ഇരുളടഞ്ഞ മുറിയിൽ, നീത്താ, മുഖത്തൊരു പുഞ്ചിരിയുമായി കണ്ണടച്ചു കിടക്കുമ്പോഴെല്ലാം പല്ലവി മനസ്സിൽ പറഞ്ഞു:
“മൂപ്പത്തിയാര് കെട്ടിയോനുമായുള്ള പണ്ടത്തെ പ്രേമരംഗങ്ങളെല്ലാം ഓർത്തെടുക്കുകയാണ്”
തങ്ങളുടെ തന്നെ പാടത്ത്, ആടിയുലഞ്ഞുല്ലസിക്കുന്ന ചോളങ്ങൾക്കിടയിലൂടെ നവവരനും നവവധുവും കൈകോർത്തു നടന്ന കാലത്തെക്കുറിച്ച് അവർ ഓർത്തു രസിച്ചു. മരത്തണലിൽ വിരിച്ച പരവതാനിയിൽ, ഭർത്താവിന്, സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വിളമ്പിക്കൊടുക്കുമ്പോൾ അനുഭവിച്ചിരുന്ന നിർവൃതിയും സന്തോഷവും അവർ വീണ്ടും ആസ്വദിക്കാൻ കൊതിച്ചു. വയൽച്ചെടികൾക്കിടയിൽ കെട്ടിപ്പുണർന്ന് ചുംബിച്ച് കിടക്കുമ്പോൾ ഭർത്താവ്, മാനത്ത് പറക്കുന്ന വയൽക്കൊതി കത്രികകളേയും ഞാറ്റുവേലക്കിളികളേയും ചൂണ്ടിക്കാണിച്ചു കൊടുക്കും. അദ്ദേഹം ഡോക്ടറായിരുന്നെങ്കിലും പക്ഷി നിരീക്ഷണത്തിൽ വലിയ കമ്പമുള്ളയാളായിരുന്നു. നിലാവുള്ള രാവുകളിൽ, സൽവാർ കമ്മീസ് ധരിച്ച ഭാര്യയുടെ മടിയിൽ തല വച്ച് കിടന്നുകൊണ്ട് ചിലപ്പോൾ അദ്ദേഹം പറയും:
” നിശബ്ദരായിരുന്നാൽ നമുക്ക് രാപ്പാടിയുടെ പാട്ട് കേൾക്കാം”
അത് കേൾക്കുമ്പോൾ നീത്താ ശുണ്ഠിയെടുക്കും.
” ന്നാ എന്നെ വിട്ടിട്ട് രാപ്പാടിയുടെ കൂടെ പൊയ്ക്കോ”
ദേഷ്യം വരുമ്പോൾ ഭാര്യയുടെ കവിളിലേയും കണ്ണുകളിലേയും ശോഭകൂടുന്നത് കാണാൻ അദ്ദേഹത്തിനിഷ്ടമായിരുന്നു.
നിന്റെ ചന്തം കാണാനാണ് ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹമൊരു രമ്യത കൈവരിക്കാൻ ശ്രമിക്കും. ഇതൊക്കെയാണ് നീത്താ ഇപ്പോൾ ഓർത്ത് രസിക്കാറ്.
മധുവിധു കാലത്തുതന്നെ അവർ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ‘എലിസബത്തൻ സാഹിത്യകൃതികളിലെ സ്ത്രീശബ്ദങ്ങൾ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വീകരിക്കാനായി , കുടുംബത്തോടൊപ്പം പ്രതിശ്രുതവരനുമൊത്താണ് നീത്താ എത്തിയത്. ഒരു കാലഘട്ടത്തിന്റെ തന്നെ ഏറ്റവും വലിയ ഷേക്സ്പിയർ നിരൂപക എന്ന ബഹുമതിയാണ് പിൽക്കാലത്ത് അവരെ കാത്തിരുന്നത്. ഇന്ത്യയിൽ പ്രൊഫസർ ആയിരിക്കുമ്പോൾ തന്നെ, റോയൽ ഷേക്സ്പിയർ കമ്പനിയുടേയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേയും ക്ഷണം സ്വീകരിച്ച് ലണ്ടനിൽ നിരവധി പ്രഭാഷണങ്ങൾ നടത്തി. ‘ ബ്രാഡ്ലി പറയാത്തത്’, ദി ബാർഡ് ദി ഫെമിനിസ്റ്റ് ‘ എന്നീ പ്രബന്ധങ്ങൾ ഷേക്സ്പിയർ നിരൂപണത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ചു.
ഇന്ത്യയിൽ നിന്ന് ഇത്ര ശക്തമായൊരു സ്ത്രീപക്ഷ വാനാമ്പാടിയോ എന്നത്ഭുതപ്പെട്ടുകൊണ്ടിരുന്ന അക്കാലത്തെ ശ്രോതാക്കളുടെ മുന്നിൽ, തന്റെ യൗവ്വനകാലത്ത് തന്നെ നീത്താ മനസ്സ് തുറന്നിരുന്നു:
” വ്യക്തിപരമായി ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. അങ്ങനെയാവാൻ കഴിയുമെന്നും തോന്നുന്നില്ല. കുപ്പിവളകളിലും, കൺമഷിയിലും കൊലുസിലുമെല്ലാം ചഞ്ചലപ്പെടുന്ന ഒരു പെൺമനസ്സാണ് എനിക്കുമുള്ളത്. മാത്രവുമല്ല ഞാനൊരു പ്രണയത്തിലുമാണ്. മിസ്റ്റർ നീലേഷ് അജ്ഗൗക്കർ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകനാണ്. അത്രയ്ക്ക് വിശുദ്ധയുമല്ല ഞാൻ. ഒരിക്കൽ എന്റെ വായനാമുറിയിലേക്ക് അദ്ദേഹം കയറിവന്നു. അഗാധമായ വായനയിലായിരുന്നു ഞാൻ. നിരൂപിച്ചിരിക്കാതെ അദ്ദേഹമെന്നെ, ബൃഹത്തായ നാല് പുസ്തകങ്ങൾക്കിടയിൽ വച്ച് പുണർന്നു ചുംബിച്ചു. ബെറ്റ്വീൻ ഫെയറി ക്വീൻ ആൻഡ് ടെംപെസ്റ്റ്. ബെറ്റ്വീൻ കാന്റർബറി ടേൽസ് ആൻഡ് സാംസൺ ആഗണിസ്റ്റസ്”