പ്രവാസം 58

അർദ്ധനിദ്രയിലായിരുന്ന തന്റെ കുഞ്ഞിനെ ചുംബിച്ച്‌ യാത്ര പറയുമ്പോഴും അവളെ നെഞ്ചോടടുപ്പിച്ച്‌  സമാധാനിപ്പിക്കുമ്പോഴും അയാളുടെ മനസ്സിന്റെ ആഴിയിൽ വലിയ ഉയരത്തിലുള്ള തിരകൾ ആഞ്ഞടിച്ചുക്കൊണ്ടിരുന്നു. എത്ര മനോഹരമായിരുന്നു അവധികാലം. ആഹ്ലാദിച്ച നിമിഷങ്ങൾ, എല്ലാവരും  ഒരുമിച്ചുള്ള യാത്രകൾ. എല്ലാം അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടിയാണല്ലോ എല്ലാം എന്ന ചിന്ത അയാൾക്ക്  തെല്ലൊരാശ്വാസമേകി, അഭിമാനവും. അല്പസമയം കഴിഞ്ഞപ്പോൾ ചെറിയൊരു കുലുക്കത്തോടെ വിമാനം ലാൻഡ് ചെയ്തു. നിർത്തി കഴിഞ്ഞിട്ടും ആരും എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അങ്ങോട്ടുള്ള യാത്രയിൽ വിമാനം ലാൻഡ് ചെയ്തതോർത്തു. നിർത്തുന്നതിനു മുൻപ് തന്നെ ബാഗുകൾ എടുക്കാനും പുറത്തു കടക്കാനുമൊക്കെ എന്തൊരാവേശമായിരുന്നു എല്ലാവർക്കും. 

വിമാനത്തിൽ നിന്ന് പുറത്തു കടന്ന അയാൾ ഇമിഗ്രേഷൻ കൗണ്ടർ ലക്ഷ്യം വെച്ച് നടന്നുനീങ്ങി. അധികം തിരക്കില്ലാത്തതു കൊണ്ടാവാം ഇമ്മിഗ്രേഷൻ ചെക്കിങ്ങും ബാഗ്ഗേജ്  ക്ലിയറൻസുമൊക്കെ കഴിഞ്ഞ് വേഗം എയർപോർട്ടിന് പുറത്തു കടക്കാൻ അയാൾക്ക്‌ സാധിച്ചു. പുറത്ത് ടാക്സി കാത്തുനില്കുമ്പോൾ ഒരു പഴയ സംഭവം അയാളുടെ മനസ്സിലേക്ക് ഇരമ്പിയെത്തി. മുൻപ് ഒരു സുഹൃത്ത്‌ നാട്ടിൽ നിന്ന് ബിസിനസ്സ് ആവശ്യത്തിനായി മരുഭൂമികളുടെ ഈ നഗരത്തിൽ വന്നു തിരിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റെ മക്കൾക്ക്‌ കൊടുക്കാനായി നാട്ടിൽ കാണാത്ത എന്നാൽ ഇവിടെ മാത്രമായി ലഭിക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന് അയാളോട് ചോദിച്ചിരുന്നു. ഒരു ചെറു ചിരിയായിരുന്നു അയാളുടെ മറുപടി. എങ്കിലും നെഞ്ചിന്റെ ഉള്ളിലോർത്തു, “എട്ട് പത്ത് വർഷം മുൻപുവരെ അത് പ്രവാസമായിരുന്നു. എന്നാൽ ഇന്ന് ഞാനിരുന്ന പൊന്നുംമൂട് കവലയിലെ അതേ ചായക്കടക്കടയിലെ ബഞ്ചിന്റെ ഇടത്തേയറ്റത്ത് എനിക്കുപകരം ഗോപാൽ യാദവ് ഉണ്ട്. ഞാൻ കുടിച്ച അതേ ചായ കുടിക്കാൻ, ഞാൻ കഴിച്ച അതേ പരിപ്പുവട കഴിക്കാൻ. പ്രവാസം, അതൊടുങ്ങുന്നില്ല”.