രക്തരക്ഷസ്സ് 27
Raktharakshassu Part 27 bY അഖിലേഷ് പരമേശ്വർ
Previous Parts
നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു.
അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.
അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു.
തിളങ്ങുന്ന കണ്ണുകളും കൂർത്ത നഖങ്ങളും വജ്ര സമാനമായ ദംഷ്ട്രകളുമുള്ള സിംഹ വാഹനം.
വലത് കൈകളിൽ വാളും, ത്രിശൂലവും,ചക്രവും ഐശ്വര്യ ശ്രീചക്ര ലേഖിതവും.
ഇടം കൈകളിൽ ശത്രുവിന്റെ നെഞ്ച് തകർക്കുന്ന ഗദയും,വലംപിരി ശംഖും സാക്ഷാൽ കൈലാസവാസൻ നൽകിയ ഢമരുവും പിന്നെയാ അഗ്നിവമിക്കും താലവുമേന്തി മഹിഷാസുര മർദ്ധിനിയായ മഹാമായ മൃഗരാജ കേസരിയുടെ പുറത്ത് വിരാജിക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയത്തിൽ സൂര്യ തേജസ്സോടെ വിളങ്ങുന്ന ആദിശക്തിയുടെ മുഖം നോക്കി അപ്പോൾ ഭൂജാതനായ ശിശുവിനെപ്പോലെ കിടന്നു രുദ്ര ശങ്കരൻ.
അപ്സരസുകൾ പോലും നാണിച്ചു തല താഴ്ത്തിയ,പ്രകൃതിയിലെ സർവ്വ സൗന്ദര്യവും സംഗമിച്ച,പൂനിലാവിന്റെ തെളിമയുള്ള മോഹന രൂപത്താൽ മഹിഷാസുരന്റെ മാറ് പിളർത്തിയ സത്യത്തെ അന്നാദ്യമായി രുദ്രൻ കൺ നിറഞ്ഞു കണ്ടു.
കൈകാലുകൾ അനക്കാൻ സാധിക്കാത്ത അപൂർവ്വ ദർശന നിമിഷത്തിലും അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറന്ന് വിറയ്ക്കുന്ന ചുണ്ടുകളാലവൻ ലളിതാ സഹസ്ര നാമ ധ്യാനം ഉരുവിട്ടു.
“സിന്ദുരാരുണവിഗ്രഹാംത്രിണയനാംമാണിക്യമൗലിസ്‌ഫുരത്-
താരാനായകശേഖരാംസ്മിതമുഖീമാപീനവക്ഷോരുഹാം,പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്‌പലംബിഭ്രതീം,സൗമ്യാംരത്നഘടസ്ഥരക്തചരണാംധ്യായേത്‌പരാമംബികാം.
ധ്യായേത്‌പദ്‌മാസനസ്‌ഥാംവികസിതവദനാംപദ്‌മപത്രായതാക്ഷീം
ഹേമാഭാംപീതവസ്ത്രാംകരകലിതലസത്‌ഹേമപദ്‌മാംവരാംഗീം
സർവ്വാലങ്കാരയുക്താംസതതമഭയദാംഭക്തനമ്രാംഭവാനീം ശ്രീവിദ്യാംശാന്തമുർത്തിംസകലസുരനുതാംസർവ്വസമ്പദ്‌പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.
.