അമ്മയോടു പറഞ്ഞാൽ ബാക്കി കാശും കൂടി കൂട്ടി ചേർത്ത് പുതിയ ഉടുപ്പ് തുന്നി കിട്ടും. അതൊരു പ്രതിക്ഷ മാത്രമാണ്.മുതല് സ്വന്തമല്ലെന്ന് അമ്മ അറിയാൻ ഇടയായാൽ അഞ്ച് രൂപ കാവിലെ നേർച്ച പെട്ടിയിൽ ആർക്കും ചേതമല്ലാത്ത ഉപകാരമാവും. പിന്നെയുള്ളത് ഒരു ദുരാഗ്രഹമാണ്. ഠൗണിലെ കൊട്ടകയിൽ പോയ് ഒരു സിനിമ കാണുക. അല്ലെങ്കിൽ മരുതുമായ് ഗോട്ടി കളിയ്ക്കുക. ഗോട്ടി കളിച്ചാൽ കാശ് മരുതിന്റെ കീശയിലാകും. അച്ചു അത് രണ്ടും ഉപേക്ഷിച്ചു.ഇനിയുള്ള പ്രതീക്ഷ വർക്കിചാച്ചന്റെ ഏറുമാട കടയാണ്. ചാച്ചന്റെ ഏറുമാടത്തിനു മുന്നിലെ താങ്ങു പലകയിൽ നിരത്തി വെച്ച ചില്ലു ഭരണികൾ അച്ചു ഓർത്തു.ഉപ്പിലിട്ട നെല്ലിക്ക കാര്യക്ക, ചാമ്പക്ക 25 പൈസായ്ക്ക് രണ്ടു വീതം. തേൻ മിഠായി, കപ്പലണ്ടി മിഠായി, സിഗരറ്റുമിഠായി 25 ന് ഒന്ന് വീതവും. കടല, കപ്പലണ്ടി ഇത്യാദികൾ വേറെയും. ഇതിൽ സിഗരറ്റു മിഠായിയോടാണ് പഥ്യം. നുണഞ്ഞു തീരുമ്പോൾ നാവ് വിവർണ്ണമാകും.പിന്നെയുള്ളത് മോതിര വളളികളാണ്. പലനിറത്തിലുള്ളത്. ഒരെണ്ണം വാങ്ങി മോതിരം ചുറ്റി വിരലിലണിഞ്ഞ് കൂടെയുള്ളവരുടെ മുന്നിൽ ചന്തം കാട്ടാം.
ഇതൊക്കെ സാധിക്കണമെങ്കിൽ വേനൽ അവധി കഴിഞ്ഞ് പള്ളിക്കുടം തുറക്കണം.അതിന് ഇനിയും ദിവസങ്ങൾ ബാക്കിയാണ്.ദിവസം ഇത്ര പൈസാ നിരക്കിൽ ചിലവിട്ടു കഴിഞ്ഞാലും, കൂട്ടിയും, കിഴിച്ചും നോക്കിയിട്ടു ആഴ്ച്ച ഒന്നു കഴിഞ്ഞാലും പൈസാ പിന്നെയും ബാക്കിയാണ്. അഞ്ച് രൂപ എന്നതുക അച്ചുവിന് അത്രയ്ക്ക് വലുതാണ്.
അച്ചു വ്യാകുലനാണ്. അരമണികിലുക്കി, കിങ്ങിണി കെട്ടിയ വാളും മേന്തി വരമ്പിലൂടെ നടന്നകന്ന വെളിച്ചപ്പാടിന്റെ ചിലമ്പൊലികൾ അച്ചു അറിഞ്ഞിരുന്നില്ല.
വെയിലു പടികയറി അച്ചുവിന്റെ കാൽപാദം വരെയെത്തി. നേരം ഉച്ചയോടടുത്തു. അച്ചു കയറി വീട്ടിലേയ്ക്ക് നടന്നു.
ഉച്ചയുറക്കം അച്ചുവിന് പതിവില്ല.എങ്കിലും അരത്തണിയിൽ ഇരുന്നപ്പോൾ ചെറുതായി ഒന്നു മയങ്ങി. മയക്കം സുഖസുഷ്പതിയിലേക്ക് നീണ്ടു പോയി.പീടികയിൽ കൊടുക്കുവാനുള്ള പാൽ കൊടുത്തില്ല.പത്മിനി പാൽ നിറച്ച പാത്രം അരത്തിണിയിൽ മുട്ടി വെച്ചപ്പോഴാണ് അച്ചു ഉണർന്നത്. വെയിലാറി. നേരം വൈകുകയും ചെയ്തിരിക്കുന്നു. അമ്മ ശകാരിക്കും ഉറപ്പാണ്.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.