“പെണ്ണ്…” [മാലാഖയുടെ കാമുകൻ] 1570

“പെണ്ണ് ”

 

****
“അച്ഛാ പ്ലീസ്.. കാലു പിടിക്കാം.. എനിക്കിപ്പോൾ കല്യാണം വേണ്ടച്ഛ.. എനിക്ക് പഠിക്കണം പ്ലീസ്‌..? നല്ല മാർക്ക് ഉണ്ട് അച്ഛാ..”

അമ്മു കരഞ്ഞുകൊണ്ട് ജയനോട് കൈ കൂപ്പി കെഞ്ചി പറഞ്ഞു..

“കയറി പോടീ അകത്തേക്ക്.. നിന്നെ വളർത്തിയത് ഞാൻ ആണ്.. എന്ത് ചെയ്യണം എപ്പോൾ ചെയ്യണം എന്ന് എന്നോട് എഴുന്നള്ളിക്കണ്ട.. പോടീ…”

അയാൾ ദേഷ്യം കൊണ്ട് വിറച്ചു കൈ ഓങ്ങി.

“അച്ഛാ.. ഞാൻ കാലു പിടിക്കാം..”

അവൾ മുൻപോട്ട് ആഞ്ഞതും പടക്കം പൊട്ടും പോലെ അയാൾ അവളുടെ കവിളിൽ ആഞ്ഞടിച്ചു.. ആ പാവം പെണ്ണ് നിലത്തേക്ക് വീണുപോയി..

നിലത്തു കിടന്ന് അവൾ ഏങ്ങി കരഞ്ഞപ്പോൾ അയാൾക്ക് മകളോട് ഒരു അലിവും തോന്നിയില്ല.. വന്ന സൗഭാഗ്യം തട്ടി തെറിപ്പിക്കുന്ന മകളോട് അയാൾക്ക് ദേഷ്യമാണ് തോന്നിയത്..

അമ്മ രാഗിണി അവളെ എഴുന്നേൽപ്പിച്ചു അകത്തേക്ക് കൊണ്ടുപോയി.. റൂമിൽ ഇരുത്തി.

“മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ അച്ഛൻ ഈ പറയുന്നത്? അവര് വലിയ വീട്ടുകാർ ആണ്. നിന്നെ കണ്ടു ഇഷ്ടപെട്ടത് തന്നെ മഹാഭാഗ്യം.. ചെക്കൻ ഇൻകം ടാക്സിൽ ആണ് ജോലി. പിന്നെ നിനക്ക് എന്തിനാ മോളെ പഠിപ്പും ജോലിയും? അവൻ നിന്നെ പൊന്നു പോലെ നോക്കും..”

രാഗിണി കൂടെ അത് പറഞ്ഞപ്പോൾ അവൾ തകർന്നുപോയി.. പഠിക്കണം എന്ന ആഗ്രഹം, സ്വന്തം ജോലി എന്ന ആഗ്രഹം , ഇഷ്ടപ്പെട്ടു വിവാഹം കഴിക്കുന്നത് എന്ന ആഗ്രഹം.. എല്ലാം കത്തി ചാമ്പലാകുന്നത് അവൾ അറിഞ്ഞു..

അങ്ങനെ അധികം വൈകാതെ തന്നെ അവളുടെ എതിർപ്പുകൾ ഒന്നും വകവെക്കാതെ സജീവ് അവളെ താലി കെട്ടി..

ആർഭാടമായി നടത്തിയ വിവാഹം.. ആളുകൾ പെണ്ണിന്റെ ഭാഗ്യം ആണെന്ന് പറഞ്ഞപ്പോൾ ജയനും ഭാര്യ രാഗിണിയും തല പൊക്കി പിടിച്ചു അഭിമാനത്തോടെ നിന്നു..

19ആം വയസിൽ അവൾക്ക് വീടിന്റെ പടി ഇറങ്ങേണ്ടി വന്നു. അവൾ കരഞ്ഞില്ല..

“എല്ലാം നിന്റെ നല്ലതിനാണ് മോളെ.. അത് നിനക്ക് മനസിലാകും.. നിന്റെ അനിയത്തിയെ കൂടെ പറഞ്ഞു വിട്ടാൽ മാത്രമേ അച്ഛന് സമാധാനം ആകുകയുള്ളു..”

ജയൻ ഇറങ്ങാൻ നേരം അവളോട് അത് പറഞ്ഞപ്പോൾ അവൾക്ക് പുച്ഛമാണ് തോന്നിയത്..

വലിയൊരു വീട് ആയിരുന്നു സജീവിന്റെ..

ആദ്യ രാത്രി കഴിഞ്ഞു അവൾ എഴുന്നേറ്റ് കുളിച്ചു അടുക്കളയിലേക്ക് ചെന്നു..

ആദ്യമൊക്കെ നല്ലതുപോലെ ആയിരുന്നു..

എന്നാൽ അവൾക്ക് വീണ്ടും പഠിക്കണം എന്ന് പറഞ്ഞപ്പോൾ സജീവ് തമാശ കേട്ടതുപോലെ അലറി ചിരിച്ചു. ഒപ്പം അയാളുടെ അമ്മയും അത് കേട്ട് ചിരിച്ചു..

“പഠിക്കുന്നു.. എന്നിട്ട് കളക്ടർ ആകാൻ ആണോ? നീ പോയ് വീട് മൊത്തം ഒന്ന് അടിച്ചു വാരി തുടച്ചു വൃത്തിയാക്ക്..”

ആ സ്വപ്നവും തകരുന്നത് അവൾ അറിഞ്ഞു.. അയാളുടെ ചേട്ടന്റെ ഭാര്യ ബാങ്കിൽ ജോലിക്കാരി ആയിരുന്നു. അവൾ ആ വീട്ടിൽ ഒരു പണിയും ചെയ്യില്ല.

അനിയത്തി എംബിഎ പഠിക്കുന്നു. അവൾക്ക് പഠിക്കണം എന്ന് പറഞ്ഞു അവളുടെ വസ്ത്രങ്ങൾ പോലും അവൾ കഴുകില്ലായിരുന്നു.

പണക്കാർ അല്ലാത്തത് കൊണ്ടും ജോലി ഇല്ലാത്തതുകൊണ്ടും അവൾക്ക് ആ വീട്ടിൽ ഒരു അവകാശവും ഇല്ലാത്തത് പൊലെ ആയി. എല്ലാവരും ചോദിക്കുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാൻ മാത്രം ഒരാൾ..

അവർ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞു വിട്ടു.. അതോടെ ആ ജോലിക്കാരിയുടെ സ്ഥാനം അവൾക്ക് കിട്ടി. എല്ലാവരും പറഞ്ഞാൽ അനുസരിക്കുന്ന ഒരാൾ.. സജീവിന് രാത്രി കൂട്ട് കിടക്കാൻ ഒരാളും.

സജീവിന്റെ രണ്ടാം ഭാര്യ ആണ് അവൾ എന്നറിഞ്ഞത് അവൾക്ക് വേറെ ഒരു ഷോക്ക് ആയി..

അയാളുടെ മദ്യപാനവും സ്ത്രീകളോടുള്ള അടുപ്പത്തിനും ഒരു മറ മാത്രം ആയിരുന്നു ഈ വിവാഹം. . അതെല്ലാം അവൾ വീട്ടിൽ പറഞ്ഞു..

അന്നും ജയദേവ് അവളെ പൊതിരെ തല്ലി..

“ഇത്ര നല്ല കുടുംബത്തിൽ ചെന്ന് കയറിയിട്ട് അവൾക്ക് പരാതി.. അഹങ്കാരി..നല്ലൊരു ചെക്കനെ ഒരു കാര്യവും ഇല്ലാതെ കുറ്റം പറയുന്നു.. അഞ്ചു പൈസ വാങ്ങിയിട്ടില്ല അവൻ.. അറിയുമോടീ നിനക്ക്..? ഇത്ര ഭാഗ്യമുള്ള കുട്ടി ഈ സ്ഥലത്തു വേറെയില്ല..”

എന്ന് പറഞ്ഞായിരുന്നു ഇത്തവണ അടി..

“മോളെ നമ്മൾ സ്ത്രീകൾ അല്പം സഹിക്കണം…മോൾ സ്നേഹം കാണിച്ചാൽ അവൻ മാറും.., ഈ ബന്ധം അവസാനിപ്പിച്ചാൽ ഞങ്ങൾക്ക് തല ഉയർത്തി നടക്കാൻ പറ്റുമോ ഈ നാട്ടിൽ?”

അമ്മയുടെ ഉപദേശം നിറഞ്ഞ വാക്കുകൾ കൂടെ കേട്ടതോടെ അവൾക്ക് ഒരു കാര്യം മനസിലായി.. ഇനി അവൾക്ക് ആശ്രയം ആ വീട് തന്നെയേ ഉള്ളു.. ഇറങ്ങി പോയാലും ജോലി നേടാനുള്ള വിദ്യാഭ്യാസമോ, സഹായത്തിന് ഒരു ആളോ ഇല്ല.. അതിനുള്ള ധൈര്യവും ഇല്ല.

അവൾ ഗർഭിണി ആയി. ഗർഭകാലത്ത് പോലും അവൾക്ക് ജോലികൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.. അവളെ അവർ വീട്ടിലേക്കും വിട്ടില്ല.

ഒരു കുട്ടിക്ക് ജനനം കൊടുത്തു കുറച്ചു നാൾ കഴിഞ്ഞായിരുന്നു സജീവിന്റെ അനിയത്തിയുടെ വിവാഹം..

ജയനും ഭാര്യ രാഗിണിയും കല്യാണം നടക്കുന്ന മണ്ഡപത്തിലേക്ക് ചെന്നു..

എല്ലാവരും അവിടെ ഉണ്ടായിരുന്നു.. എന്നാൽ അമ്മുവിനെ മാത്രം കണ്ടില്ല.

“അവൾ വന്നാൽ എങ്ങനെയാണ്? അവിടെ വീട്ടിൽ പിടിപ്പതു പണിയുണ്ട്..”

സജീവ് നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ ജയൻ ഭാര്യയെ നോക്കി.. അവർ വേഗം അടുത്ത് തന്നെയുള്ള സജീവിന്റെ വീട്ടിലേക്ക് ചെന്നു..

അമ്മു എവിടെ എന്ന് ചോദിച്ചപ്പോൾ പുറകിൽ ഉണ്ട് എന്ന് ആരോ പറഞ്ഞപ്പോൾ അവർ അവിടേക്ക് ചെന്നു..

ഒരു കരി പിടിച്ച നൈറ്റിയും ഇട്ട്‌, വലിയ പാത്രങ്ങൾ ബുദ്ധിമുട്ടി ഇരുന്നു കഴുകുന്ന അമ്മുവിനെ കണ്ടപ്പോൾ ജയൻ ഭാര്യ രാഗിണിയെ നോക്കി..

സ്ഥാനം കൊണ്ട് അവൾ സജീവിന്റെ അനിയത്തിക്ക് ഏട്ടത്തിയാണ്..
ആ സ്ഥാനം അലങ്കരിക്കേണ്ടവൾ കല്യാണ ദിവസം ഇരുന്നു വേലക്കാരിയുടെ ജോലി ചെയ്യുന്നത്‌ കണ്ടപ്പോൾ അന്ന് ആദ്യമായി മകൾക്ക് വേണ്ടി അവരുടെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു..

“അഹ് കല്യാണം ഇവിടെ അല്ല അമ്മേ.. അപ്പുറത്ത് ആണ്. അവിടേക്ക് ചെന്നോളു..”

അവരെ കണ്ടിട്ടും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ജോലി തുടരുന്ന മകളെ തകർന്ന ഹൃദയത്തോടെ അവർ നോക്കി നിന്നു..

അകത്തു നിന്നും കൊച്ചിന്റെ കരച്ചിൽ കേട്ടപ്പോൾ അവൾ എഴുന്നേറ്റ് കൈ കഴുകി ഓടിയതും അവർ കണ്ടു..

“ഈ പെണ്ണ് അതും ഇട്ടിട്ടു പോയോ? ഒരു പണി പറഞ്ഞാൽ പൂർത്തിയാക്കാത്ത ശവം.. ഡീ അമ്മു…?”

സജീവിന്റെ ഏതോ ഒരു ബന്ധു സ്വന്തം മകളെ മുൻപിൽ ഇട്ടു അപമാനിക്കുന്നത് കണ്ടപ്പോൾ ഇരുവരും തിരിഞ്ഞു നടന്നു.. ആരും ഒന്നും മിണ്ടിയില്ല…

മണ്ഡപത്തിലേക്ക് കയറുന്ന ഒരു ഇടവഴിയിൽ സജീവിന്റെ കാർ കിടക്കുന്നത് കണ്ടപ്പോൾ ജയൻ അവനോടു ഒന്ന് സംസാരിക്കാൻ വേണ്ടി അവിടേക്ക് നടന്നു..

എന്നാൽ കാറിനുള്ളിൽ ഒരു പെണ്ണിനെ ചുംബിക്കുന്ന സജീവിന്റെ കണ്ടപ്പോൾ അയാൾ ഞെട്ടി വിറച്ചുകൊണ്ട് രാഗിണിയെ നോക്കി.. അവർ അത് കണ്ടു തരിച്ചു നിൽക്കുകയായിരുന്നു.

പണ്ട് മകൾ അത് പറഞ്ഞപ്പോൾ അവൻ നല്ലവൻ ആണെന്ന് പറഞ്ഞു അവളെ പൊതിരെ തല്ലിയത് അയാൾക്ക് ഓർമ വന്നു.. അപ്പോഴും അയാൾ മിണ്ടിയില്ല.. തിരികെ നടന്നു..

“അഹ് ജയദേവോ? മകൾക്ക് സുഖമല്ലേ? കണ്ടില്ലല്ലോ..?”

“അവൾക്ക് സുഖമാണ്.. വീട്ടിൽ തിരക്കിൽ ആണ്..”

ഒരാൾ ചോദിച്ചപ്പോൾ അയാൾ അത് വിക്കി വിക്കി പറഞ്ഞപ്പോൾ രാഗിണി അയാളെ നോക്കി. നിറഞ്ഞ കണ്ണുകളോടെ..

സദ്യ കഴിഞ്ഞു വീട്ടിൽ ഒന്നുകൂടെ പോയപ്പോൾ അയാൾ മകളെ വീണ്ടും കണ്ടു..

അടുക്കളപ്പുറത്ത് മാറി നിലത്തിരുന്നു കൊച്ചിനെ കഴിപ്പിക്കുന്ന അമ്മു..
അപ്പോൾ മാത്രം ഒരു പുഞ്ചിരി അയാൾ അവളുടെ മുഖത്ത് കണ്ടു.. അടി കിട്ടിയതുപോലെ കരുവാളിച്ച പാടുകൾ ഉണ്ടായിരുന്നു അവളുടെ മുഖത്ത്..

അയാൾ മകളെ ഒന്ന് നോക്കി.. കല്യാണം വേണ്ട അച്ഛാ പഠിക്കണം ജോലി വേണം എന്ന് പറഞ്ഞു കാലു പിടിച്ചവളെ ഓർത്തു.. അന്ന് അവളുടെ ഭാഗ്യം ആണെന്ന് പറഞ്ഞു തല്ലിയിരുന്നു അവളെ..

അന്നത്തെ അമ്മുവിൻറെ ഒരു കോലം മാത്രം ആണ് ഇന്ന്.. എല്ലുകൾ പൊന്തി ഒരു കോലം.

അയാൾ രാഗിണിയെയും കൂട്ടി തിരികെ നടന്നു.. രണ്ടുപേരും ഒന്നും മിണ്ടിയില്ല.

“ജയേട്ടാ മോളുടെ അവസ്ഥ…?”

രാഗിണി ചോദിച്ചപ്പോൾ ജയൻ ഒന്നും മിണ്ടിയില്ല..

“ജയോ.? മോളുടെ വീട്ടിൽ പോയതാകും അല്ലെ? അവൾ ഭാഗ്യം ചെയ്ത കുട്ടിയാണ്‌.. അത്ര പണക്കാർ അല്ലെ സജീവിന്റെ കുടുംബം…പോരാത്തതിന് ചെക്കൻ ഇൻകം ടാക്സിൽ അല്ലെ…? ഭാഗ്യമുള്ള പെണ്ണ് ആണ് ട്ടോ അമ്മു..”

അയൽക്കാരൻ അസൂയയോടെ അത് പറഞ്ഞപ്പോൾ അയാൾ രാഗിണിയെ ഒന്ന് നോക്കി..

“അതെ ശരിയാണ്.. അവൾക്ക് സുഖമാണ്… ഒരു കുഴപ്പവും ഇല്ല.. സജീവ് അവളെ പൊന്നുപോലെ നോക്കുന്നുണ്ട്..”

അതും പറഞ്ഞു അയാൾ വീട്ടിലേക്ക് നടന്നു.. ഒന്ന് ആലോചിച്ചു നിന്ന ശേഷം രാഗിണിയും പുറകെ ചെന്നു..

ഒരു പെണ്ണ് അപ്പോൾ കൊച്ചിനെ ഉറക്കി തിരക്കിട്ട പണികളിൽ ആയിരുന്നു..

അമ്മയുടെ കഷ്ടപ്പാടുകൾ അറിയാതെ ഭാവി എന്താണെന്ന് അറിയാതെ ആ വാവ ഉറങ്ങിക്കൊണ്ടിരുന്നു..

***

ഇത്ര കണ്ടിട്ടും അഭിമാനം കാത്തു സൂക്ഷിക്കാൻ മിണ്ടാതെ ഇരിക്കുന്ന ജയനും രാഗിണിയും നമുക്ക് ചുറ്റും ധാരാളം ഉണ്ട്..
ഒരുപക്ഷെ നാളെ ഒരു ദിവസം വെളുത്ത തുണിയിൽ പൊതിഞ്ഞ മകളെ കാണുമ്പോൾ അവർ “അവൻ ആണ് അവളെ കൊന്നത്” എന്ന് പറഞ്ഞു മനസാക്ഷിയെ വഞ്ചിക്കാൻ വേണ്ടി അലമുറയിട്ട് കരയുമായിരിക്കാം..

A divorced daughter is better than a dead one.

അത് മലയാളികൾ മനസിലാക്കുന്ന ദിവസം കേരളത്തിലെ പെൺകുട്ടികളുടെ ആത്മഹത്യകൾ കുറയുമെന്ന വിശ്വാസത്തോടെ…
എംകെ..

66 Comments

  1. കിടിലൻ തീം ബ്രൊ.

  2. പെൺമക്കൾക്ക് അച്ഛനമ്മമാർ നല്ല സുഹൃത്തുക്കളാകുക, അവരെ ഒഴിവാക്കാനുള്ള അവസരമായി കല്യാണത്തെ കാണാതിരിക്കുക. നല്ലൊരു ആശയമാണ് ഈ കഥയിൽ ഉള്ളത്. Anyway കഥ നന്നായിട്ടുണ്ട് ??

  3. Nannayittund.

  4. വിനോദ് കുമാർ ജി ❤

  5. കലക്കി. ഇനി എന്ത് പറയാൻ.

  6. Huge respect for you bro
    And liked every story that u wrote in here❤❤❤❤

  7. എന്ത് ചെയ്യാനാ
    കുറെ ആളുകൾ ഉണ്ട് ..
    മക്കളുടെ മനസ്സ് കാണാത്ത കുറെ പേര്

  8. ?✨N! gHTL?vER✨?

    Bro?…. athokke gradually maari varunnilley… Bro yude athe manasika avastha ullath kond chinthich poyathanu.. Thread super… Othiri respectode ???????

  9. പാലാക്കാരൻ

    Paranjittu oru karyavumilla bro anthasum kudumbamahimayum ketti pidichu irikuve ullu

  10. ❤️❤️❤️good message????

  11. Bro chunkil anu kollichath.

Comments are closed.