അപ്പോഴേക്കും അകത്തുനിന്നും ഒരു മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ വെളിച്ചം വരാന്തയിലേക്ക് പടർന്നു. പിന്നാലെ നാരായണിയമ്മയും. ദേവന്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ അവർക്ക് ഒരു മാറ്റവുമില്ല. അതേ കസവു നേരിയത്, നെറ്റിയിൽ വിയർപ്പിൽ അലിഞ്ഞ വലിയൊരു ഭസ്മക്കുറി. ഇല്ലത്തെ രഹസ്യങ്ങളെല്ലാം അറിയാവുന്ന, കാലങ്ങളായി ഇവിടെ ജീവിക്കുന്ന ഒരേയൊരു സഹായി അവരാണ്.
“കുട്ടി വന്നോ… വായോ, അകത്തേക്ക് വായോ… നല്ല മഴയല്ലേ, ആദ്യം നനഞ്ഞതൊക്കെയൊന്ന് മാറ്റു .” അവർ വാത്സല്യത്തോടെ പറഞ്ഞു. എന്നാൽ അവരുടെ കണ്ണുകൾ എന്തിനെയോ ഭയക്കുന്നതുപോലെ ഇടയ്ക്കിടെ അമ്മാവന്റെ നേർക്കും പുറത്തെ ഇരുട്ടിലേക്കും പാളിപ്പോകുന്നുണ്ടായിരുന്നു.
ഇല്ലത്തിന്റെ അകത്തളങ്ങളിലേക്ക് കയറുമ്പോൾ പഴയ മരത്തടിയുടെയും, എണ്ണയുടെയും, കർപ്പൂരത്തിന്റെയും ഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. നാലുകെട്ടിന്റെ നടുമുറ്റത്ത് മഴവെള്ളം വീണ് ചിതറുന്നുണ്ട്. ഒരുപാട് മുറികളുള്ള, നീളൻ ഇടനാഴികളുള്ള ആ വലിയ വീട് ഇപ്പോൾ അസാധാരണമാംവിധം നിശബ്ദമാണ്. ഭിത്തികളിൽ തൂക്കിയിരിക്കുന്ന പഴയ കാരണവന്മാരുടെ മങ്ങിയ ചിത്രങ്ങൾ, അവയ്ക്ക് മുന്നിലൂടെ നടക്കുമ്പോൾ അവരുടെ കണ്ണുകൾ തന്നെ പിന്തുടരുന്നത് പോലെ അവന് തോന്നി. മനുഷ്യന്റെ മനസ്സ് സൃഷ്ടിക്കുന്ന വെറുമൊരു ഭ്രമം, അവൻ സ്വയം പറഞ്ഞു.
മുകളിലത്തെ നിലയിലെ തെക്കേയറ്റത്തുള്ള വിശാലമായ മുറിയാണ് ദേവന് നൽകിയത്. വലിയൊരു മര ജനാലയുള്ള ആ മുറിയിൽ നിന്നും നോക്കിയാൽ താഴെ കാവിലേക്കുള്ള വഴിയും കുളപ്പുരയും വ്യക്തമായി കാണാം. മഴയുടെ ശബ്ദം ആ മുറിയിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. അവൻ തന്റെ ബാഗ് താഴെ വെച്ച് വസ്ത്രം മാറി. അപ്പോഴേക്കും തളത്തിൽ നിന്നും നാരായണിയമ്മ അത്താഴവുമായി വന്നു. ചൂടുള്ള കഞ്ഞിയും ചെറുപയറും തേങ്ങ ചമ്മന്തിയും .
“കുട്ടി ഇത്ര കാലത്തിന് ശേഷം എന്തിനാ ഇങ്ങോട്ട് വന്നത്?” ഭക്ഷണം മേശപ്പുറത്ത് വെക്കുന്നതിനിടയിൽ നാരായണിയമ്മ പതുക്കെ ചോദിച്ചു.
“എന്താ നാരായണിയമ്മേ അങ്ങനെ ചോദിച്ചത്? എനിക്കിവിടേക്ക് വന്നൂടെ? കുറച്ചു നാൾ ഒരു സമാധാനം വേണം, അതാണ് ഇങ്ങോട്ട് പോന്നത്.” ദേവൻ ഭക്ഷണം കഴിച്ചു തുടങ്ങി.
അവർ ചുറ്റുമൊന്ന് നോക്കിയ ശേഷം സ്വരം താഴ്ത്തി പറഞ്ഞു, “ഇവിടുത്തെ കാര്യങ്ങളൊന്നും പണ്ടത്തെ പോലെയല്ല കുഞ്ഞേ… രാത്രിയായാൽ പിന്നെ ജനാലയൊന്നും തുറന്നിടരുത്. പിന്നെ… താഴെ അമ്മാവന്റെ മുറിയുടെ ഭാഗത്തേക്ക് പാതിരാത്രിയിൽ പോവുകയും വേണ്ട.”
ദേവൻ കൗതുകത്തോടെ ഭക്ഷണം കഴിക്കുന്നത് നിർത്തി അവരെ നോക്കി. “എന്തുപറ്റി? അമ്മാവന് എന്തെങ്കിലും അസുഖമാണോ? അദ്ദേഹം വല്ലാതെ ക്ഷീണിച്ചതുപോലെയുണ്ട്.”
