പക്ഷേ,എല്ലാം എക്കാലവും മറച്ച് വയ്ക്കാൻ സാധിക്കില്ല എന്നല്ലേ. വളരെ അവിചാരിതമായി എന്റെ ജനന സർട്ടിഫിക്കറ്റ് അമ്മയുടെ പഴയ തുണിസഞ്ചിയിൽ നിന്നും എനിക്ക് കിട്ടി.
അവിടെ നിന്നും മൂടിവയ്ക്കപ്പെട്ട ഒരു സത്യം എനിക്ക് മുൻപിൽ വെളിപ്പെടുകയായിരുന്നു.
ഞാൻ ആരാണ്,ന്റെ അച്ഛൻ ആരാണ്,അച്ഛൻ എങ്ങനെ മരിച്ചു. അങ്ങനെ എല്ലാം ഞാൻ അറിഞ്ഞു.
സത്യമെല്ലാം അറിഞ്ഞപ്പോൾ ന്റെ കണ്ണിൽ കണ്ണീരായിരുന്നില്ല തന്നോടുള്ള പകയുടെ കനലായിരുന്നു.
ന്റെ പതിമൂന്നാമത്തെ വയസ്സിൽ ക്യാൻസർ വന്ന് മരണത്തോട് മല്ലിടുമ്പോൾ അമ്മ എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ തന്റെ ജീവനെടുക്കാൻ തുനിയരുത്.
ഇനി അങ്ങനെയാണെങ്കിൽ തന്നെ
അതൊരിക്കലും ഇളയച്ഛനും ഇളയമ്മയും ജീവിച്ചിരിക്കെ ആവരുതെന്ന്.
ഇളയച്ഛനും ഇളയമ്മയ്ക്കും പ്രായമാവുമ്പോഴേക്കും താൻ മരിക്കും എന്ന് പാവം ന്റെ അമ്മ കണക്ക് കൂട്ടി.
അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ കാത്തിരുന്ന എന്റെ മുൻപിൽ വിധി വീണ്ടും കളം മാറി.
പാവം ഇളയച്ഛനും ഇളയമ്മയും അകാലത്തിൽ പൊലിഞ്ഞു.അന്ന് ഞാൻ മനസ്സിൽ കുറിച്ചു തന്റെ മരണം.
പക്ഷേ അതിങ്ങനെ കറങ്ങിത്തിരിഞ്ഞ് ന്റെ അച്ഛൻ കൊല്ലപ്പെട്ട അതേ ദിവസം വന്നെത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.
അപ്പോ കാര്യങ്ങൾ ഒക്കെ മനസ്സിലായല്ലോ മിസ്റ്റർ മംഗലത്ത് കൃഷ്ണ മേനോൻ.
അഭിമന്യു പല്ല് കടിച്ച് കൊണ്ട് പതിയെ എഴുന്നേറ്റതും കൃഷ്ണ മേനോൻ ഇരുന്നിടത്ത് നിന്ന് കൈ കുത്തി വായുവിൽ ഉയർന്ന് പൊങ്ങിയതും ഒരുമിച്ച്.
ആൾപ്പൊക്കത്തിൽ കുതിച്ചുയർന്ന മേനോന്റെ ഇടം കാൽ അഭിയുടെ കവിളിൽ ആഞ്ഞു പതിച്ചു.
കടത്തനാടൻ കളരി മുറയിലെ ഗരുഢ ദണ്ഡനം എന്ന പ്രഹര വിദ്യ.
കണ്ണ് ചിമ്മും വേഗത്തിൽ അങ്ങനൊരു ആക്രമണം അഭി പ്രതീക്ഷിച്ചിരുന്നില്ല.
അടി കൊണ്ട് ദൂരേക്ക് വീണ അഭിയുടെ കൈയ്യിൽ നിന്നും തോക്ക് തെറിച്ച് പോയി.
കണ്ണിൽ ഇരുട്ട് കയറിയത് പോലെ, ഒന്നും വ്യക്തമാവുന്നില്ല.അഭിമന്യു കവിളിൽ തൊട്ട് നോക്കി.