ങി കീശയിലേയ്ക്ക് കൈയിട്ടു.

Updated: May 29, 2018 — 11:18 am

1 Comment

  1. സുദർശനൻ

    കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.

Comments are closed.