ലഹരി [ദേവദേവൻ] 87

Hope അല്ലെങ്കിൽ പ്രതീക്ഷ അതാണ് നമ്മളെ നയിക്കുന്നത് . അച്ഛന് പറഞ്ഞു തരാനെ കഴിയു . തീരുമാനം നിന്റെയാണ് .കാരണം ഇത് നിന്റെ ജീവിതമാണ് .”

അത്രയും പറഞ്ഞു അവനെ നോക്കി .

“അവന്റെ യഥാർത്ഥ പ്രശ്നം എന്തായിരുന്നെന്ന് അറിയാമോ അച്ഛന് ? “

അവൻ ചോദിച്ചു .

ഞാൻ ഇല്ലെന്ന് തലയാട്ടി .

“ഇങ്ങനെ അടുത്തിരുത്തി കാര്യം പറഞ്ഞു കൊടുക്കാൻ ഒരു അച്ഛൻ ഇല്ലാതെ പോയത് .”

അവൻ ചിരിച്ചു കൊണ്ട് അതും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്നിട്ട് അകത്തേക്ക് കയറി പോയി  .

ഒരു അച്ഛനായതിൽ അഭിമാനം തോന്നിയ നിമിഷം .

“ഉവ്വ . കഥ പറഞ്ഞു കൊടുക്കാൻ അച്ഛൻ കേമൻ തന്നെയാണ് . ആ ലോണെടുത്തതിട്ട് തിരിച്ചു അടച്ചില്ലല്ലോ  ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിട്ടുണ്ട് .”

സിന്ധു നോട്ടിസ് എന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു .

ഒരു നിമിഷം എന്നെ അത് ഭാവിയെ കുറിച്ച് ചിന്തിപ്പിച്ചു .

“ഇപ്പൊ എന്ത് പറയുന്നു ? “

“എന്ത് പറയാൻ ? ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ് . ഈ നേരവും കടന്നു പോവും .”

ഞാൻ അവളെ വലിച്ചു മടിയിലേക്ക് ഇരുത്തി .

“കടം കേറി കുത്തുവാളെടുത്തിട്ട് ഞാൻ പോയി ആത്മഹത്യ ചെയ്യുവോന്നും ഇല്ല . നിന്റെ കൂടെ റൊമാൻസ് കാണിക്കാൻ ഞാൻ ജീവനോടെ തന്നെ കാണും . കാരണം ഇത് നമ്മുടെ ജീവിതം ആണ് . എല്ലാം കാണാനും അനുഭവിക്കാനുമാണ് ദൈവം നമ്മളെ സൃഷ്ടിച്ചത് . ജീവിതത്തിന് ഒരു റീസൈക്കിൾ ബട്ടൺ ഒന്നും ഇല്ല . വരുന്നിടത്തു വെച്ച് നമ്മക്ക് കാണാംന്നെ “

ഞാൻ ചിരിച്ചു . അവളും .

ജീവിതം ഒരു ലഹരിയാണ് . അത് അനുഭവിക്കണം . ഒരുവട്ടം മാത്രം ആസ്വദിക്കാവുന്ന ലഹരി .