” നല്ലതു കിട്ടാഞ്ഞിട്ടു തന്നാ തോന്യായസം”.
അടുക്കളയിലെ പാത്രങ്ങൾ ഉച്ചത്തിൽ ശബ്ദധിച്ചു. അച്ചൂന് നല്ല നിശ്ചയം ഉണ്ട്, അമ്മ തല്ലില്ല. ഏറിയാൽ തെല്ല് നേരം ഒച്ചയുണ്ടാക്കും.പിന്നെയും പോയാൽ പാരായം പറയും. പറഞ്ഞു പറഞ്ഞു നേരിയ തേങ്ങലാവും എന്നാലും തല്ലില്ല.
” വന്നു വല്ലതും കഴിക്കുന്നുണ്ടോ നീയ്? ഇല്ലെങ്കി….ഇല്ലെങ്കിലെടുത്ത് ആടിനു കൊടുക്കും. നേരം പുലർന്നാ അന്തിയാവും വരെ എല്ലുപൊട്ടുന്ന പണിയുണ്ട്, അതിനിടിയിൽ നീയായട്ടും ഒരോന്ന്– “
കഴിഞ്ഞു അമ്മയുടെ പരിഭവം. ഇപ്പോ കണ്ണു നിറഞ്ഞിട്ടുണ്ടാവും.കീഴ്ചുണ്ടിൽ ചിരി കടിച്ചമർത്തി അച്ചു അടുക്കളയിലേയ്ക്ക് നടന്നു.
“ശ്ശൊ ! ഇവറ്റകളെ കൊണ്ട് തോറ്റു “.
മുറ്റത്ത് ഉണങ്ങാനിട്ട വറ്റൽ മുളക് ചികഞ്ഞകറ്റിയ കോഴിക്കൂട്ടത്തിനു നേരെ കൈയോങ്ങി കൊണ്ട് പത്മിനി മുറ്റത്തേയ്ക്ക് വന്നു.അവറ്റകൾ നാലുപാടും ചിതറിയോടി. തക്കം പാർത്തു നിന്ന പൂവാലൻ പിടയ്ക്കു പിന്നാലെ പാഞ്ഞു.
അച്ചു അധോന്മുഖനായി പടിയ്ക്കൽ ഇരിപ്പുണ്ടാരുന്നു.പത്മിനിക്ക് അരിശം.
ചികഞ്ഞകറ്റിയ മുളക് വാരിക്കൂട്ടുന്നതിനിടയിൽ പത്മിനി അച്ചുവിനോടെന്നോണം പറഞ്ഞു.
“അവറ്റകളെ എന്തിനാ പറയുന്നേ? മുന്നിലിരുന്നിട്ട്, കണ്ടാൽ കൂടി അനങ്ങില്ല. ഒന്നിനും ദ്ദണ്ണം ഇല്ലല്ലോ”. ദിനംപ്രതി അഞ്ചു തവണയെങ്കിലും പത്മിനി അച്ചുവിനോട് പറയുന്ന വാചകം.
‘ഒന്നിനും ദ് ദണ്ണം ഇല്ലല്ലോന്ന് ‘
മുളക് വാരിക്കൂട്ടി മൂരി നിവർന്ന് സാരിത്തലപ്പു കൊണ്ട് കഴുത്തിലെ വിയർപ്പ് ഒപ്പിയെടുത്ത് അച്ചുവിനെ നോക്കി ഒന്നമർത്തി ചവുട്ടി പത്മിനി അകേത്തേയ്ക്ക് കടന്നു.
“ഇന്ന് ഇനി സർക്കീട്ട് ഉണ്ടോ ആവോ “? ഇടനാഴിലൂടെ ആ ചോദ്യം അകന്നു പോയ്.
അച്ചു മുളമ്പടിയിറങ്ങി പടികൾക്ക് നടുവിലായ് ഇരുന്നു. വെയിലു മൂത്തു തുടങ്ങി. തെളിഞ്ഞു നിശ്ചലമായ പള്ളത്തിൽ മാനത്തുകണ്ണികളുടെ സ്വർണ്ണ പൊട്ടുകൾ തെളിഞ്ഞു.
അച്ചുവിന്റെ മനസ്സിൽ, അഞ്ചു രൂപയിലെ ആഗ്രഹങ്ങൾ വളരെ വലുതായിരുന്നു. അഭിലഷണീയമല്ലാത്ത പരിസമാപ്തിയും.
കഥ നന്നായി. ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരം കഥകൾ എഴുതണം.